Tuesday 11 April 2023

കുട്ടിത്തെയ്യം തീമല കയറുമ്പോള്‍

കുട്ടിത്തെയ്യം തീമല കയറുമ്പോള്‍ 

-------------------------------------------------------

ദൈവപ്രീതിക്കു വേണ്ടി കുട്ടികളെ ഉപയോഗിയ്ക്കുന്ന രീതി പണ്ടേ ഉണ്ട്. കുഞ്ഞുങ്ങള്‍ നിസ്സഹായരാണല്ലോ. പലതരം പീഡിപ്പിക്കലുകള്‍ മാത്രമല്ല കാളീപ്രീതിക്കുള്ള ശിശുബലിക്കും കുഞ്ഞുമക്കളെ ഇരയാക്കിയിട്ടുണ്ട്. 

 അഴകേശന്‍ എന്ന നരാധമന്‍ കാളിപ്രീതിക്കായി  ഏഴു വയസ്സുള്ള ഒരു ബാലനെ കളരിമുറ്റത്ത് കഴുത്തറുത്ത് കൊന്ന പഴയകഥ ഇലന്തൂരില്‍ നടന്ന നരബലിക്കാലത്ത് ഓര്‍മ്മിക്കപ്പെട്ടിരുന്നല്ലോ. ശിശുവധം കൂടാതെ എത്രയോ പുണ്യപീഡനങ്ങളാണ് അരങ്ങേറുന്നത്.

കവിളുകളിലൂടെയും നാവിലൂടെയും  ശൂലം കുത്തിയിറക്കിയും തീകൂട്ടി കാവടിനൃത്തം നടത്തിയും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് കേരളത്തില്‍ സാധാരണമാണല്ലോ. കുത്തിയോട്ടക്കാലത്തു ചൂരല്‍ കൊണ്ട് കുഞ്ഞുങ്ങളെ മുറിവേല്‍പ്പിക്കുന്നതും വ്രതാനുഷ്ഠാനങ്ങളുടെ പേരില്‍ പട്ടിണിക്കിടുന്നതും ഭാരിച്ച പാഠ്യപദ്ധതിക്കു പുറമെ വേദപാഠങ്ങള്‍ കൂടി കുഞ്ഞുമനസ്സുകളില്‍ കുത്തിച്ചെലുത്തുന്നതും അഗ്രചര്‍മ്മം ഛേദിക്കുന്നതുമെല്ലാം മതപരമായി സാധൂകരിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികളെ പീഡിപ്പിക്കുന്നത് തടയുവാന്‍ കര്‍ശനമായ നിയമവ്യവസ്ഥ നിലവിലുണ്ട്. കൂടാതെ ബാലാവകാശക്കമ്മീഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ബാലാവകാശക്കമ്മീഷന്റെ മുന്നില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ഒരു പ്രശ്നം പതിമൂന്നു വയസ്സുള്ള ഒരു ബാലനെക്കൊണ്ട് തീച്ചാമുണ്ഡിത്തെയ്യം കെട്ടിച്ചതാണ്.

തീച്ചാമുണ്ഡി അഥവാ ഒറ്റക്കോലം, അത്ഭുതവും ഭയവും ആശങ്കയും ജനിപ്പിക്കുന്ന ഒരു അനുഷ്ഠാനമാണ്. ഇതിനായി തീക്കനലുണ്ടാക്കി മലപോലെ കൂട്ടിയിടുന്നു. ഈ മേലേരിയിലൂടെ തെയ്യക്കോലം കെട്ടിയ പാവം മനുഷ്യന്‍ ഓടുകയും ചാടുകയും കിടന്നുരുളുകയും ഒക്കെ ചെയ്യുന്നതാണ്  കനലാട്ടത്തിന്റെ രീതി. കനലിലൂടെ അതിവേഗം ഓടിപ്പോയാല്‍ പാദം പൊള്ളുകയില്ല. തീനാളത്തിലൂടെ വേഗം വിരലോടിച്ചാല്‍ വിരല്‍ പൊള്ളുകയില്ലല്ലോ.പക്ഷേ പരിചയസമ്പന്നരല്ലെങ്കില്‍ അപകടം സുനിശ്ചിതം. ഒപ്പം ആളുകള്‍ നിന്നു പിടിച്ചുമാറ്റിയില്ലെങ്കില്‍  ഏത് മഹാവിഷ്ണുവിന്റെ നേരെയും ശിവനേത്രം തുറക്കും.

