Wednesday, 19 April 2017

കായിക്കര തോന്നയ്ക്കൽ വഴി പല്ലനപുതിയ കാലത്തെ അനിഷ്ട വാസ്തവങ്ങളിൽ ഒന്ന്‌ കുമാരനാശാന്റെ കവിതകൾ വായിക്കപ്പെടുന്നില്ല എന്നതാണ്‌. പത്തു വർഷം മുമ്പ്‌ ഒരു ലൈബ്രറിയിൽ വീണപൂവിന്റെ നൂറാം വയസ്‌ ആഘോഷിക്കുകയായിരുന്നു. വിദ്യാർഥികളും രക്ഷകർത്താക്കളുമടക്കം മുന്നൂറോളം പേർ വരുന്ന സദസ്‌. അവരാരും തന്നെ മഹാകവി കുമാരനാശാന്റെ വീണപൂവ്‌ വായിച്ചവരായിരുന്നില്ല. പദ്യപാരായണ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ചില കുട്ടികൾ വീണപൂവിലെ ചില ശ്ലോകങ്ങൾ മനഃപാഠമാക്കിയിരുന്നതാണ്‌ ഏക അപവാദം. അവരിൽ പലരും മലയാളം സ്കൂളിൽ പഠിക്കാത്തതിനാൽ മംഗ്ലീഷിൽ എഴുതിയെടുത്ത്‌ ഹൃദിസ്ഥമാക്കിയവർ ആയിരുന്നു. വർത്തമാനം മാറ്റിവച്ച്‌ ഞാൻ വീണപൂവ്‌ പൂർണമായും ചൊല്ലുകയായിരുന്നു.

ആശാന്റെ കൃതികളിൽ ഏറ്റവും ജനകീയതയാർന്ന വീണപൂവിന്റെ സ്ഥിതി ഇതാണെങ്കിൽ നളിനി, ലീല, പ്രരോദനം, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികളുടെ വർത്തമാനകാല വായന ഊഹിക്കാവുന്നതേയുള്ളു.

പഴയ കവിതകൾ വൃത്തത്തിനനുസരിച്ച്‌ വായിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നെങ്കിൽ വളരെ വേഗം അവ വായിച്ചെടുക്കാമായിരുന്നു. ആശാന്റെ കൃതികൾക്കെല്ലാം അടിക്കുറിപ്പ്‌ ഉള്ളതിനാൽ കവിതയിലെ കാര്യം മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല. വസന്തതിലകം, വിയോഗിനി, രഥോദ്ധത, ശാർദ്ദൂലവിക്രീഡിതം തുടങ്ങിയ വൃത്തങ്ങൾ പുതിയ തലമുറയ്ക്ക്‌ തീരെ അപരിചിതമാണ്‌. കവിതയെഴുതാൻ വൃത്ത നിർബന്ധം ആവശ്യമില്ലെങ്കിൽ കൂടി പഴയ കവിതകൾ വായിച്ചു പോകുവാൻ വൃത്തപഠനം സഹായിക്കുമായിരുന്നു. പരീക്ഷാ ചോദ്യങ്ങളെ ഒഴിവാക്കി വൃത്തത്തിന്റെ അടിസ്ഥാനരീതികൾ കുട്ടികൾക്ക്‌ പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.

കായിക്കര, തോന്നയ്ക്കൽ, പല്ലന എന്നീ സ്ഥലങ്ങളിലായി മൂന്ന്‌ ആശാൻ സ്മാരകങ്ങളാണ്‌ നിലവിലുള്ളത്‌. അതിൽ കായിക്കര, തോന്നയ്ക്കൽ സ്മാരകങ്ങൾ നിരവധി പരിപാടികളാൽ സജീവവുമാണ്‌. ആശാൻ സ്മാരകങ്ങളിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആശാൻ കവിതാസ്വാദന പാഠശാലകൾ സംഘടിപ്പിക്കുന്നത്‌ നന്നായിരിക്കും. പ്രായഭേദമെന്യേ എല്ലാവർക്കും അവിടെ പ്രവേശനവും നൽകാവുന്നതാണ്‌.

