Saturday, 27 May 2017

ചുവന്ന പെണ്ണ്


നിലാസ്സോപ്പാൽ വെളുപ്പിക്കാൻ
കറുത്തപെണ്ണ്
പഴഞ്ചൊല്ലിന്‍ കതിരുമായ്
വെളുത്തപെണ്ണ്
ഇവർക്കു രണ്ടാൾക്കുമെന്നും
ഇരുനേരത്തും
കിടക്കപ്പാ വിരിക്കുന്ന
ചുവന്നപെണ്ണ്

എനിക്കിഷ്ടം പണിക്കാരി
ചുവന്നപെണ്ണ് 

അവള്‍ക്കൊപ്പം ചിരിക്കുന്നു
ജലപുഷ്പങ്ങൾ.

ഗൃഹപാഠം

പാടുകയാണു പഠിച്ചവ നാം
കാട്ടിലെ ആനത്താരകളിൽ
തേടുകയാണ് വെടിഞ്ഞവനാം
വീട്ടിൻ കട്ടിയിരുട്ടറയിൽ
താവളമില്ലാതലയുന്നൂ
ചൂളക്കാരൻ തീവണ്ടി
പാളിപ്പോയ സമൃദ്ധികളിൽ
നീലവിഷപ്പുക ചായുന്നു
ഏതൊരു സിനിമാപ്പാട്ടിന്റെ
ഈരടി വെന്ത നിശ്ശബ്ദതയിൽ
നാദം കാവലിരുന്ന മൃദംഗം
താളക്കൈവിരൽ മോഹിപ്പൂ
ചാരക്കുന്നിൽ താഴുന്നൂ
ചീർത്തകിനാവിൻ ഗുസ്തിക്കാർ
മൂരിക്കൊമ്പിൽ കാണുന്നൂ
കാരണമില്ലാക്കാര്യങ്ങൾ
കുപ്പായത്തിൽ ചുംബിച്ച്
മുത്തം നേടിയ റോസാപ്പൂ
മുത്തും കാശും കാമിച്ച്
സ്വപ്നം കൊത്തി വിയർക്കുന്നൂ
അറിവിൽ നിന്ന് തിരിച്ചറിവ്
മുറിവിൽനിന്നൊരു ഗൃഹപാഠം
ഇവിടെ തുടരാം കാൽനടകൾ
തെളിയുന്നില്ലൊരു നക്ഷത്രം.

Wednesday, 24 May 2017

ഗോഡ്സേ നഗർ


പച്ചവെളിച്ചം തെളിഞ്ഞൂ
സീബ്രാവരയ്കിപ്പുറം വന്നു
നിലച്ച നാൽക്കാലികൾ
നിശ്ശബ്ദമങ്ങനെ നീങ്ങി
വലത്തേക്കു മറ്റൊരു പാത
തുടങ്ങി ഗോഡ്സേ നഗർ

ഒന്നാംതെരുവ്
മുഖത്തു പുച്ഛത്തിന്റെ 
മഞ്ഞച്ചെടികൾ പടർത്തിയ മേടകൾ
ചില്ലുനേത്രത്തിന്റെയുള്ളിൽ നിരത്തിയ
ചന്ദനക്കിണ്ണവും സോഡയും മാംസവും
കള്ളക്കറൻസികൾ കൈമാറുകയാണ്
കണ്ണിൽ കനത്ത കാവൽപ്പടയുള്ളവർ
ഭിത്തി പറഞ്ഞു ബഹുമാന്യ ജീവിതം
വൃത്തികേടിന്റെ വിളവെടുപ്പുൽസവം

രണ്ടാംതെരുവ്
പുറത്തു വാതിൽമണി
വന്ദിച്ചുനിൽക്കും പ്രഭുക്കൾ പ്രധാനികൾ
വന്നുപോകുന്നു
പിരമിഡു പൊട്ടിച്ചു മമ്മികൾ
നെഞ്ചിൽ കണക്കിന്റെ ചൂതുകൾ
സൽക്കാരശാലയ്കടുത്തു കിടപ്പറ
സ്വപ്നങ്ങൾ വാങ്ങിനിറച്ച നടുപ്പുര
ഛർദ്ദീച്ചുറങ്ങുന്നു കോടീശ്വരൻ
രോഗസിദ്ധിയിൽ പുഞ്ചിരിക്കുന്നൂ ഭഗവതി
ആളനക്കങ്ങൾ നിലക്കുമ്പൊളൊക്കെയും
ആംഗലത്തിൽ കുരയ്കുന്നുണ്ടു നായകൾ
കാറ്റു പറഞ്ഞു
കമനീയ ജീവിതം
കാർക്കിച്ചു തുപ്പേണ്ട വാർത്തയ്കുറവിടം.

