Sunday 1 December 2019

മാമ്പഴക്കവി എവിടെയാണ്?



1975 ലെ ഒരു മധ്യാഹ്നം.
തൃശ്ശിവപേരൂരിൽ ബസ്സിറങ്ങുമ്പോൾ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളൂ. ഹൃദയത്തിൽ മുനവച്ചുനിന്ന ഒറ്റ ആഗ്രഹം. മാമ്പഴക്കവിയെ കാണണം. വെറുതെ കുറച്ചുനേരം കണ്ടു കൊണ്ടിരിക്കണം. കാലത്തിന്റെ കൈതവം കണ്ടു കണ്ണുനീർത്തടാകമായ എന്റെ കണ്ണുകൾ കൊണ്ടു നാരുനാരായ് നരച്ച തലമുടിക്കാരനെ കാണണം. ഹൃദയത്തിൽ വിരൽതൊട്ടു കവിത വിളയിച്ച മഹാകവിയോട് ഒന്നും പറയാനില്ല. കേട്ടിരിക്കാനേയുള്ളൂ.
പൂരപ്പറമ്പ് പകുതിചുറ്റി. എന്നെപ്പോലെയുള്ള യുവ കവികൾക്ക് അന്യംനിന്നുപോയ തറവാടായ സാഹിത്യഅക്കാദമിയുടെ മുന്നിലൂടെ ഇടത്തോട്ട്. ഇനി ചോദിക്കാം മലയാളമെങ്ങും നിറഞ്ഞു നിൽക്കുന്ന കവിയുടെ ആശ്രമം കൈചൂണ്ടിത്തരാൻ ആയിരം വിരലുകൾ ഉണ്ടായിരിക്കും .കറുകയും തെങ്ങോലയും കാണിച്ചുതരുന്നത് സഹ്യന്റെ മകൻ ഗംഭീരമൗനം നിറഞ്ഞുനിൽക്കുന്ന വനഗേഹം ആയിരിക്കാം.
"വൈലോപ്പിള്ളിയുടെ വീടേതാണ് ?"
"ആരുടെ വീട് ?"
"മഹാകവി വൈലോപ്പിള്ളിയുടെ വീട്?"
" അറീല്ല്യ. ഇവിടെയെങ്ങും അല്ല."
ഞെട്ടിപ്പോയി. ഇവിടെയെവിടെയോ ആണല്ലോ .
അടുത്ത ആളിനോട് ചോദിച്ചു.
" കുറി നടത്തുന്ന മെലിഞ്ഞ ഒരാളാണോ?"
എനിക്ക് നാവിൻ തുമ്പത്തൊരു തെറിപ്പു തുറിച്ചു വന്നു.
" ഇടതുവശത്തെ ഇറയത്തിരുന്ന് പുസ്തകം വായിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു. ആ കുട്ടി അവിടെ നിന്നും അകത്തേക്ക് ഓടിപ്പോയി. ഒരു മധ്യവയസ്കൻ പ്രത്യക്ഷപ്പെട്ടു.
" നിങ്ങൾ എവിടെ നിന്നാണ്?"
" കൊല്ലത്തുനിന്ന് "
"എന്താ കാര്യം?"
"കവിതയെഴുതുന്ന വൈലോപ്പിള്ളി മാഷെ അന്വേഷിച്ചു വന്നതാണ്."
മധ്യവയസ്കൻ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു:
"ഇവിടെന്തായാലും അങ്ങനെയൊരാളില്ല."
എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നി .കാക്കകളേ, കയ്പവല്ലരികളേ നമ്മുടെ പ്രിയകവി താമസിക്കുന്നത് എവിടെയാണ് എന്ന് അലറിച്ചോദിക്കാൻ തോന്നി.
ഇനിയെന്തു ചെയ്യും? അക്കാദമിയിലേക്ക് തിരിച്ചുനടന്നു .ആരോടോ ചോദിച്ചു മനസ്സിലാക്കി. പിന്നെയും നടന്നു. എനിക്ക് വഴികാട്ടിത്തരാൻ അറിയാത്ത ആളുകളുടെ ഇടയിലൂടെ അവരുടെ വീടിനടുത്തുള്ള കവിഭവനം ഞാൻ ഒറ്റയ്ക്ക് കണ്ടുപിടിച്ചു.
