Friday 16 December 2016

ഫിഡൽ കാസ്ട്രോയും മാജിക്കൽ റിയലിസവും



പ്രിയപ്പെട്ട ഫിഡൽ
ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു. അസംഖ്യം വധശ്രമങ്ങളെ അതിജീവിച്ച അങ്ങ്‌ ലോക വിപ്ലവാകാശത്തിലെ രക്തനക്ഷത്രമായി മാറിയിരിക്കുന്നു.

ഫിദൽ, പലവട്ടം സഖാവ്‌ ഞങ്ങളെ തോൽപിച്ചിട്ടുണ്ട്‌. ഏകാന്തതയുടെ നൂറുവർഷങ്ങൾ ലോകത്തിനു സമ്മാനിച്ച നോബൽ സമ്മാന ജേതാവ്‌ ഗബ്രിയേൽ ഗാർഷിയ മാർക്ക്വേസ്‌ മുന്നോട്ടുവച്ച മാജിക്കൽ റിയലിസത്തെ ആശ്ലേഷിച്ചുകൊണ്ടാണ്‌ ഫിഡൽ നമ്മളെ വിസ്മയിപ്പിച്ചത്‌. മാജിക്കൽ റിയലിസം യാഥാർഥ്യത്തിനു മുകളിൽ പടുത്തുയർത്തിയ വിഭ്രാന്ത സങ്കൽപങ്ങളുടെ കെട്ടുകാഴ്ചയാണ്‌. ആ സാഹിത്യസങ്കേതത്തി ൽ പടുകൂറ്റൻ ശവശരീരങ്ങൾ ഉണ്ടാകും. കാതങ്ങൾ താണ്ടിവരുന്ന ചോര, മറ്റൊരു കഥാപാത്രത്തിന്റെ പാദങ്ങളിൽ ചുംബിക്കും. സെമിത്തേരിയിൽ അടക്കം ചെയ്ത പെൺകുഞ്ഞിന്റെ ശവശരീരം വർഷങ്ങൾക്കുശേഷവും ജീർണിക്കാതെയിരിക്കും.

ഞങ്ങൾ ഇന്ത്യാക്കാർക്ക്‌ മാജിക്കൽ റിയലിസം അത്ര പുതുമയുള്ളതൊന്നുമല്ല. വിശ്വമഹാകവി വേദവ്യാസന്റെ മഹാഭാരതത്തിൽ പക്ഷികളും സർപ്പങ്ങളും മൃഗങ്ങളും വൃക്ഷങ്ങളും പർവതങ്ങളും സാഗരവും കഥാപാത്രങ്ങളാണ്‌. ആദികവി വാത്മീകിയുടെ രാമായണത്തി ൽ ഒരു സാധാകുരങ്ങനായിരുന്ന ഹനുമാൻ ലങ്കയിലേക്ക്‌ ചാടുമ്പോൾ ആകാശം മുട്ടെ വളരുന്നതും ലങ്കയുടെ കാവൽക്കാരി ഹനുമാനെ വിഴുങ്ങുന്നതും കുഞ്ഞിക്കുരങ്ങനാഴി മാറിയ ഹനുമാൻ രാക്ഷസിയുടെ ചെവിയിലൂടെ പുറത്തുവരുന്നതും ഞങ്ങൾ കണ്ടതാണ്‌.

കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച ഭർത്താക്കന്മാരെ കാണുവാൻ ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക്‌ ഒരു സമ്മേളന രാത്രി ഗംഗാതീരത്തുണ്ടാക്കിക്കൊടുക്കുന്നും ഞങ്ങൾ കണ്ടതാണ്‌. ഒറ്റയസ്ത്രം ആയിരവും പതിനായിരവും ലക്ഷവുമായി പൊട്ടിപ്പടരുന്നത്‌ ഞങ്ങൾ കണ്ടതാണ്‌.

പുലിമറഞ്ഞ തൊണ്ടച്ചനേയും മരങ്ങളായി മാറുന്ന ഒടിവിദ്യക്കാരേയും ഞങ്ങൾക്ക്‌ പരിചയമുണ്ട്‌. പക്ഷേ ഇതെങ്ങനെ തൊഴിലാളി വർഗ സൗന്ദര്യശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഫിഡലിന്‌ ബോധ്യപ്പെട്ടു? മാജിക്കൽ റിയലിസക്കാരനായിരുന്ന മാർക്ക്വേസിനെ അംഗീകരിക്കാൻ എങ്ങനെ കഴിഞ്ഞു?

മാജിക്കൽ റിയലിസമായാലും മിസ്റ്റിസിസമായാലും ആത്മീയതയായാലും അതെല്ലാംതന്നെ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ സങ്കൽപശേഷിക്ക്‌ ഉദാഹരണമാണ്‌. ഇത്തരം ചിന്താപദ്ധതികളുടെയെല്ലാം അടിസ്ഥാനം ജീവിച്ചിരിക്കുന്ന മനുഷ്യനാണ്‌. പ്രയത്ന സൗന്ദര്യശാസ്ത്രം സമഗ്രമാകണമെങ്കിൽ ഈ തിരിച്ചറിവ്‌ ഉണ്ടായേ കഴിയൂ. വിപ്ലവകവിതകൾ എഴുതിയ പാബ്ലോനെരൂദ തന്നെയാണ്‌ വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത്‌ എനിക്ക്‌ നീയുമായി ചെയ്യണം എന്നെഴുതിയത്‌. ആ നെരൂദകൂടി ഉൾപ്പെടുന്നതാണ്‌ തൊഴിലാളിവർഗ സൗന്ദര്യശാസ്ത്രം. വിശാലമായ ഈ കാഴ്ചപ്പാടാണ്‌ മാർക്ക്വേസിനെ സുഹൃത്താക്കാൻ ഫിഡലിനെ പ്രേരിപ്പിച്ചത്‌. വിപ്ലവസാഹിത്യമെന്നാൽ പ്രണയരഹിതവും ഭാവനാശൂന്യവുമായ പരുപരുത്തപാറപ്പുറം അല്ലെന്ന്‌ ഫിഡൽ ജീവിതം കൊണ്ട്‌ കാട്ടിത്തന്നു.