മൂന്നാംതെരുവ്
ഉടഞ്ഞുകിടക്കുന്ന ശാന്തിപ്രതിമ
അശാന്തമാണുൾത്തടം
ആരൊക്കെയാണീ വിശുദ്ധവീഥി
യ്കിരുപാടും വസിച്ചു രസിച്ചു ജയിച്ചവർ
ജീർണവസ്ത്രങ്ങളിൽ വർണം പുതപ്പിച്ചു
ജീവിച്ചിടുന്നു മുഖംമൂടിയുള്ളവർ
ആദരവോടെ നമിച്ചു നെഞ്ചത്തേയ്ക്കു
തീയുണ്ട പായിച്ചു നിശ്ശബ്ദരാകുവോർ
പൊട്ടിയ ശിൽപമെടുത്തുയർത്തിക്കൊണ്ട്
ചിത്തഭ്രമത്താൽ പറഞ്ഞു ദേശാടകൻ
വെച്ച വിഷത്താൽ സ്വയം മരിച്ചോനിവൻ

നാലാം തെരുവ്
സിമന്റ്കൂടാരത്തിൽ
ആരെയോ കൊല്ലുകയാണിന്നു മാന്ത്രികർ
ഗൂഢച്ചിരികൾ രഹസ്യസംഭാഷണം
കാലൊച്ചകൾ തലയോട്ടിയും ശൂലവും
കാഞ്ഞിരംകൊണ്ടൊരാൾരൂപം
തലയ്കുമേൽ പൂഴിയുരുട്ടിയ മുട്ടയും ധൂമവും
പേടമാനിന്റെ ചെവിയും കുറേ
ചാരവും കുങ്കുമച്ചാന്തും വിഭൂതിയും

പങ്കപറഞ്ഞു
മൃഗങ്ങളേക്കാൾ ദുഷ്ട
ജന്തുക്കളെക്കണ്ടു ചുറ്റുകയാണു ഞാൻ

ഓരോ തെരുവും അരാജകപ്പേമാരി
തോരാതെ
പെയ്യും ചതുപ്പ്
ഭവനങ്ങൾ നീരാളിവാഴും കടൽപ്പൊയ്ക
പാതകൾ പ്രേതവിരിപ്പ്
അഴുക്കുചാൽ ജീവിതം.


നൂറാംതെരുവിനും അപ്പുറം കോളനി
നീറിയുണർന്ന പ്രതികാരവാഹിനി.

Thursday, 18 May 2017

സ്കൂൾ പ്രവേശം, ജാതി നിർബന്ധമല്ല


  വിദ്യാലയ പ്രവേശനത്തിന്‌ ജാതി രേഖപ്പെടുത്തുന്ന കാര്യത്തിൽ നിർബന്ധം ഉണ്ടാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സാംസ്കാരിക കേരളം പ്രതീക്ഷയോടെയാണ്‌ കേട്ടത്‌. കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുവരുന്ന രക്ഷകർത്താവിനോട്‌ അപേക്ഷാ ഫോറത്തിൽ കുട്ടിയുടെ ജാതി ചേർക്കണമെന്ന്‌ സ്കൂൾ അധികൃതർ നിർബന്ധിക്കുകയില്ല എന്നാണ്‌ ഈ വാഗ്ദാനത്തിന്റെ അർഥം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ കൊല ചെയ്യപ്പെട്ട മതമില്ലാത്ത ജീവൻ എന്ന പാഠത്തിലെ അൻവർ റഷീദിനും ലക്ഷ്മീദേവിക്കും ഉണ്ടായ അനുഭവം പുരോഗമന വാദികളായ അച്ഛനമ്മമാർക്ക്‌ ഈ വർഷം മുതൽ ഉണ്ടാവുകയില്ല.

ഈ വാഗ്ദാനം പാലിക്കാൻ സാധിക്കുമോ? വെളിച്ചമുണ്ടാകട്ടെ എന്ന്‌ ദൈവം പറഞ്ഞപ്പോൾ ഭൂമിയിൽ എല്ലായിടവും വെളിച്ചം ഉണ്ടായില്ല. പകുതി ഭാഗത്ത്‌ മാത്രമേ വെളിച്ചം വന്നുള്ളു. അതിന്റെ കാരണം ഉൽപത്തി പുസ്തകം കൽപിച്ചുണ്ടാക്കിയവർക്ക്‌ ഭൂമി ഉരുണ്ടതാണെന്ന്‌ അറിയാൻ പാടില്ലാത്തതുകൊണ്ടായിരുന്നു. ദൈവത്തിന്റെ കൽപന പോലും പൂർണമായി നടന്നില്ലെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌. അങ്ങനെയാണെങ്കിൽ പച്ചമനുഷ്യനായ നമ്മുടെ മുഖ്യമന്ത്രിയുടെ പുരോഗമനപരമായ ആശയത്തെ എങ്ങനെ നടപ്പിലാക്കാൻ കഴിയും?

