Tuesday 25 April 2023

ഗായകരുടെ വായ പൊത്തരുത്

 ഗായകരുടെ വായ പൊത്തരുത് 

--------------------------------------------------
ഉത്സവം കാണാന്‍ പോകുന്നത് ആരെല്ലാമാണ്? ഉത്സവം ഹിന്ദുക്ഷേത്രത്തില്‍ ആണെങ്കിലും എല്ലാ മത വിശ്വാസികളും മതരഹിതരും  അവിടെ ഒത്തുചേരും. സമീപകാലത്ത് ഉത്സവങ്ങള്‍ മതില്‍ക്കെട്ടിനകത്തേക്ക് മാറ്റുകയും ഉച്ചഭാഷിണി പല ചതുരശ്ര കിലോമീറ്ററില്‍ വിന്യസിക്കുകയും ചെയ്തപ്പോഴാണ് കാണാന്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഇല്ലാതായത്.

കച്ചവടത്തിനായി വരുന്നവര്‍, കാമുകീകാമുകന്‍മാര്‍, പോക്കറ്റടിക്കാര്‍, ചൂതുകളിക്കാര്‍, കലാസ്നേഹികള്‍ എല്ലാവരും ഉത്സവസ്ഥലത്ത് ഒത്തുകൂടും. അവിടത്തെ പരിപാടികളില്‍ അടുത്തകാലം വരെ മതവിരോധം പറഞ്ഞ് ഒഴിവാക്കുന്ന രീതി ഇല്ലായിരുന്നു.

അനുഷ്ഠാനങ്ങള്‍ ആരാധനാകേന്ദ്രത്തില്‍ നടക്കുമ്പോഴും ജനങ്ങള്‍ പലവിധ ഉത്സാഹങ്ങളാല്‍ ഉത്സവപ്പറമ്പിനെ സജീവമാക്കുമായിരുന്നു. കെ.ടി മുഹമ്മദിന്റേയും പൊന്‍കുന്നം വര്‍ക്കിയുടെയും ടി.കെ.ജോണിന്റെയും പാപ്പച്ചന്‍റെയും  മറ്റും നാടകങ്ങളും ജോസഫ് കൈമാപ്പറമ്പന്റെയും റാംലാ ബീവിയുടെയും മറ്റും കഥാപ്രസംഗങ്ങളും ആള്‍ക്കൂട്ടങ്ങളുടെ ഹരമായിരുന്നു. കാലം മാറുകയാണ്.വര്‍ഗീയത വര്‍ദ്ധിക്കുകയാണ്.

ശബരിമല അയ്യപ്പന്‍റെയും വാവരുടെയും അടുപ്പം മതമൈത്രിയുടെ വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഈ ഇഴയടുപ്പം അയ്യപ്പന്‍ വിളക്കിനോടൊപ്പമുള്ള പാട്ടുകളിലും കാണാവുന്നതാണ്. മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലാണ് ഉടുക്കുപാട്ടുകളില്‍ വാവരുടെ കഥ അവതരിപ്പിക്കുന്നത്. പൂമരം കാണുവാന്‍ പോവല്ലേ പാത്തുമ്മാ പൂമരത്തില്‍ ചതി ഉണ്ടല്ലോ പാത്തുമ്മാ എന്നും തകൃതിത്താം തോപ്പിലെ പാത്തുമ്മബീവിക്ക് വാര്‍കാലനെന്നൊരു വാവര്‍ പെറ്റുണ്ടായി, വാര്‍കാലനെന്നൊരു വാവരെ പെറ്റകാലം നെല്ലൊന്നും കുലച്ചില്ല മാവൊന്നും പൂത്തില്ല എന്നും പാട്ടുകളുണ്ടായി. അതൊക്കെ വീട്ടുമുറ്റത്തു കെട്ടിയൊരുക്കിയ പന്തലില്‍ അയ്യപ്പന്‍റെ പടം വച്ച് ഭക്തിയോടെ പാടിയതുമാണ്. അന്ന് തെരളിയും പഴവും കടലയും തിന്നു പിരിഞ്ഞവര്‍ക്ക് അമിതമതബോധം ഉണ്ടായിരുന്നില്ല.

ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മലബാറില്‍ ചൊല്ലി അവതരിപ്പിച്ച മാപ്പിളരാമായണവും കേരളത്തിലെ മതമൈത്രിക്ക് കിട്ടിയ പുരസ്ക്കാരമാണ്. രാമനിലെ ര ഉപേക്ഷിച്ച് ലാമനാക്കിയാണല്ലോ ആ കൃതിയില്‍ ഉപയോഗിക്കുന്നത്. മൂന്നു പെണ്ണിനെ ദശരതന്‍ നിക്കാഹ് ചെയ്ത പാട്ടെന്നും ബീവിയാള്‍ക്ക് വരം കൊടുത്ത് സൂയിപ്പിലായ പാട്ടെന്നും പാടിയിട്ടും കേരളത്തിലെ മതമൈത്രിക്ക് കോട്ടമുണ്ടായില്ല.

എന്നാല്‍ അടുത്ത കാലത്ത് പന്തളം കാരയ്ക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലുണ്ടായ ഒരു ആക്രോശം മലയാളിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉത്സവപ്പറമ്പ്കളിലും മറ്റും നാടന്‍പാട്ട് മേള നടത്തുന്ന ഒരു ശ്രദ്ധേയ സംഘമാണ് പാട്ടുപുര. നാടന്‍ പാട്ടുകള്‍ക്ക് 
പുതുജീവന്‍ നല്‍കിയ സി..ജെ.കുട്ടപ്പന്റെയും അകാലത്തില്‍ വേര്‍പ്പെട്ടുപോയ പി എസ്. ബാനര്‍ജിയുടെയും നേരവകാശിയായ മത്തായി സുനിലും മറ്റുമായിരുന്നു ഗായകര്‍.

ഗാനമേള ജനങ്ങള്‍ക്ക് ഹരമായി മുന്നേറിയപ്പോഴാണ്, മാപ്പിളപ്പാട്ടിന്‍റെ ഛായയുള്ള ഒരു നാടന്‍ പാട്ട് പാടാന്‍ തുടങ്ങിയത്.
അത് കേട്ടമാത്രയില്‍  മുന്‍ ജനപ്രതിനിധിയും ജാത്യാഭിമാനിയുമായ ഒരാള്‍ക്ക് കലിപിടിച്ചു.. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഹിന്ദുക്കളുടെ കാശുകൊണ്ടു നടത്തുന്ന പരിപാടിയില്‍ മുസ്ലീങ്ങളുടെ പാട്ട് പാടരുത് എന്നായിരുന്നു തീട്ടൂരം. പോലീസ് ഇടപെടുകയും ഗാനമേള അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു.

ഹിന്ദുക്കളുടെ കാശ് എന്നൊരു കാശുണ്ടോ? പണമെല്ലാം സെക്കുലര്‍ രാജ്യമായ ഇന്ത്യയുടേതല്ലേ? പക്ഷേ മതാന്ധത ബാധിച്ചാല്‍ വന്ദേ ഭാരത് വരെ ഹിന്ദു ഭരണകൂടത്തിന്റെ സംഭാവനാവണ്ടിയാകുമല്ലോ.ഇവയെല്ലാം ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണെന്ന ബോധമാണ് അട്ടിമറിക്കപ്പെടുന്നത്. മസാലദോശയ്ക്ക് പോലും നികുതിയേര്‍പ്പെടുത്തിയ ഒരു ഭരണകൂടം മതവ്യത്യാസം കൂടാതെ ശേഖരിക്കുന്ന പണമാണല്ലോ ഇന്ത്യയുടെ പണം.

ഈ പ്രവണത വര്‍ദ്ധിച്ചുവന്നാല്‍ കേരളത്തില്‍ ബാഹ്യതലത്തിലെങ്കിലും  ഇന്ന് നിലനില്‍ക്കുന്ന മതമൈത്രി ഇല്ലാതാകും. ഗായകരുടെ വായ പൊത്തുകയും നാവരിയുകയും ചെയ്യുന്നത് ആശയഭീരുത്വമുള്ള ഫാസിസ്റ്റുകളുടെ ലക്ഷണമാണ്.