മഞ്ഞിൽ നനഞ്ഞ പവിഴമുല്ലപ്പൂക്കളൂം മടങ്ങിക്കിടക്കുന്ന പത്രവും. വീട് പുറത്തുനിന്ന് പൂട്ടിയിരുന്നു. കവി യാത്രയിലാണ്.
നൈരാശ്യത്തിന്റെ പതാകയും പിടിച്ച് ഞാൻ തിരിച്ചുപോന്നു.
വർഷങ്ങൾക്കുശേഷം ഒരു കൂട്ടുകാരനോടൊപ്പം ഞാൻ അവിടെയെത്തി. വാതിലിൽ മുട്ടി .
"ആരാ ?"
"ഞങ്ങളാ .കൊല്ലത്തുനിന്നാ"
"എന്താ കാര്യം?"
"കവിയെ കാണാനാ?"
" കവിയെ കാണാൻ കൊല്ലത്തുനിന്നോ?"
വാതിൽ തുറക്കപ്പെട്ടു.
സാക്ഷാൽ വൈലോപ്പിള്ളി ശ്രീധരമേനോൻ .എല്ലാ അമ്മമാരെയും മാമ്പഴം പഠിപ്പിച്ച കണ്ണീർപ്പാടത്തിന്റെ ജന്മി. തലയിൽ വെളിച്ചം ചൂടി വരുന്ന തലമുറയ്ക്ക് താലോലം
ആദരവ് കൊണ്ടും ആഹ്ലാദം കൊണ്ടും തളർന്നുവീഴാതിരിക്കാൻ ഞാന് അഷ്ടമുടിക്കായലിന്റെ കല്ലൊതുക്കുകളിൽ പിടിച്ചുനിന്നു.
കവിയുടെ തോരാത്ത ശൈശവവാക്കുകൾ. കാപ്പിയിടാന് കവി വെള്ളം തിളപ്പിച്ചു. തിളച്ചവെള്ളത്തിൽ കാപ്പിപ്പൊടിയും ചായപ്പൊടിയും ഒന്നിച്ച് തെറ്റിച്ചിട്ടു .ഞങ്ങളെ സൽക്കരിച്ചു .
ഞാനവിടെയിരുന്ന് എന്നെ അഗ്നിക്കിരയാക്കിയ 'കൊറിയയിൽ സിയൂളില്' ചൊല്ലി .അഗ്നിശിഖ പോലെ നീണ്ടുതെളിഞ്ഞ കൊറിയയിലെ പ്രണയ ദേവത .കടലിലും കൊള്ളാത്ത കണ്ണുനീര്. ചെറിപ്പൂള്വിലൊതുങ്ങുന്ന ചിരി നിസ്തബ്ധ നിമിഷം. അലറുന്ന കുഞ്ഞിനെ ചെന്നേറ്റെടുക്കുന്ന കവി.
എൻറെ രണ്ടു കണ്ണുകളും നിറഞ്ഞു .തൊഴുതു നിന്നു.
പുറത്തൊരു വാഹനം. ഒളപ്പമണ്ണയും അക്കിത്തവും അതാ ഇറങ്ങുന്നു .
'ഈ കവിത പ്രസിദ്ധീകരിച്ച കാലത്ത് പി ഭാസ്കരൻ നല്ല അഭിപ്രായം പറഞ്ഞിരുന്നു .പിന്നെ ഞാൻ ഇപ്പോഴാണ് ഈ കവിതയെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത്.'
നിറഞ്ഞ ഹൃദയവുമായി ഞാൻ പൂരപ്പറമ്പിലേക്ക് നടന്നു. ഞാനന്ന് ആരോടും ഒന്നും മിണ്ടിയില്ല. എൻറെ മനസ്സു നിറയെ കൊന്നപ്പൂക്കൾ ആയിരുന്നു.
(മലയാളനാട് വാരിക-1995)

1 comment:

  1. സാക്ഷാൽ വൈലോപ്പിള്ളി ശ്രീധരമേനോൻ .എല്ലാ അമ്മമാരെയും മാമ്പഴം പഠിപ്പിച്ച കണ്ണീർപ്പാടത്തിന്‍റെ ജന്മി. തലയിൽ വെളിച്ചം ചൂടി വരുന്ന തലമുറയ്ക്ക് താലോലം

    ReplyDelete