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതി രേഖപ്പെടുത്തേണ്ടതില്ല എന്ന ഉത്തരവ്‌ ഇപ്പോഴും നിലവിലുണ്ട്‌. പഴയ ആ ഉത്തരവ്‌ ഇംഗ്ലീഷിലുള്ളതാണ്‌. പുതുക്കിയതും വ്യക്തതയുള്ളതുമായ ഉത്തരവ്‌ ഇക്കാര്യത്തി ൽ ഉണ്ടാകേണ്ടതുണ്ട്‌. ആ ഉത്തരവിന്റെ വലിയ പകർപ്പുകൾ വിദ്യാലയത്തിന്റെ ചുമരിൽ പതിക്കേണ്ടതാണ്‌.

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ കൈത്തറി വസ്ത്രം ധരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പുറപ്പെടുവിച്ച ഉത്തരവ്‌ അനാഥശിലകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശേഷിക്കുന്നുണ്ട്‌. ആരും കൈത്തറി വസ്ത്രം ധരിച്ചില്ല എന്നു മാത്രമല്ല കൈത്തറി മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി കൂടുതൽ പരിതാപകരവുമായി. സർക്കാരിന്റെ ആത്മാർത്ഥതയെ തിരിച്ചറിയാൻ സർക്കാരിന്‌ വോട്ട്‌ ചെയ്തവർക്ക്‌ പോലും കഴിയാതെ പോയതാണ്‌ ഇതിനുകാരണം. അങ്ങനെ ഒരു അവസ്ഥ പുതിയ ഉത്തരവിന്‌ ഉണ്ടാകരുത്‌.

മാധ്യമങ്ങളുടെ പരിപൂർണ സഹകരണം സർക്കാരിന്‌ ഉണ്ടാകണം
കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങളിൽ പ്രധാനപ്പെട്ടത്‌ ജാതീയതയ്ക്കെതിരെയുള്ള സമരമായിരുന്നല്ലോ. ഇന്നുള്ള ഭൂരിപക്ഷം പത്രങ്ങളും നവോത്ഥാന പരിശ്രമങ്ങൾക്ക്സാക്ഷ്യം വഹിച്ചവയാണ്‌. അതിനാൽ സ്കൂളിൽ ചേർക്കുമ്പോൾ ജാതി എഴുതേണ്ടതില്ല എന്ന സർക്കാർ നിലപാടിന്‌ വ്യാപകമായ പ്രചരണം നൽകാൻ മാധ്യമങ്ങൾ സന്നദ്ധരാകണം.

കേരളത്തിലെ പതിനായിരക്കണക്കിന്‌ വരുന്ന മിശ്രവിവാഹിതർക്കും ഇടതുപക്ഷ രാഷ്ട്രീയബോധമുള്ളവർക്കും യുക്തിവാദികൾക്കും എല്ലാ പുരോഗമന വാദികൾക്കും ഈ നിർദേശം പ്രയോജനപ്പെടുത്തണമെന്ന്‌ താൽപര്യമുണ്ട്‌. ഉത്തരവിലെ അവ്യക്തതയും സ്കൂൾ അധികൃതരുടെ നിർബന്ധവുമാണ്‌ ജാതി മാലിന്യം രേഖപ്പെടുത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്‌.

