Friday, 5 July 2013

ജ്യോതിഷവിധി പൊളിഞ്ഞു, സിനിമാ പ്രേമികള്‍ ചിരിച്ചു


         ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതുവരെ മലയാള സിനിമാപ്രേമികള്‍ വല്ലാത്ത ആശങ്കയിലായിരുന്നു. ദൈവജ്ഞന്മാരാണ് ഈ ആശങ്ക സൃഷ്ടിച്ചത്. സിനിമാനടന്‍ മധുവിന്റെ ആയുസ് 2013 ജൂണ് 30 വരെയായിരിക്കുമെന്ന് അവര്‍ ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിരുന്നു.

        ചെമ്മീനിലെ പരീക്കുട്ടി അടക്കമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠനേടിയ നടനാണ് മധു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലും സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകളിലും അദ്ദേഹം അവതരിപ്പിച്ച തീക്ഷ്ണ സ്വഭാവമുള്ള കഥാപാത്രങ്ങളും മലയാള മനസിലുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കണ്ടത് സജീവന്‍ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കളിലായിരുന്നു. ആ ചിത്രമാകട്ടെ, ജ്യോതിഷമടക്കമുള്ള മുഴുവന്‍ വ്യാജശാസ്ത്രങ്ങളെയും നിരാകരിക്കുന്നതുമായിരുന്നു. ആള്‍ ദൈവവിശ്വാസത്തില്‍ നിന്നും സത്യത്തിന്റെ പാതയിലേയ്ക്ക് മാറിസഞ്ചരിച്ച പ്രഭുവിനെ തന്നെയാണ് ആ സിനിമയില്‍ മധു അവതരിപ്പിച്ചത്.

         വായനയെ ഗൗരവമായി എടുത്തിട്ടുള്ള അപൂര്‍വം അഭിനേതാക്കളിലൊരാളാണ് മധു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ അംഗത്വമുള്ള മധു  പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ ദീര്‍ഘനേരം ചെലവഴിച്ച് തനിക്കുവേണ്ട പുസ്തകങ്ങള്‍ സ്വയം കണ്ടെത്തുന്നത് ലൈബ്രറി ജീവനക്കാര്‍ കൗതുകത്തോടെയും ആരാധനയോടെയുമാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായനയുടെയും അഭിനയത്തിന്റെയും ഹരിത ഭൂമിയിലൂടെ കാലിടറാതെ സഞ്ചരിച്ച മധുവിനാണ് ദൈവജ്ഞന്മാര്‍ മരണം വിധിച്ചത്. മാധവന്‍നായര്‍ എന്ന പേരിലെ വന്‍വാലുമുറിച്ചു മധുവായി മനസുകളിലെത്തിയ ആ നടനെ ഹിന്ദുമതക്കാരുടെ ആകാശ വിഡ്ഢിത്തശാസ്ത്രം മരണപ്രവചനത്തില്‍ കുടുക്കിയത് ഇത്തിരി കടന്ന കൈ ആയിപ്പോയി.

         തൃശൂരില്‍ നടന്ന കേരള ജ്യോതിഷ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മധുതന്നെയാണ് അന്തിമവിധിയെക്കുറിച്ചു പറഞ്ഞത്. നാലുജാതകങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും നാലുജാതകങ്ങളും പ്രഖ്യാപിച്ച ജീവിതകാലാവധിയനുസരിച്ച് ഇനി ഒരുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജ്യോത്സ്യന്മാരുടെ വിധിപൊളിഞ്ഞാല്‍ വീണ്ടും കാണാമെന്നും അദ്ദേഹം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ ജ്യോത്സ്യവിധിയാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

   ജ്യോതിഷത്തില്‍ കുറ്റക്കാരെല്ലാം നിരപരാധികള്‍ ആണല്ലോ. ഗോവിന്ദചാമി സൗമ്യയെ ഹീനമായി കൊലപ്പെടുത്തിയെങ്കില്‍ അത് ബഹിരാകാശത്തെവിടെയോ നില്‍ക്കുന്ന ശനിഗ്രഹം ഗോവിന്ദചാമിയെ കൊണ്ട് ചെയ്യിച്ചതാണെന്ന് ജ്യോത്സ്യന്മാര്‍ കവിടി നിരത്തി കണ്ടെത്തും. ശനിഗ്രഹത്തെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ നമ്മുടെ പാവപ്പെട്ട പൊലീസുകാര്‍ക്കു കഴിയാത്തതുകൊണ്ടാണല്ലോ, നിരപരാധിയായ ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശനിഗ്രഹത്തിനു തൂക്കുകയര്‍ വിധിക്കാന്‍ കോടതിക്കും സാധ്യമല്ല. ഗോവിന്ദചാമിക്കുവേണ്ടി അഭിഭാഷകന്‍ വന്നതില്‍ ആര്‍ക്കും അമര്‍ഷവും വേണ്ട. ശുക്രന്‍ എന്ന ഗ്രഹമായിരിക്കുമല്ലോ അഭിഭാഷകനെ നിയോഗിച്ചത്.

