Tuesday 7 January 2020

സൂര്യഗ്രഹണം അന്നും ഇന്നും


അന്നും ഇന്നും എന്നും  സൂര്യഗ്രഹണം ഒരുപോലെ തന്നെയാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നു. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യപശ്ചാത്തലത്തില്‍ ചന്ദ്രനെ കാണുന്നു. കാര്യം ഇതുതന്നെ ആണെങ്കിലും സഹ്യന്‍റെ നിഴലില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന മലയാളിയുടെ ജ്ഞാനചക്രവാളത്തില്‍ വലിയരീതിയിലുള്ള വികാസം സംഭവിച്ചിരിക്കുന്നു. ഈ മാറ്റം അഭിമാനകരമാണ്.

ആയിരത്തി തൊള്ളായിരത്തി എണ്‍പത് ഫെബ്രുവരി പതിനാറിനാണ് ഞാന്‍ ആദ്യമായി ഒരു സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കണ്ടത്. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മില്‍ അറിവിന്റെയും അന്ധവിശ്വാസത്തിന്റെയും കാര്യത്തില്‍ വലിയ വ്യതാസമാണ് ഉള്ളത്.

അന്ന് നിരവധി വിലക്കുകള്‍ ഉണ്ടായിരുന്നു.സൂര്യഗ്രഹണ സമയത്ത് ആരും പുറത്തിറങ്ങാന്‍ പാടില്ല.ആഹാരം കഴിക്കാനോ വീട്ടില്‍ ആഹാരം സൂക്ഷിക്കാനോ പാടില്ല.അതുകൊണ്ടുതന്നെ ഹോട്ടലുകളൊന്നും തുറക്കില്ലായിരുന്നു.. കിണറുകള്‍ ഓലയും മരച്ചില്ലകളും ഉപയോഗിച്ചു മറയ്ക്കണമായിരുന്നു.

കാരണവന്മാര്‍ കതകുകളും ജനലുകളും അടച്ച വീട്ടിനുള്ളില്‍ ഇരുന്നു ഗദ്ഗദത്തോടെ വിട്ടുകൊട് ഗോവിന്ദാ  വിട്ടുകൊട് വിട്ടുകൊട് ഗോവിന്ദാ എന്ന് പ്രാര്‍ഥിച്ചിരുന്നു.സൂര്യനെ പാമ്പു വിഴുങ്ങുന്നു എന്ന പരിമിതമായ അറിവില്‍ നിന്നായിരുന്നു ഈ പ്രാര്‍ത്ഥന ഉരുവം  കൊണ്ടത്. ചന്ദ്രഗ്രഹണസമയത്തും ഈ പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തെങ്ങോല വെട്ടിയെടുത്ത മടല്‍ കൊണ്ട് മണ്ണില്‍ ആഞ്ഞടിച്ച് പാമ്പിനെ വിടുവിക്കാന്‍ ശ്രമിക്കുമായിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനുമെല്ലാം സഞ്ചാരം തുടരുന്നതിനാല്‍ ഗ്രഹണം അവസാനിക്കുകയും പാമ്പിനെ ഓടിച്ചവര്‍ സമാധാനിക്കുകയും ചെയ്യുമായിരുന്നു.

ഞങ്ങള്‍, അഷ്ടമുടിക്കായലിന്റെ പടിഞ്ഞാറെ തീരത്തുള്ള  വള്ളിക്കീഴു ബ്രദേഴ്സ് ക്ലബ്ബുമായി ബന്ധമുള്ള അഞ്ചുപേര്‍ അന്ന് വീട്ടില്‍ നിന്നിറങ്ങി സഞ്ചരിക്കാനും പരസ്യമായി ആഹാരം കഴിക്കാനും തീരുമാനിച്ചു. കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപരായുള്ള ജനയുഗം വാരികയില്‍ ഇടമറുക്, ജോണ്‍സണ്‍ ഐരൂര്‍ തുടങ്ങിയവര്‍ മലയാളപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്ന ഡോ.ഏ.ടി.കോവൂരിന്റെ ഡയറിക്കുറിപ്പുകളും എം.പ്രഭ, മുളവന പണിക്കര്‍, ഡോ.എന്‍.രാമാനുജന്‍ തുടങ്ങിയവരുടെ ക്ലാസ്സുകളും വി.ബി.സി വായനശാലയിലെ പുസ്തകങ്ങളും മറ്റുമായിരുന്നു ഞങ്ങളെ സ്വാധീനിച്ച ഘടകങ്ങള്‍.

നീണ്ടകര പാലമാണ് ഗ്രഹണം കാണുവാന്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത സ്ഥലം.താഴെയും കിഴക്കും അഷ്ടമുടിക്കായല്‍.പടിഞ്ഞാറ് അറബിക്കടല്‍.ഉച്ചയ്ക്ക് ശേഷമായിരുന്നു സൂര്യഗ്രഹണം.

ദേശീയപാതയില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. സമ്പൂര്‍ണ്ണ സൂര്യഗ്രഹണ ദിവസം സമ്പൂര്‍ണ്ണ ബന്തിന്റെ പ്രതീതി ആയിരുന്നു.ഇരുട്ട് വ്യാപിച്ചു.പാവം പക്ഷികള്‍ ചേക്കേറി.കാക്കക്കാലിന്റെ നിഴല്‍പോലും ഇല്ലാത്ത പാലത്തിനു മുകളില്‍ നിന്ന് ഞങ്ങള്‍ സൂര്യഗ്രഹണം കണ്ടു. വിജനമായ  ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ തെക്കോട്ട്‌ നടന്നു.കയ്യിലുണ്ടായിരുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ചു. ഉറക്കെ സംസാരിച്ചു നടന്നതിനാല്‍ വഴിയരികിലെ വീടുകളിലെ കിളിവാതിലുകള്‍ തുറന്നു ചിലരെങ്കിലും ഞങ്ങളെ ശ്രദ്ധിച്ചിരുന്നു.

