Tuesday, 19 May 2026

സ്റ്റേറ്റ് കാർ നം. 13 - എവിടെ?

 സ്റ്റേറ്റ് കാർ നം. 13 - എവിടെ?

------------------------------------------

പുതിയ സർക്കാർ അന്ധവിശ്വാസത്തിന്റെ പ്രതിജ്‌ഞകൂടി നടത്തിയിരിക്കയാണ്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കെല്ലാം നൽകിയകാറിൽ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറില്ല. കുറച്ചു ദിവസം മുൻപുവരെ കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന പി.പ്രസാദ് ഉപയോഗിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് കാറാണത്. കഴിഞ്ഞ എൽ ഡി എഫ് മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരെ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന പി.പ്രസാദിനെ ചേർത്തലയിലെ ജനങ്ങൾ വീണ്ടും ജയിപ്പിക്കുകയായിരുന്നു. പതിമൂന്നാം നമ്പർ വാഹനം ദോഷകാരിയല്ലെന്നതിന്റെ തെളിവുകൂടിയാണ് അദ്ദേഹത്തിന്റെ വിജയം.

യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം അന്ധവിശ്വാസത്തെ തുടർന്നുള്ള അപകടഭീതിയും ദുർമ്മരണസംഭ്രാന്തിയും കാരണം മന്ത്രിമാരും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ എടുക്കാറില്ല. പുതിയ മന്ത്രിസഭയി മുഖ്യമന്ത്രി അടക്കമുള്ള പത്തൊൻപതു മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടു മന്ത്രിമാർ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. രണ്ടു മന്ത്രിമാരും ചെങ്കൊടി പിടിക്കുന്നവരാണ്. ഷിബു ബേബിജോണും സി.പി.ജോണും. ഇന്ത്യയിലെ ഏകകമ്യൂണിസ്റ് മന്ത്രിയെന്ന് സി.പി.ജോൺ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.എന്നാൽ സി.പി.ജോണിന് അനുവദിച്ചിട്ടുള്ളത് ആറാം നമ്പർ കാറും ഷിബു ബേബിജോണിനു അമ്പത്തൊന്നാം നമ്പർ കാറുമാണ്! ചെങ്കൊടി പിടിക്കുകയും ദൈവനാമത്തിലുള്ള പ്രതിജ്ഞ ഒഴിവാക്കുകയും ചെയ്ത ഇവരിലാരെങ്കിലും പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കുമോ? സ്റ്റേറ്റ് കാർ ജനങ്ങൾ നൽകുന്നതാണ്. ജനങ്ങളിൽ വിവിധ ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരുമുണ്ട്. ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച പത്തൊൻപത് മന്ത്രിമാരിൽ നിന്നും അന്ധവിശ്വാസത്തിനതീതമായ ഒരു നടപടി പ്രതീക്ഷിക്കാൻ കഴിയില്ല. അതിനാൽ സഗൗരവം പ്രതിജ്ഞഎടുത്ത രണ്ടു മന്ത്രിമാരിൽ ആരെങ്കിലും ഒരാൾ പതിമൂന്നാം നമ്പർ വാഹനം സ്വീകരിച്ച് അന്ധവിശ്വാസം തെറ്റാണെന്ന് തെളിയിക്കേണ്ടതാണ്. വി.എസ്.സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം..ബേബിയും, ഒന്നാം പിണറായി സർക്കാർ കാലത്ത് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്കും സഞ്ചരിച്ചിരുന്നത് പതിമൂന്നാം നമ്പർ വാഹനത്തിലായിരുന്നു. അവർക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇക്കാരണത്താൽ ഉണ്ടായില്ല.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യആഴ്ചയിൽ വാഹനം ആരും ഏറ്റെടുത്തിരുന്നില്ല. അവസരത്തിൽ തിരുവനന്തപുരത്ത് എം .ബേബിയുടെ അദ്ധ്യക്ഷതയിൽ .എൻ.വിയുടെ ഒരു പുസ്തകം പ്രകാശനം ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രകാശകനും ഞാൻ സ്വീകർത്താവും ആയിരുന്നു. അടുത്തിരിക്കാൻ സന്ദർഭം കിട്ടിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനം ആരും ഏറ്റെടുക്കുന്നില്ലെന്നത് ഇടതുപക്ഷത്തിനു യോജിക്കുന്നതല്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിൽ വി.എസ.സുനിൽ കുമാറും ഡോ.തോമസ് ഐസക്കും വാഹനം ആവശ്യപ്പെടുകയും ഡോ.തോമസ് ഐസക്കിന് വാഹനം അനുവദിക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ പൗരാണികമായ കടപയാദിക്കണക്കിൽ വിശ്വാസമുള്ളതിനാലാകാം തിരിച്ചിട്ടാൽ പതിമൂന്ന് വരുന്ന മുപ്പത്തൊന്നാം നമ്പർ കാറും ആരും എടുത്തിട്ടില്ല!

