Monday, 13 March 2017

വായനയെ കൊല്ലുന്ന പ്രസാധകർ


ഇത്‌ സാഹിത്യോത്സവങ്ങളുടെ കാലമല്ല ലിറ്റററി ഫെസ്റ്റിവലുകളുടെ കാലമാണ്‌. സാംസ്കാരിക രംഗത്ത്‌ പണമെറിഞ്ഞ്‌ പണം പിടിക്കുന്ന പണവ്യവസായികളുടെ പുഷ്ക്കര കാലം. ജോലിയുടെ ഭാഗമായി ചില അന്താരാഷ്ട്ര ബന്ധങ്ങളൊക്കെ ഒപ്പിക്കാൻ കഴിഞ്ഞ സാഹിത്യകാരന്മാരെ മുന്നിൽ നിർത്തിയാണ്‌ പണ വ്യവസായികൾ ലിറ്റററി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നത്‌. അവിടേയ്ക്കു ക്ഷണിക്കപ്പെട്ട കേരളത്തിലെ ചില കവികൾ വണ്ടിക്കൂലി പോലുമില്ലാതെ വലഞ്ഞ കഥ നവമാധ്യമങ്ങളിലെ അങ്ങാടികളിൽ പാട്ടായിട്ടുണ്ട്‌.

ലിറ്റററി ഫെസ്റ്റുകൊണ്ടൊന്നും വായനയെ ഉത്തേജിപ്പിക്കാൻ കഴിയുകയില്ലെന്നും ഡിക്ഷ്ണറി വിപണം മാത്രമേ കാര്യമായി നടക്കാൻ സാധ്യതയുള്ളൂവെന്നുമാണ്‌ ഡിക്ഷ്ണറി മേളകൾ തെളിയിക്കുന്നത്‌. ഡിക്ഷ്ണറി വാങ്ങുന്നവർ മലയാള സാഹിത്യമല്ല വായിക്കുന്നത്‌. ഖസാക്കിന്റെ ഇതിഹാസത്തിലേയോ ആലാഹയുടെ പെൺമക്കളിലെയോ ചാവൊലിയിലേയോ ഗ്രാമീണ പദങ്ങളുടെ അർഥം ഒരു ഡിക്ഷ്ണറിയിലും ലഭിക്കുന്നതുമല്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ പത്രാധിപരായിരുന്ന എംടിയുടെ പുസ്തകങ്ങൾക്ക്‌ വായനക്കാരില്ല എന്നാണ്‌ മാതൃഭൂമി പത്രം തന്നെ പറയുന്നത്‌. കോഴിക്കോട്ട്‌ നടന്ന സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ എം ടിയുടെ കഥാപാത്രങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരായിരുന്നു. അവർക്കാകെ അറിയാമായിരുന്നത്‌ ബഷീറിന്റെ പാത്തുമ്മായുടെ ആട്‌ മാത്രമായിരുന്നു. അത്‌ പാഠപുസ്തകത്തിലുണ്ടായിരുന്നതുകൊണ്ട്‌ മാത്രമായിരുന്നു.

വായനയെ സംബന്ധിച്ച വലിയ ആശങ്കകൾ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ പ്രകടിപ്പിച്ചു. സാംസ്കാരിക വിഷയങ്ങൾ അപൂർവമായി മാത്രമേ മുഖപ്രസംഗങ്ങൾക്ക്‌ വിഷയമാകാറുള്ളു. വായനയെ സംബന്ധിച്ച ഈ ആശങ്ക പ്രസാധകരുടെ വായനാ വിരുദ്ധ നിലപാടിനെക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നു.

പാഠപുസ്തകക്കമ്മിറ്റിയിലെ കടൽക്കിഴവന്മാരെല്ലാം നാടുനീങ്ങിക്കഴിഞ്ഞു. ഇപ്പോൾ, പഠിക്കാനുള്ളവ തിരഞ്ഞെടുക്കുന്നത്‌ കോളജുകളിൽ അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ടയുടെയും കവിത കേട്ടു വളർന്ന തലമുറയിൽപ്പെട്ടവരാണ്‌. അധ്യാപകരായ അവർക്ക്‌ കുട്ടികളുടെ ഹൃദയസ്പന്ദനം അറിയാം.