അതായിരുന്നു അന്നത്തെ കേരളം.വെറും മുപ്പത്തി ഒന്‍പതു വര്ഷം മുന്‍പുണ്ടായിരുന്ന കേരളം.

ഒടുവില്‍ നമ്മളെല്ലാവരും സൂര്യഗ്രഹണം കണ്ടത് രണ്ടായിരത്തി പത്തൊന്‍പത് ഡിസംബര്‍ ഇരുപത്താറിന്. വലയസൂര്യഗ്രഹണം.  ആകാശപ്പാമ്പിനെ കുറിച്ചുള്ള ഭയമില്ലാതെ കേരളം മുഴുവന്‍ ഫില്‍ട്ടര്‍ ഗ്ലാസ്സുമായി വീട്ടിനു പുറത്തിറങ്ങി.ഹോട്ടലുകളെല്ലാം തുറന്നിരുന്നു.

കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ മാത്രമാണ് ആളുകള്‍ പുറത്തു ഇറങ്ങാഞ്ഞത്. അവിടെ സര്‍വീസ് നടത്തേണ്ടിയിരുന്ന കര്‍ണാടക ബസ്സുകള്‍ ഗ്രഹണഭയം മൂലം ഓടിച്ചില്ല. കോട്ടയത്തെ ചില നമ്പൂതിരിമാര്‍ മീനച്ചലാറ്റില്‍ ഇറങ്ങി നിന്ന് പ്രാര്‍ഥിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സൂര്യഗ്രഹണത്തില്‍ പ്രതിഷേധിച്ചായിരിക്കാം ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങള്‍ അടച്ചിട്ടു ഹര്‍ത്താല്‍ ആചരിച്ചു.അവരിപ്പോഴും എണ്‍പതുകളില്‍ തന്നെയാണ്.

കാസര്‍കോട് ജില്ലയില്‍ത്തന്നെയുള്ള ചെറുവത്തൂരിലാണ് വലയസൂര്യഗ്രഹണം വ്യക്തമായി കാണപ്പെട്ടത്. മഹാകവി കുട്ടമത്തിന്റെ ജന്മനാട്ടിലുള്ള വിദ്യാലയത്തില്‍ നൂറു കണക്കിനു വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും ഒത്തുകൂടി ഗ്രഹണം ദര്‍ശിച്ചു. പഠനങ്ങള്‍ നടത്തി.

കേരളത്തില്‍ ഈ മാറ്റം എങ്ങനെയുണ്ടായി? ഗ്രഹണം പോലെ  സ്വാഭാവികമായി സംഭവിച്ചതാണോ? അല്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശാസ്ത്രബോധത്തോടെ ആവിഷ്ക്കരിച്ച വിദ്യാഭ്യാസരീതി, യുക്തിവാദി പ്രസ്ഥാനങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്തും ഗ്രന്ഥശാലാപ്രസ്ഥാനവും മറ്റും നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍.. ഇവയുടെ  ഫലമായാണ് കേരളീയരില്‍ നിന്നും ഗ്രഹണപ്പേടി അകന്നത്. പിന്നോട്ട് വലിക്കാന്‍ കുറേപേര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളം മുന്നോട്ടു തന്നെയാണ്.

വെളിനല്ലൂര്‍ കോവിലുകുന്നില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളോടൊപ്പം നിന്നാണ് ഇക്കുറി ഞാനും കുടുംബവും  സൂര്യഗ്രഹണം കണ്ടത്. കുട്ടികള്‍ക്ക് കഴിക്കാന്‍ അവിടെത്തന്നെ ആഹാരവും പാകം ചെയ്യുന്നുണ്ടായിരുന്നു.

ചന്ദ്രപ്രകാശ് മാഷിന്റെ സൂര്യഹ്രഹണം സംബന്ധിച്ച പ്രത്യേക പ്രശ്നോത്തരിക്ക് 
ഇടയ്ക്ക് റാഫി  മാഷ്‌ കുട്ടികളോട് പറഞ്ഞു ഇപ്പോള്‍ എല്ലാവരും ഒന്നുക്കൂടി  ആകാശത്തേക്ക് നോക്കിക്കേ.സൂര്യനിപ്പോള്‍ ചന്ദ്രക്കല പോലെ ആയിട്ടുണ്ട്‌. അത്യപൂര്‍വമായ സൂര്യകല. ആ മരത്തിന്റെ നിഴല്‍ നോക്കൂ. ഹായ്! ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ മണ്ണില്‍ കാണുന്ന വെയില്‍ വട്ടങ്ങളില്‍ ആയിരം കുഞ്ഞു സൂര്യഗ്രഹണങ്ങള്‍! 

സൂര്യഗ്രഹണത്തെ സൂര്യോത്സവമായാണ് ജനങ്ങള്‍ ആഘോഷിച്ചത്.അതിദീര്‍ഘമായ ഗ്രഹണകാലത്തില്‍ നിന്നും കേരളം സൂര്യവെളിച്ചത്തിറെ മനോഹരകാലത്തേക്ക് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.

1 comment:

  1. സൂര്യഗ്രഹണത്തെ സൂര്യോത്സവമായാണ് ജനങ്ങള്‍ ആഘോഷിച്ചത്.അതിദീര്‍ഘമായ ഗ്രഹണകാലത്തില്‍ നിന്നും കേരളം സൂര്യവെളിച്ചത്തിറെ മനോഹരകാലത്തേക്ക് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു...

    ReplyDelete