Monday 24 April 2023

മരക്കപ്പൽ

 മരക്കപ്പൽ

-------------------

പുലിയൻ സ്രാവുകൾ തുള്ളും

കടലാണല്ലോ

കലിവന്നാൽ കടിച്ചൂറ്റും

കരാളയല്ലോ

ഇനിയും കാണാത്തുരുത്തിൻ

അധിപയല്ലോ

ഇവളിലൂടെന്റെ യാത്ര

മരക്കപ്പലില്‍ 


തുഴയെണ്ണാതെറിയാനായ്‌

കിനാവിൻ കൂട്ടം

തുണിപ്പായ വിരിച്ചേറ്റാൻ 

ആഗ്രഹസ്സൈന്യം

ഇതുതന്നെ തരമെന്നു

കരുതീ കാറ്റ്‌

കടലിന്റെ കാമനയ്ക്ക്‌

തീ കൊളുത്തുന്നു


ജലജ്വാല കപ്പലിന്റെ

അടിനാഭിയില്‍

കടിക്കുന്നുപിന്നെമാന-

ക്കഴുത്തേറുന്നു

ഇരുട്ടിന്റെ കടൽനായ്ക്കൾ 

തിരക്കൊമ്പേറി

മരയാണി ഒന്നൊന്നായി 

ചവച്ചു തുപ്പി 


കൊടിയില്ലാക്കപ്പലിന്റെ

മുകൾത്തട്ടിൽ ഞാൻ

കരത്തുമ്പ്‌ പ്രതീക്ഷിച്ചെൻ

കണ്ണയക്കുമ്പോൾ 

അകലെക്കാണുന്ന മേഘ-

മുനമ്പിൽ തട്ടി 

ഒരു രശ്മി വരികെന്നു 

പുരികംകാട്ടി


ഇനിയെന്റെ മരക്കപ്പൽ

കടൽ തിന്നോട്ടെ

ഇനിയെന്റെ തുഴക്കാരും

മൃതിപ്പെട്ടോട്ടെ

കടൽച്ചാലിൽ നീന്തിനീന്തി-

ക്കരയെത്തുമ്പോൾ

അവസാനവീഞ്ഞുപാത്രം

നിറഞ്ഞിട്ടുണ്ട്‌.