ബോധ്ഗയയിലും സിംലയിലും ചില വിദേശരാജ്യങ്ങളിലുമെല്ലാം പോകുമ്പോൾ ബുദ്ധസാഹിത്യ ഗ്രന്ഥശാലകൾ കണ്ട്‌ നമ്മൾ അത്ഭുതപ്പെടും. കേരളത്തിൽ അങ്ങനെയൊരു ഗ്രന്ഥശാല, വിപുലശേഖരത്തോടെ നിലനിൽക്കുന്നില്ല. ജപ്പാൻ, മ്യാൻമർ, തായ്‌ലന്റ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ ബുദ്ധമത സൈദ്ധാന്തിക ഗ്രന്ഥങ്ങളും സാഹിത്യ ഗ്രന്ഥങ്ങളും ശേഖരിക്കാവുന്നതാണ്‌. ബുദ്ധദർശനത്തിന്റെ ആഴവും പരപ്പും മലയാളികളെ ബോധ്യപ്പെടുത്തിയ ആദ്യത്തെ കവി എന്നനിലയിൽ ഒരു ബുദ്ധസാഹിത്യ ഗ്രന്ഥശാല സ്ഥാപിക്കുവാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന തോന്നയ്ക്കൽ സ്മാരകത്തിന്‌ മുൻകൈയെടുക്കാവുന്നതാണ്‌. സവർണഹിന്ദുക്കൾ ആൺകുട്ടികൾക്കുവേണ്ടി നടത്തിയിരുന്ന വിദ്യാരംഭം ഹിന്ദുമത പീഡനങ്ങൾക്കെതിരെ പ്രതികരിച്ച കവിയുടെ വീട്ടിനുമുന്നിൽ നടത്തുന്നതിനേക്കാൾ ഉചിതമായിരിക്കും ബുദ്ധസാഹിത്യ പാഠാലയം.

തെലുങ്ക്‌ ഭാഷയിലെ കവിതകളുടെ ഒരു സമഗ്ര ശേഖരം മലയാളത്തിന്‌ തന്നത്‌ ഹൈദരാബാദിലെ തെലുഗ്‌ സർവകലാശാല മുൻകയ്യെടുത്താണ്‌. ഒഎൻവിയും പുതുശേരിയും അടക്കമുള്ള മുതിർന്ന കവികളെക്കൊണ്ട്‌ കവിതകൾ മലയാളീകരിച്ച്‌ പ്രസിദ്ധപ്പെടുത്തുവാൻ തെലുങ്കു സർവകലാശാലയ്ക്ക്‌ കഴിഞ്ഞു. വൈസ്‌ ചാൻസലറും പ്രമുഖ കവിയുമായ സി നാരായണറെഡ്ഡി തിരുവനന്തപുരത്ത്‌ വന്ന്‌ പുസ്തകം പ്രകാശിപ്പിക്കുകയും ചെയ്തു. മഹാകവി കുമാരനാശാന്റെ കവിതകൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും പൂർണരൂപത്തിൽ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കുവാൻ കേരളം ഉത്സാഹപ്പെടേണ്ടതുണ്ട്‌. മലയാളം സർവകലാശാലയടക്കമുള്ള സ്ഥാപനങ്ങൾ ഇതിനു മുൻകൈയെടുക്കേണ്ടതാണ്‌. ആശാൻ സ്മാരകവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്‌.

തമിഴ്‌നാട്‌ സർക്കാരിന്റെ ഒരു വാഹനം ഒന്നാം നമ്പർ സംസ്ഥാന പാതയിലൂടെ ഓടുന്നുണ്ട്‌. അതിന്റെ ബോർഡ്‌ തലക്കുളം-മണ്ണടി എന്നാണ്‌. ചെന്നൈയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ നാഗർകോവിലിൽ നിന്നോ കന്യാകുമാരിയിൽ നിന്നോ തിരുവനന്തപുരത്തേക്ക്‌ ബസ്‌ സർവീസ്‌ നടത്തുക സ്വാഭാവികമാണ്‌. എന്നാൽ ഈ ബസ്‌ സർവീസിന്റെ അർഥമെന്താണ്‌. അതാലോചിക്കുമ്പോഴാണ്‌ ഒരു ചരിത്രവൈദ്യുതതരംഗം നമ്മളിലൂടെ കടന്നുപോകുന്നത്‌. വേലുത്തമ്പി ദളവ ജനിച്ച സ്ഥലത്ത്‌ നിന്നും മരണപ്പെട്ട സ്ഥലത്തേക്കാണ്‌ ആ ബസ്‌ സർവീസ്‌. വലിയ ഒരു ഓർമപ്പെടുത്തലാണത്‌. ആ മാതൃകയിൽ കായിക്കരയിൽ നിന്നും ആരംഭിച്ച്‌ തോന്നയ്ക്കൽ വഴി പല്ലനയിൽ അവസാനിക്കുന്ന ഒരു ബസ്‌ സർവീസ്‌ സാക്ഷാത്കരിക്കാവുന്നതാണ്‌. ആറ്റിങ്ങൽ മുതൽ ഹരിപ്പാട്‌ വരെയുള്ള ഏതെങ്കിലും സ്റ്റേഷനിൽ നിന്നും ഈ സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യാവുന്നതേയുള്ളു. യാത്രാസൗകര്യം വർധിക്കുമെന്നു മാത്രമല്ല, ആശാൻ സ്മരണയോടുള്ള സഞ്ചരിക്കുന്ന ആദരവായും ഈ സർവീസ്‌ മാറും.