കുട്ടിയെ സ്കൂളിൽ ചേർക്കാന്‍ ചെന്ന ഒരു യുവസാംസ്കാരിക പ്രവർത്തകന്റെ അനുഭവം വിചിത്രമായിരുന്നു. കുട്ടിക്ക്‌ ജാതിയും മതവും ഇല്ല എന്നു പറഞ്ഞപ്പോൾ അച്ഛനമ്മമാരുടെ പേരുകളിൽ നിന്ന്‌ ഹിന്ദുവാണെന്ന്‌ തെളിയുന്നുണ്ടല്ലോ എന്ന്‌ പറഞ്ഞു ഹെഡ്മിസ്ട്രസ്‌. ഹിന്ദുമതത്തിൽ തീരെ വിശ്വാസമില്ലെന്ന്‌ പറഞ്ഞപ്പോൾ ക്രൈസ്തവ മാനേജ്മെന്റിലുള്ള ആ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്‌ പറഞ്ഞത്‌ എങ്കിൽ ക്രിസ്ത്യാനി എന്ന്‌ വയ്ക്കട്ടെ എന്നായിരുന്നു. അവർ അതു സമ്മതിച്ചില്ല. പകരം ബുദ്ധമതം എന്ന്‌ രേഖപ്പെടുത്തുകയായിരുന്നു. അങ്ങനെ ജാതി എഴുതുന്നതിൽ നിന്നും അവർ രക്ഷപ്പെട്ടു. ഇത്തരം പ്രതിസന്ധികൾ ഒരു രക്ഷകർത്താവിനും ഈ വർഷം ഉണ്ടാവരുത്‌.

സാംസ്കാരിക സംഘടനകൾ ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നത്‌ നന്നായിരിക്കും. രക്ഷകർത്താക്കളെ ബോധവൽക്കരിക്കുക എന്ന പ്രധാനപ്പെട്ട പ്രവർത്തനം അവർക്ക്‌ നടത്താവുന്നതാണ്‌.
സംവരണാനുകൂല്യങ്ങൾ ആവശ്യമുള്ള കുടുംബങ്ങളുണ്ട്‌, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ജനങ്ങൾ. അവരില്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്തവർക്കാണ്‌ ആ ആനുകൂല്യം വേണ്ടത്‌. അങ്ങനെയുള്ളവരുടെ ജാതി സംബന്ധിച്ച വിവരങ്ങ ൾ സ്കൂളുകളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്‌. എസ്‌എസ്‌എൽസി ബുക്ക്‌ അടക്കമുള്ള രേഖകളിൽനിന്നും ഈ അപമാനം ഒഴിവാക്കുവാൻ അങ്ങനെ സാധിക്കും.

Thursday, 4 May 2017

ഹോണില്ലാദിനവും ഉച്ചഭാഷിണികളും


പല ദിനങ്ങളും സമുചിതമായി ആചരിച്ചതുപോലെ ഹോൺരഹിതദിനവും നമ്മൾ ഹോൺ അടിച്ചുതന്നെ ആഘോഷിച്ചു. ഹോൺരഹിതദിനം ഉത്സവമായി ആഘോഷിച്ചത്‌ കേരളത്തിലെ എഫ്‌എം റേഡിയോകളാണ്‌. അവർ ഹോണടിക്കേണ്ടുന്ന സന്ദർഭങ്ങൾ വിശദീകരിച്ചുകൊണ്ടാണ്‌ ഹോൺരഹിത ദിനത്തെ പൊലിപ്പിച്ചത്‌. നാടെമ്പാടും നിറഞ്ഞിരിക്കുന്ന ഉച്ചഭാഷിണികളുടെ കഠോരശബ്ദത്തിനിടയിൽ ഹോൺരഹിത ദിനാചരണം വെടിക്കെട്ടിനിടയിലെ പൊട്ടാസ്‌ വെടിപോലെ അപ്രസക്തമായിപ്പോയി.

ഹോണടിക്കുന്നതിൽ ഭ്രാന്തമായ ഒരു മാനസികാവസ്ഥ തന്നെ മലയാളികൾ പുലർത്തുന്നുണ്ട്‌. ആശുപത്രി പരിസരങ്ങളിൽ ഹോണടിക്കാൻ പാടില്ല എന്ന മുദ്രകൾ വച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മത്സര ഓട്ടത്തിൽ കമ്പമുള്ള മലയാളി അതൊന്നും കാര്യമാക്കാറില്ല.

ചെവിയും തലച്ചോറും തുളച്ചുകീറുന്ന രീതിയിലുള്ള മുഴക്കങ്ങളാണ്‌ വാഹനങ്ങളിൽ നിന്നും പുറത്തേക്ക്‌ വരുന്നത്‌. തീവണ്ടിച്ചൂളത്തേയും സൈറണുകളേയും പിന്നിലാക്കുന്ന വമ്പൻ ഹോണുകൾ കേരളത്തിലെ വാഹനങ്ങളിലുണ്ട്‌.

