കോവിഡ് അപകടകരമായ രീതിയില്‍ വ്യാപിക്കുകയാണ്.
ഭേദവിചാരങ്ങള്‍ ഇല്ലാതെ. അമേരിക്കയെയും ആഫ്രിക്കയെയും തുല്ല്യമായി കണ്ടുകൊണ്ട് മനുഷ്യരാശിക്കു ഭീഷണിയായി അതിന്‍റെ വിഷത്തൂവലുകളുള്ള ചിറകുകള്‍ വീശുകയാണ്.
ശാസ്ത്രം പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. എല്ലാ കണ്ണുകളും പരീക്ഷണശാലകളിലേക്ക്
ഉറ്റു നോക്കുകയാണ്. ഞങ്ങളില്‍ പരീക്ഷിക്കൂ എന്നു പറഞ്ഞു മനുഷ്യസ്നേഹികള്‍ ലോകമെമ്പാടും സന്നദ്ധരാവുകയാണ്.
അപരിചിതമായ ഒരു ഔഷധം സ്വന്തം ശരീരത്തില്‍ പരീക്ഷിക്കാന്‍ നിന്നു കൊടുക്കുന്നത് അവിശ്വസനീയമായ മനുഷ്യസ്നേഹം കൊണ്ടാണ്. ഒരു പക്ഷേ മരണമായിരിക്കും പ്രതിഫലമായി കിട്ടുന്നത്. സ്വയം മരണത്തിന് തയ്യാറാകുന്നത് മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത ഉള്ളതുകൊണ്ടാണല്ലോ.
അതിനിടയിലാണ് അന്ധവിശ്വാസികള്‍ കൊയ്യാനിറങ്ങുന്നത്.
ചില വാര്‍ത്തകള്‍ നമ്മളെ കഠിനമായി ഞെട്ടിക്കുന്നു. അതിലൊന്ന് അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്
നേതൃത്വം നല്‍കുന്ന മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ
രോഗം പിടികൂടിയതാണ്.
രാമക്ഷേത്രം യാഥാര്‍ഥ്യം ആകുന്നതോടു കൂടി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന പ്രചാരണത്തെ വിശ്വസിക്കുന്നവര്‍ ഈ രോഗബാധ ശ്രദ്ധിക്കേണ്ടതാണ്
അദ്ദേഹത്തിന് രോഗം ബാധിച്ചതില്‍ എല്ലാവര്ക്കും മനുഷ്യ സഹജമായ പ്രയാസമുണ്ട്. എണ്‍പത്തിരണ്ടു വയസ്സുള്ള അദ്ദേഹത്തെ മുഖാവരണം ധരിപ്പിച്ചു സുരക്ഷിതനായി
ഇരുത്താന്‍ മുഖാവരണം ധരിച്ചു മാതൃകയായ ബഹുമാന്യനായ പ്രധാനമന്ത്രിയെങ്കിലും നിര്‍ദ്ദേശിക്കണമായിരുന്നു.
അതല്ല, രാമന്‍റെ ഏറ്റവും അടുത്ത ആളായി പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയില്ല എന്നായിരുന്നു ധാരണയെങ്കില്‍, രാമന്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞെന്നോ രോഗാണുക്കള്‍ക്ക് രാമഭയം ഇല്ലെന്നോ വേണം കണക്കാക്കാന്‍ . പൊതുസമൂഹം ഇതില്‍ നിന്നും പഠിക്കേണ്ടത് ഏതു പരമഭക്തനും രോഗം വരാതിരിക്കണമെങ്കില്‍ തികച്ചും ഭൌതികമായ കരുതലുകള്‍ വേണം എന്നാണ്. കഠിനരോഗം ബാധിച്ചു ഉച്ചത്തില്‍ വിളിച്ചു മരിച്ച രാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, നാരായണഗുരു തുടങ്ങിയവരെക്കുറിച്ചെങ്കിലും ആദ്ധ്യാത്മിക സിംഹങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നാരായണഗുരുവിന്‍റെ ഉച്ചത്തിലുള്ള വിളിയെക്കുറിച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും മന്ത്രിമാര്‍ ഈ രോഗം ബാധിച്ചു മരിച്ചു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ രോഗബാധിതരായി. എസ്.പി. ബാലസുബ്രഹ്മണ്യവും അമിതാഭ് ബച്ചനുമടക്കം . സിനിമാ രംഗത്തെ രാജാക്കളെ രോഗം ചുംബിച്ചു. മുന്‍ രാഷ്ട്രപതിയെ കോവിഡ് ആശ്ലേഷിച്ചു. ഇതെല്ലാം നമ്മളെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്.