Wednesday, 12 April 2017

ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍


ചില മത്സ്യങ്ങള്‍
കടല്‍ വൃക്ഷത്തിന്‍
പൊത്തിലൊളിക്കും.

ചില സത്യങ്ങള്‍
പൊളിവാക്കിന്റെ
മറവില്‍ തൂങ്ങും

ചില ദൃശ്യങ്ങള്‍
വളരെക്കാലം
ഒളിവില്‍ പാര്‍ക്കും.

അങ്ങനെയൊരു ദൃശ്യം.

മൂടല്‍ മഞ്ഞു തുടച്ചും
ചൂടല്‍ക്കുന്നു തുളച്ചും
കണ്‍വെട്ടത്തായ്
നിന്നു തിമിര്‍ക്കുന്നു.

അത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ലാ നിന്നെ
പോയോര്‍ വന്നോര്‍ നിഴലുപതിച്ച
ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍.

ചോപ്പ്
മഞ്ഞ
പച്ച
കണ്ണുകള്‍ മൂന്നും ചിമ്മുന്നുണ്ട്.

ലോക്കോ പൈലറ്റിന്റെ
കണ്ണിലുറക്കച്ചൂണ്ട.

ഏതോ വണ്ടി വരുന്നുണ്ട്
പാളക്കൈകള്‍ മാറുന്നുണ്ട്
ചൂളത്തിന്നാരോഹണമായി
വേലി നമിച്ചു ബലക്കുന്നുണ്ട്.

ഇരുമ്പുകുതിര
കിതച്ചു നില്‍ക്കെ
ഇറങ്ങിടുന്നൊരു യുവതി.

പൂക്കാലം പോല്‍ മഞ്ഞയുടുത്ത്
ഞാവല്‍ക്കണ്ണു തുടച്ച്
അഛനെ, മകനെ, ആങ്ങളയെ
ഭര്‍ത്താവിനെയോ നോക്കുന്നു.

ആളുകളെല്ലാം പാമ്പിന്‍കൂട്ടം
മാളം തേടി ചിതറുന്നു.

ഒറ്റയ്ക്കങ്ങനെയാധി പെരുത്ത്
നില്‍ക്കുംപോഴൊരു  നായ
കൂട്ടിനു വന്നു വിളിക്കുന്നു.

നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
ആളിക്കത്തിയ നാളില്‍
ഇത്തിരിയന്നം നല്‍കിപ്പോറ്റിയ-
തിപ്പൊഴുമോര്പ്പൂ നായ.

നായക്കൊപ്പമിരുട്ടിന്‍ കാട്ടില്‍
പോയി മറഞ്ഞൂ യുവതി.

അത്ഭുതമത്ഭുതമത്ഭുതമേ
കാണുന്നില്ല
ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍.

Monday, 10 April 2017

ചെയ്യേണ്ടത്


കണ്ടു നില്‍ക്കാനില്ല കാലം
കണ്ടതും കേട്ടതും
മണ്ടത്തരമെന്ന്
കണ്ടാല്‍ മടിക്കാതെ
കല്ലെടുത്തെറിയെടാ മോനേ.

