Friday, 18 November 2016

ലൈബ്രറി കൗൺസിലും ഗ്രന്ഥശാലാ സംഘവും


കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ വളരെ ശ്രദ്ധേയമായ ഒരു പൊതുജന സമ്പർക്ക പരിപാടിയിലാണ്‌. ഉണർവ്വ്‌ എന്ന്‌ പേരിട്ടിട്ടുള്ള ഒരു സാംസ്കാരിക യാത്ര. കാസർകോട്‌ നിന്നും തിരുവനന്തപുരത്തുനിന്നും ഒരുപോലെ ആരംഭിച്ച്‌ തൃശൂരിൽ സംഗമിക്കുന്ന ഈ യാത്ര മതേതരത്വവും മലയാളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കേരളീയരെ ബോധ്യപ്പെടുത്തുന്നു.

മതേതരത്വം, മലയാളം എന്നിവ നമ്മൾ മനഃപൂർവം മറന്ന്‌ ഉറക്കം നടിച്ച്‌ കിടക്കുന്ന ഒരുകാലത്താണ്‌ ലൈബ്രറി കൗൺസിൽ ഉണർവ്വ്‌ യാത്ര നടത്തുന്നത്‌. മതേതരം എന്നാൽ മതബദ്ധം അല്ലാത്തത്‌. മതവുമായി ബന്ധിപ്പിക്കാതെ മനുഷ്യരെയെല്ലാം ഒറ്റ സമൂഹമായി കാണുക എന്ന വിശാലമായ അർഥമാണ്‌ ആ വാക്കിനുളളത്‌. ആ വിശാലമായ അർഥത്തെ അംഗീകരിക്കുകയാണെങ്കിൽ മതതീവ്രവാദത്തേയും മതം മനസിൽ കുത്തിവയ്ക്കുന്ന അബദ്ധധാരണകളെയും ഒഴിവാക്കാൻ കഴിയും. മഹത്തായ ഈ ആശയം പൊലിപ്പിക്കുന്ന നിരവധി പുസ്തകങ്ങൾ നമ്മുടെ ഗ്രന്ഥശാലകളിൽ ഉണ്ട്‌. മലയാളത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്ന പുസ്തകങ്ങളുടെ നിറഞ്ഞ അലമാരകളാണ്‌ എല്ലാ ഗ്രന്ഥശാലകളിലും ഉള്ളത്‌. അങ്ങോട്ടേക്ക്‌ കടന്നുവരുന്ന വായനക്കാരെ കാത്തിരിക്കുന്നതിനു പകരം ഗ്രന്ഥശാലാ പ്രവർത്തകർ ജനങ്ങളിലേക്ക്‌ ചെന്ന്‌ ഈ ആശയം പ്രചരിപ്പിക്കുകയാണ്‌. ഞാൻ കവിത ചൊല്ലിയ കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും യോഗങ്ങൾ ജനസാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. അഡ്വ. വേണുഗോപാൽ, ജെ സി അനിൽ എന്നിവരുടെ നേതൃത്വത്തിലാണ്‌ ആ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്‌.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പ്‌ ദീർഘദർശിയായ പി എൻ പണിക്കർ എന്ന അധ്യാപകനാണ്‌ ഗ്രന്ഥശാലകളെ സംഘടിപ്പിച്ചുകൊണ്ട്‌ ഗ്രന്ഥശാലാസംഘം ആരംഭിച്ചത്‌. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരാണ്‌ ഗ്രന്ഥശാലാസംഘത്തിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്തത്‌. 1989 ൽ കേരള പബ്ലിക്‌ ലൈബ്രറീസ്‌ (കേരള ഗ്രന്ഥശാലാ സംഘം) ആക്ട്‌ ഉണ്ടാവുകയും 1991 ൽ കവി കടമ്മനിട്ട രാമകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തു. അന്നു മുതൽ കേരള ഗ്രന്ഥശാലാ സംഘത്തെ കേരളാ സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ എന്നു പറഞ്ഞുതുടങ്ങി. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു അത്‌. മലയാളത്തെ സംരക്ഷിക്കാനാണ്‌ ലൈബ്രറി കൗൺസിൽ പരിശ്രമിക്കുന്നതെങ്കിൽ കേരള ഗ്രന്ഥശാലാസംഘം എന്ന മലയാളത്തനിമയുള്ള പേരിനേയും സംരക്ഷിക്കേണ്ടതാണ്‌.