Tuesday 11 April 2023

ഫാത്തിമത്തുരുത്ത്

 ഫാത്തിമത്തുരുത്ത് 

-------------------------------

ഫാത്തിമത്തുരുത്തിലൊന്നു പോകണം 

രാത്രിവഞ്ചിയില്‍ നിലാവ് കാണണം 

പൂക്കളോടു പൂക്കളെ തിരക്കണം 

രാക്കിളിക്കു കൂട്ടുപാട്ട് പാടണം 


കായലില്‍ കിനാവുകണ്ട് പായുമാ 

പായല്‍മാലയിട്ട കൊപ്ളിമീനിനെ 

പൂനിലാ വല വിരിച്ചിണക്കുവാന്‍ 

ഫാത്തിമത്തുരുത്തിലൊന്നു പോകണം 


മുള്ളുവേങ്ങകള്‍ മഴപ്പെരുമ്പറ

മുന്നണിച്ചെടിക്കു ചൊല്ലിയാടുമ്പോള്‍ 

പട്ടണം പറന്നുകണ്ട പക്ഷിയായ് 

ഫാത്തിമത്തുരുത്തിലൊന്നു പോകണം


രോഗബാധിതര്‍ കിടന്നലറുമാ 

കൂരകള്‍ക്ക് കൈവിളക്ക് ന്ല്‍കുവാന്‍ 

ജീവിതൌഷധം നിറച്ച സ്നേഹമേ 

ഫാത്തിമത്തുരുത്തിലൊന്നു പോകണം 


അര്‍ദ്ധപട്ടിണിപ്പതാക പാറുമാ-

ദു:ഖമണ്‍പ്രദേശമാകെയൊപ്പുവാന്‍ 

നിദ്രവിട്ട ക്യാമറക്കരുത്തുമായ് 

ഫാത്തിമത്തുരുത്തിലൊന്നു പോകണം 


നൂറുനൂറു പ്രാണികള്‍ വസിക്കുമാ 

സ്നേഹരാജ്യമൊന്നടുത്തു കാണണം 

കന്യകാത്വമുള്ള കാട്  തീണ്ടണം   

ഫാത്തിമത്തുരുത്തിലൊന്നു പോകണം 


ജൈവലാസ്യവിസ്മയം  പഠിക്കുവാന്‍ 

തൈകള്‍ കാട്ടുമാംഗ്യഭാഷയേല്‍ക്കുവാന്‍ 

ചെങ്കരിക്ക് ചുണ്ടില്‍ വച്ചിരിക്കുവാന്‍ 

ഫാത്തിമത്തുരുത്തിലൊന്നു പോകണം


ക്ഷാമ വന്‍മുതലകള്‍ ജലത്തിന്‍റെ

ആടകളുരിഞ്ഞു ദ്വീപിന്‍ ജീവനെ 

വായിലാക്കും മുന്‍പൊരിക്കലെങ്കിലും

ഫാത്തിമത്തുരുത്തിലൊന്നു പോകണം


പാറിവന്ന സെപ്തംബര്‍മുകിലുകള്‍ 

നാലുദിക്കിലും കറുത്തകോട്ടയായ് 

തീക്കുടുക്കകളുടയ്ക്കുമന്തിയില്‍

ഫാത്തിമത്തുരുത്തിലൊന്നു പോകണം


പൂച്ചകള്‍, അനാഥരായ നായകള്‍ 

കാത്തിരിക്കുമീര്‍പ്പമുള്ള പൊന്തയില്‍ 

രാത്രി മഞ്ഞുമാക്സിയില്‍ വിറയ്ക്കുമ്പോള്‍  

ഫാത്തിമത്തുരുത്തിലൊന്നു പോകണം


വേനലിന്റെ മുഷ്ടിയില്‍ കയ്യോന്നികള്‍

പാനശീലവും ത്യജിച്ചുറങ്ങുമ്പോള്‍ 

കാട്ടുമുല്ല വേരുണങ്ങി വീഴുമ്പോള്‍ 

ഫാത്തിമത്തുരുത്തിലൊന്നു പോകണം


ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍

പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍

പ്രാണനില്‍ മുഖം പതിച്ച വേവുമായ്  

ഭാവനത്തുരുത്തിലൊന്നു പോകണം..

കുട്ടിത്തെയ്യം തീമല കയറുമ്പോള്‍

കുട്ടിത്തെയ്യം തീമല കയറുമ്പോള്‍ 

-------------------------------------------------------

ദൈവപ്രീതിക്കു വേണ്ടി കുട്ടികളെ ഉപയോഗിയ്ക്കുന്ന രീതി പണ്ടേ ഉണ്ട്. കുഞ്ഞുങ്ങള്‍ നിസ്സഹായരാണല്ലോ. പലതരം പീഡിപ്പിക്കലുകള്‍ മാത്രമല്ല കാളീപ്രീതിക്കുള്ള ശിശുബലിക്കും കുഞ്ഞുമക്കളെ ഇരയാക്കിയിട്ടുണ്ട്. 

 അഴകേശന്‍ എന്ന നരാധമന്‍ കാളിപ്രീതിക്കായി  ഏഴു വയസ്സുള്ള ഒരു ബാലനെ കളരിമുറ്റത്ത് കഴുത്തറുത്ത് കൊന്ന പഴയകഥ ഇലന്തൂരില്‍ നടന്ന നരബലിക്കാലത്ത് ഓര്‍മ്മിക്കപ്പെട്ടിരുന്നല്ലോ. ശിശുവധം കൂടാതെ എത്രയോ പുണ്യപീഡനങ്ങളാണ് അരങ്ങേറുന്നത്.