പാഴാക്കുവാനില്ല നേരം
പോഴത്തരത്തില്‍
കുരുങ്ങിയ ചെയ്തികള്‍
നേരേ തിരിച്ചറിഞ്ഞെങ്കില്‍
ഇരിക്കാതെ
കമ്പൊടിച്ചെറിയെടാ മോനേ.

കാത്തിരിക്കാനില്ല പ്രായം
ഓര്‍ത്തതും കാത്തതും
ബോറായിരുന്നെന്നു തോന്നിയാല്‍
വൈകാതെ
വാക് ബോംബെറിയെടാ മോനേ.

അപ്പോള്‍
ക്ഷമിക്കുന്നതെപ്പോള്‍
ഇപ്പോള്‍
ക്ഷമക്ഷാമകാലം.

Saturday, 8 April 2017

ലങ്ങേര്


ആറാംപാഠം കീറിയെറിഞ്ഞ്
സാറമ്മാരെ തെറിയുംവിളിച്ച്
മഷിയും കുടഞ്ഞ്
പശയും തേച്ച്
കാശുണ്ടായപ്പോൾ പാടെ മറന്നു
ലവിടുത്തെ ലങ്ങേര്.
ആഢ്യന്മാരുടെ ക്ലബ്ബിൽകൂടീ
ശാഠ്യച്ചെക്കിൽ വിരലൊപ്പിട്ട്
പാസ്സില്ലാതെയകത്തുകടന്ന്
ഗ്ലാസുനിറച്ചുമൊഴിച്ചുകൊടുത്ത്
നാണക്കേടിൻ നായെക്കൊന്ന്
ലവിടുത്തെ ലങ്ങേര്.
സ്കൂൾത്തൈനട്ടുപെരുംസ്കൂളാക്കി
കാലിത്തൊഴുത്ത് പ്ലേസ്കൂളാക്കി
കോടതിമുറിയിൽ കോടിയെറിഞ്ഞ്
ഷോടതി കിട്ടിയപോലെ ഞെളിഞ്ഞ്
പാങ്ങായപ്പോൾ കൂടപ്പിറപ്പിൻ
തേങ്ങിക്കരച്ചിലുകൂടെ വെടിഞ്ഞ്
ലവിടുത്തെ ലങ്ങേര്.
സിനിമാനടിയെ നോട്ടിട്ടുപിടിച്ച്
പനിമാറാനായ് കൂടെ നടിച്ച്
പത്മശ്രീയുടെ കഴുതപ്പുറത്ത്
കുട്ടിത്തേവാങ്കായിയിരിക്കാൻ
കാണേണ്ടവരെ കാണാൻപോയി
ലവിടുത്തെ ലങ്ങേര്
കുടിവെള്ളത്തിനുവീടുംകാടും
കുടിലും മേടും കേഴുന്നേരം
മലവെള്ളത്തെ കുപ്പിയിലാക്കി
ചന്തയീലെത്തിച്ചർമ്മാദിച്ച്
കരയുന്നോരുടെ കീശകൾകീറി
പണമുണ്ടാക്കീട്ടാനയെ വാങ്ങി
കാറുംബസ്സുംലോറീംവാങ്ങി
ലവിടുത്തെ ലങ്ങേര്.
യുദ്ധത്തിന്റെ മണംവന്നെന്ന്
ചാനൽക്കുഞ്ഞ് ചിലച്ചപ്പോഴേ
ഉപ്പുംമുളകുംകൊത്തമ്പാലും
പച്ചരി കുച്ചരി ചാക്കിൽകെട്ടി
മദ്യക്കുപ്പികൾ കാവലിരിക്കും
മണ്ണറയിൽകൊണ്ടട്ടിച്ചമച്ച്
ഇല്ലാവിലയുടെ മൂർഖൻമൂപ്പനെ
വിപണിയിലാകെയൊരുക്കിയിറക്കീ
ലവിടുത്തെ ലങ്ങേര്
കായൽനികത്തി ടൂറിസ്റ്റുകളുടെ
നാഭിതിരുമ്മാൻ പുരയുണ്ടാക്കീ
ആയുർവ്വേദം,കളരി,പ്രകൃതി
ആയുസ്സിന്നു പ്രലോഭനമേറ്റി
കഞ്ഞിക്കാടിയിൽ മധുരം ചേർത്ത്
കേരളലസ്സി പേറ്റന്റാക്കീ
മണലുകടത്തി
ഇരുതലമൂരിയെ കടലുകടത്തീ
കപ്പലുവാങ്ങി വിമാനം വാങ്ങീ
ലവിടുത്തെ ലങ്ങേര്
സ്വർണ്ണപ്രശ്നം വെച്ചുകഴിഞ്ഞാൽ
അന്തിത്തിരിയനെ ആടക്കളഞ്ഞ്
തന്ത്രിയെവെച്ചുമന്ത്രമുരപ്പി-
ച്ചഞ്ചും പത്തുംലക്ഷാർച്ചനയുടെ
കുറ്റിയടിച്ചു പിരിച്ചുജയിച്ച്
കൊമ്പനെയൊന്നു നടക്കലിരുത്തി
ലവിടുത്തെ ലങ്ങേര്
ലവിടുത്തെ ലങ്ങേർക്കില്ലാ മരണം
ലവിടെയുമെവിടെയുമവരുടെ ഭരണം
ലങ്ങനെലിങ്ങനെലതുപോലിതുപോൽ
ലക്ഷണമൊത്ത വിരൂപാഭരണം
ലവിടുത്തെ ലങ്ങേര്
ലവിടുത്തെ ലങ്ങേര്