മലയാളികൾക്ക്‌ ഇംഗ്ലീഷിനോടാണ്‌ കമ്പം. നമ്മുടെ രാഷ്ട്രീയപ്പാർട്ടികളുടെ പേരുകളെല്ലാം ഇംഗ്ലീഷിലാണ്‌. പച്ചമലയാളത്തിലുള്ള ജനാധിപത്യ സംരക്ഷണസമിതിയാവട്ടെ ചുരുക്കപ്പേരായി ജെഎസ്‌എസ്‌ എന്നാണുപയോഗിക്കുന്നത്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കെഎസ്‌എസ്പി എന്ന്‌ ഉപയോഗിക്കാറുണ്ട്‌. വിശ്വഹിന്ദുപരിഷത്താകട്ടെ വിഎച്ച്പി എന്നാണ്‌ ഉപയോഗിക്കുന്നത്‌. ചുരുക്കപ്പേര്‌ ഇംഗ്ലീഷിൽ എച്ച്‌ഐവി എന്നാകുന്നതുകൊണ്ടാകാം ഹിന്ദുഐക്യവേദി അതുപയോഗിക്കാറില്ല. യുവകലാസാഹിതി പേരുനീണ്ടതാണെങ്കിലും ചുരുക്കപ്പേരുപയോഗിക്കാറില്ല. മലയാളത്തിൽ ചുരുക്കപ്പേരുപയോഗിക്കുന്ന ഒരു സംഘടന പു ക സ ആണ്‌.
തമിഴ്‌നാട്ടിലാണെങ്കിൽ പേരിന്റെ ഇനിഷ്യൽപോലും തമിഴിൽത്തന്നെയാണ്‌. മു കരുണാനിധി കാ നാ സുബ്രഹ്മണ്യം, മീ രാജേന്ദ്രൻ എന്നിങ്ങനെയാണ്‌ പേരുകൾ. പാർട്ടികളുടെ പേരും ചുരുക്കപ്പേരും തമഴിൽത്തന്നെ. ദ്രാവിഡ മുന്നേറ്റ കഴകം (തി മു ക) എന്നാണല്ലോ അവർ എഴതുന്നതും പറയുന്നതും. മദ്രാസ്‌ എന്ന സംസ്ഥാനപ്പേര്‌ അവർ തമിഴ്‌നാട്‌ എന്നാക്കി. മദ്രാസ്‌ എന്ന തലസ്ഥാനപ്പേര്‌ ചെന്നൈ എന്നാക്കി. മൈസൂർ കർണാടക ആയി. ബാംഗ്ലൂർ ബംഗളൂരു ആയി. ഒറീസ ഒഡീഷ ആയി. അവിടെയുള്ള ജനങ്ങൾ ഈ പേരുമാറ്റം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്‌ ഇപ്പോൾ മൂന്നു പേരുകളാണുള്ളത്‌. കേരളം, കേരള, കേരൾ. ഇതിൽ ഏതാണ്‌ നമ്മുടെ സ്വന്തം മലയാളനാട്‌.

സ്ഥലപ്പേരുകളെല്ലാം ഔദ്യോഗികമായി മലയാളമാക്കിയിട്ടുണ്ട്‌. എങ്കിലും നമ്മൾ അത്‌ ഉപയോഗിക്കുന്നതിൽ വിമുഖത കാട്ടുകയാണ്‌. ക്വയിലോൺ, കൊല്ലമായ കാര്യം ഇതുവരെയും കൊല്ലത്തെ ശ്രീനാരായണ കോളജുകാർ അറിഞ്ഞിട്ടേയില്ല. പ്രവേശന കവാടത്തിൽ ക്വയിലോൺ എന്നുതന്നെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. സഞ്ചാരികളായ വെള്ളക്കാർപോലും കൊച്ചി എന്നു പറയുവാൻ ശ്രമിക്കുമ്പോൾ നമ്മൾ കൊച്ചിൻ എന്നു പ്രയോഗിക്കുവാൻ താൽപര്യം കാട്ടുകയാണ്‌. സർവകലാശാലകൾ ഇപ്പോഴും കൊച്ചിനും കാലിക്കട്ടും കേരളായുമായി തുടരുകയാണല്ലോ.

മലയാളവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഉണർവ്വ്‌ യാത്രയ്ക്ക്‌ അഭിവാദ്യങ്ങൾ.

Tuesday, 8 November 2016

നവോത്ഥാനസദസും തലശേരി ചിന്തകളും

കേരളത്തിൽ നടന്ന നവോത്ഥാന സദസുകളിൽ സദസ്യരുടെ ബാഹുല്യംകൊണ്ടും അതിഥികളുടെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായിരുന്നു തലശേരിയിലെ നവോത്ഥാന സദസ്‌. ആബാലവൃദ്ധം ജനങ്ങൾ തിങ്ങിനിറഞ്ഞതായിരുന്നു സദസ്‌. അവർ പ്രസംഗങ്ങളെല്ലാം കഴിയുന്നതുവരെ ശ്രദ്ധയോടെ ഇരുന്നു.

ജനനം തന്നെ മരണകാരണമായ ഹൈദരാബാദിലെ വിദ്യാർഥി രോഹിത്‌ വെമുലയുടെ അമ്മയും സഹോദരനുമായിരുന്നു പ്രധാനപ്പെട്ട അതിഥികൾ. ഘനീഭവിച്ച ദുഃഖംപോലെയുളള അമ്മ പറഞ്ഞ ഓരോ വാക്കുകളും സദസ്യർ ഹൃദയത്തിൽ കുറിച്ചിട്ടു. തെലങ്കാനയിലെ അമ്മ അവരുടെ മാതൃഭാഷയിലാണ്‌ സംസാരിച്ചത്‌. എന്റെ മകനെ അവർ കൊന്നു എന്ന്‌ സവർണമേധാവിത്വത്തിന്റെ മുഖത്തേക്ക്‌ വിരൽചൂണ്ടി രോഹിതിന്റെ അമ്മ പറഞ്ഞപ്പോൾ ആത്മഹത്യ എങ്ങനെ കൊലപാതകവും രക്തസാക്ഷിത്വവുമാകുമെന്ന്‌ സദസ്യർ തിരിച്ചറിഞ്ഞു. രോഹിതിന്റെ സഹോദരന്റെ വാക്കുകളും തലശേരിയിലെ ജനങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു.

വാഗ്ഭടാനന്ദൻ, ആനന്ദതീർഥൻ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവർത്തനമണ്ഡലമായിരുന്നല്ലോ തലശേരി. നാരായണഗുരു കണ്ട ഏക സ്വന്തം പ്രതിമയും തലശേരിയിലാണല്ലോ ഉള്ളത്‌. ആ പ്രതിമ സ്ഥിതിചെയ്യുന്നിടത്താണ്‌ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രം.
നാരായണഗുരുവിന്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ജഗന്നാഥക്ഷേത്രത്തിലെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രൊഫസർ നബീസാ ഉമ്മാളിനെ ക്ഷണിച്ചു. പുരോഗമന ചിന്തയുടെ തെളിഞ്ഞ മുഖം മതാന്ധതയുടെ പർദ്ദകൊണ്ട്‌ മറയ്ക്കാത്ത നബീസാ ഉമ്മാൾ അവിടെ എത്തി പ്രഭാഷണം നടത്തി.

കേരള നിയമസഭാംഗമായും നെടുമങ്ങാട്‌ നഗരസഭാധ്യക്ഷയായും യൂണിവേഴ്സിറ്റി കോളജ്‌ പ്രിൻസിപ്പലായും ശോഭിച്ച നബീസാ ഉമ്മാളിന്റെ പ്രസംഗം വിജ്ഞാനപ്രദവും അത്യാകർഷകവുമാണ്‌. വിവിധ മതങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ പ്രസംഗിക്കുവാനുള്ള നബീസാ ഉമ്മാളിന്റെ പ്രാഗത്ഭ്യം പ്രസിദ്ധവുമാണ്‌. എന്നാൽ ജഗന്നാഥക്ഷേത്രത്തിലെ പ്രസംഗം നന്നായിരുന്നെങ്കിൽ കൂടിയും ഹിന്ദുവർഗീയ വാദികളെ ചൊടിപ്പിക്കാൻ അത്‌ പര്യാപ്തമായി. മതവിമർശനമൊന്നും നബീസാ ഉമ്മാളിന്റെ പ്രസംഗത്തിൽ അധികമുണ്ടാവാറില്ല. മതഗ്രന്ഥങ്ങളിലെ നന്മകൾ മാത്രമാണ്‌ അവർ എപ്പോഴും ഉയർത്തിക്കാട്ടാറുള്ളത്‌. മറ്റ്‌ മതങ്ങളിൽ നന്മയുണ്ട്‌ എന്ന്‌ പറഞ്ഞാൽപോലും തിളച്ച വെള്ളം ശരീരത്തിൽ വീണതായേ മതാന്ധവിശ്വാസികൾക്ക്‌ തോന്നൂ. അവർ ക്ഷേത്രപരിസരത്ത്‌ പ്രവേശനം ഹിന്ദുക്കൾക്ക്‌ മാത്രം എന്നു രേഖപ്പെടുത്തിയ ഒരു ഫലകം സ്ഥാപിച്ചു. പണ്ട്‌ മുഹമ്മദീയർക്ക്‌ പ്രവേശനമില്ലെന്ന ഒരു ഫലകം അവിടെയുണ്ടായിരുന്നത്രെ. ആനന്ദതീർഥൻ ഉപവാസമാരംഭിച്ചു. അതിനെ തുടർന്ന്‌ ഹിന്ദുവർഗീയവാദികൾ സ്ഥാപിച്ച മനുഷ്യവിരുദ്ധ ഫലകം എടുത്തുമാറ്റുകയാണുണ്ടായത്‌.
മുസ്ലിം ആരാധനാലയങ്ങളിൽ പ്രവേശനം നിസ്കാരമുള്ളവർക്ക്‌ മാത്രം എന്ന്‌ പലയിടത്തും എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ അർഥം ചരിത്രവും ശിൽപചാതുരിയും ആശ്ലേഷിച്ചു നിൽക്കുന്ന ആരാധനാലയത്തിൽ മറ്റ്‌ മതവിശ്വാസികൾക്ക്‌ പ്രവേശനമില്ലെന്നുതന്നെയാണ്‌.

കമലാസുരയ്യയുടെ മൃതശരീരം പാളയം പള്ളിക്കുള്ളിൽ വച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു. വാതിലിൽ നിന്ന ഒരു സഹോദരൻ മയ്യത്തു നമസ്കാരത്തിനു വന്നതാണോ എന്ന്‌ ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഖബർ സ്ഥാനിലേക്ക്‌ വിരൽചൂണ്ടിയിട്ട്‌ അവിടെ പോയി നിൽക്കൂ ഇപ്പോൾ അങ്ങോട്ടുകൊണ്ടുവരും എന്ന്‌ പറഞ്ഞ്‌ എന്നെ തിരിച്ചയച്ചു. കോളജ്‌ വിദ്യാർഥിയായിരുന്നപ്പോൾ സഹപാഠികളോടൊപ്പം വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്‌. ഒരു വിലക്കും അന്നില്ലായിരുന്നു. മാപ്പിള രാമായണം പിറന്ന കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ സാരമായ പരിക്ക്‌ പറ്റിയിട്ടുണ്ട്‌.

കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്രം ഉള്ളതായിരുന്നില്ല. അന്ധവിശ്വാസങ്ങൾ, വിദ്യാവിഹീനത, വഴിനിരോധനം തുടങ്ങി അനവധി അനീതികൾക്കെതിരെയുള്ള സാംസ്കാരിക സമരമായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്നത്‌ ജാതിയായിരുന്നു.

ജാതീയത മനുഷ്യവിരുദ്ധമാണ്‌. അത്‌ മനുഷ്യനിൽ അനീതിയും അപകർഷതയും കുത്തിവയ്ക്കുന്നു.പുതിയ കാലം വർണക്കുപ്പായമണിഞ്ഞ്‌ ജാതീയത തിരിച്ചുവരുന്നുണ്ട്‌ എന്ന ആശങ്കയുണ്ടാക്കുന്നതാണ്‌. അന്ധതയുടെ ഇരുട്ട്‌ വ്യാപിക്കുന്നതിനെതിര ജാഗ്രതയോടെ ഇരിക്കാൻ നവോത്ഥാന സദസുകൾ കേരളീയരെ ഓർമിപ്പിച്ചു.