കവിളുകളിലൂടെയും നാവിലൂടെയും  ശൂലം കുത്തിയിറക്കിയും തീകൂട്ടി കാവടിനൃത്തം നടത്തിയും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് കേരളത്തില്‍ സാധാരണമാണല്ലോ. കുത്തിയോട്ടക്കാലത്തു ചൂരല്‍ കൊണ്ട് കുഞ്ഞുങ്ങളെ മുറിവേല്‍പ്പിക്കുന്നതും വ്രതാനുഷ്ഠാനങ്ങളുടെ പേരില്‍ പട്ടിണിക്കിടുന്നതും ഭാരിച്ച പാഠ്യപദ്ധതിക്കു പുറമെ വേദപാഠങ്ങള്‍ കൂടി കുഞ്ഞുമനസ്സുകളില്‍ കുത്തിച്ചെലുത്തുന്നതും അഗ്രചര്‍മ്മം ഛേദിക്കുന്നതുമെല്ലാം മതപരമായി സാധൂകരിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികളെ പീഡിപ്പിക്കുന്നത് തടയുവാന്‍ കര്‍ശനമായ നിയമവ്യവസ്ഥ നിലവിലുണ്ട്. കൂടാതെ ബാലാവകാശക്കമ്മീഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ബാലാവകാശക്കമ്മീഷന്റെ മുന്നില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ഒരു പ്രശ്നം പതിമൂന്നു വയസ്സുള്ള ഒരു ബാലനെക്കൊണ്ട് തീച്ചാമുണ്ഡിത്തെയ്യം കെട്ടിച്ചതാണ്.

തീച്ചാമുണ്ഡി അഥവാ ഒറ്റക്കോലം, അത്ഭുതവും ഭയവും ആശങ്കയും ജനിപ്പിക്കുന്ന ഒരു അനുഷ്ഠാനമാണ്. ഇതിനായി തീക്കനലുണ്ടാക്കി മലപോലെ കൂട്ടിയിടുന്നു. ഈ മേലേരിയിലൂടെ തെയ്യക്കോലം കെട്ടിയ പാവം മനുഷ്യന്‍ ഓടുകയും ചാടുകയും കിടന്നുരുളുകയും ഒക്കെ ചെയ്യുന്നതാണ്  കനലാട്ടത്തിന്റെ രീതി. കനലിലൂടെ അതിവേഗം ഓടിപ്പോയാല്‍ പാദം പൊള്ളുകയില്ല. തീനാളത്തിലൂടെ വേഗം വിരലോടിച്ചാല്‍ വിരല്‍ പൊള്ളുകയില്ലല്ലോ.പക്ഷേ പരിചയസമ്പന്നരല്ലെങ്കില്‍ അപകടം സുനിശ്ചിതം. ഒപ്പം ആളുകള്‍ നിന്നു പിടിച്ചുമാറ്റിയില്ലെങ്കില്‍  ഏത് മഹാവിഷ്ണുവിന്റെ നേരെയും ശിവനേത്രം തുറക്കും.

ഇതിനൊരു പുരാണകഥയുടെ പിന്‍ബലവുമുണ്ട്.അഗ്നിയുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ മഹാവിഷ്ണു എന്ന സങ്കല്‍പ്പ കഥാപാത്രം നടത്തിയ തീക്കളിയാണത്രെ ഇത്. മഹാവിഷ്ണു നരസിംഹത്തിന്റെ വേഷംകെട്ടി ഹിരണ്യകശിപുവിനെ കൊന്നപ്പോള്‍ പരിഹസിച്ച അഗ്നിഭഗവാനുള്ള പ്രഹരശിക്ഷ. സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചാല്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു കോപം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ ഇരുകോപം കൊണ്ട് ഇങ്ങോട്ട് .പോരാമോ എന്ന കവിവാക്യമാണ് പ്രസക്തമാകുന്നത്.