Wednesday, 5 April 2017

ഫറൂക്ക്‌, റിയാസ്‌ മൗലവി, ഡോ. കൃഷ്ണകിർവലേ:


മാർച്ച്‌ മാസത്തിന്റെ തിരശീല വീണത്‌ അത്യന്തം അപകടകരമായ കാലാവസ്ഥയെക്കുറിച്ച്‌ സൂചിപ്പിക്കുന്ന മൂന്നു നരഹത്യകൾ രേഖപ്പെടുത്തിക്കൊണ്ടാണ്‌.

ഇസ്ലാം മതത്തിന്റെ മതിൽക്കെട്ടിനു പുറത്തുവന്ന്‌ മനുഷ്യനെ മതാതീത സമൂഹമായി കാണണം എന്ന ചിന്തയിൽ വിശ്വസിച്ച യുവാവായിരുന്നു കോയമ്പത്തൂരിലെ ഫറൂക്ക്‌. കഴിഞ്ഞ പത്തു വർഷത്തോളമായി ഫറൂക്ക്‌ മതാതീത സംസ്കാരം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു വാട്സ്‌ആപ്‌ ഗ്രൂപ്പിൽ അദ്ദേഹം അംഗവുമായിരുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ വിടുതലൈ കഴകം എന്ന റാഷണലിസ്റ്റ്‌ മൂവ്മെന്റായിരുന്നു ഫറൂക്കിന്റെ പ്രവർത്തനമേഖല.

സ്വന്തം വീട്ടിൽ ഈ ആശയങ്ങളൊന്നും തന്നെ അനുസരിക്കുവാൻ ഫറൂക്ക്‌ നിർബന്ധിച്ചിരുന്നില്ല. ഭാര്യയോടൊപ്പം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ മതാചാര പ്രകാരം തന്നെ ജീവിച്ചു. ചിലപ്പോഴൊക്കെ ഫറൂക്ക്‌ സ്വന്തം കുട്ടികളെ അയാൾ പങ്കെടുക്കുന്ന മീറ്റിങ്ങുകളിലേക്കും കൊണ്ടുപോയിരുന്നു. ഫറൂക്കിന്റെ മാതാപിതാക്കൾ തികഞ്ഞ മതവിശ്വാസികളായി ജീവിച്ചു.

അപ്പോഴാണ്‌ ഇസ്ലാം മതതീവ്രവാദികൾ ഫറൂക്കിന്റെ ജീവിതത്തിലിടപെടുന്നത്‌. ഫലം ഫറൂക്കിനെ കഴുത്തറുത്ത്‌ കൊല്ലുകയെന്നതായിരുന്നു. ആ കുടുംബം അനാഥമായി. കേരളത്തിൽ നിന്നും അവരെ സമാശ്വസിപ്പിക്കാൻ പോയ യു കലാനാഥൻ, സജീവൻ അന്തിക്കാട്‌, മധു ഒ നെഗറ്റീവ് തുടങ്ങിയവരോട്‌ ഫറൂക്കിന്റെ ഉമ്മ ചോദിച്ച ചോദ്യമിങ്ങനെ “ഞങ്ങളുടെ മകനല്ലേ ദൈവം ഇല്ല എന്നു വിശ്വസിച്ചുള്ളൂ, ഞങ്ങൾ ദൈവം ഉണ്ടെന്നാണല്ലോ വിശ്വസിച്ചത്‌. ഞങ്ങൾക്കിനി ആരുണ്ട്‌? ദൈവം ഞങ്ങളോട്‌ എന്തിനിത്‌ ചെയ്തു?”

