Thursday, 4 May 2017

ഹോണില്ലാദിനവും ഉച്ചഭാഷിണികളും


പല ദിനങ്ങളും സമുചിതമായി ആചരിച്ചതുപോലെ ഹോൺരഹിതദിനവും നമ്മൾ ഹോൺ അടിച്ചുതന്നെ ആഘോഷിച്ചു. ഹോൺരഹിതദിനം ഉത്സവമായി ആഘോഷിച്ചത്‌ കേരളത്തിലെ എഫ്‌എം റേഡിയോകളാണ്‌. അവർ ഹോണടിക്കേണ്ടുന്ന സന്ദർഭങ്ങൾ വിശദീകരിച്ചുകൊണ്ടാണ്‌ ഹോൺരഹിത ദിനത്തെ പൊലിപ്പിച്ചത്‌. നാടെമ്പാടും നിറഞ്ഞിരിക്കുന്ന ഉച്ചഭാഷിണികളുടെ കഠോരശബ്ദത്തിനിടയിൽ ഹോൺരഹിത ദിനാചരണം വെടിക്കെട്ടിനിടയിലെ പൊട്ടാസ്‌ വെടിപോലെ അപ്രസക്തമായിപ്പോയി.

ഹോണടിക്കുന്നതിൽ ഭ്രാന്തമായ ഒരു മാനസികാവസ്ഥ തന്നെ മലയാളികൾ പുലർത്തുന്നുണ്ട്‌. ആശുപത്രി പരിസരങ്ങളിൽ ഹോണടിക്കാൻ പാടില്ല എന്ന മുദ്രകൾ വച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മത്സര ഓട്ടത്തിൽ കമ്പമുള്ള മലയാളി അതൊന്നും കാര്യമാക്കാറില്ല.

ചെവിയും തലച്ചോറും തുളച്ചുകീറുന്ന രീതിയിലുള്ള മുഴക്കങ്ങളാണ്‌ വാഹനങ്ങളിൽ നിന്നും പുറത്തേക്ക്‌ വരുന്നത്‌. തീവണ്ടിച്ചൂളത്തേയും സൈറണുകളേയും പിന്നിലാക്കുന്ന വമ്പൻ ഹോണുകൾ കേരളത്തിലെ വാഹനങ്ങളിലുണ്ട്‌.

ഒരു നിശ്ചിത ഡെസിബലിനപ്പുറമുള്ള ശബ്ദം ആരോഗ്യത്തിന്‌ ഹാനികരമാണ്‌. മനുഷ്യൻ മാത്രമല്ല ഞെട്ടിത്തെറിക്കുന്നത്‌. ഗോമാതാവടക്കമുള്ള മൃഗങ്ങളും വിറളിപിടിച്ച്‌ ഓടുന്നത്‌ കാണാം. രോഗബാധിതർക്ക്‌ പൊടുന്നനെ ഉയരുന്ന ഹോൺ വിളി കൊലവിളിയായിട്ടാണ്‌ അനുഭവപ്പെടുന്നത്‌. നിരത്തുതോറും നിരന്നുനിൽക്കാറുള്ള നിയമപാലകർ ഇതൊന്നും കേട്ടഭാവം നടിക്കുന്നുമില്ല.

