Sunday 1 May 2022

ബിനു എം. പള്ളിപ്പാടിന്റെ അനാഥമായ പുല്ലാങ്കുഴല്‍


അതീവസാധാരണക്കാരനായി കവി ബിനു എം.പള്ളിപ്പാട് മരിച്ചു.
വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില് സംസ്ക്കരിച്ചു. പുല്ലാങ്കുഴലിന്റെ പശ്ചാത്തലസംഗീതമല്ലാതെ പോലീസോ ബ്യൂഗിളോ വെടിവെയ്പ്പോ ഒന്നും ഉണ്ടായിരുന്നില്ല.ഔദ്യോഗിക പുഷ്പചക്രങ്ങളോ അനുശോചനക്കുറിപ്പുകളോ കണ്ടില്ല.. സ്നേഹവും കണ്ണീരും തളം കെട്ടിനിന്ന, കൃത്രിമത്വം തീരെയില്ലാത്ത അന്തരീക്ഷം.
ബിനുവിന്റെ അപ്പുപ്പന് ബെന്യാന് കണ്ടത്തിലെ ചെളി കുത്തിപ്പൊക്കിയ തിട്ടയിലാണ് മറ്റെല്ലാ കീഴാളജനങ്ങളുടെയും കുഞ്ഞ് വീടുപോലെ ആ വീടും.അച്ഛന് ജോണ് എന്ന മയിലന്റെ വിയര്പ്പു വീഴാത്ത ഒരു തരി മണ്ണുമില്ല. വര്ഷങ്ങള്ക്ക് മുന്പ്, ഭഗത്സിംഗ് ക്ലബ്ബിലെ കവിയരങ്ങിനു ശേഷം, ബിനുവിന്റെ അമ്മ തന്ന കപ്പപ്പുഴുക്കും കഴിച്ച് ഞങ്ങള് കിടന്നുറങ്ങിയ രണ്ടു മുറിയുള്ള ചെറിയ വീട് ഇപ്പോള് സിമന്റുചേല വാരിച്ചുറ്റിയിട്ടുണ്ട്. അച്ഛനും അമ്മയും ഇപ്പോഴില്ല. ബിനുവിന്റെ സഹധര്മ്മിണി അമ്പിളിയും പെങ്ങളും കടലുപോലെ കരയുകയാണ്.
വലിയ മോഹങ്ങളില് ആകൃഷ്ടനാവാതെ കവിതയിലും പുല്ലാങ്കുഴല് വായനയിലും അഭയം കണ്ടെത്തിയ യുവാവായിരുന്നു ബിനു. മാറ്റാരും ചെയ്യാത്ത കുറെ കാര്യങ്ങള് ചെയ്യാനും ബിനുവിന് കഴിഞ്ഞു. അതിലൊന്ന് കുമളിയില് സംഘടിപ്പിച്ച തമിഴ്- മലയാളം കവിസമ്മേളനമാണ്. അതിനൊരു പശ്ചാത്തലമുണ്ട്.
മുല്ലപ്പെരിയാര് അണക്കെട്ട് ഇപ്പോള് പൊട്ടുമെന്ന് കരുതിയ ദിവസങ്ങള്. കേരളത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കള് ചപ്പാത്തില് നിരാഹാരം കിടന്നു. അപ്പുറത്ത് വൈക്കോയുടെയും മറ്റും നേതൃത്വത്തില് തമിഴരുടെ മഹാപ്രകടനം. തേക്കടിയിലും വണ്ടിപ്പെരിയാറിലും പീരുമേട്ടിലുമൊക്കെയുള്ള മലയാളത്തമിഴര് പോലും കരുണാനിധിയോടൊപ്പം നിന്ന് പീരുമേട് താലൂക്ക് തമിഴ് നാടിനോടു ചേര്ക്കണമെന്ന് അഭിപ്രായപ്പെട്ടകാലം. കമ്പത്തും മറ്റുമുള്ള മലയാളികള് ആക്രമിക്കപ്പെട്ട സാഹചര്യം. ഈ സൂചനകളായിരുന്നു പശ്ചാത്തലം.
