Wednesday 27 September 2023

ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക

 ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക 

--------------------------------------------------------------------------------------------
പിന്നാക്കജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതുകൊണ്ട് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനു നല്ലൊരു സംഭാവനകിട്ടി.ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ കഴിഞ്ഞവരില്‍ ആരുടെയോ മനസ്സില്‍ മുളച്ച ഒരു പാട്ടാണത്. ജീവിതപങ്കാളിയോട് പറയുന്ന രീതിയില്‍.

തന്തോയം തന്തോയം  തന്തോയം  മാലേ
തന്തോയം തന്തോയം  തന്തോയം  മാലേ
നമ്മക്കും ചേത്രത്തിപോകാം 
തൈവത്തെ തൊട്ടുതൊയാമേ 
ഇങ്ങനെ ആരംഭിക്കുന്ന ആ പാട്ടില്‍ ക്ഷേത്രത്തില്‍ കണ്ട കാഴ്ചകള്‍ പറയുന്നുണ്ട്.ബ്രാഹ്മണ പൂജാരിയാണ് അവിടെയുള്ളത്. അയാള്‍ വിഗ്രഹത്തെ വലംവയ്ക്കുകയും ശംഖു വിളിക്കുകയും ചന്ദനം നുള്ളി 'എറിയുകയും ചെയ്യുന്നുണ്ട്. 

കക്കയെടുത്തങ്ങൂതണ തമ്പ്രാന്‍ 
ചന്ദനം വാരിയെറിയണ തമ്പ്രാന്‍ 
ഉള്ളിലെ കല്ലില്‍ കറങ്ങണ തമ്പ്രാന്‍ 

ബ്രാഹ്മണപൂജാരിയുടെ ഈ അഭ്യാസങ്ങള്‍ കണ്ട കവി സ്വന്തം അഭിപ്രായം കവിതയില്‍ പ്രതിഫലിപ്പിച്ചു.അതിങ്ങനെയാണ്.

പോറ്റിത്തമ്പ്രാക്കന്‍മാരെല്ലാം 
വെറും പോയന്‍മാരാണെടീ മാലേ

പോയന്‍ എന്ന ദളിത് പദം നമ്പൂരിമലയാളത്തിലേക്ക് മാറ്റിയാല്‍ ഭോഷന്‍. ഈ സാക്ഷിമൊഴിയുണ്ടായിട്ട് പതിറ്റാണ്ടുകള്‍ എത്രകഴിഞ്ഞു! ഇപ്പൊഴും ഒരു മാറ്റവും ഉണ്ടായില്ലല്ലോ. പ്രസിദ്ധ ദൈവശാലകളിലെല്ലാം  പൂജാരിമാര്‍ ഇപ്പൊഴും ബ്രാഹ്മണര്‍ തന്നെ. അവരാണെങ്കിലോ, ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയ കാര്യമൊന്നും കണ്ടില്ലെന്നു നടിച്ച് മനുഷ്യവിരുദ്ധ ദുരാചാരങ്ങള്‍ തുടരുകയാണ്. 

ബ്രാഹ്മണപൂജാരിക്ക് അസുഖം വന്ന് ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടര്‍, ചന്ദനം എറിഞ്ഞുകൊടുക്കേണ്ട ദളിതനായാലും ദേഹപരിശോധനയ്ക്ക് കിടന്നുകൊടുക്കും.പക്ഷേ അമ്പലത്തില്‍ വന്നാല്‍ കാര്യം മാറി. എല്ലാ ദുരാചാരങ്ങളുടെയും കലവറയണല്ലോ ക്ഷേത്രം.അവിടെ രാജ്യം ഭരിക്കുന്ന മന്ത്രിയാണെങ്കില്‍ പോലും അയിത്തം പാലിച്ചിരിക്കും. അതാണ് ഉത്കൃഷ്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ട സനാതന ധര്മ്മം അവരെ പഠിപ്പിച്ചിട്ടുള്ളത്.

പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട തമിഴ് നാട്ടില്‍ സ്ത്രീകളെ പൂജാരികളായി നിയമിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ ഇതിനകം തമിഴ് നാട്ടില്‍ മുഖ്യമന്ത്രിമാരും ആയിട്ടുണ്ട്. മലയാളനാട് ആണെങ്കിലോ സ്വാമി വിവേകാനന്ദന്‍ ഉത്തരേന്ത്യയെ വിസ്മരിച്ചുകൊണ്ടു നല്കിയ ഭ്രാന്താലയ സര്‍ട്ടിഫിക്കറ്റ് പൊടിതുടച്ചു വയ്ക്കുന്ന തിടുക്കത്തിലുമാണ്. 

പയ്യന്നൂരെ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ നടന്നത് ഒറ്റപ്പെട്ടസംഭവമാണോ? അടഞ്ഞ അദ്ധ്യായമെന്ന് ഇരയാക്കപ്പെട്ട മന്ത്രി പറഞ്ഞാലും ആ പുസ്തകം അടയുമോ? ഈ വിഷയത്തില്‍ മന്ത്രിയില്‍ നിന്നുണ്ടായ സംയമനവും അക്ഷോഭ്യതയും തന്ത്രി സമൂഹത്തില്‍ നിന്നും ഉണ്ടായില്ല. അവര്‍ ഒറ്റക്കെട്ടായി അയിത്തം ആചാരമാണെന്ന് പറയുകയാണ്. ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് അര്‍ത്ഥം. 

ജാതിയും മതവും ഉപേക്ഷിക്കുകയും അവയുടെ ആചാരങ്ങളൊന്നും അനുസരിക്കാതെ ജീവിക്കുകയും മിശ്രവിവാഹത്തിലൂടെ അയിത്തരാഹിത്യം ജീവിതത്തില്‍ പുലര്‍ത്തുകയും മക്കളുടെ രേഖകളില്‍ ജാതിമാലിന്യം വിതറാ തിരിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. അവര്‍ ജാതിമതാതീതമായ  മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തി ജീവിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കും, ജാതിഭ്രാന്തുള്ളവര്‍ ഓരോ ജാതി കല്‍പ്പിച്ചു നല്‍കിട്ടുണ്ട്. ജാതീയമായ ദുരനുഭവങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവപ്പെട്ടിട്ടില്ലാത്ത ആരും കേരളത്തില്‍ ഉണ്ടാവുകയില്ല. 

ആദരണീയനായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ജാതിമതരഹിതമായ ഒരു സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന ആളാണ്. ജില്ലാ കൌണ്‍സില്‍ മുതല്‍ നിയമസഭവരെ എത്തുകയും നിയമസഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത ബഹുമാന്യ വ്യക്തിയാണ്. അദ്ദേഹത്തിന് പോലും ജാതി  സംവരണ മണ്ഡലം മാത്രമാണു അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നതും  ശ്രദ്ധേയമാണ്.ലോകം ശ്രദ്ധിച്ച  കെ.ആര്‍ നാരായണനെ പോലും ജനറല്‍ സീറ്റില്‍ നിന്ന് ജനവിധിതേടാന്‍ അനുവദിച്ചിട്ടില്ല.

മാറ്റിനിര്‍ത്തപ്പെട്ട ജനതയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്, വിവേചന നിര്‍മ്മാര്‍ജനം എന്നതിന്റെ അടിസ്ഥാനത്തില്‍ സന്തോഷമുണ്ടാക്കിയ കാര്യമാണ്. അവര്‍ അവിടെ പോവുകയും കാണിക്ക വഞ്ചിയില്‍ കാശിടുകയും ചെയ്തിട്ടുണ്ട്. ആ സന്തോഷകാലം കഴിഞ്ഞിരിക്കുന്നു. കാരണം ഇത്രയുംകാലം ദൈവവിഗ്രഹങ്ങളെ നോക്കി നേരിട്ടു പ്രാര്‍ഥിച്ചിട്ടും അവരുടെ പ്രശ്നങ്ങള്‍ മാറിക്കിട്ടിയിട്ടില്ല. അതിനാല്‍  ക്ഷേത്രങ്ങളെ ബഹിഷ്ക്കരിക്കേണ്ടതുണ്ട്. ദേവസ്വം മന്ത്രിക്കുപോലും ദുരനുഭവം ഉണ്ടായസ്ഥിതിക്ക്  ബ്രാഹ്മണപൂജാരികള്‍ ഉള്ള ക്ഷേത്രങ്ങള്‍ നിശ്ചയമായും  ബഹിഷ്ക്കരിക്കേണ്ടതാണ്.. അത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ജനങ്ങളുടെ പണം അനുവദിക്കാതിരിക്കാന്‍ ഏത് പുരോഗമന സര്‍ക്കാരും ശ്രദ്ധിക്കേണ്ടതാണ്.  

