Tuesday 4 August 2020

അവര്‍ നിരീക്ഷണത്തിലാണ്


ശാസ്ത്രത്തിന്‍റെ പരീക്ഷണശാലയില്‍  രാപകലില്ലാതെ ഒരുകൂട്ടം മനുഷ്യര്‍ പരിശ്രമിക്കുകയാണ്.  കോവിഡിനെ തുരത്താന്‍ പറ്റിയ ഔഷധം കണ്ടെത്താനായി. ലോകം ശ്വാസകോശമടക്കിപ്പിടിച്ച് അവരെ നോക്കിയിരിക്കുന്നു.

അസാധാരണ വസ്ത്രം ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഔഷധവും പനിയും ഹൃദയമിടിപ്പും അളക്കാനുള്ള ഉപകരണങ്ങളുമായി ലോകമെമ്പാടും പാഞ്ഞു നടക്കുന്നു. പലരെയും രോഗം   കടിക്കുന്നു. പലരും മരിച്ചു വീഴുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ പോഷകമേന്‍മയുള്ള ആഹാരവുമായി രോഗാലയങ്ങളിലേക്ക് സഞ്ചരിക്കുന്നു. സമ്പര്‍ക്കവ്യാപനം തടയാനുള്ള കഠിനശ്രമവുമായി നീതിപാലകര്‍  കണ്ണടയ്ക്കാതെ കാവല്‍ 
നില്‍ക്കുന്നു.

ലോകം ഉണര്‍ന്നിരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. അത് നിരീക്ഷണാലയങ്ങളില്‍. ബാഹ്യബന്ധമില്ലാതെ കഴിയുന്ന മതങ്ങളും അവയുടെ വാണിജ്യമുദ്രയായ ദൈവങ്ങളുമാണ്,

മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ആളെക്കൂട്ടിയുള്ള പ്രകടനങ്ങളുടെയും സമ്മേളനങ്ങളുടെയും ആധിക്യമായിരുന്നല്ലോ എവിടേയും.അത് നിലച്ചു. പള്ളി പൊളിച്ചപ്പോഴുള്ള ആള്‍ക്കൂട്ടം അമ്പലം പണിയുമ്പോള്‍ ഇല്ല.പൂജാരിമാരും വി.ഐ.പി കളുമെല്ലാം കോവിഡിന്റെ മരണഭീഷണിയില്‍ നിന്നും രക്ഷപ്പെടാന്‍ മുഖംമൂടിയണിഞ്ഞിട്ടുണ്ട്.. രാമനും ഹനുമാനും തമ്മില്‍ കെട്ടിപ്പിടിച്ചതു പോലെയുള്ള ഭക്തിപ്രകടനങ്ങളൊന്നുമില്ല. പൊളിക്കാന്‍ കൂന്താലിയുമായി പോയ പഴയപുലികള്‍ പങ്കെടുത്തതുമില്ല.പൊളിക്കാന്‍ കാവല്‍ നിന്ന അന്നത്തെ ഭരണകക്ഷിക്കാര്‍, കല്യാണസദ്യക്ക് വിളിച്ചില്ലെങ്കില്‍ 
സ്വന്തം വീട്ടില്‍ സദ്യ നടത്തുമെന്ന പരിഭവത്തിലുമാണ്. പുതിയ അധ്യക്ഷവന്നപ്പോള്‍ പള്ളി പൊളിച്ച കാര്യത്തില്‍ ജനങ്ങളോടു
നടത്തിയ വ്യാജമാപ്പപേക്ഷ ഇന്ധനമാക്കിയിട്ടുണ്ടാകും.

അദൃശ്യ ദൈവത്തെക്കാളും ശക്തി അദൃശ്യ വൈറസ്സിന്നുണ്ട്.
മക്കയില്‍ പിശാചിനെ എറിയാനുള്ള കല്ല്  അണു നാശിനിയില്‍ മുക്കിയതായിരുന്നു. ആളകലം പാലിച്ചതിനാല്‍ പലപ്പോഴും ഉണ്ടായതുപോലെയുള്ള കൂട്ട മരണം ഉണ്ടായതുമില്ല.ഭക്തരെ ഗണ്യമായി നിയന്ത്രിക്കുകയും സുരക്ഷിതമായി തിരിച്ചയക്കുകയും ചെയ്ത സൌദി അറേബ്യന്‍ മത ഭരണകൂടം അഭിനന്ദനം അര്‍ഹിക്കുന്നു..

മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടു നാറും സതീര്‍ഥ്യനെ മാറത്തു ണ്മയോടു ചേര്‍ത്തു ഗാഢം പുണരാന്‍    കഴിയാതെയായി. കൊറോണ ബാധിക്കാത്ത സകലമാന ദൈവങ്ങളും കൊറോണ ബാധിക്കാന്‍ സാദ്ധ്യതയുള്ള പാവം ഭക്തരില്‍ നിന്നും    ഓടി മാറി.
കെട്ടിപ്പിടുത്തവും ഉമ്മയും പതിവാക്കിയ ആള്‍ ദൈവങ്ങള്‍ അതാവസാനിപ്പിച്ചു. അതൊക്കെ ശാസ്ത്രം മരുന്നു കണ്ടുപിടിച്ചതിനുശേഷം മതി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, രാമക്ഷേത്രം പണി പൂര്‍ത്തിയായാല്‍ കോവിഡ് മരിക്കുമെന്നുള്ള ഇലക്ഷന്‍ പ്രചാരണം പാവപ്പെട്ട ഹിന്ദു വീടുകളില്‍ ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യം വിശ്വസിപ്പിക്കാനായി പറഞ്ഞാല്‍ പറയുന്നതു പോലെ എന്നു കൂടി പറഞ്ഞു പൊളിഞ്ഞപള്ളിയും തറക്കല്ലിടലും ചൂണ്ടിക്കാട്ടുന്നുമുണ്ട്. മനുഷ്യന്റെ ചിന്താശേഷിക്ക് മേലുള്ള കടന്നു കയറ്റമാണിത്.

മറ്റൊരു തമാശയുള്ളത്, കൊറോണ വൈറസ്സെന്ന സൂക്ഷ്മാണുവിനെക്കുറിച്ച് മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന    വാചകമേളയാണ്. ഔഷധത്തെ കുറിച്ചു അസന്നിഗ്ദ്ധമായി പറഞ്ഞു തുടങ്ങിയിട്ടില്ല.ആ പ്രസംഗം, ശാസ്ത്രം മരുന്നു കണ്ടുപിടിച്ചതിനു ശേഷം നടത്തുമെന്നു പ്രതീക്ഷിക്കാം.

1 comment:

  1. രാമക്ഷേത്രം പണി പൂര്‍ത്തിയായാല്‍ കോവിഡ് മരിക്കുമെന്നുള്ള ഇലക്ഷന്‍ പ്രചാരണം പാവപ്പെട്ട ഹിന്ദു വീടുകളില്‍ ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യം വിശ്വസിപ്പിക്കാനായി പറഞ്ഞാല്‍ പറയുന്നതു പോലെ എന്നു കൂടി പറഞ്ഞു പൊളിഞ്ഞപള്ളിയും തറക്കല്ലിടലും ചൂണ്ടിക്കാട്ടുന്നുമുണ്ട്. മനുഷ്യന്റെ ചിന്താശേഷിക്ക് മേലുള്ള കടന്നു കയറ്റമാണിത്.

    ReplyDelete