        ജ്യോതിഷം സമ്പൂര്‍ണമായും തെറ്റായ ഒരു പദ്ധതിയാണ്. ഏറ്റവും ഒടുവിലത്തെ പ്രശസ്തമായ ഉദാഹരണമാണ് മധുവിന്റെ ജാതകം. ചലച്ചിത്ര നിര്‍മാണത്തിനു മുമ്പ് 'ജ്യോതിഷാലയത്തിലേയ്ക്ക് ഓടുന്ന സിനിമാക്കാരെങ്കിലും മരണത്തില്‍ നിന്നും മധു രക്ഷപ്പെട്ടതില്‍ ആഹ്ലാദിക്കുകയും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് നന്നായിരിക്കും. ജ്യോത്സ്യനെ കാണാതെയും പൂജ നടത്താതെയും സിനിമാ നിര്‍മാണം തുടങ്ങാറുള്ള കമല്‍ഹാസന്റെ യശസ്സിനു ഒരു കോട്ടവും വന്നിട്ടില്ലെന്ന കാര്യം അനുബന്ധമായി വായിക്കാവുന്നതാണ്.

        അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും സങ്കേതമായി മലയാള സിനിമാരംഗം മാറിയിട്ടുണ്ട്. സൗന്ദര്യപൂര്‍ണമായ ഒരു യുക്തിചിന്തയിലേയ്ക്ക് സഞ്ചരിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

14 comments:

 1. ഞാനും സാറിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നു....

  ReplyDelete
 2. ജ്യോത്സ്യം, നിരർത്ഥമായ, നിഷ്പ്രയോജനമായ ഒരു കപടശാസ്ത്രമല്ലെന്നു പലരെയും ചിന്തിപ്പിക്കുന്നത്, ആകസ്മികമായി ചില ഫലപ്രവചനങ്ങൾ യാഥാർത്ഥ്യമാകുമ്പോഴാണ്. ഇതു വെറും യാദൃച്ഛികമാണെങ്കിലും, പലരെയും വഴിതെറ്റിച്ചു ജ്യോത്സ്യത്തിന്‍റെ ഉറച്ച വിശ്വാസികളാക്കുന്നു. പത്രങ്ങൾക്കും, ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്കും, പുസ്തക പ്രസാധകർക്കുമൊക്കെ ഈ അന്ധവിശ്വാസം ഊട്ടിവളർത്തുന്നതിൽ ഗണ്യമായൊരു പങ്കുണ്ട്. സർവ്വോപരി, ജ്യോത്സ്യം ഒരു അബദ്ധപഞ്ചാംഗമാണെന്നും അതിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും ഒരു സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നില്ല. അങ്ങിനെ, പുതുതലമുറയും ജ്യോത്സ്യത്തിന്‍റെ ബദ്ധവിശ്വാസികളായി വളർന്നുവരുന്നു.

  ReplyDelete
  Replies
  1. ശരിയാണ് രാധാകൃഷ്ണൻ.