Wednesday 13 September 2023

ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

 ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

----------------------------------------------------------------
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വളരെ ശ്രദ്ധേയമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയ്ന്‍റ് എന്നു പേരിട്ടത് അനുചിതമാണെന്നും അതിനാല്‍ ആ നാമകരണം പിന്‍വലിക്കണമെന്നുമാണ് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രദര്‍ശനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനു ചന്ദ്രയാന്‍ മിഷനുമായി ബന്ധമൊന്നുമില്ലെന്നും തുറന്നു പറഞ്ഞ ബഹിരാകാശ ഗവേഷണകേന്ദ്രം മേധാവി പോലും സര്‍ക്കാരിന് പേരിടാനുള്ള അധികാരമുണ്ടെന്നു സാധൂകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്.

ശാസ്ത്രാവബോധം ഉണ്ടാക്കേണ്ടത് പൌരന്റെ ചുമതലയാണെന്നു രേഖപ്പെടുത്തിയിട്ടുള്ളതും മതേതര സ്വഭാവമുള്ളതുമായ നമ്മുടെ ഭരണഘടനയുടെ ലംഘനമാണ് ശിവശക്തിയെന്ന മതപരമായ പേരെന്നത് ഭരണകൂടം മനപ്പൂര്‍വം മറന്നു. നിയമനിര്‍മ്മാണസഭയിലെ ഭൂരിപക്ഷം, ഭരണകക്ഷിയുടെ വര്‍ഗ്ഗീയതാല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മനസ്സമ്മതം അല്ലെന്നുള്ള വസ്തുതയും ഭരണകൂടം കണ്ടില്ലെന്നു നടിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ എല്ലാ പുരോഗമന വാദികളുടെയും അഭിപ്രായമാണ്. ബാലറ്റ് പ്രണയമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി പറയാതെ പോയ അഭിപ്രായം.

ബഹിരാകാശത്തിലെ ഇടങ്ങള്‍ക്ക് പേരിടുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഇന്ത്യ അവഗണിച്ചു.അവിടെ മിത്തുകള്‍ക്ക് ഒരു സ്ഥാനവുമില്ല. ആദ്യമായി  മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയനോ മനുഷ്യനെ ചന്ദ്രനിലെത്തിച്ച അമേരിക്കയോ വ്യാളിയടക്കം നിരവധി മിത്തുകളുടെ ആവാസഭൂമിയായ ചൈനയോ ആ വഴിക്കു ആലോചിച്ചില്ല. ഈ രാജ്യങ്ങള്‍ ആദ്യം അവിടെയുള്ള മനുഷ്യരുടെ പട്ടിണിമാറ്റിയിട്ടാണ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങിയതെന്ന വസ്തുത, അഭിമാനത്തിന്റെ കുപ്പായക്കീശയില്‍ നമുക്ക് മറച്ചു വയ്ക്കാം. എന്നാലും ഈ രാജ്യങ്ങളൊന്നും അവരെത്തിയ ഇടങ്ങള്‍ക്ക് യഹോവമുക്കെന്നോ കര്‍ത്താവുകവലയെന്നോ ഡ്രാഗണ്‍ ജംഗ്ഷനെന്നോ പേരിട്ടില്ല. മിത്തില്ലാഞ്ഞിട്ടല്ല, ശാസ്ത്രബോധമുള്ളതുകൊണ്ടാണ് ആ രാജ്യങ്ങള്‍ അതിനു തുനിയാതിരുന്നത്. മതഭരണഘടനയുള്ള ഏതെങ്കിലും അറേബ്യന്‍ രാജ്യം അവിടെയെത്തിയാലും അവര്‍ അള്ളാഹുമുക്കെന്നൊന്നും പേരിടില്ല. വിശ്വാസങ്ങളെ അവര്‍ ബഹിരാകാശത്ത് ദുര്‍വിനിയോഗം ചെയ്യില്ല. ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നില്‍ നാണം കെടുക മാത്രമാണു ചെയ്തിട്ടുള്ളത്. ശിവശക്തി നാമകരണത്തെ തുടര്‍ന്ന് ചന്ദ്രനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് പോലും ഭ്രാന്തവചനങ്ങളുണ്ടായി.

