അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം, സര്‍ക്കാരിന്റെ
ശമ്പളം വാങ്ങുന്ന ചില അദ്ധ്യാപകര്‍ ഒരു സര്‍ക്കാര്‍ ഉത്തരവ്
കത്തിക്കുന്നതായിരുന്നു. കേരളത്തെ ഭീകരമായി
വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാരോഗത്തെ
ചെറുക്കുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും
ഒരു ചെറിയ തുക താല്‍ക്കാലികമായി പിടിക്കാനുള്ള ഉത്തരവാണ്കത്തിച്ചത്.
പുറത്തു നിന്നുള്ള കടബാധ്യത വര്‍ധിപ്പിച്ചു കൊണ്ട്, ശമ്പളം പിടിക്കുന്നില്ലെന്ന നിലപാട്
ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട് ശമ്പളത്തില്‍ നിന്നും കടം പോലും കൊടുക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ജീവനക്കാരിലൊരു വിഭാഗം എടുത്തപ്പോഴാണ്, അത്രയ്ക്ക് വരുമാനമില്ലാത്ത, മുന്‍ ജീവനക്കാരുടെ സംഭാവന ശ്രദ്ധേയമായത്. പെന്ഷന് പറ്റിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവന മുപ്പത്തേഴു കോടി എട്ടു ലക്ഷത്തി പതിമൂവായിരത്തി നൂറ്റി നാല്‍പ്പത്തി മൂന്നു
രൂപ!
പെന്‍ഷന്‍കാരുടെ മുഖപത്രമായ സര്‍വീസ് പെന്‍ഷണറുടെ പുതിയ ലക്കത്തില്‍ ഈ തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെന്‍ഷന്‍കാരാണ് കൂടുതല്‍ തുക നല്‍കിയിട്ടുള്ളത്
നാലേ മുക്കാല്‍ കോടിയോളം രൂപ. ഏറ്റവും കുറഞ്ഞ തുക, സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവേ കുറവായ വയനാട് ജില്ലയില്‍ നിന്നാണ്.മുപ്പത്തൊന്പതു ലക്ഷം രൂപ.
പെന്ഷന് പറ്റിയവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മറ്റും എത്തിക്കുന്നത് അവര്‍ക്ക് സംഘടനാ രൂപം ഉണ്ടായതിന് ശേഷമാണ്. വരുമാനമില്ലാത്തവരോ വരുമാനം കുറഞ്ഞവരോ ആയ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായ പദ്ധതികളില്‍ പെടുത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.തൊഴിലില്ലായ്മാ വേതനം മുതല്‍ വാര്‍ദ്ധക്യകാല
പെന്ഷന് വരെ കേരളം നല്‍കിയിട്ടുണ്ട്. കേരളത്തിലൊന്നും നടക്കുന്നില്ലെങ്കില്‍ അതിനു കാരണം രാഷ്ട്രീയ അതിപ്രസരമാണെന്നു പ്രസംഗിക്കുന്നവര്‍ക്കുള്ള മറുപടിയാണ്
കേരളീയര്‍ക്കുള്ള ഈ സുരക്ഷിതത്വം.
അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നതിന്റെ ഒരു കാരണം കേരളത്തിലുള്ള ഈ സാമ്പത്തിക സുരക്ഷയാണ്.വഞ്ചിച്ചാല്‍
ചോദ്യം ചെയ്യാന്‍ കേരളത്തില്‍ രാഷ്ട്രീയ സംഘടനകളുണ്ട്.
പെന്ഷന് പറ്റിയവര്‍ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മക്കളാണ് പലപ്പോഴും വില്ലന്മാരാകുന്നത്.
മക്കളുടെ സൌകര്യം വര്‍ദ്ധിപ്പിക്കാനായി പെന്ഷന് തുക പലപ്പോഴും പിടിച്ചെടുക്കപ്പെടുന്നു. ഈ മക്കളില്‍ പലരും
മാതാപിതാക്കളെ നട തള്ളുന്നതിനും പട്ടിക്കൂട്ടില്‍ അടയ്ക്കുന്നതിനും ഒക്കെയുള്ള മാനസികാവസ്ഥയുള്ളവരാ യിരിക്കുകയും ചെയ്യും.