ബിനു, തമിഴിലെയും മലയാളത്തിലെയും കവികളെ കുമളിയില് വരുത്തി നമ്മള് സഹോദരരാണെന്നു നെഞ്ചില് കൈവച്ചു പറയിപ്പിച്ചു.
മറ്റൊന്നു ശ്രീലങ്കന് തമിഴ് എഴുത്തുകാരികളുടെ കവിതകള് മലയാളികള്ക്ക് പരിചയപ്പെടുത്തിയതാണ്. തമിഴ് മാതൃഭാഷയായിട്ടുള്ള ശ്രീലങ്കയിലെ കര്പ്പകം യശോദരയും വാസന്തിരാജയും മൈഥിലിയും ധാന്യയും അടക്കം പതിമൂന്നു എഴുത്തുകാരികളുടെ കവിതകളാണ് ബിനുവും തമിഴ് കവി രാജ് കുമാറും ചേര്ന്ന് മലയാളപ്പെടുത്തി ഒലിക്കാതെ ഇളവേനില് എന്ന പേരില് പ്രസിദ്ധീകരിച്ചത്.
വിവാദത്തിനാല് ലോകവ്യാപകശ്രദ്ധ നേടിയ കഥാകാരന് പെരുമാള് മുരുകന്റെ കുളമാതിരി എന്ന നോവലും എന്.ഡി.രാജ് കുമാറിന്റെ സമ്പൂര്ണ്ണ കാവ്യസമാഹാരവും ബിനു മലയാളത്തിലാക്കി.
മാവേലിക്കരയില് വച്ചായിരുന്നു ബിനുവിന്റെ പാലറ്റ് എന്ന ആദ്യകവിതാ സമാഹാരത്തിന്റെ പ്രകാശനം. ചിത്രകാരരും സംഗീതക്കാരും നാടകക്കാരും ശില്പ്പികളും പങ്കെടുത്ത അവിസ്മരണീയമായ ഒരു കൂടിച്ചേരലായിരുന്നു അത്.അവര് കുഞ്ഞിനെ തൊടുമ്പോള് എന്നൊരു സമാഹാരം കൂടി പിന്നീടുണ്ടായി.
അടുത്തകാലത്ത് ബിനു എഴുതി പ്രസിദ്ധീകരിച്ച ദീര്ഘകവിതയാണ് പാലുവം പെണ്ണ്. വെട്ടിയാര് പ്രേംനാഥും മറിയാമ്മച്ചേടത്തിയും ചൊല്ലിയ രീതി ഉപേക്ഷിക്കുകയും ചെങ്ങന്നൂക്കുഞ്ഞാതിപ്പാട്ടിന്റെ തനതു സൌന്ദര്യം നഷ്ടപ്പെടാതെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുകയായിരുന്നു ബിനു മതിലകം കനിവ് ചാരിറ്റബിള് സൊസൈറ്റി ഏര്പ്പെടുത്തിയ ഒറ്റക്കവിതാ പുരസ്ക്കാരം ബിനുവിന്റെ പാലുവം പെണ്ണിനു ലഭിക്കുകയും ചെയ്തു. മരണം കൂട്ടിക്കൊണ്ടു പോയതിനാല് ബിനുവിന് ആ അപൂര്വ ബഹുമതി സ്വീകരിയ്ക്കാന് കഴിഞ്ഞില്ല.