കാസർകോട്‌ ജില്ലയിൽ പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ റിയാസ്‌ മൗലവിയെ കുത്തിക്കൊന്നതായിരുന്നു ഞെട്ടിപ്പിച്ച മറ്റൊരു നരഹത്യ. ആരാധനാലയത്തിനടുത്തുള്ള വാസസ്ഥലത്ത്‌ ഉറങ്ങിക്കിടന്ന മതവിശ്വാസിയായ റിയാസ്‌ മൗലവിയെക്കൊന്നത്‌ ഹിന്ദുമത തീവ്രവാദികളായിരുന്നു.

കാസർകോട്‌ ജില്ലയിൽ ഇത്തരം ഹീനമായ കൊലപാതകങ്ങൾ പുത്തരിയല്ല. ഫഹദ്‌ എന്ന പിഞ്ചുബാലനെ പട്ടാപ്പകൽ പൊതുവഴിയിൽ വച്ച്‌ കൊലപ്പെടുത്തിയതിനു പിന്നിലും ഹിന്ദുമത ഭ്രാന്ത്‌ ആയിരുന്നല്ലോ.

ദൈവം രക്ഷിക്കുമെന്ന്‌ കുഞ്ഞുങ്ങളെ പഠിപ്പിച്ച റിയാസ്‌ മൗലവിയെ ദൈവം രക്ഷിച്ചില്ല. മതത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നത്‌ തെറ്റാണെന്ന്‌, ഗീത ഉപദേശിച്ച ഹിന്ദുദൈവം മതഭ്രാന്തന്മാരെ പഠിപ്പിച്ചതുമില്ല. ദൈവത്തെക്കുറിച്ച്‌ വലിയ വായിൽ വർത്തമാനം പറയണോ എന്ന്‌ ആലോചിക്കേണ്ടിയിരിക്കുന്നു.

വർഗീയമായ കാരണങ്ങളില്ലാതെയാണ്‌ ദളിത്‌ എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. കൃഷ്ണ കിർവലേയെ കൊലപ്പെടുത്തിയത്‌. കൊൽഹാപ്പൂരിലെ ശിവാജി യൂണിവേഴ്സിറ്റിയിൽ മറാത്തിയുടെയും അംബേദ്ക്കർ സ്റ്റഡി സെന്ററിന്റെയും മേധാവിയായിരുന്നു അദ്ദേഹം.

ദളിത്‌ പശ്ചാത്തലമുള്ള നാട്ടുഭാഷ നിഘണ്ടു മറാത്തിഭാഷയ്ക്കും ദളിത്‌ എഴുത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനയാണ്‌. വീട്ടുപകരണങ്ങൾ വാങ്ങിയതിലുള്ള കടം വീട്ടാതിരുന്നതിനാലാണത്രെ അദ്ദേഹത്തെ കൊന്നത്‌. പെട്ടെന്ന്‌ തന്നെ പരിഹരിക്കപ്പെടാവുന്ന ചെറിയൊരു കാര്യത്തിനുവേണ്ടി ചെയ്ത ഈ അവിവേകം ഇന്ത്യയിലെ സമുന്നതനായ ഒരു പണ്ഡിതനെ ഇല്ലാതാക്കുകയാണ്‌ ചെയ്തത്‌. ഘാതകനായ പ്രീതം പാട്ടീൽ കറകളഞ്ഞ മതവിശ്വാസിയായിരുന്നു. മതപാഠങ്ങളൊന്നും പ്രീതം പാട്ടീലിനെ നേർവഴിക്കുനയിച്ചില്ല.

നമ്മുടെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന കുറ്റവാളികളിൽ മതരഹിതരോ നിരീശ്വരവാദികളോ ഇല്ല.