പെന്ഷന് പറ്റിയതിനു ശേഷം ജീവിതം കൂടുതല്‍ ഫലവത്തായി വിനിയോഗിക്കുന്നവരും കേരളത്തിലുണ്ട്.പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലക്കാരായി മാറുന്ന ഇവര്‍, ഔദ്യോഗിക കാലത്തെ അനുഭവ സമ്പത്തുകൂടിയാണ് പ്രയോജനപ്പെടുത്തുന്നത്. ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന എം.കെ.സാനുവും ഓഡിറ്റ് ഓഫീസറായിരുന്ന കടമ്മനിട്ട രാമകൃഷ്ണനും മറ്റും നിയമസഭാംഗങ്ങള്‍ ആയിരുന്നത് അടുത്ത കാലത്താണല്ലോ
വാര്‍ദ്ധക്യ കാലത്ത് പലരും തീരെ ഒറ്റപ്പെട്ടു പോകാറുണ്ട്.ബലാല്
ഭോഗം, കൊലപാതകം തുടങ്ങിയ നീചകൃത്യങ്ങള്‍ക്കും ഇരയായിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്ന വീട്ടുകൂട്ടായ്മകള്‍ പോലെ പെന്‍ഷണേഴ്സ് കൂട്ടായ്മകളും സജീവമാകേണ്ടതുണ്ട്. അവസാന ദിവസങ്ങള്‍ ആഹ്ളാദ
ഭരിതക്കാന്‍ ഈ കൂട്ടായ്മകള്‍ സഹായിക്കും. മുതിര്‍ന്ന പൌരന്മാരുടെ അനുഭവ സമ്പത്ത് സമൂഹത്തിനു പ്രയോജനപ്രദം
ആകേണ്ടതാണ്.
പെന്‍ഷണേഴ്സ് യൂണിയന്റെ സംസ്ഥാന കേന്ദ്രത്തിനോടു ചേര്‍ന്ന് ദൂരെ നിന്നും ചികിത്സയ്ക്കും മറ്റുമായി എത്തുന്നവര്‍ക്ക്
താല്‍ക്കാലികമായി താമസിക്കാനും മറ്റുമുള്ള സൌകര്യമുണ്ട്
താലൂക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പെന്ഷന് ഭവനുകളില്‍ തരക്കേടില്ലാത്ത ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിലും പെന്ഷന് പറ്റിയ ജീവനക്കാര്‍ സഹകരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
അര്‍ബ്ബുദരോഗം ബാധിച്ചവര്‍ക്കും മറ്റും പെന്ഷന് തുക ഒന്നിച്ചു ലഭ്യമാക്കുന്നതും, പേ വാര്‍ഡുകളിലെ കിഴിവു തുടങ്ങിയ കാര്യങ്ങളും ഇപ്പോള്‍ ആനുകൂല്യങ്ങളായി പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നുണ്ട്.പെന്ഷന് പറ്റിയ ജീവനക്കാര്‍ കേരളത്തിന്റെ സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.
പെന്ഷന് പറ്റിയ ശേഷം ആദ്യപുസ്തകം പ്രസിദ്ധീകരിച്ച നിരവധി ആളുകള്‍ കേരളത്തിലുണ്ട്. പ്രസാധനച്ചെലവ് കൂടിയ ഇക്കാലത്ത്
ഒന്നിച്ചു കിട്ടുന്ന പണം ഉപയോഗിച്ചാണ് ഈ ആഗ്രഹം സഫലമാക്കുന്നത്. സര്‍വീസ് സ്റ്റോറി അല്ലാതെയുള്ള ഇത്തരം പുസ്തകങ്ങളില്‍ ചിലത് നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.സംസ്കൃത അദ്ധ്യാപകനായി വിരമിച്ച സുരേന്ദ്രന് കടയ്ക്കോടിന്റെ മനുഷ്യര്‍ ഒരു കുലം എന്ന ലേഖന സമാഹാരം ഈ ഗണത്തില്‍ ശ്രദ്ധേയമായതാണ്.
പെന്ഷന് പണം അധികവും വിനിയോഗിക്കപ്പെടുന്നത് സര്‍വീസ് കാലം സമ്മാനിച്ച രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ്.
അതിനിടയില്‍ മിച്ചം പിടിച്ച പണമാണവര്‍ ദുരിതാശ്വാസത്തിനായി വിനിയോഗിച്ചത്.
പെൻഷൻ കാല ജീവിത കാഴ്ച്ചകൾ
ReplyDelete