Thursday 2 September 2021

മഹാഭാരതം - ജി.പ്രമോദിന്റെ വായനക്കുറിപ്പ്. (മനോരമ ഓൺ ലൈൻ)

 മഹാഭാരതം - വ്യാസന്റെ സസ്യശാല

ജി.പ്രമോദിന്റെ വായനക്കുറിപ്പ്.
(മനോരമ ഓൺ ലൈൻ)
--------------------------------------------
വ്യാസന്റെ സസ്യശാല - കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരതപര്യടനം
-------------------------------------------------------------
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തിൽ.
ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ
കാവ്യത്തിലെ എണ്ണൂറോളം വ്യാസസസ്യങ്ങളെ അണിനിരത്തി
കുരീപ്പുഴ ശ്രീകുമാർ ഒരുക്കിയ കാവ്യപരമ്പരയാണ്
വ്യാസന്റെ സസ്യശാല എന്ന പുസ്തകം.

ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകമെന്നു
കീർത്തി കേട്ട മഹാഭാരതത്തെ ആധുനികകാലത്തു
നിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമം.

ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തിൽ എന്താണ്
ഇല്ലാത്തതെന്ന ചോദ്യംഈ കാലത്തും പ്രസക്തമാണ്.
യുദ്ധവും സമാധാനവും കുറ്റവും ശിക്ഷയും നിന്ദിതരും
പീഡിതരും, അഗമ്യഗമനം സ്ത്രീ അപഹരണം ബലാൽസംഗം
ശവഭോഗം നരഹത്യ മൃഗഹത്യ  യാഗം സവർണ്ണാധിപത്യം
സ്വയംവരം സ്ത്രീയോടുള്ള ബഹുമാനം ചർവാക ദർശനം
സാംഖ്യം യാഗനിഷേധം പ്രണയം മാതൃകാദാമ്പത്യം
പ്രാണിസ്‌നേഹം ആദിവാസിജീവിതം തുടങ്ങി
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. അനന്ത വൈചിത്ര്യമുള്ള
കഥാപാത്രങ്ങൾ.

18 വർഷമായി ഭാരതപര്യടനം നടത്തുകയാണ് കുരീപ്പുഴ.
ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു
മുതൽ എട്ടു വരിവരെയുള്ള ചെറു കവിതകൾ.
ഒറ്റക്കവിതയായി വായിക്കാവുന്നതാണ് ഓരോ കവിതകളും.
കഥയുടെ തുടർച്ചയല്ല, കഥാപാത്രങ്ങളുടെ മനസ്സാണ് കവി
ഖനനം ചെയ്യുന്നത്.

പ്രശതരല്ലാത്തവരെ കുറിച്ചു മാത്രം ഒറ്റവരിയിൽ കുറിപ്പുകൾ
കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളിൽ ആഴത്തിൽ
കൊള്ളുന്നുണ്ട് കാവ്യശരങ്ങൾ. അക്ഷരമാലാക്രമത്തിൽ
യോജിപ്പിച്ചിട്ടുള്ള സമാഹാരത്തിൽ എവിടെനിന്ന് എങ്ങോട്ടും
വായിക്കാം. ഏതു സസ്യത്തെ അറിയാൻ ശ്രമിച്ചാലും
കവിതയുടെ ഫലം ഉറപ്പ് എന്നതാണ് വ്യാസന്റെ സസ്യശാലയിലൂടെ
കുരീപ്പുഴ ഉറപ്പു നൽകുന്നത്.

സാധാരണക്കാർക്ക് പരിചിതനല്ലാത്ത അകമ്പനൻ എന്ന
കഥാപാത്രത്തിലാണ് തുടക്കം. പുത്രമൃത്യുവാൽ ദുഃഖിതനായ
കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയിൽ അകമ്പനന്റെ
ജീവിതം അനാവൃതമാകുന്നു.

അച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദുഃഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു

അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന
കാഴ്‌ച എട്ടുവരിയിൽ അനവദ്യസുന്ദരമായി കവി
അവതരിപ്പിക്കുന്നു.പാണ്ഡവന്മാരിലെ പ്രധാനി പോലെയോ
കർണ്ണൻ പോലെയോ അകമ്പനനും മനസ്സിൽ തറയുകയാണ്.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ, വെളിച്ചം
കെട്ടുപോയ ജീവിതത്തിൽ എന്നെന്നേക്കും.
തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റു നോക്കിരിക്കുന്ന
അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തിൽ കവിത സഫലമാകുന്നു.

പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന
വ്യക്തിയാണ് കുരീപ്പുഴയുടെ അർജ്ജുനൻ. അസ്ത്രങ്ങളെന്തിന്,
ഗാണ്ഡിവമെന്തിനെന്ന് വിലപിക്കുന്ന വില്ലാളിവീരന്റെ
മനുഷ്യമുഖം. ശത്രുവ്യൂഹത്തിൽ പുത്രന്റെ രക്തമുണങ്ങിയോ
എന്ന് അർജ്ജുനൻ ആകുലപ്പെടുമ്പോൾ, നിസ്സഹായത്വമേ
മർത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ
അകം പൊരുൾ. എല്ലാവരുമുണ്ടായിട്ടും ആരും
രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കിൽ
മറ്റെന്താണ്.

ആരാണ് പുരുഷൻ എന്ന ചോദ്യമാണ് അംബ ഉയർത്തുന്നത്.
നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലൻ
എന്ന മറുപേരും അംബ പുരുഷനു നൽകുന്നുണ്ട്.
അവനുമായി ഏറ്റുമുട്ടുവാൻ എന്നിലെ വനിതയെ
വില്ലെടുപ്പിച്ച് നിർത്തുകയാണ് അംബ. ഇത് മഹാഭാരതത്തിന്റെ
ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്.
കാലം ഇതിഹാസ കാവ്യപുസ്തകത്തിനു കാത്തുവച്ച
കുലനീതി.

കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ
സസ്യശാലയിൽ. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്ക്
വേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ
കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്.
"സിംഹജാഗ്രതയുള്ളിൽ ഗർജ്ജിക്കവേ
ഹംസമല്ല ഞാൻ പാറിപ്പറക്കുവാൻ"

മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവർക്കും ഒന്നിലധികം
തവണ വായിച്ചവർക്കും പുതിയ പൊരുളുകൾ നൽകും
കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവർക്ക്
പുതിയ കാഴ്ചപ്പാടുകളോടു കൂടി ഇനിയെങ്കിലും വായിക്കാം.

ഈ സ്വതന്ത്ര കവിതകൾ സഫലമായ കാവ്യജീവിതത്തിന്റെ
സമ്മോഹനഫലങ്ങളായി മലയാള കാവ്യശാഖയെ
സമ്പന്നമാക്കുന്നു.

1 comment:

  1. മാഷുടെ ഭാരതപര്യടനം ഞാൻ വായിച്ചിട്ടില്ല ,ഇനി വാങ്ങി വായിക്കണം .

    ReplyDelete