അപൂര്വഇടങ്ങളിലൂടെയുള്ള യാത്ര ബിനുവിന് സ്വന്തം ഗോത്രയാനമായിരുന്നു. മഹാനഗരങ്ങള് ഉപേക്ഷിച്ച് ബാവുള്ഗായകര്ക്കൊപ്പം ബിനു പോയത് വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ മുളങ്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. ബിനു, ശാന്തിനികേതനടുത്തുള്ള ബാവുള് ഗായകന് നാരായണദാസിന്റെ വീട്ടില് പോയ വാര്ത്ത അവിടെ നേരത്തെ പോയിട്ടുള്ള എന്നെ അത്യധികം സന്തോഷിപ്പിച്ചിരുന്നു. തരുണ് ദാസ് അടക്കമുള്ള ബാവുള് ഗായകരോടൊപ്പം കേരളത്തിലെ കോളജ് കാംപസ്സുകളിലും ബിനു പുല്ലാങ്കുഴലുമായി സഞ്ചരിച്ചിരുന്നു. അന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില് സംഘാടകവേഷത്തില് നില്ക്കുകയായിരുന്നു ഞാന്
ഗ്രാമചിത്രങ്ങളും ശില്പ്പങ്ങളും നിറഞ്ഞതാണ് ബിനുവിന്റെ കവിത. കവിതയെ ബിനു ധനാഗമമാര്ഗ്ഗമാക്കിയില്ല. പകരം പുല്ലാങ്കുഴലിനെ ചുണ്ടോടു ചേര്ത്തു. തേക്കടിയിലെ സ്പൈഡ് വില്ലേജില് വിനോദസഞ്ചാരികള്ക്കായി റോസാപ്പൂങ്കണ്ടങ്ങള് സൃഷ്ടിച്ചു. കൂട്ടുകാരുടെ കല്ല്യാണസ്ഥലത്തേക്കും പുസ്തകപ്രകാശന വേദിയിലേക്കും പുല്ലാങ്കുഴലുമായി സഞ്ചരിച്ചു. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ജലവളയങ്ങള് രൂപപ്പെടുത്തി വലുതാക്കി അക്കരെ നിന്നവരെ തൊടുവിച്ചു. സ്ത്രീകളെല്ലാം അമ്മമാരായിരുന്ന കാലം ഓര്മ്മിപ്പിച്ചു.
ദക്ഷിണാഫ്രിക്കന് സംവിധായകൻ ജോർജ്ജ് അക്വിറ്റി അബ്ബാന്റെയും റഷ്യൻ സംഗീതജ്ഞ അലീന അബ്ബാന്റെയും നേതൃത്വത്തിൽ ഒരുക്കിയ ജാംബ്ബേ ബാംബൂ മ്യൂസിക്ക് ബാന്റിലും ബിനുവിന്റെ പുല്ലാങ്കുഴല് സ്വരസ്ഥാനം ഉറപ്പിച്ചിരുന്നു
നെല്ലിന് തണ്ടില് ഇലച്ചാര് നിറച്ച് നാഗരികദൃശ്യങ്ങള് പോലും പകര്ത്തി.ഭ്രാന്ത് പറയുന്ന, പൂക്കൾ കൊരുക്കുന്ന പൊട്ടിച്ചിരിക്കുന്ന നിറയെ മുഖക്കുരുവുള്ളഒരു ദൈവത്തെയും ബിനു ധൈര്യവും നര്മ്മവും കലര്ന്ന ഭാഷയില് അടയാളപ്പെടുത്തി. കടുക് പോലെയുള്ള മനുഷ്യരെയും മൊട്ടക്കുന്നിന്റെ പച്ച വെല്വെറ്റിനെയും ബിനു കാവ്യപ്പെടുത്തി. ഒരു
കേരളാ,എം.ജി, മദ്രാസ് സര്വകലാശാലകള് ബിനുവിന്റെ കവിതകള് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തി.ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യന് ദളിത് ആന്തോളജിയില് സുരക്ഷിതമാക്കി.
ബിനുവിന്റെ പുല്ലാങ്കുഴലുകള് കുമളിയിലെ വീട്ടില് അനാഥമായിരിക്കുന്നു. അതെ. ഇത്രയും മായാത്ത മുദ്രകള് അവശേഷിപ്പിച്ച ബിനു എം.പള്ളിപ്പാട് അതീവസാധാരണക്കാരനായി മരിച്ചു.മരണം ഒരു ഗ്രാമീണഈണമായി വന്ന് ബിനുവിനെ സൌമ്യമായി തഴുകി.

No comments:

Post a Comment