   Delete
 3. നമ്മളെല്ലാം ചില കാര്യങ്ങളിൽ എന്ന് പറയുന്നതിനേക്കാൾ ഒരു പാട് കാര്യങ്ങളിൽ അന്ധമായ പെര്ഫെക്ഷനിസ്റ്റുകൾ ആണ് എല്ലാത്തിനെയും 100 ശതമാനം കണ്ണടച്ചെതിർക്കുക അല്ലെങ്കിൽ പൂര്ണമായും അനഗീകരിക്കുക, രണ്ടിനും ദോഷങ്ങളുണ്ട് കുറച്ചു ശരികളും, അതാണല്ലോ ഒരു വീട്ടില് ജനലുംകളും കതകുകളും വച്ചിരിക്കുന്നത്, പൂര്ണമായും ശരി എന്ന് തോന്നുന്നതിനെ കൊള്ളാനും തള്ളാനും വാതിൽ വേണം പൂര്ണമായും വിശ്വാസം ഇല്ലാത്തതിനെ സുരക്ഷിതമായി അറിയുവാൻ ജനലും, അത് പോലെ ആവണം നമുക്കരിയതത്തിന്റെ പൂര്ണമായും തെറ്റെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല,
  ഞാൻ യുക്തി വാദികളെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ്, ശ്രീയേട്ടനെ കവി എന്ന നിലയിൽ സ്നേഹിക്കുന്നതിനെക്കാൾ യുക്തി വാദി എന്നുള്ള നിലയിൽ ബഹുമാനിക്കുവാനാണ് എനിക്ക് താല്പര്യവും. പക്ഷെ ആ യുക്തി വാദത്തെ അന്ധമായി വിശ്വസിച്ചാൽ പിന്നെ യുക്തി വാടിയും അന്ധ വിശ്വാസിയും തമ്മിൽ എന്താണ് വ്യത്യാസം
  അത് കൊണ്ട് തന്നെ പറയട്ടെ ജ്യോതിഷത്തിൽ കുറെ ഏറെ സത്യം ഉണ്ട്
  അത് പ്രോബബിളിട്ടി പോലെയോ randam ടേബിൾ പോലെയോ എന്തോ ആയി കോട്ടെ, ഒരു ആത്മവിശ്വാസം കുറച്ചു പെര്ക്കെകെങ്കിലും കിട്ടുന്നെങ്കിൽ കുറച്ചു ആശ്വാസം കാച്ചിൽ തുരുമ്പ് പോലെ കിട്ടുന്നെങ്കിൽ എന്തിനു അത് പൂര്ണമായും തെറ്റെന്നു പറയണം. കുറെ ഏറെ പേര് മരണത്തിനു ശേഷം സ്വര്ഗം എന്ന് പ്രതീക്ഷിക്കും പോലെ കഷ്ട കാലം കഴിഞ്ഞു നല്ല സമയം എന്നെങ്കിലും വരും എന്ന് ഏതെങ്കിലും ജ്യോതിഷി പറഞ്ഞ ധൈര്യത്തിൽ ജീവിച്ചു രക്ഷ പെടുന്നെങ്കിൽ ആയികൊട്ടെ, കുറച്ചു പേര്ക്ക് ഒരു വയറ്റി പിഴപ്പ് ആണെങ്കിൽ അതും ആയിക്കോട്ടെ
  പിന്നെ അന്ധമായി വിശ്വസിക്കുന്നവരെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, ആ അന്ധവിശ്വാസം അവരിൽ ബലപെട്ടതു എന്നെങ്കിലും ഒരിക്കൽ ഒരു ചക്ക വീണു മുയൽ ചത്തിട്ടാകാം. പിന്നെ ജ്യോതിശാസ്തത്തിൽ പറയുന്ന എല്ലാ ഗ്രഹങ്ങളും ആഴ്ചയും ഇപ്പോൾ എല്ലാ രാജ്യത്തും ഉണ്ടല്ലോ കൊടുക്കൽ ആയാലും വാങ്ങൽ ആയാലും അപ്പോൾ കുറച്ചു സത്യം ഉണ്ടെന്നു വിശ്വസിക്കാം

  ReplyDelete
  Replies
  1. ബൈജു....കുറച്ചൊക്കെ യോജിപ്പ്.

   Delete
 4. ശ്രീ മധു വ്യക്തിത്വത്തിന്‍റെ പ്രത്യേകത കൊണ്ട് ആകര്‍ഷിച്ചിട്ടുണ്ട്.പക്ഷെ അഭിനയം അത്ര ഇഷ്ടമല്ല.പ്രത്യേകിച്ചു പഴയ സിനിമകളിലെത്.മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുന്നു.അതിനെ ഭാവാഭിനയം എന്ന് വിളിക്കുന്നതിനോട്‌ യോജിപ്പില്ല.

  ReplyDelete
 5. ഭാവി മുന്‍കൂട്ടി കാണാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ നടന്നേനെ.

  ReplyDelete
 6. ഒക്കെ അവനവന്റെ വിശ്വാസം.

  ReplyDelete
 7. വിശ്വാസമാണല്ലോ എല്ലാം :)

  ReplyDelete
 8. ഏതു വിശ്വാസവും മനുഷ്യനന്മയെ ലാക്കാക്കിയുള്ളതാകുമ്പോൾ സ്വീകാര്യം തന്നെ.അല്ലെങ്കിൽ പുറത്തെറിയപ്പെടേണ്ടതും.ഇടശ്ശേരിയുടെ പൊട്ടിയും ചോതിയും കവി ഓർത്താലും.അമിത പ്രതീക്ഷകളാണ് അന്ധ വിശ്വാസത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്.അപ്പോഴാണ് ഈശ്വരന്റേയും പ്രവചനങ്ങളുടേയും പിന്നാലെ നാം പോകുന്നതും.

  ReplyDelete
 9. Nerathe ellaam arinjhal pinne jeevikkan enthaanundaakuka!!

  ReplyDelete
 10. വിശ്വാസം പലരേയും രക്ഷിക്കും കേട്ടൊ ഭായ്

  ReplyDelete