പ്രിയപ്പെട്ട ഫിദൽ, ചെ ഗുവേര എന്ന സുഹൃത്തിനെ ബൊളീവിയയിലേക്ക്‌ പോകാൻ അനുവദിച്ചതിലൂടെ പിന്നെയും സഖാവ്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഗ്രാൻമയിൽ ഒപ്പമുണ്ടായിരുന്ന സഖാവ്‌, വിപ്ലവാനന്തര ക്യൂബയുടെ സെൻട്രൽ ബാങ്കുമേധാവി, മന്ത്രി. ഇങ്ങനെയൊക്കെയായിട്ടും മറ്റൊരുസമരരംഗത്തേക്ക്‌ പോകുവാനുള്ള ഗുവേരയുടെ ആഗ്രഹത്തെ ഫിഡൽ അംഗീകരിച്ചു. ലോകയുവത്വത്തിന്റെ രക്തമുദ്രയായി മാറിയ ചെയെ ഞങ്ങൾക്ക്‌ സമ്മാനിച്ചത്‌ ഫിഡൽ ആയിരുന്നു.

ഫിഡൽ, പിന്നെയും ഞങ്ങളെ വിസ്മയപ്പെടുത്തിയല്ലോ. വിരുദ്ധ ഭരണകൂടത്തിൽ ജോലി സ്വീകരിച്ച സ്വന്തം ഭാര്യ മിർത്തയെ ഉപേക്ഷിച്ചുകൊണ്ട്‌. പ്രണയ വിവാഹമായിരുന്നിട്ടുപോലും ഭാര്യയെ ഉപേക്ഷിക്കുവാൻ കാസ്ട്രോ മടിച്ചില്ല. ബാറ്റിസ്റ്റാ ഭരണത്തിൽ ഉദ്യോഗം സ്വീകരിച്ചതിനെക്കുറിച്ച്‌ ഫിദൽ പറഞ്ഞത്‌ എന്നെ ആയിരം വട്ടം കൊല്ലുന്നതിനു തുല്യമായിപ്പോയി എന്നായിരുന്നല്ലോ. ലക്ഷ്യബോധവും നിശ്ചയദാർഢ്യവും സന്ധിരഹിത ജീവിതവും വിപ്ലവകാരിക്ക്‌ ആവശ്യമാണെന്ന്‌ ഫിഡൽ തെളിയിച്ചു.

പ്രിയപ്പെട്ട ഫിഡൽ, തൊണ്ണൂറു വയസുവരെ അങ്ങു ജീവിച്ചിരുന്നത്‌ ക്യൂബയിലെ ആതുരസേവന വിഭാഗത്തിന്റെ ശ്രദ്ധകൊണ്ട്‌ കൂടിയാണ്‌. ലോകത്തിനു മുഴുവൻ മാതൃകയായ 108 ആംബുലൻസ്‌ സർവീസ്‌ അടക്കം ക്യൂബയുടെ ആരോഗ്യരംഗത്തെ മികവുറ്റതാക്കിയെടുക്കുന്നതിൽ ഫിഡൽ വിജയിച്ചു.

പ്രിയപ്പെട്ട ഫിഡൽ,
കരീബിയൻ കടലോരത്ത്‌ അങ്ങ്‌ വിശ്രമിക്കുമ്പോൾ ഇവിടെ അറേബ്യൻ കടലോരത്തുനിന്ന്‌ കേരളത്തിലെ മനുഷ്യസ്നേഹികൾ ഒന്നിച്ചു പറയുന്നു, ഫിഡൽ, ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു.

1 comment:

  1. ഫിഡൽ, പിന്നെയും ഞങ്ങളെ
    വിസ്മയപ്പെടുത്തിയല്ലോ. വിരുദ്ധ
    ഭരണകൂടത്തിൽ ജോലി സ്വീകരിച്ച
    സ്വന്തം ഭാര്യ മിർത്തയെ ഉപേക്ഷിച്ചുകൊണ്ട്‌.
    പ്രണയ വിവാഹമായിരുന്നിട്ടുപോലും ഭാര്യയെ
    ഉപേക്ഷിക്കുവാൻ കാസ്ട്രോ മടിച്ചില്ല. ബാറ്റിസ്റ്റാ
    ഭരണത്തിൽ ഉദ്യോഗം സ്വീകരിച്ചതിനെക്കുറിച്ച്‌ ഫിദൽ
    പറഞ്ഞത്‌ എന്നെ ആയിരം വട്ടം കൊല്ലുന്നതിനു തുല്യമായിപ്പോയി എന്നായിരുന്നല്ലോ. ലക്ഷ്യബോധവും നിശ്ചയദാർഢ്യവും സന്ധിരഹിത ജീവിതവും വിപ്ലവകാരിക്ക്‌ ആവശ്യമാണെന്ന്‌ ഫിഡൽ തെളിയിച്ചു.

    ReplyDelete