ശബ്ദമലിനീകരണം നിയന്ത്രിക്കുവാൻ ഇന്ത്യൻ പാർലമെന്ത്തന്നെ പാസാക്കിയ നിയമമുണ്ട്‌. ആ നിയമമനുസരിച്ച്‌ നീളൻ കോളാമ്പികൾ ഉപയോഗിക്കുവാൻ പാടില്ല. നിയമത്തെ മറികടക്കുവാനുള്ള ഉത്സാഹം നമ്മൾക്കുണ്ടല്ലോ. കോളാമ്പികൾക്കുള്ള സ്ഥാനം വലിയ പെട്ടികൾ കയ്യടക്കി. ഒരു പെട്ടിക്കുള്ളിൽ ഒന്നിലധികം സ്പീക്കറുകൾ ഘടിപ്പിച്ച്‌ കോളാമ്പി ഗർജനത്തെ പിന്നിലാക്കുന്ന രീതി കണ്ടുപിടിക്കപ്പെട്ടു. ഒരു സ്ഥലത്ത്‌ ഉത്സവമോ മതപ്രസംഗമോ നടക്കുകയാണെങ്കിൽ കിലോമീറ്റർ ചുറ്റളവിൽ ഉഗ്രപ്രഹരശേഷിയുള്ള ശബ്ദപ്പെട്ടികൾ സ്ഥാപിക്കുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. അവയ്ക്ക്‌ കാവൽനിൽക്കുക എന്ന ഭാരിച്ച ചുമതലയാണ്‌ ക്രമസമാധാനപാലകർ നിർവഹിക്കുന്നത്‌. മനുഷ്യന്റെ സമാധാന ജീവിതത്തിനുമേൽ നടത്തുന്ന അക്രമം എന്ന വ്യാഖ്യാനത്തിലേക്ക്‌ ക്രമസമാധാനം മാറിയിട്ടുണ്ട്‌.

ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകൾ പ്രഖ്യാപിച്ചതിനു ശേഷമാണ്‌ പല സ്ഥലങ്ങളിലും ഉത്സവങ്ങൾ കൊണ്ടാടിയത്‌. ഉത്സവമെന്നാൽ പരിധിയില്ലാത്ത ശബ്ദശല്യം എന്നാണല്ലോ ഇപ്പോൾ അർഥം. ഉത്സവത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ട പൊതുസമ്മേളനങ്ങളിൽ ജനപ്രതിനിധികൾ പോലും പങ്കെടുത്ത്‌ ശബ്ദമലിനീകരണത്തിന്റെ ആക്കം കൂട്ടുകയുണ്ടായി.
പൊതുപരീക്ഷയുടെ ഫലം മെച്ചപ്പെടുത്തുവാൻ എന്തെങ്കിലും ചെപ്പടി വിദ്യകൾ പരീക്ഷാഭവന്‌ നടത്തേണ്ടതായിവരും.
പരീക്ഷക്കാലത്ത്‌ അലറി വിളിക്കുന്ന ഉച്ചഭാഷിണികളുടെ സമീപത്തിരുന്ന്‌ പഠിക്കേണ്ടിവന്ന കുട്ടികളുടെ മാനസിക സംഘർഷം ആരും ശ്രദ്ധിച്ചതേയില്ല.

ഉത്സവങ്ങളും ആദ്ധ്യാത്മിക പ്രഭാഷണപരമ്പരകളും മാറ്റിവയ്ക്കുവാൻ മതാന്ധവിശ്വാസികൾ തയാറാകുന്നില്ലായെങ്കിൽ പരീക്ഷയെങ്കിലും മാറ്റിവയ്ക്കുവാൻ സർക്കാർ തയാറാകേണ്ടതായിരുന്നു. ഉച്ചഭാഷിണിയുടെ ഗർജനം നിറഞ്ഞ കേരളത്തിൽ ഹോണില്ലാ സംസ്കാരം വളർത്തിയെടുക്കുവാൻ ബുദ്ധിമുട്ടുതന്നെയാണ്‌.

1 comment:

 1. ഉത്സവങ്ങളും ആദ്ധ്യാത്മിക പ്രഭാഷണപരമ്പരകളും മാറ്റിവയ്ക്കുവാൻ മതാന്ധവിശ്വാസികൾ
  തയാറാകുന്നില്ലായെങ്കിൽ പരീക്ഷയെങ്കിലും
  മാറ്റിവയ്ക്കുവാൻ സർക്കാർ തയാറാകേണ്ടതായിരുന്നു.
  ഉച്ചഭാഷിണിയുടെ ഗർജനം നിറഞ്ഞ കേരളത്തിൽ ഹോണില്ലാ
  സംസ്കാരം വളർത്തിയെടുക്കുവാൻ ബുദ്ധിമുട്ടുതന്നെയാണ്‌...

  ReplyDelete