ചിറക്കല്‍ കോവിലകത്തെ ചാമുണ്ഡിക്കോട്ടത്തിലാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ഒറ്റക്കോലം കെട്ടി തീയില്‍ ചാടിയത്. സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും ഇത് ചര്‍ച്ചയായപ്പോള്‍ ബാലാവകാശക്കമ്മീഷന്‍ ഇടപെട്ട് കേസെടുത്തു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് കാസര്‍കോട്ടുനിന്നുള്ള ലേറ്റസ്റ്റ് പത്രം മുഖപ്രസംഗം തന്നെ പ്രസിദ്ധീകരിച്ചു. കവിയും വെള്ളൂര്‍ ജവഹര്‍ ലൈബ്രറിയുടെ ഭാരവാഹിയുമായ കെ. വി പ്രശാന്തകുമാറിന്‍റെ പ്രതികരണത്തില്‍ തൃക്കരിപ്പൂരെ സജീ പണിക്കര്‍ കോറോത്തെ ശശി പണിക്കര്‍ എന്നീ തെയ്യംകെട്ട് കലാകാരന്മാര്‍ അകാലചരമം അടഞ്ഞതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തെയ്യക്കോലങ്ങള്‍ ഏല്‍പ്പിച്ച പരിക്കുകളായിരുന്നു കാരണം.ഈ മരണങ്ങള്‍ അനുസ്മരിച്ചുകൊണ്ട് കുട്ടിത്തെയ്യം കെട്ടലിനെ വിമര്‍ശിച്ച കവി, ഫോക് ലോര്‍, കലാഗവേഷണം എന്നൊക്കെ പറഞ്ഞ് ഈ പ്രാകൃതാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അഭിപ്രായപ്പെടുന്നു.

കാരക്കുളിയന്‍ തുടങ്ങിയ കഥകളിലൂടെയും മറ്റും തെയ്യംകെട്ടിലെ അപകടസാധ്യതകളെ ചൂണ്ടിക്കാട്ടിയ അംബികാസുതന്‍ മാങ്ങാട്,   കാഞ്ഞങ്ങാട്ടെ യുവകവിയും അദ്ധ്യാപകനുമായ ബാലഗോപാലന്‍ കാഞ്ഞങ്ങാട് ,   കവി ശരത് ബാബു പേരാവൂര്‍, പ്രകാശന്‍ കരിവെള്ളൂര്‍, സീതാദേവി കരിയാട്ട്,വി.കെ.അനില്‍ കുമാര്‍, ടി.പ്രേംലാല്‍ തുടങ്ങിയവരെല്ലാം കുട്ടിത്തെയ്യത്തിന്റെ തീമലകയറ്റത്തെ അപലപിച്ചിട്ടുണ്ട്.

വയനാട്ടുകുലവന്റെ ബപ്പിടല്‍ ചടങ്ങിന് വേണ്ടി മൃഗവേട്ട നടത്തുന്നതിന് എതിരെയുള്ള പ്രകൃതി സ്നേഹികളുടെ വാക്കുകള്‍ ഇനിയും അന്തരീക്ഷത്തില്‍ നിലകൊള്ളുകയാണ്. അപ്പോഴാണ് ഈ ബാലപീഡനത്തിന്റെ  അരങ്ങേറ്റവും നടക്കുന്നത്.

മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ദുരാചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതല്ല,ലംഘിക്കാനുള്ളതാണ്.ദുരാചാര ലംഘനത്തിന്റെ ആള്‍രൂപങ്ങളായിരുന്ന വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീര്‍ഥനും മറ്റും ജീവിച്ചിരുന്ന മണ്ണില്‍ ക്രൂരമായ അനാചാരങ്ങള്‍ ജീവിച്ചിരിക്കുന്നത് ശരിയുള്ള കാര്യമല്ല.
- കുരീപ്പുഴശ്രീകുമാര്‍ 

Sunday 9 April 2023

 രാക്കെണി

----------
മലയുടെ ചുണ്ടത്ത്‌
ബീഡിപ്പുകമേഘം
മേഘത്തുമ്പത്ത്‌
ചന്ദ്രപ്പൂവാല്‌.
താഴത്തെ പുഴയിൽ
മത്സ്യക്കമിതാക്കൾ
ചുണ്ടുകൾ മുട്ടുന്നു
കണ്ടതു വേങ്ങമരം.
വേങ്ങക്കൊമ്പത്ത്‌
രാപ്പാടിക്കൂട്ടം
പ്രണയം പാടുന്നു
ഹൃദയം പൂക്കുന്നു.
ഇരുളിൻ മറയത്ത്‌
നിറതോക്കുയരുന്നു.