അതിനാൽ കുട്ടികളുടെ രചനകൾ പോലും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടു. വള്ളത്തോളിനേയും ഉള്ളൂരിനേയും മനപാഠമാക്കാൻ ശ്രമിച്ച്‌ കവിതയോട്‌ വെറുപ്പു തോന്നിയ വിദ്യാർഥി സമൂഹത്തിലെ പുതിയ തലമുറ റഫീക്ക്‌ അഹമ്മദിനേയും മോഹനകൃഷ്ണൻ കാലടിയേയും പഠിച്ചു.

കേരളത്തിൽ ഇന്ന്‌ വിവിധ തരത്തിലുള്ള പാഠ്യപദ്ധതികളുണ്ട്‌. അതിനുവേണ്ടി തയാറാക്കുന്ന പാഠപുസ്തകങ്ങളിലേക്ക്‌ കവിതയോ കഥയോ തിരഞ്ഞെടുത്താൽ പകർപ്പവകാശത്തിന്റെ പേരിൽ നിയമ നടപടികളുമായെത്തുന്ന പ്രസാധകർ കേരളത്തിലുണ്ട്‌. ഒരു കവിത പഠിക്കുമ്പോൾ ആ കവിതയിൽ സുഗന്ധമായി നിലനിൽക്കുന്ന വിഷയമാണ്‌ കുട്ടികളുടെ മനസിൽ അവശേഷിക്കുന്നത്‌. റഫീക്ക്‌ അഹമ്മദിനെ മറന്നാലും ഉമ്മുക്കുലുസുവിന്റെ പുള്ളിക്കുട പഠിച്ചവരാരും മറക്കുകയില്ല.

പ്രസാധകർ വിപണിയെ മാത്രമാണ്‌ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ അത്‌ വായനാ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. പുസ്തകത്തിന്റെ മുഖവിലയുടെ 15 ശതമാനം മാത്രമാണ്‌ പ്രസാധകർ എഴുത്തുകാർക്ക്‌ നൽകുന്നത്‌.
85 ശതമാനവും പണവും വിതരണശൃംഖലയും ഉണ്ടെന്ന പേരിൽ പ്രസാധകർ തന്നെ കവർച്ച ചെയ്യുകയാണല്ലോ. അതു കൂടാതെയാണ്‌ പകർപ്പവകാശത്തിന്റെ പേരിൽ സാഹിത്യസൃഷ്ടികളുടെ വായനാവകാശത്തെ പ്രസാധകർ നിരാകരിക്കുന്നത്‌. ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം എഴുത്തുകാർക്കെങ്കിലും ഉണ്ടാകേണ്ടതാണ്‌.

1 comment:

 1. പ്രസാധകർ വിപണിയെ
  മാത്രമാണ്‌ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ
  അത്‌ വായനാ സംസ്കാരത്തെ പ്രതികൂലമായി
  ബാധിക്കുക തന്നെ ചെയ്യും. പുസ്തകത്തിന്റെ മുഖവിലയുടെ 15 ശതമാനം മാത്രമാണ്‌ പ്രസാധകർ എഴുത്തുകാർക്ക്‌ നൽകുന്നത്‌.
  85 ശതമാനവും പണവും വിതരണശൃംഖലയും ഉണ്ടെന്ന പേരിൽ പ്രസാധകർ തന്നെ കവർച്ച ചെയ്യുകയാണല്ലോ. അതു കൂടാതെയാണ്‌ പകർപ്പവകാശത്തിന്റെ പേരിൽ സാഹിത്യസൃഷ്ടികളുടെ വായനാവകാശത്തെ പ്രസാധകർ നിരാകരിക്കുന്നത്‌. ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം എഴുത്തുകാർക്കെങ്കിലും ഉണ്ടാകേണ്ടതാണ്‌.

  ReplyDelete