Tuesday, 4 April 2017

പഠനയാത്ര

പഠനയാത്ര
വിദൂരദേശത്തേക്ക്
വയലുകാണുവാൻ
പോകുന്നു കുട്ടികൾ

മുടിവടിച്ചു ലോഹക്കുട ചൂടിച്ചു
മലകളെ തളച്ചിട്ടതും കണ്ട്
പൊടിയുമുഷ്ണവും തോളിൽ ചുമന്നുകൊണ്ട്
അതുവഴി വന്ന കാറ്റിൽ കുളിച്ച്‌
മലിനയാം പുഴ തീരത്തു തുപ്പിയ
കഠിനകാല കഫത്തിൽ ചവിട്ടി
ചിറകൊടിഞ്ഞു നിലത്തേക്കുവീണ
പറവ ചീറ്റും കരച്ചിലിൽ മുട്ടി
ഹരിതവക്ഷോജ നാസികാഛേദനം
മരമറിഞ്ഞ വിഷാദത്തിൽ മുങ്ങി

പഠനയാത്ര
വിദൂരദേശത്തേക്ക്
വയലുകാണുവാൻ
പോകുന്നു കുട്ടികൾ

എവിടെയെന്നു തിരക്കുന്നു കണ്ണുകൾ
അവിടെയെല്ലാം വരണ്ട നിശൂന്യത
ഒരു കിളിയൊച്ച കാക്കുന്നു കാതുകൾ
കൊടിയ മൗനം ജ്വലിപ്പിച്ചു ദിക്കുകൾ
ഒടുവിലായിരം കാതം കടക്കവേ
വയലുപോലൊരു സ്വപ്നം വിരിയുന്നു

വെയിലു തീയാട്ടമാടും കൃഷിയിടം
കറുകറുത്ത മനുഷ്യർ മനോഹരർ
വിവിധ വിത്തുകൾ ശേഖരിച്ചോർമിച്ചു
വിത നടത്തി വിളയിച്ച പോർനിലം
ചെറുമരാം മണ്‍തരികൾക്കു ജീവിതം
കരിയുമൊത്തു കലാശിച്ച കണ്‍തടം
കളപറിക്കുൻ ഞാറു നടാൻ ,ഇട-
ക്കിള നടത്താൻ പഠിച്ച വിദ്യാലയം
തലചരിച്ചും നിവർത്തിയും താഴ്ത്തിയും
ചെടികൾ പാൽക്കുടം കാറ്റത്തു തോറ്റിയും
ഇരുളിലും വെള്ളിവെട്ടമായ് മിന്നിയും
വിഭവസാഗരം തീർത്തു മദിക്കുന്നു

പഠനയാത്ര
വിദൂര പ്രദേശത്ത്‌
വയലു കണ്ടു
തരിക്കുന്നു കുട്ടികൾ

ഒരിടമങ്ങനെ കണ്ണെത്താദൂരത്ത്
മുളകുപാടങ്ങൾ കാത്തിരിക്കുന്നു
മറുവയൽവള്ളി ചുറ്റിപ്പുണരുന്ന
പയറുപൂക്കളാൽ നീലിച്ച താഴ് വര
മുതിര,ജീരകം,വെൺപരുത്തി,തിന
കതിരുവന്ന ഞവര,ചോളം,മല്ലി
മിഴികളിൽ മലർക്കാലം സ്വരൂപിച്ചു
പരിധിവിട്ടു കളിക്കുന്നു കുട്ടികൾ

ഇനിയുമിത്തിരിപ്പോയാൽ മാന്തോപ്പുകൾ
മധുകിനിയുന്ന പപ്പായത്തോട്ടങ്ങൾ
കൊടിനിറഞ്ഞപോൽ ചെഞ്ചീരക്കാടുകൾ
മധുരനാരകക്കാവുകൾ,വാഴകൾ
വഴുതന,ചേന,ചേമ്പ് കിഴങ്ങുകൾ
പവനണിഞ്ഞ പാവൽപ്പന്തൽ പ്ലാവുകൾ
മണിയടിച്ചു തിരിച്ചു വിളിച്ചിട്ടും
മതിവരാതെ നടക്കുന്നു കുട്ടികൾ

ഇനിയൊരിക്കൽ
വിദേശരാജ്യത്തേക്ക്
കടലുകാണാൻ
പോകുന്നു കുട്ടികൾ