കേരളത്തിന്‍റെ നിറം പച്ച

 കേരളത്തിന്‍റെ നിറം പച്ച 

----------------------------------------
കേരളത്തിന്റെയും പഞ്ചാബിന്റെയും നിറം പച്ചയാണ്. സമൃദ്ധമായ ജലസാന്നിധ്യം. എവിടേയും പച്ചനിറം. പഞ്ചാബില്‍ വയലുകളും മാവുകളും പേരമരങ്ങളും ചേര്‍ന്നാണ് പച്ച ചാര്‍ത്തുന്നതെങ്കില്‍ കേരളത്തില്‍ ഇവകൂടാതെ തെങ്ങുകളും റബര്‍മരങ്ങളും ഉണ്ട്.മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നോരു നാടുണ്ട് എന്നാണല്ലോ നമ്മുടെ പൊഞ്ഞാറുപാട്ട്. കേരളത്തിന്‍റെ അവശിഷ്ട വനസാന്നിധ്യം പോലും കടുംപച്ചയുടെ വിസ്മയദൃശ്യം നല്കുന്നുണ്ട്.

ജര്‍മ്മന്‍ കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ അത്ഭുതപ്പെടുത്തിയതും ഈ പച്ചത്വമാണ്. അദ്ദേഹം പറഞ്ഞത്, എവിടേയും മലനിരകള്‍. എവിടേയും പച്ചപ്പ്, ഇതാണ് പറുദീസ.
ഈ പറുദീസ കണ്ട അദ്ദേഹം കേരളത്തില്‍ തന്നെ താമസിക്കുകയും മലയാളഭാഷയ്ക്ക് നിഘണ്ടുവടക്കം പല പുസ്തകങ്ങള്‍ രചിക്കാനും വേണ്ടി ഭാഷാജ്ഞാനി ആവുകയും ചെയ്തു. അര്‍ണ്ണോസ് പാതിരിമുതല്‍ ലാറി ബേക്കര്‍ വരെയുള്ളവരെ കേരളത്തിന്‍റെ പച്ചപ്പും കേരളീയരുടെ ശാന്തസ്വഭാവവും ആകര്‍ഷിച്ചു നിറുത്തി.

മലയാള കവികളില്‍ പ്രധാനിയായ മഹാകവി ചങ്ങമ്പുഴക്കു ഏറ്റവും ഇഷ്ടപ്പെട്ടനിറം പച്ചയായിരുന്നു. മഴവില്ലില്‍ പോലും പച്ചയാണ് നടുക്കുള്ളത്.മുമ്മൂന്നു നിറങ്ങള്‍ പച്ചയ്ക്ക് അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്

പച്ചയെകുറിച്ചു കെ ടി മുഹമ്മദെഴുതി കെ.രാഘവന്‍ സംഗീതം ചെയ്ത് വി.ടി.മുരളി പാടിയ പ്രസിദ്ധമായൊരു പാട്ടുമുണ്ട്. പച്ചയെന്ന പദത്തിന്റെ വിവിധ അര്‍ഥങ്ങളെ അന്വേഷിക്കുകയാണ് ആ പാട്ട്.
പച്ച സമ്മതത്തിന്‍റെ നിറമാണ്. ആ നിറം, കടന്നുവരൂ എന്നു നമ്മളെ സ്വാഗതം ചെയ്യുന്നു. 

രാജാ രവിവര്‍മ്മയുടെ അത്യാകര്‍ഷകമായ ഒരു ചിത്രം കൃഷ്ണനും രാധയുമാണല്ലോ. അതില്‍ രാധയുടെ കുപ്പായത്തിന് നല്കിയിട്ടുള്ള നിറം പച്ചയാണ്. കൃഷ്ണന് ഇഷ്ടമില്ലായിരുന്നെങ്കില്‍ രാധ ആ കുപ്പായം അണിയുമായിരുന്നില്ലല്ലോ. വീണമീട്ടുന്ന സരസ്വതിയുടെ കുപ്പായത്തിന്റെ നിറം കടുംചുവപ്പ്. മേല്‍മുണ്ട്  സമരമൊന്നും നടത്താതെതന്നെ  ദൈവങ്ങളുടെ നഗ്നത മറച്ചത് രാജാരവിവര്‍മ്മയായിരുന്നല്ലോ.

