Tuesday 25 April 2023

ഗായകരുടെ വായ പൊത്തരുത്

 ഗായകരുടെ വായ പൊത്തരുത് 

--------------------------------------------------
ഉത്സവം കാണാന്‍ പോകുന്നത് ആരെല്ലാമാണ്? ഉത്സവം ഹിന്ദുക്ഷേത്രത്തില്‍ ആണെങ്കിലും എല്ലാ മത വിശ്വാസികളും മതരഹിതരും  അവിടെ ഒത്തുചേരും. സമീപകാലത്ത് ഉത്സവങ്ങള്‍ മതില്‍ക്കെട്ടിനകത്തേക്ക് മാറ്റുകയും ഉച്ചഭാഷിണി പല ചതുരശ്ര കിലോമീറ്ററില്‍ വിന്യസിക്കുകയും ചെയ്തപ്പോഴാണ് കാണാന്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഇല്ലാതായത്.

കച്ചവടത്തിനായി വരുന്നവര്‍, കാമുകീകാമുകന്‍മാര്‍, പോക്കറ്റടിക്കാര്‍, ചൂതുകളിക്കാര്‍, കലാസ്നേഹികള്‍ എല്ലാവരും ഉത്സവസ്ഥലത്ത് ഒത്തുകൂടും. അവിടത്തെ പരിപാടികളില്‍ അടുത്തകാലം വരെ മതവിരോധം പറഞ്ഞ് ഒഴിവാക്കുന്ന രീതി ഇല്ലായിരുന്നു.

അനുഷ്ഠാനങ്ങള്‍ ആരാധനാകേന്ദ്രത്തില്‍ നടക്കുമ്പോഴും ജനങ്ങള്‍ പലവിധ ഉത്സാഹങ്ങളാല്‍ ഉത്സവപ്പറമ്പിനെ സജീവമാക്കുമായിരുന്നു. കെ.ടി മുഹമ്മദിന്റേയും പൊന്‍കുന്നം വര്‍ക്കിയുടെയും ടി.കെ.ജോണിന്റെയും പാപ്പച്ചന്‍റെയും  മറ്റും നാടകങ്ങളും ജോസഫ് കൈമാപ്പറമ്പന്റെയും റാംലാ ബീവിയുടെയും മറ്റും കഥാപ്രസംഗങ്ങളും ആള്‍ക്കൂട്ടങ്ങളുടെ ഹരമായിരുന്നു. കാലം മാറുകയാണ്.വര്‍ഗീയത വര്‍ദ്ധിക്കുകയാണ്.

ശബരിമല അയ്യപ്പന്‍റെയും വാവരുടെയും അടുപ്പം മതമൈത്രിയുടെ വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഈ ഇഴയടുപ്പം അയ്യപ്പന്‍ വിളക്കിനോടൊപ്പമുള്ള പാട്ടുകളിലും കാണാവുന്നതാണ്. മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലാണ് ഉടുക്കുപാട്ടുകളില്‍ വാവരുടെ കഥ അവതരിപ്പിക്കുന്നത്. പൂമരം കാണുവാന്‍ പോവല്ലേ പാത്തുമ്മാ പൂമരത്തില്‍ ചതി ഉണ്ടല്ലോ പാത്തുമ്മാ എന്നും തകൃതിത്താം തോപ്പിലെ പാത്തുമ്മബീവിക്ക് വാര്‍കാലനെന്നൊരു വാവര്‍ പെറ്റുണ്ടായി, വാര്‍കാലനെന്നൊരു വാവരെ പെറ്റകാലം നെല്ലൊന്നും കുലച്ചില്ല മാവൊന്നും പൂത്തില്ല എന്നും പാട്ടുകളുണ്ടായി. അതൊക്കെ വീട്ടുമുറ്റത്തു കെട്ടിയൊരുക്കിയ പന്തലില്‍ അയ്യപ്പന്‍റെ പടം വച്ച് ഭക്തിയോടെ പാടിയതുമാണ്. അന്ന് തെരളിയും പഴവും കടലയും തിന്നു പിരിഞ്ഞവര്‍ക്ക് അമിതമതബോധം ഉണ്ടായിരുന്നില്ല.

ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മലബാറില്‍ ചൊല്ലി അവതരിപ്പിച്ച മാപ്പിളരാമായണവും കേരളത്തിലെ മതമൈത്രിക്ക് കിട്ടിയ പുരസ്ക്കാരമാണ്. രാമനിലെ ര ഉപേക്ഷിച്ച് ലാമനാക്കിയാണല്ലോ ആ കൃതിയില്‍ ഉപയോഗിക്കുന്നത്. മൂന്നു പെണ്ണിനെ ദശരതന്‍ നിക്കാഹ് ചെയ്ത പാട്ടെന്നും ബീവിയാള്‍ക്ക് വരം കൊടുത്ത് സൂയിപ്പിലായ പാട്ടെന്നും പാടിയിട്ടും കേരളത്തിലെ മതമൈത്രിക്ക് കോട്ടമുണ്ടായില്ല.

എന്നാല്‍ അടുത്ത കാലത്ത് പന്തളം കാരയ്ക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലുണ്ടായ ഒരു ആക്രോശം മലയാളിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉത്സവപ്പറമ്പ്കളിലും മറ്റും നാടന്‍പാട്ട് മേള നടത്തുന്ന ഒരു ശ്രദ്ധേയ സംഘമാണ് പാട്ടുപുര. നാടന്‍ പാട്ടുകള്‍ക്ക് 
പുതുജീവന്‍ നല്‍കിയ സി..ജെ.കുട്ടപ്പന്റെയും അകാലത്തില്‍ വേര്‍പ്പെട്ടുപോയ പി എസ്. ബാനര്‍ജിയുടെയും നേരവകാശിയായ മത്തായി സുനിലും മറ്റുമായിരുന്നു ഗായകര്‍.

ഗാനമേള ജനങ്ങള്‍ക്ക് ഹരമായി മുന്നേറിയപ്പോഴാണ്, മാപ്പിളപ്പാട്ടിന്‍റെ ഛായയുള്ള ഒരു നാടന്‍ പാട്ട് പാടാന്‍ തുടങ്ങിയത്.
അത് കേട്ടമാത്രയില്‍  മുന്‍ ജനപ്രതിനിധിയും ജാത്യാഭിമാനിയുമായ ഒരാള്‍ക്ക് കലിപിടിച്ചു.. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഹിന്ദുക്കളുടെ കാശുകൊണ്ടു നടത്തുന്ന പരിപാടിയില്‍ മുസ്ലീങ്ങളുടെ പാട്ട് പാടരുത് എന്നായിരുന്നു തീട്ടൂരം. പോലീസ് ഇടപെടുകയും ഗാനമേള അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു.

ഹിന്ദുക്കളുടെ കാശ് എന്നൊരു കാശുണ്ടോ? പണമെല്ലാം സെക്കുലര്‍ രാജ്യമായ ഇന്ത്യയുടേതല്ലേ? പക്ഷേ മതാന്ധത ബാധിച്ചാല്‍ വന്ദേ ഭാരത് വരെ ഹിന്ദു ഭരണകൂടത്തിന്റെ സംഭാവനാവണ്ടിയാകുമല്ലോ.ഇവയെല്ലാം ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണെന്ന ബോധമാണ് അട്ടിമറിക്കപ്പെടുന്നത്. മസാലദോശയ്ക്ക് പോലും നികുതിയേര്‍പ്പെടുത്തിയ ഒരു ഭരണകൂടം മതവ്യത്യാസം കൂടാതെ ശേഖരിക്കുന്ന പണമാണല്ലോ ഇന്ത്യയുടെ പണം.

ഈ പ്രവണത വര്‍ദ്ധിച്ചുവന്നാല്‍ കേരളത്തില്‍ ബാഹ്യതലത്തിലെങ്കിലും  ഇന്ന് നിലനില്‍ക്കുന്ന മതമൈത്രി ഇല്ലാതാകും. ഗായകരുടെ വായ പൊത്തുകയും നാവരിയുകയും ചെയ്യുന്നത് ആശയഭീരുത്വമുള്ള ഫാസിസ്റ്റുകളുടെ ലക്ഷണമാണ്.

No comments:

Post a Comment