നിരവധി സാധാരണ പൌരന്‍മാര്‍ മരിച്ചു.ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര പലായനങ്ങള്‍ ഉണ്ടായി.ഈ നിസ്സഹായ മുഖങ്ങള്‍ മനസ്സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നു.
ഭയവും അവിശ്വാസ്യതയും രോഗത്തോടൊപ്പം സമൂഹത്തില്‍ വ്യാപിച്ചു. ആളുകള്‍ അകലം പാലിച്ചു.ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടു മുറികളിലേക്ക് മാറി. കുഞ്ഞുമക്കളെ ഉറക്കിയകറ്റി.
കലാപ്രകടനങ്ങള്‍ പ്രതിഫലമില്ലാതെ ഓണ്‍ ലൈനിലേക്ക് മാറി.
കലാ പ്രവര്‍ത്തകരുടെ വീട്ടില്‍ പട്ടിണി കുടിയേറി. അതിജീവനത്തിനായി കെ.പി.എ സിയിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ മുഖാവരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന സാമൂഹ്യസേവനത്തില്‍ ശ്രദ്ധിക്കേണ്ടിവന്നു.
ഈ വൈഷമ്യങ്ങള്‍ മാറിക്കിട്ടാനായി നമ്മള്‍ ശാസ്ത്രജ്ഞരെ നോക്കുമ്പോഴും രോഗമുക്തി നേടിയ ചിലരെങ്കിലും പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയുന്നുണ്ട്. പ്രാര്‍ഥന കൊണ്ട് രോഗം മാറുകയില്ലെന്നറിഞ്ഞു കൊണ്ടാണ് ദൈവീക രോഗാശുശ്രൂഷക്കാര്‍ മൈക്ക് ഓഫ് ചെയ്തിരിക്കുന്നത്.
വരുമാനമില്ലെന്ന വിലാപം ആരാധനാലയങ്ങളില്‍ നിന്നും പ്രവഹിക്കുകയാണ്. ദൈവങ്ങളും മുഖാവരണം തേടുന്ന കാലം.
കോവിഡ് എന്ന മഹാരോഗം ലോകജീവിതത്തെ തകിടം മറിച്ചു.
കൊറോണക്കാലത്തില്‍ ഒരു ഓണക്കാലവുമുണ്ട്. പരിമിതികള്‍ക്കുളില്‍ നിന്നുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികള്‍ മഹാബലിയെ വരവേല്‍ക്കാന്‍ ശ്രമിക്കുകയാണ്.
ആരോഗ്യപൂര്‍ണ്ണമായ ഒരു കാലം കൂടിയാണ് മാവേലിനാട് എന്ന
സങ്കല്‍പ്പത്തിലുള്ളത്.പഴയൊരു ഓണപ്പാട്ട് പാടുവാന്‍ ഇതാണ് സന്ദര്‍ഭം.
"മുറ്റമടിച്ചില്ല ചെത്തിപ്പറിച്ചില്ല
"മുറ്റമടിച്ചില്ല ചെത്തിപ്പറിച്ചില്ല
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അച്ഛനും വന്നില്ല ആടകള്‍ തന്നില്ല
അച്ഛനും വന്നില്ല ആടകള്‍ തന്നില്ല
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അമ്മാവന്‍ വന്നില്ല സമ്മാനം തന്നില്ല
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നില്ല
എന്തെന്‍റെ മാവേലീ ഓണം വന്നൂ."
കോവിഡ് എന്ന മഹാരോഗം ലോകജീവിതത്തെ തകിടം മറിച്ചു.
ReplyDeleteകൊറോണക്കാലത്തില്‍ ഒരു ഓണക്കാലവുമുണ്ട്. പരിമിതികള്‍ക്കുളില്‍ നിന്നുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികള്‍ മഹാബലിയെ വരവേറ്റുള്ള ഒരു കൊ'റോണക്കാലം..
സൂക്ഷി'ച്ചോണം ' ...!