Friday 27 December 2019

മഹാഭാരതം


ശത്രുപക്ഷത്തുനിന്നെത്തിയ യുയുത്സുവെ
കെട്ടിപ്പുണർന്നു വരിച്ചു യുധിഷ്ഠിരൻ
ഒപ്പം വിയർത്തു സുയോധനൻ, കർണ്ണന്റെ
രക്തം തിളച്ചു, ചിലച്ചു ദുശ്ശാസനൻ

കുന്തിയും ഗാന്ധാരിയും നടുക്കങ്ങളാൽ
നൊന്തുനൊന്തങ്ങനെ ജൻമപാപത്തിന്റെ
ശമ്പളം വാങ്ങി
കുരുക്ഷേത്രഭൂമിയിൽ
ശംഖോടുശംഖ് മുഴങ്ങീ വിളംബരം



അച്ഛൻ മുറിച്ചൂ മഹാഭാരതം
പിന്നെയെത്ര സത്രങ്ങളിൽ
രാത്രിക്കു കാവലായ്
ഭിത്തിയിൽ ചാരി ഞാൻ വച്ചൂ ദുരന്തങ്ങ-
ളുഗ്രാസ്ത്രമെയ്തു തുളച്ച മനസ്സിന്റെ
പ്രശ്നമായ്ത്തീർന്ന മഹാഭാരതം
രോഷതൃഷ്ണകൾപൂക്കുന്ന കൃഷ്ണയ്ക്കുവേണ്ടി ഞാൻ
മുക്കിയ ചോരയ്ക്കിതെന്റെ ഷർട്ടിൻനിറം

നെഞ്ചിലെ തോണിയിൽ മഞ്ഞിൻമറയ്ക്കുള്ളിൽ
നിന്നു കിതയ്ക്കും കറുത്തപെണ്ണിൽ നിന്ന്
കണ്ണെടുക്കുന്നു മഹർഷി യൊടുക്കമെൻ
കണ്ണിൽനിന്നൂർന്നിറങ്ങുന്നു
കനൽക്കട്ടയെന്നപോൽ വ്യാസൻ
വിഷക്കാറ്റുപോലെന്റെ
യുള്ളിൽ തറയ്ക്കുന്നു ഭീഷ്മപ്രതിജ്ഞകൾ

അംബതൻ കണ്ണീരു വീണുകുതിർന്നെന്റെ
ചിങ്ങപ്പുലർച്ചകൾ
പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
നെറ്റിയിൽ തൊട്ടന്നു
സന്ധ്യയാവോളമെൻ ചോരനുകർന്നുപോയ്
അർജ്ജുനജ്വാല പിറന്നൂ നഖത്തിൽനി-
ന്നസ്ഥിയിൽ ഭീമസേനന്റെയലർച്ചകൾ
സ്വപ്നംതൊടുത്ത് അഭിമന്യുവിൻ ധീരത
ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള

കത്തുന്നു ജാതൂഗൃഹത്തിൽ അനാഥരാം
മക്കളും അമ്മയും
കള്ളക്കരുക്കളിൽ കത്തിയും പച്ചയും
യുദ്ധം തുടർന്നെന്റെ സന്ധിയും ഗ്രന്ഥിയും


കാതുകീറുന്നുണ്ടു ഗാന്ധാരിയമ്മതൻ
പ്രേതാവലോകനം


ഉത്തരം തേടുന്നു മജ്ജയിലുത്തര
ഉഷ്ണകാലംപോൽ സുഭദ്ര
മോഹത്തിന്റെ ദു:ഖം വിതച്ചു
കൊടുംദു:ഖവും കൊയ്തു
വസ്ത്രമില്ലാതെയകന്ന ജേതാക്കളിൽ
സ്വപ്നവും സ്വത്തും സ്വരാജ്യപ്രതീക്ഷയും
യുദ്ധാവസാനസ്സുഖങ്ങളും പൊള്ളുന്നു

അച്ഛൻ മരിച്ചതോഗസ്റ്റിൽ
പിന്നെത്രയോ സത്രങ്ങളിൽ
രാവുതോറും പുനർജ്ജനി-
ച്ചൊറ്റക്കിരിക്കുന്നൊരെന്റെ ത്രാസങ്ങളിൽ
കൊത്തിവെയ്ക്കുന്നൂ മഹാഭാരതം
ക്രൂരദു:ഖങ്ങൾ മേയുമിരുട്ടിന്റെ പുസ്തകം
രക്തം പുരണ്ട കാലത്തിന്റെ വല്ക്കലം

1 comment:

  1. അംബതൻ കണ്ണീരു വീണുകുതിർന്നെന്റെ
    ചിങ്ങപ്പുലർച്ചകൾ
    പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
    നെറ്റിയിൽ തൊട്ടന്നു
    സന്ധ്യയാവോളമെൻ ചോരനുകർന്നുപോയ്
    അർജ്ജുനജ്വാല പിറന്നൂ നഖത്തിൽനി-
    ന്നസ്ഥിയിൽ ഭീമസേനന്റെയലർച്ചകൾ
    സ്വപ്നംതൊടുത്ത് അഭിമന്യുവിൻ ധീരത
    ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള

    ReplyDelete