ഇന്ത്യന്‍ ശാസ്ത്രലോകം പുതുതായി വികസിപ്പിച്ചെടുത്ത താമര ഇനത്തിന് സി എസ് ഐ ആര്‍ നമോ 108 എന്നു നാമകരണം ചെയ്തതിനെയും പരിഷത്ത് അപലപിച്ചിട്ടുണ്ട്. പൂവിനെപ്പോലും ഹിന്ദുമത തീവ്രവാദത്തിന്‍റെ അടയാളമാക്കി മാറ്റുന്നത് പ്രാകൃതയുഗത്തിലേക്ക് ഒരു രാജ്യത്തെ അതിന്റെ ഭരണകൂടം നയിക്കുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യങ്ങളില്‍ ബഹിരാകാശത്തേക്കല്ല ഇന്ത്യ കുതിച്ചത്. അധോലോകത്തിലേക്കാണ്.

മനുഷ്യസങ്കല്‍പ്പത്തിലെ മനോഹാരിതകളാണ് മിത്തുകള്‍. അവയെ മതങ്ങള്‍ മനുഷ്യചൂഷണത്തിന് ഉപയോഗിക്കുകയാണ്. വിഷപ്പാമ്പുകള്‍ക്ക് അതിജീവനം അസാധ്യമായ ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് കൈലാസം. അവിടെ  മൂര്‍ഖനെ കഴുത്തില്‍ ചുറ്റി ഇരിക്കുന്നതായിട്ടാണ് ശിവനെ സങ്കല്‍പ്പിച്ചത്. ഷര്‍ട്ടിനെ കുറിച്ചു ധാരണയില്ലാത്ത കാലത്തെ സങ്കല്‍പ്പമായതിനാല്‍ പരമശിവന് ഇംഗ്ലീഷ് ശൈലിയില്‍ കോളറും മുഴുക്കയ്യുമുള്ള ഷര്‍ട്ടില്ല.പാര്‍വതിയെ പിന്നെവന്നവര്‍ സാരിയും ബ്ലൌസുമൊക്കെ ധരിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ ഇന്ന് സാര്‍വത്രികമായ ചുരിദാരിന്റെ കണ്ടെത്തലും അന്ന് ഉണ്ടായിരുന്നില്ല. ശിവന്റെ ജാരത്തിയായ ഗംഗയെയും തേങ്ങാപ്പൂളുപോലുള്ള അമ്പിളി- ക്കലയെയും ശിവശീര്‍ഷത്തില്‍ സങ്കല്‍പ്പചക്രവര്‍ത്തിമാര്‍ സ്ഥാപിച്ചു. ശിവസ്തുതികള്‍ ഭാരതീയഭക്തി സാഹിത്യത്തില്‍ പ്രധാനസരണിയായി. അല്ലാതെ ഇതൊന്നും ചരിത്രവസ്തുതകളോ ശാസ്ത്രമുദ്രകളോ അല്ല.

ശാസ്ത്രസമൂഹം നിര്‍വഹിക്കേണ്ട ചുമതലകള്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിലഷണീയമെല്ലെന്നും പരിഷത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാന്ദ്രപര്യവേഷണത്തിലെ മനുഷ്യരാശിയുടെ  മുന്നേറ്റത്തില്‍  ശാസ്ത്രബോധമുള്ളവരെല്ലാം അഭിമാനിക്കുന്നുണ്ട്. അതോടൊപ്പം അയുക്തികളിലെ അപകടം ചൂണ്ടിക്കാണിച്ച കേരളശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സത്യസന്ധമായ ഈ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.