ഒരു നിശ്ചിത ഡെസിബലിനപ്പുറമുള്ള ശബ്ദം ആരോഗ്യത്തിന്‌ ഹാനികരമാണ്‌. മനുഷ്യൻ മാത്രമല്ല ഞെട്ടിത്തെറിക്കുന്നത്‌. ഗോമാതാവടക്കമുള്ള മൃഗങ്ങളും വിറളിപിടിച്ച്‌ ഓടുന്നത്‌ കാണാം. രോഗബാധിതർക്ക്‌ പൊടുന്നനെ ഉയരുന്ന ഹോൺ വിളി കൊലവിളിയായിട്ടാണ്‌ അനുഭവപ്പെടുന്നത്‌. നിരത്തുതോറും നിരന്നുനിൽക്കാറുള്ള നിയമപാലകർ ഇതൊന്നും കേട്ടഭാവം നടിക്കുന്നുമില്ല.

ശബ്ദമലിനീകരണം നിയന്ത്രിക്കുവാൻ ഇന്ത്യൻ പാർലമെന്ത്തന്നെ പാസാക്കിയ നിയമമുണ്ട്‌. ആ നിയമമനുസരിച്ച്‌ നീളൻ കോളാമ്പികൾ ഉപയോഗിക്കുവാൻ പാടില്ല. നിയമത്തെ മറികടക്കുവാനുള്ള ഉത്സാഹം നമ്മൾക്കുണ്ടല്ലോ. കോളാമ്പികൾക്കുള്ള സ്ഥാനം വലിയ പെട്ടികൾ കയ്യടക്കി. ഒരു പെട്ടിക്കുള്ളിൽ ഒന്നിലധികം സ്പീക്കറുകൾ ഘടിപ്പിച്ച്‌ കോളാമ്പി ഗർജനത്തെ പിന്നിലാക്കുന്ന രീതി കണ്ടുപിടിക്കപ്പെട്ടു. ഒരു സ്ഥലത്ത്‌ ഉത്സവമോ മതപ്രസംഗമോ നടക്കുകയാണെങ്കിൽ കിലോമീറ്റർ ചുറ്റളവിൽ ഉഗ്രപ്രഹരശേഷിയുള്ള ശബ്ദപ്പെട്ടികൾ സ്ഥാപിക്കുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. അവയ്ക്ക്‌ കാവൽനിൽക്കുക എന്ന ഭാരിച്ച ചുമതലയാണ്‌ ക്രമസമാധാനപാലകർ നിർവഹിക്കുന്നത്‌. മനുഷ്യന്റെ സമാധാന ജീവിതത്തിനുമേൽ നടത്തുന്ന അക്രമം എന്ന വ്യാഖ്യാനത്തിലേക്ക്‌ ക്രമസമാധാനം മാറിയിട്ടുണ്ട്‌.

ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകൾ പ്രഖ്യാപിച്ചതിനു ശേഷമാണ്‌ പല സ്ഥലങ്ങളിലും ഉത്സവങ്ങൾ കൊണ്ടാടിയത്‌. ഉത്സവമെന്നാൽ പരിധിയില്ലാത്ത ശബ്ദശല്യം എന്നാണല്ലോ ഇപ്പോൾ അർഥം. ഉത്സവത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ട പൊതുസമ്മേളനങ്ങളിൽ ജനപ്രതിനിധികൾ പോലും പങ്കെടുത്ത്‌ ശബ്ദമലിനീകരണത്തിന്റെ ആക്കം കൂട്ടുകയുണ്ടായി.
പൊതുപരീക്ഷയുടെ ഫലം മെച്ചപ്പെടുത്തുവാൻ എന്തെങ്കിലും ചെപ്പടി വിദ്യകൾ പരീക്ഷാഭവന്‌ നടത്തേണ്ടതായിവരും.
പരീക്ഷക്കാലത്ത്‌ അലറി വിളിക്കുന്ന ഉച്ചഭാഷിണികളുടെ സമീപത്തിരുന്ന്‌ പഠിക്കേണ്ടിവന്ന കുട്ടികളുടെ മാനസിക സംഘർഷം ആരും ശ്രദ്ധിച്ചതേയില്ല.

ഉത്സവങ്ങളും ആദ്ധ്യാത്മിക പ്രഭാഷണപരമ്പരകളും മാറ്റിവയ്ക്കുവാൻ മതാന്ധവിശ്വാസികൾ തയാറാകുന്നില്ലായെങ്കിൽ പരീക്ഷയെങ്കിലും മാറ്റിവയ്ക്കുവാൻ സർക്കാർ തയാറാകേണ്ടതായിരുന്നു. ഉച്ചഭാഷിണിയുടെ ഗർജനം നിറഞ്ഞ കേരളത്തിൽ ഹോണില്ലാ സംസ്കാരം വളർത്തിയെടുക്കുവാൻ ബുദ്ധിമുട്ടുതന്നെയാണ്‌.