ദേശീയതലത്തില്‍ നോക്കിയാല്‍ നമ്മുടെ ദേശീയ പതാകയുടെ അടിത്തറയാണ് പച്ചനിറം അതിനു മുകളിലാണ് മറ്റ് നിറങ്ങള്‍.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ലോകസഭാതെരഞ്ഞെടുപ്പ് വേദിയില്‍ പച്ച തൊടാത്ത ഒരു  വര്‍ഗീയ രാഷ്ട്രീയ കക്ഷിയുടെ മതസംഘടനാ വിഭാഗത്തിന് പച്ച നിറം അലര്‍ജിയാണ്.

കേരളത്തില്‍ ചരിത്ര പ്രസിദ്ധമായ  വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രമടക്കം പലക്ഷേത്രങ്ങളിലും തെയ്യത്തറകളിലും പള്ളികളിലും ഹിന്ദു മുസ്ലിം മൈത്രിയുടെ വലിയ തെളിവുകളുണ്ട്. ശ്രീരാമ സ്വാമി ക്ഷേത്രപരിസരത്ത്  രോഹിണി മഹോത്സവത്തിന് മുസ്ലിം സഹോദരന്മാരുടെ മത്സ്യക്കച്ചവടം പോലുമുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദുമത തീവ്രവാദികള്‍  പച്ചനിറത്തെ മുസ്ലിങ്ങളുടെ നിറമായും ആ നിറം അനഭിലഷണീയമായുമാണ് കാണുന്നത്..
ആ വര്‍ണ്ണഭ്രാന്തിന്‍റെ തെളിവാണ് തിരുമാന്ധാംകുന്നില്‍ ഉണ്ടായത്. തിരുമാന്ധാംകുന്ന് കേരളത്തിലെ ശാലീനസുന്ദരമായ ഒരു പ്രദേശമാണ്. കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്‍ ചത്ത് ഒരു കൃമിയായ് പിറക്കുന്നു എന്ന് ഭരണാധികാരികളെ വിമര്‍ശിച്ച പൂന്താനത്തിന്റെയും ദൈവത്തിനു സ്വകാര്യമായി കേള്‍ക്കാനുള്ള സോപാനസംഗീതത്തെ എല്ലാ മലയാളികളുടെയും മുന്നിലെത്തിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെയും നന്തനാരുടെയുമൊക്കെ ഓര്മ്മ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്.
അവിടെയുള്ള ചില തൂണുകളില്‍ ഈയിടെ പച്ചച്ചായം പുരട്ടി. അതോടെ തീവ്ര ഹിന്ദുമത വ്രണം വികാരപ്പെട്ടു. ഏകപക്ഷീയമായ ഗോഗ്വാ വിളികളുണ്ടായി. എന്തായാലും മലപ്പുറം ജില്ലയിലുള്ള ആ ക്ഷേത്രക്കമ്മിറ്റി പച്ച പെയിന്‍റ് മാറ്റി മറ്റൊരു നിറം ചാര്‍ത്തി.

നിറങ്ങളോടുപോലും മതതീവ്രവാദികള്‍ക്ക് അസഹിഷ്ണുതയാണ്. ദേശീയപതാക മാറ്റി കബന്ധാകൃതിയിലുള്ള കാവിപ്പതാകയാക്കണമെന്നുള്ള ആക്രോശം ഉയര്‍ന്നു കഴിഞ്ഞു.
ഇനി മഴവില്ലില്‍ നിന്നും പച്ചനിറം ഒഴിവാക്കാനുള്ള ബില്ലും ഉണ്ടായേക്കാം. 

നോക്കൂ, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ ഇസ്ലാം രാഷ്ട്രങ്ങളുടെ ദേശീയപതാകകളില്‍ പച്ച നിറമേയില്ല.