Sunday 22 April 2012

സ്വന്തം വീട്ടിലെ മാലിന്യം അയല്‍മുറ്റത്തേയ്‌ക്കെറിയരുത്
             താമരയിലയിലെ നീര്‍ത്തുള്ളിയെന്ന് വിശുദ്ധിയുടെ വാക്കുകള്‍ കൊണ്ട് തിരുനല്ലൂര്‍ കരുണാകരന്‍ വിശേഷിപ്പിച്ച അഷ്ടമുടിക്കായല്‍. ഒ എന്‍ വി മുതല്‍ ശാന്തന്‍ വരെയുള്ള കവിപരമ്പരയെ ഊട്ടി വളര്‍ത്തിയ അഷ്ടമുടിക്കായല്‍.
 
             ലോകത്തിലെ അസുലഭ സൗന്ദര്യസങ്കേതങ്ങളിലൊന്നായ ഈ ജലശേഖരത്തെ പ്രണയാനുഭവത്തിന്റെ പാരമ്യത്തില്‍ നിന്നുകൊണ്ട് ഇഷ്ടമുടിക്കായല്‍ എന്ന് ഓമനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നാകട്ടെ, കൊല്ലം നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കഷ്ടമുടിക്കായലായി ഇതു മാറിയിരിക്കുന്നു.
           
            ഇഷ്ടതയില്‍ നിന്നും കഷ്ടതയിലേക്കുള്ള വ്യതിയാനം ഒരു ജനതയുടെ ദുര്‍മുഖത്തെയാണ് സൂചിപ്പിക്കുന്നത്. ദുര്‍ഗന്ധത്തിന്റെയും രോഗവാഹികളായ പ്രാണികളുടെയും കഥയാണ് ഇപ്പോള്‍ കായലിനു പറയാനുള്ളത്. ഞെളിയല്‍പറമ്പോളം ഞെളിഞ്ഞുനില്‍ക്കാന്‍ ഇനി ഒന്നോ രണ്ടോ കവര്‍ ചീഞ്ഞ കോഴിക്കാലുകള്‍ മാത്രം മതിയാകും കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക്.
 
             അഷ്ടമുടിക്കായലിന്റെ തെക്കുപടിഞ്ഞാറെ തീരമായ കുരീപ്പുഴ, സഹനത്തിന്റെ കാര്യത്തില്‍ ആരെയും അതിശയിപ്പിക്കും. തോട്ടിയും തോട്ടിയുടെ മകനും ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് അതിന്റെ സഹനകഥ. മാലിന്യങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങി കൊല്ലം നഗരത്തെ സുന്ദരിയാക്കി നിര്‍ത്തിയത് പാവപ്പെട്ട കുരീപ്പുഴ നിവാസികളാണ്. കാലം മാറിയപ്പോള്‍ തോട്ടിയും തോട്ടിയുടെ മകനും ചരിത്രത്തിന്റെ ഭാഗമായി. ആ തൊഴില്‍ എന്നന്നേയ്ക്കുമായി അവസാനിച്ചു. ശാസ്ത്രം പുരോഗമിച്ചു. വാസ്തുശാസ്ത്രം ചിന്തിച്ചിട്ടുപോലുമില്ലാത്ത രീതിയില്‍ വീട്ടിനുള്ളില്‍ത്തന്നെ മലമൂത്ര വിസര്‍ജനത്തിന് സൗകര്യങ്ങളുണ്ടായി. ഭക്ഷണരീതികള്‍ മാറി. ജനസംഖ്യയേറി. പഴയ സസ്യാഹാരത്തിനുപകരം ചിക്കനും മട്ടണും ബീഫും നിത്യാഹാരമായി. അവയുടെ അവശിഷ്ടങ്ങള്‍ ഓരോ പ്രദേശങ്ങളിലും കുന്നുകൂടി. ഈ അവശിഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ കൊല്ലം നഗരസഭ അതിവിചിത്രമായ ഒരുപായം കണ്ടുപിടിച്ചു. അമ്പത്തിയഞ്ചു ഡിവിഷനുകളിലെയും വൃത്തികേടുകള്‍ ശേഖരിച്ച് കുരീപ്പുഴയില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് നിക്ഷേപിച്ചു! ജനങ്ങളുടെ പ്രതിഷേധത്തെ ആദ്യമാദ്യം ആരും കണ്ടെന്നു നടിച്ചില്ല.
 