എന്താണ് പതിമൂന്നിന്റെ കുഴപ്പം? യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരുമടക്കമുള്ള സംഘത്തിനുണ്ടായ ദുരനുഭവമാണ് പതിമൂന്നിനെ ദോഷസംഖ്യയായി കാണാൻ യൂറോപ്യരെ പ്രേരിപ്പിച്ചത്. മലയാളനാട്ടിലേക്ക് വിമാനമിറങ്ങിവന്ന അന്ധവിശ്വാസമാണത്. ആധുനിക സമൂഹത്തിനു തീരെ നിരക്കാത്ത ഒരു മിഥ്യാധാരണയാണത്. ഹിന്ദുമത വിവാഹരംഗത്ത് ഇപ്പോഴും നിലനിൽക്കുന്ന അയിത്തത്തെ നിരാകരിച്ചുകൊണ്ട് ജീവിതം കെട്ടിപ്പടുത്ത് മാതൃകയായ ആദരണീയയായ മന്ത്രിയാണ് കെ.. തുളസി. അവർക്കിപ്പോൾ അനുവദിച്ചിട്ടുള്ളത് പതിമൂന്നിന്റെ അയൽവാസിയായ പതിനാലാണ്. പഴയ അന്ധവിശ്വാസ നിരാകരണ ശക്തി ഇപ്പോഴുമുണ്ടെങ്കിൽ അവർക്ക് പതിമൂന്നാം നമ്പർ വാഹനം സ്വീകരിക്കാവുന്നതാണ്.


ആദ്യ കമ്യൂണിസ്റ് മന്ത്രിസഭയിലെ ധനമന്ത്രിയും പിൽക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുമായ സി.അച്യുതമേനോൻ ജനിച്ചത് 1913 ജനുവരി പതിമൂന്നിനാണ്. ആദ്യത്തെയും നാലാമത്തെയും മുഖ്യമന്ത്രിയായിരുന്ന .എം എസ് നമ്പൂതിരിപ്പാട് ജനിച്ചത് 1909 ജൂൺ പതിമൂന്നിന്! പതിമൂന്നാം തിയതി ജനിച്ചതുകൊണ്ട് ചരിത്രത്തിൽ അവരുടെ സ്ഥാനത്തിന് മങ്ങലേറ്റിട്ടില്ല. കേരളത്തിന്റെ രണ്ടു മുഖ്യമന്ത്രിമാർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പതിമൂന്നാം തിയതി ജനിച്ച എം എസ്സിനും അച്യുതമേനോനും! പതിമൂന്നാം തിയതി ജനിച്ചു എന്നത് ഒരു ദോഷകാരണമായി മാറിയില്ല. ആദരണീയനായ നമ്മുടെ പുതിയ മുഖ്യമന്ത്രിയാകട്ടെ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയുമാണ്. അതിനാൽ പതിമൂന്ന് പതിത്വമുള്ള ഒരു നമ്പർ അല്ലെന്ന് അദ്ദേഹമെങ്കിലും ഓർമ്മിച്ചാൽ നന്നായിരുന്നു. പുസ്തകപ്രേമിയായ മുഖ്യമന്ത്രി കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ ഒന്നാം നമ്പർ സ്റ്റേറ്റ് കാർ എന്ന കീഴ് വഴക്കം മാറ്റി പതിമൂന്നാം നമ്പർ കാർ സ്വീകരിച്ച് മാതൃകയാകാവുന്നതുമാണ്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ ഗുരുവായൂരേക്കും കിട്ടിക്കഴിഞ്ഞാൽ മതകാര്യാലയത്തിലേക്കും ഓടിപ്പോകുന്നത് ശാസ്ത്രാവബോധമുള്ള ഒരു സെക്യുലർ സമൂഹത്തിനു ഭൂഷണമേയല്ല. എങ്കിലും ദുർമന്ത്രവാദനിരോധനനിയമമടക്കം കേരളം പ്രതീക്ഷിക്കുകയാണ്. യുക്തിവാദിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ അനുയായിയാണല്ലോ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി.