Sunday, 17 July 2016

നാരായണഗുരുവിനോടെങ്കിലും ജാതി ചോദിക്കരുത്‌
തൈക്കാട്‌ അയ്യാസ്വാമികൾ അയ്യാവൈകുണ്ഠരുടെ മഹത്വം മനസിലാക്കിയ ആളായിരുന്നു. സ്വാമിമാർഗം തേടുന്നതിനു മുമ്പ്‌ അദ്ദേഹം രാജാവുമായി അടുപ്പമുണ്ടായിരുന്ന റസിഡന്റ്‌ സൂപ്രണ്ട്‌ സുബ്ബരായൻ ആയിരുന്നു. അയ്യാസ്വാമികളുടെ സ്വാധീന പ്രഭാവലയത്തിൽപ്പെട്ടവരിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും പീരുമുഹമ്മദും ഒക്കെ ഉൾപ്പെടും. ജാതി-മത അന്ധവിശ്വാസങ്ങളെ നിരാകരിച്ച മഹാഗുരുവായിരുന്നു അദ്ദേഹം.

തൈക്കാട്‌ അയ്യാസ്വാമികളുടെ ജാതിയെ സംബന്ധിച്ച്‌ ഒരു രസകരമായ സംവാദം സാംസ്കാരിക മേഖലയിൽ നടക്കുന്നുണ്ട്‌. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക പ്രവർത്തകരിൽ ചിലരൊക്കെയാണ്‌ ഈ ജാതി കണ്ടെത്തൽ സംവാദത്തിൽ പങ്കെടുത്തിട്ടുള്ളത്‌.

അയ്യാസ്വാമികൾ ബ്രാഹ്മണനാണെന്നും പാണ്ടിപ്പറയനോ വെള്ളാളച്ചെട്ടിയോ മലയാളപ്പറയനോ ആണെന്നും തർക്കമുണ്ടായിരിക്കുന്നു. ജാതിയും മതവും ഉപേക്ഷിച്ച ചരിത്ര പുരുഷന്മാരുടെ പിന്നാലെ കൂടി അവർ വലിച്ചെറിഞ്ഞ ജാതിമാലിന്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിത്‌.

പയ്യന്നൂരെ ആനന്ദതീർത്ഥനോട്‌ ജാതിയേതെന്ന്‌ മഹാത്മാഗാന്ധി ചോദിച്ചപ്പോൾ ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല എന്നാണ്‌ ഉത്തരം പറഞ്ഞത്‌. ഈ വിഷയം ഒരു യോഗത്തിൽ പറഞ്ഞപ്പോൾ നാരായണ ഗുരുശിഷ്യനായ ഒരു സ്വാമി ആനന്ദതീർത്ഥന്റെ ജാതി വെളിപ്പെടുത്തിക്കൊണ്ടാണ്‌ അതിന്‌ മറുപടി പറഞ്ഞത്‌. മഹാപ്രതിഭകൾ ഉപേക്ഷിച്ച ജാതി തിരിച്ചുപിടിക്കേണ്ടതുണ്ടോ?
ഈഴവശിവൻ എന്ന പ്രയോഗം നാരായണഗുരുവിന്റേതല്ലെന്ന്‌ നിത്യചൈതന്യയതി പറഞ്ഞിട്ടുണ്ടല്ലോ. നാരായണഗുരുതന്നെ ചുട്ടെരിച്ച സ്വന്തം ജാതി നമ്മൾ ഊതിത്തെളിക്കേണ്ടതുണ്ടോ?

പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുന്ന ഒരു പ്രതിഭാസംഗമത്തിൽ പങ്കെടുത്തപ്പോൾ അവിടെ എസ്‌എൻഡിപി യോഗവുമായി ബന്ധപ്പെട്ട രക്ഷകർത്താക്കളുടെ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. അതായത്‌ സ്കൂൾ രേഖകളിൽ ഈഴവ എന്ന്‌ എഴുതിയിട്ടുള്ള കുട്ടികളിൽ മികച്ച മാർക്ക്‌ വാങ്ങിയവർക്കു മാത്രമേ സമ്മാനമുണ്ടായിരുന്നുള്ളൂ. ഇത്‌ ശ്രീനാരായണ ധർമ്മത്തിന്‌ വിരുദ്ധമാണ്‌ എന്ന്‌ വിനയപൂർവം സൂചിപ്പിക്കേണ്ടിവന്നു. കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ മകനായിരുന്നു അധ്യക്ഷൻ. ഗുരുമന്ദിരങ്ങളിൽ ആരാധിക്കുവാനെത്തുന്നത്‌ ഈഴവ സുമദായത്തിലുള്ളവർ മാത്രമാണെന്നും അതിനാൽ ഗുരുവിനെ ഈഴവ സമുദായത്തിൽ നിന്നും വേർപെടുത്തിക്കാണാൻ കഴിയില്ലെന്നുമുള്ള രീതിയിലാണ്‌ പ്രസംഗങ്ങൾ വികസിച്ചത്‌.

ജാതിക്കെതിരെ പോരാടിയ മഹാഗുരുവായ ശ്രീനാരായണൻ അദ്ദേഹത്തിന്റെ പക്വതയാർന്ന അവസാനകാലത്ത്‌ നമുക്ക്‌ ജാതിയില്ല എന്ന്‌ പറഞ്ഞിരുന്നല്ലോ. പറയുക മാത്രമല്ല, നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന്‌ എഴുതി ഒപ്പിട്ട്‌ പ്രബുദ്ധ കേരളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മനുഷ്യ ജ്ഞാനസ്നാനം നടത്തി ജാതിമത മാലിന്യങ്ങളെ അകറ്റി മനസും ശരീരവും ശുദ്ധമാക്കിയ നാരായണഗുരുവിനോടെങ്കിലും ജാതിയേതെന്നു ചോദിക്കാതിരിക്കാൻ നമുക്ക്‌ കഴിയണം.
ജാതി ചോദിച്ചവരോട്‌ കണ്ടാലറിയില്ലേ എന്നും കണ്ടിട്ടുമറിയില്ലെങ്കിൽ കേട്ടാലെങ്ങനെ അറിയുമെന്നുമാണ്‌ ഗുരു ചോദിച്ചത്‌.

നാരായണഗുരുവിനും മുമ്പേ സഞ്ചരിച്ച അയ്യാ വൈകുണ്ഠർ ആണെങ്കിൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ലോകം, ഒരു മൊഴി, ഒരു നീതി എന്നാണ്‌ പറഞ്ഞത്‌. യോഗാസനത്തിന്റെയോ ക്ഷേത്രസ്ഥാപനങ്ങളുടെയോ പിന്നാലെ പോകാതിരുന്ന അയ്യങ്കാളിയാണെങ്കിൽ പാവപ്പെട്ടവരുടെ മുഴുവൻ ഉന്നമനത്തെ ലക്ഷ്യമാക്കി സാധുജന പരിപാലന സംഘമാണ്‌ സ്ഥാപിച്ചത്‌. ബ്രഹ്മാനന്ദ ശിവയോഗിയാണെങ്കിൽ ജയിലായി സങ്കൽപ്പിച്ച ജാതിയിൽ നിന്നും പുറത്തുവരാൻ പഠിപ്പിക്കുകയായിരുന്നു.

ഇവരുടെയൊക്കെ അനുയായികളാകാൻ കഴിഞ്ഞില്ലെങ്കിലും ഇവരുടെ ജാതി ചോദിക്കാതിരിക്കാനെങ്കിലും നമുക്ക്‌ കഴിയണം.

1 comment:

  1. ജാതിയും മതവും ഉപേക്ഷിച്ച ചരിത്ര പുരുഷന്മാരുടെ പിന്നാലെ കൂടി അവർ വലിച്ചെറിഞ്ഞ ജാതിമാലിന്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിൽ ഇന്ന് ജാതി കോമരങ്ങൾ വിജയിച്ചിരിക്കുന്നു

    ReplyDelete