Wednesday, 19 April 2017

കായിക്കര തോന്നയ്ക്കൽ വഴി പല്ലനപുതിയ കാലത്തെ അനിഷ്ട വാസ്തവങ്ങളിൽ ഒന്ന്‌ കുമാരനാശാന്റെ കവിതകൾ വായിക്കപ്പെടുന്നില്ല എന്നതാണ്‌. പത്തു വർഷം മുമ്പ്‌ ഒരു ലൈബ്രറിയിൽ വീണപൂവിന്റെ നൂറാം വയസ്‌ ആഘോഷിക്കുകയായിരുന്നു. വിദ്യാർഥികളും രക്ഷകർത്താക്കളുമടക്കം മുന്നൂറോളം പേർ വരുന്ന സദസ്‌. അവരാരും തന്നെ മഹാകവി കുമാരനാശാന്റെ വീണപൂവ്‌ വായിച്ചവരായിരുന്നില്ല. പദ്യപാരായണ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ചില കുട്ടികൾ വീണപൂവിലെ ചില ശ്ലോകങ്ങൾ മനഃപാഠമാക്കിയിരുന്നതാണ്‌ ഏക അപവാദം. അവരിൽ പലരും മലയാളം സ്കൂളിൽ പഠിക്കാത്തതിനാൽ മംഗ്ലീഷിൽ എഴുതിയെടുത്ത്‌ ഹൃദിസ്ഥമാക്കിയവർ ആയിരുന്നു. വർത്തമാനം മാറ്റിവച്ച്‌ ഞാൻ വീണപൂവ്‌ പൂർണമായും ചൊല്ലുകയായിരുന്നു.

ആശാന്റെ കൃതികളിൽ ഏറ്റവും ജനകീയതയാർന്ന വീണപൂവിന്റെ സ്ഥിതി ഇതാണെങ്കിൽ നളിനി, ലീല, പ്രരോദനം, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികളുടെ വർത്തമാനകാല വായന ഊഹിക്കാവുന്നതേയുള്ളു.

പഴയ കവിതകൾ വൃത്തത്തിനനുസരിച്ച്‌ വായിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നെങ്കിൽ വളരെ വേഗം അവ വായിച്ചെടുക്കാമായിരുന്നു. ആശാന്റെ കൃതികൾക്കെല്ലാം അടിക്കുറിപ്പ്‌ ഉള്ളതിനാൽ കവിതയിലെ കാര്യം മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല. വസന്തതിലകം, വിയോഗിനി, രഥോദ്ധത, ശാർദ്ദൂലവിക്രീഡിതം തുടങ്ങിയ വൃത്തങ്ങൾ പുതിയ തലമുറയ്ക്ക്‌ തീരെ അപരിചിതമാണ്‌. കവിതയെഴുതാൻ വൃത്ത നിർബന്ധം ആവശ്യമില്ലെങ്കിൽ കൂടി പഴയ കവിതകൾ വായിച്ചു പോകുവാൻ വൃത്തപഠനം സഹായിക്കുമായിരുന്നു. പരീക്ഷാ ചോദ്യങ്ങളെ ഒഴിവാക്കി വൃത്തത്തിന്റെ അടിസ്ഥാനരീതികൾ കുട്ടികൾക്ക്‌ പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.

കായിക്കര, തോന്നയ്ക്കൽ, പല്ലന എന്നീ സ്ഥലങ്ങളിലായി മൂന്ന്‌ ആശാൻ സ്മാരകങ്ങളാണ്‌ നിലവിലുള്ളത്‌. അതിൽ കായിക്കര, തോന്നയ്ക്കൽ സ്മാരകങ്ങൾ നിരവധി പരിപാടികളാൽ സജീവവുമാണ്‌. ആശാൻ സ്മാരകങ്ങളിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആശാൻ കവിതാസ്വാദന പാഠശാലകൾ സംഘടിപ്പിക്കുന്നത്‌ നന്നായിരിക്കും. പ്രായഭേദമെന്യേ എല്ലാവർക്കും അവിടെ പ്രവേശനവും നൽകാവുന്നതാണ്‌.

ബോധ്ഗയയിലും സിംലയിലും ചില വിദേശരാജ്യങ്ങളിലുമെല്ലാം പോകുമ്പോൾ ബുദ്ധസാഹിത്യ ഗ്രന്ഥശാലകൾ കണ്ട്‌ നമ്മൾ അത്ഭുതപ്പെടും. കേരളത്തിൽ അങ്ങനെയൊരു ഗ്രന്ഥശാല, വിപുലശേഖരത്തോടെ നിലനിൽക്കുന്നില്ല. ജപ്പാൻ, മ്യാൻമർ, തായ്‌ലന്റ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ ബുദ്ധമത സൈദ്ധാന്തിക ഗ്രന്ഥങ്ങളും സാഹിത്യ ഗ്രന്ഥങ്ങളും ശേഖരിക്കാവുന്നതാണ്‌. ബുദ്ധദർശനത്തിന്റെ ആഴവും പരപ്പും മലയാളികളെ ബോധ്യപ്പെടുത്തിയ ആദ്യത്തെ കവി എന്നനിലയിൽ ഒരു ബുദ്ധസാഹിത്യ ഗ്രന്ഥശാല സ്ഥാപിക്കുവാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന തോന്നയ്ക്കൽ സ്മാരകത്തിന്‌ മുൻകൈയെടുക്കാവുന്നതാണ്‌. സവർണഹിന്ദുക്കൾ ആൺകുട്ടികൾക്കുവേണ്ടി നടത്തിയിരുന്ന വിദ്യാരംഭം ഹിന്ദുമത പീഡനങ്ങൾക്കെതിരെ പ്രതികരിച്ച കവിയുടെ വീട്ടിനുമുന്നിൽ നടത്തുന്നതിനേക്കാൾ ഉചിതമായിരിക്കും ബുദ്ധസാഹിത്യ പാഠാലയം.

തെലുങ്ക്‌ ഭാഷയിലെ കവിതകളുടെ ഒരു സമഗ്ര ശേഖരം മലയാളത്തിന്‌ തന്നത്‌ ഹൈദരാബാദിലെ തെലുഗ്‌ സർവകലാശാല മുൻകയ്യെടുത്താണ്‌. ഒഎൻവിയും പുതുശേരിയും അടക്കമുള്ള മുതിർന്ന കവികളെക്കൊണ്ട്‌ കവിതകൾ മലയാളീകരിച്ച്‌ പ്രസിദ്ധപ്പെടുത്തുവാൻ തെലുങ്കു സർവകലാശാലയ്ക്ക്‌ കഴിഞ്ഞു. വൈസ്‌ ചാൻസലറും പ്രമുഖ കവിയുമായ സി നാരായണറെഡ്ഡി തിരുവനന്തപുരത്ത്‌ വന്ന്‌ പുസ്തകം പ്രകാശിപ്പിക്കുകയും ചെയ്തു. മഹാകവി കുമാരനാശാന്റെ കവിതകൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും പൂർണരൂപത്തിൽ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കുവാൻ കേരളം ഉത്സാഹപ്പെടേണ്ടതുണ്ട്‌. മലയാളം സർവകലാശാലയടക്കമുള്ള സ്ഥാപനങ്ങൾ ഇതിനു മുൻകൈയെടുക്കേണ്ടതാണ്‌. ആശാൻ സ്മാരകവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്‌.

