Friday 23 December 2016

ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളും



ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ആശയം സംവാദവും വിവാദവുമൊക്കെയായി വളര്‍ന്നത് 1980-കളിലാണ്. പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് പാത്രമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്‌സാണ് ഈ നാടകം അരങ്ങിലെത്തിച്ചത്. മതമില്ലാത്ത ജീവന് എന്ന മതേതരപാഠത്തിന്റെ പേരില്‍ സമീപകാലത്ത് സംഘടിത-വര്‍ഗീയശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നത്തേക്കാളും തീവ്രമായിരുന്നു അത്. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും വിമോചന സമരകാലത്തെന്ന പോലെ കുഞ്ഞാടുകളെയും നയിച്ച് പാതപ്രകടനം നടത്തി. ഇവരിലാരും തന്നെ ആ നാടകം കണ്ടിട്ടുണ്ടായിരുന്നില്ല.

നാടകത്തിന് പലസ്ഥലങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയം ഉയര്‍ന്നുവന്നു. നാടകം കളിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് സൂര്യകാന്തി തിയേറ്റേഴ്‌സിലെ അംഗങ്ങള്‍, സ്വയം വിലങ്ങണിഞ്ഞു നടത്തിയ പ്രകടനം കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയെ തട്ടിയുണര്‍ത്തി. നാടകസംഘാംഗങ്ങള്‍ അറസ്റ്റുചെയ്യപ്പെട്ടു. സ്വാതന്ത്ര്യദാഹികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വമ്പിച്ച കൂട്ടായ്മ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുണ്ടായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ അട്ടിമറിച്ച മഹാനായ തോപ്പില്‍ഭാസി അടക്കമുള്ളവര്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. കേരളത്തിലെവിടെയും പ്രതിഷേധയോഗങ്ങളും അറസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിയായുള്ള കേസുകളുമുണ്ടായി.

 തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്മാര്‍ക്ക് തണലായി നിന്ന വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടു. ഒരു പ്രത്യേകസമിതിയുടെ ശുപാര്‍ശ പ്രകാരം 1987ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കേരളത്തില്‍ നിരോധിച്ചു.

വാസ്തവത്തില്‍ എന്തായിരുന്നു ആ നാടകം? റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുകയായിരുന്നു ആ നാടകം. ചില സന്ദര്‍ഭങ്ങളില്‍ ആ നാടകം വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയോട് ചേര്‍ന്നുനിന്നു. വലിയ പഠനങ്ങള്‍ ഒരു നാടകകൃത്ത് നടത്തിയതിന്റെ ഫലമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ്.

പി എം ആന്റണി ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല നാടകമായി കേരളസര്‍ക്കാരിന്റെ സമ്മാനം നേടിയ കടലിന്റെ മക്കളുടെ രചയിതാവായിട്ടാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയെന്നത് ഏതു കമ്മ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലുള്ളതാണ്. പി എം ആന്റണിയെന്ന കമ്മ്യൂണിസ്റ്റ് നാടകകൃത്ത് ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയില്‍ ഉന്മൂലനം നടക്കുമ്പോള്‍ ആന്റണി, കിലോമീറ്ററുകള്‍ അകലെയുള്ള അരങ്ങില്‍ നാടകം കളിക്കുകയായിരുന്നു! ശിക്ഷക്കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയ മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡു നേടി. വിശുദ്ധ പാപങ്ങള്‍, ടെററിസ്റ്റ്, അയ്യന്‍കാളി, സ്റ്റാലിന്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഇന്‍ക്വിലാബിന്റെ പുത്രന്‍ തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തിനു തന്ന നാടകങ്ങള്‍. എല്ലാ നാടകങ്ങളുടെയും പഞ്ചാത്തലം ലോകചരിത്രമായിരുന്നു.

 നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഉപേക്ഷിച്ച് അമേച്വര്‍ നാടകവഴിയിലൂടെ സ്വന്തം സൈക്കിള്‍ ഓടിച്ചുപോയി പി എം ആന്റണി. സംഘാടകരെയോ സന്ദര്‍ഭങ്ങളെയോ കാത്തുനില്‍ക്കാതെ വീട്ടുമുറ്റത്തും തെരുവിലും കടന്നുചെന്ന് നാടകം അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തി. 'സ്പാര്‍ട്ടക്കസ്' എന്ന നാടകം അതിവിദഗ്ധമായി സംവിധാനം ചെയ്ത ആന്റണിക്ക് അതു സാധിക്കുമായിരുന്നു. ഉജ്വലനിഷേധി ആയിരുന്ന പി ജെ ആന്റണി ആയിരുന്നല്ലോ പി എം ആന്റണിയുടെ മനസ്സില്‍. അരങ്ങില്‍ നിന്നും അടുക്കളയിലെത്തി നാടകം കളിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം തിയേറ്റര്‍ ഗറില്ലകള്‍ എന്നു വിളിച്ചു.

പള്ളിയോടും പള്ളിത്വമുള്ള വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു പി എം ആന്റണി മകളുടെ വിവാഹം വീട്ടുമുറ്റത്ത് നടത്തി. വധൂവരന്മാര്‍ക്ക് മുല്ലനേഴിയും ഞാനും മാലയെടുത്ത് കൊടുത്തു. ശിഷ്യന്‍ പ്രിയനന്ദനന്‍ ആശംസാപ്രസംഗം നടത്തി.

മരണാനന്തരവും ആന്റണി പള്ളിയില്‍ പോയില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇരു കണ്ണുകളും ദാനം ചെയ്തു. മൃതദേഹം തുമ്പോളിക്കടപ്പുറത്തെ വീട്ടുമുറ്റത്ത് ദഹിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സദസ്സിലെ രക്തനക്ഷത്രമായി മാറി പി എം ആന്റണി.

1 comment:

  1. കേരളത്തിന്റെ സാംസ്‌കാരിക
    സദസ്സിലെ രക്തനക്ഷത്രമായി മാറിയ
    പി എം ആന്റണിയുടെ കഥ

    ReplyDelete