 
             കായല്‍ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ന്യൂസിലന്റിലെ എ എസ് ആര്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് കേരളത്തിലെ ഭൂശാസ്ത്രപഠനകേന്ദ്രം 2001 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലം നഗരത്തിലെ മാലിന്യസംസ്‌കരണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കാന്‍ കഴിയൂ എന്നു പറഞ്ഞിരുന്നു. കെറിബ്ലാക്കും എം ബാബയും മുന്‍കൈ എടുത്ത ഈ റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമല്ല നഗരസഭ പുലര്‍ത്തിയത്. കായലിന്റെ ആരോഗ്യസൂചകമായ ലേയ ഓക്‌സിജന്റെ അളവ് തെക്കന്‍ കായല്‍ പ്രദേശത്ത് വെറും രണ്ട് മില്ലിഗ്രാം ആണെന്ന അപകടകരമായ അവസ്ഥ ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു. അതും നഗരസഭ നിരാകരിച്ചു. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി കായലിന്റെ നൂറു മീറ്റര്‍ പരിസരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശിച്ചു. നഗരസഭ കണ്ണടച്ചു. ഇപ്പോഴത്തെ അവസ്ഥ അതിഭീകരമാണ്. ആനമലയോളം ഉയരത്തില്‍ അഴുക്ക് കൂട്ടിയിട്ടിരിക്കുന്നു. വലിയ കുഴികളില്‍ നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും മഞ്ഞനീരിറങ്ങി അഷ്ടമുടിക്കായലിനെ മലിനമാക്കിയിരിക്കുന്നു. കുരീപ്പുഴയിലെ ജനങ്ങള്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത രോഗങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
 
 
         മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരം നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍ ഉത്ഭവിക്കുന്ന സ്ഥലത്തുതന്നെ സംസ്‌കരിക്കണം. അതായത് കൊല്ലം നഗരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ അമ്പത്തഞ്ചു ഡിവിഷനുകളിലായി സംസ്‌കരിക്കണം. ഓരോ വീടും ഓരോ സ്ഥാപനവുമായിരിക്കണം പ്രാഥമിക സംസ്‌കരണശാലകള്‍.
കുരീപ്പുഴയിലുണ്ടാകുന്ന മാലിന്യം കൊല്ലം നഗരത്തിലെ ഒറ്റ ഡിവിഷനിലേയ്ക്കും വലിച്ചെറിയുന്നതല്ല. അതുപോലെതന്നെ മറ്റു ഡിവിഷനുകളിലെ മാലിന്യം കുരീപ്പുഴക്കാരുടെ മുഖത്തേയ്ക്കു വലിച്ചെറിയരുത്. ഇത് കുരീപ്പുഴച്ചണ്ടി ഡിപ്പോയുടെ മാത്രം പ്രശ്‌നമല്ല. ഞെളിയന്‍പറമ്പിലും ലാലൂരും വിളപ്പില്‍ശാലയിലുമുള്ള ജനങ്ങള്‍ ഇതു തന്നെയാണു പറയുന്നത്.
 
 
           കുരീപ്പുഴ നിവാസികളുടെ വോട്ടുകൂടി നേടിയ നഗരസഭാംഗവും നിയമസഭാംഗവും ലോക്‌സഭാംഗവുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ ഖേദത്തോടെയാണു നിരീക്ഷിക്കുന്നത്.
 
            പാര്‍ലമെന്റംഗം ഒന്നും ചെയ്തില്ലെന്നു പറയാന്‍ കഴിയില്ല. രാജധാനി എക്‌സ്പ്രസിന് കൊല്ലത്ത് സ്റ്റോപ്പനുവദിപ്പിച്ചിട്ടുണ്ട്. കൊതുകുകളെയും ഈച്ചകളെയും വകഞ്ഞുമാറ്റി കുരീപ്പുഴ നിവാസികള്‍ക്ക് പ്രാണന്‍ കയ്യിലെടുത്ത് ഓടി രാജധാനി എക്‌സ്പ്രസില്‍ കയറി എങ്ങോട്ടെങ്കിലും രക്ഷപ്പെടാമല്ലോ.

1 comment:

  1. വളരെ വസ്തുനിഷ്ടമായ പോസ്റ്റ്‌.. ഇതൊന്നും കൊണ്ട് തിമിരം ബാധിച്ച അധികാരി കണ്ണ് തുറക്കില്ല.. ഇപ്പോള്‍ ഒരേ ഒരു മന്ത്രം.. നമുക്കും കിട്ടണം പണം.. പദവി സ്വന്തം ജാതിക്കാര്‍ക്കും.. തീര്‍ന്നു രാഷ്ട്ര സേവനം..

    ReplyDelete