ഇതിനൊരു പുരാണകഥയുടെ പിന്‍ബലവുമുണ്ട്.അഗ്നിയുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ മഹാവിഷ്ണു എന്ന സങ്കല്‍പ്പ കഥാപാത്രം നടത്തിയ തീക്കളിയാണത്രെ ഇത്. മഹാവിഷ്ണു നരസിംഹത്തിന്റെ വേഷംകെട്ടി ഹിരണ്യകശിപുവിനെ കൊന്നപ്പോള്‍ പരിഹസിച്ച അഗ്നിഭഗവാനുള്ള പ്രഹരശിക്ഷ. സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചാല്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു കോപം കൊണ്ട് അങ്ങോട്ടു ചാടിയാല്‍ ഇരുകോപം കൊണ്ട് ഇങ്ങോട്ട് .പോരാമോ എന്ന കവിവാക്യമാണ് പ്രസക്തമാകുന്നത്.

ചിറക്കല്‍ കോവിലകത്തെ ചാമുണ്ഡിക്കോട്ടത്തിലാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ഒറ്റക്കോലം കെട്ടി തീയില്‍ ചാടിയത്. സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും ഇത് ചര്‍ച്ചയായപ്പോള്‍ ബാലാവകാശക്കമ്മീഷന്‍ ഇടപെട്ട് കേസെടുത്തു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് കാസര്‍കോട്ടുനിന്നുള്ള ലേറ്റസ്റ്റ് പത്രം മുഖപ്രസംഗം തന്നെ പ്രസിദ്ധീകരിച്ചു. കവിയും വെള്ളൂര്‍ ജവഹര്‍ ലൈബ്രറിയുടെ ഭാരവാഹിയുമായ കെ. വി പ്രശാന്തകുമാറിന്‍റെ പ്രതികരണത്തില്‍ തൃക്കരിപ്പൂരെ സജീ പണിക്കര്‍ കോറോത്തെ ശശി പണിക്കര്‍ എന്നീ തെയ്യംകെട്ട് കലാകാരന്മാര്‍ അകാലചരമം അടഞ്ഞതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തെയ്യക്കോലങ്ങള്‍ ഏല്‍പ്പിച്ച പരിക്കുകളായിരുന്നു കാരണം.ഈ മരണങ്ങള്‍ അനുസ്മരിച്ചുകൊണ്ട് കുട്ടിത്തെയ്യം കെട്ടലിനെ വിമര്‍ശിച്ച കവി, ഫോക് ലോര്‍, കലാഗവേഷണം എന്നൊക്കെ പറഞ്ഞ് ഈ പ്രാകൃതാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അഭിപ്രായപ്പെടുന്നു.

കാരക്കുളിയന്‍ തുടങ്ങിയ കഥകളിലൂടെയും മറ്റും തെയ്യംകെട്ടിലെ അപകടസാധ്യതകളെ ചൂണ്ടിക്കാട്ടിയ അംബികാസുതന്‍ മാങ്ങാട്,   കാഞ്ഞങ്ങാട്ടെ യുവകവിയും അദ്ധ്യാപകനുമായ ബാലഗോപാലന്‍ കാഞ്ഞങ്ങാട് ,   കവി ശരത് ബാബു പേരാവൂര്‍, പ്രകാശന്‍ കരിവെള്ളൂര്‍, സീതാദേവി കരിയാട്ട്,വി.കെ.അനില്‍ കുമാര്‍, ടി.പ്രേംലാല്‍ തുടങ്ങിയവരെല്ലാം കുട്ടിത്തെയ്യത്തിന്റെ തീമലകയറ്റത്തെ അപലപിച്ചിട്ടുണ്ട്.

വയനാട്ടുകുലവന്റെ ബപ്പിടല്‍ ചടങ്ങിന് വേണ്ടി മൃഗവേട്ട നടത്തുന്നതിന് എതിരെയുള്ള പ്രകൃതി സ്നേഹികളുടെ വാക്കുകള്‍ ഇനിയും അന്തരീക്ഷത്തില്‍ നിലകൊള്ളുകയാണ്. അപ്പോഴാണ് ഈ ബാലപീഡനത്തിന്റെ  അരങ്ങേറ്റവും നടക്കുന്നത്.

മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ദുരാചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതല്ല,ലംഘിക്കാനുള്ളതാണ്.ദുരാചാര ലംഘനത്തിന്റെ ആള്‍രൂപങ്ങളായിരുന്ന വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീര്‍ഥനും മറ്റും ജീവിച്ചിരുന്ന മണ്ണില്‍ ക്രൂരമായ അനാചാരങ്ങള്‍ ജീവിച്ചിരിക്കുന്നത് ശരിയുള്ള കാര്യമല്ല.
- കുരീപ്പുഴശ്രീകുമാര്‍ 

No comments:

Post a Comment