തമിഴ്‌നാട്‌ സർക്കാരിന്റെ ഒരു വാഹനം ഒന്നാം നമ്പർ സംസ്ഥാന പാതയിലൂടെ ഓടുന്നുണ്ട്‌. അതിന്റെ ബോർഡ്‌ തലക്കുളം-മണ്ണടി എന്നാണ്‌. ചെന്നൈയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ നാഗർകോവിലിൽ നിന്നോ കന്യാകുമാരിയിൽ നിന്നോ തിരുവനന്തപുരത്തേക്ക്‌ ബസ്‌ സർവീസ്‌ നടത്തുക സ്വാഭാവികമാണ്‌. എന്നാൽ ഈ ബസ്‌ സർവീസിന്റെ അർഥമെന്താണ്‌. അതാലോചിക്കുമ്പോഴാണ്‌ ഒരു ചരിത്രവൈദ്യുതതരംഗം നമ്മളിലൂടെ കടന്നുപോകുന്നത്‌. വേലുത്തമ്പി ദളവ ജനിച്ച സ്ഥലത്ത്‌ നിന്നും മരണപ്പെട്ട സ്ഥലത്തേക്കാണ്‌ ആ ബസ്‌ സർവീസ്‌. വലിയ ഒരു ഓർമപ്പെടുത്തലാണത്‌. ആ മാതൃകയിൽ കായിക്കരയിൽ നിന്നും ആരംഭിച്ച്‌ തോന്നയ്ക്കൽ വഴി പല്ലനയിൽ അവസാനിക്കുന്ന ഒരു ബസ്‌ സർവീസ്‌ സാക്ഷാത്കരിക്കാവുന്നതാണ്‌. ആറ്റിങ്ങൽ മുതൽ ഹരിപ്പാട്‌ വരെയുള്ള ഏതെങ്കിലും സ്റ്റേഷനിൽ നിന്നും ഈ സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യാവുന്നതേയുള്ളു. യാത്രാസൗകര്യം വർധിക്കുമെന്നു മാത്രമല്ല, ആശാൻ സ്മരണയോടുള്ള സഞ്ചരിക്കുന്ന ആദരവായും ഈ സർവീസ്‌ മാറും.

2 comments:

 1. പഴയ കവിതകൾ വൃത്തത്തിനനുസരിച്ച്‌ വായിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നെങ്കിൽ വളരെ വേഗം അവ വായിച്ചെടുക്കാമായിരുന്നു. ആശാന്റെ കൃതികൾക്കെല്ലാം അടിക്കുറിപ്പ്‌ ഉള്ളതിനാൽ കവിതയിലെ കാര്യം മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല. വസന്തതിലകം, വിയോഗിനി, രഥോദ്ധത, ശാർദ്ദൂലവിക്രീഡിതം തുടങ്ങിയ വൃത്തങ്ങൾ പുതിയ തലമുറയ്ക്ക്‌ തീരെ അപരിചിതമാണ്‌. കവിതയെഴുതാൻ വൃത്ത നിർബന്ധം ആവശ്യമില്ലെങ്കിൽ കൂടി പഴയ കവിതകൾ വായിച്ചു പോകുവാൻ വൃത്തപഠനം സഹായിക്കുമായിരുന്നു. പരീക്ഷാ ചോദ്യങ്ങളെ ഒഴിവാക്കി വൃത്തത്തിന്റെ അടിസ്ഥാനരീതികൾ കുട്ടികൾക്ക്‌ പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും...!

  ReplyDelete
 2. ആശയമാശപോല്‍ത്തെന്നെ നടക്കുവാ-/
  നഭിലഷിച്ചീടുന്നിതേനുമെന്‍ സോദരാ,
  ശാപകാലംപോല്‍ച്ചിലര്‍ക്കിതിലീവിധ-
  മില്ല!താത്പര്യമശ്ശേഷമെന്നോര്‍ക്കയാ-
  ലെപ്രകാരംനാം പ്രതികരിച്ചാലുമിഹ!
  നില്‍ക്കുമനങ്ങാപ്പാറകള്‍ നിര്‍ണ്ണയം.
  -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

  ReplyDelete