Tuesday 31 August 2021

 പാര്‍ലമെന്‍റ് അംഗങ്ങളുടെ നാടകം

--------------------------------------------------------
രാഷ്ട്രീയനേതാക്കള്‍ നാടകം കളിക്കുകയാണെന്നും ആരുടെയോ തിരക്കഥ അനുസരിച്ചു പോകുകയാണെന്നും സാധാരണ പറയാറുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണസഭയിലെ അംഗങ്ങള്‍ അപൂര്‍വമായി നാടകം കളിക്കാറുമുണ്ട്.

നിയമസഭാവാര്‍ഷികവും മറ്റും വരുമ്പോള്‍ ആദരണീയരായ അംഗങ്ങള്‍ ക്രിക്കറ്റ്, ഫൂട്ബാള്‍,വടംവലി തുടങ്ങിയ കായികപരിപാടികള്‍ നിയമസഭയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്റ്റേഡിയത്തില്‍ വച്ച് നടത്താറുണ്ട്.നാടകത്തിനു സാഹിത്യ അക്കാദമി അവാര്ഡ് നേടിയ നിയമസഭാംഗം പിരപ്പന്‍കോട് .മുരളിയെഴുതിയ ഒരു നാടകം അന്നത്തെ നിയമസഭാംഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ഈ പരിപാടികളെല്ലാം നിയമസഭാംഗങ്ങളുടെ മാനസിക സന്തോഷത്തിനും ചാനലുകളുടെ വാര്‍ത്താക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയാണെങ്കില്‍ ചാനലുകളില്ലാത്ത ഒരുകാലത്ത്, സമരം ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം രക്ഷിക്കാനുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടി പാര്‍ലമെന്‍റ് അംഗങ്ങള്‍ ഒരു നാടകം പഠിച്ച് അരങ്ങേറിയ അനുഭവവും നമുക്കുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മദ്ധ്യാഹ്നം. ആലപ്പുഴയിലെ കയര്‍ മുതലാളിമാര്‍ പണം കൊണ്ട് അമ്മാനമാടുന്ന കാലം. തൊഴിലാളികള്‍ ജീവിക്കാനായി പെടാപ്പാട് പെടുന്ന കാലം.നിരന്തര ചൂഷണത്തില്‍ നിന്നും കരകയറാനായി തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്റ്ററികള്‍ അടച്ചുപൂട്ടി പാഠം പഠിപ്പിക്കാന്‍ .തീരുമാനിച്ചിരിക്കുകയാണ് മുതലാളിമാര്‍. ടി.വി.തോമസിന്റെയും മറ്റും അജയ്യ നേതൃത്വം സമരക്കാരെ മുന്നോട്ട് നയിക്കുന്നു. സമരാഗ്നിയില്‍ എണ്ണയൊഴിച്ച് കൊണ്ട് പി.കെ മേദിനി പാടുന്നു.

സമരം നീളുംതോറും തൊഴിലാളികള്‍ അസ്വസ്ഥരാണ്. വീട്ടിലെ അടുപ്പില്‍ തീ പുകയുന്നില്ല.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ എ.കെ.ജിക്ക് ഒരു ആശയം തോന്നി. പാര്‍ലമെന്‍റെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഒരു നാടകം ഡെല്‍ഹിയില്‍ അരങ്ങേറി പണം സമാഹരിച്ച് ആലപ്പുഴയിലെ തൊഴിലാളികള്‍ക്ക് നല്കാം.

ഡെല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓംചേരി എന്‍.എന്‍ പിള്ളയെ, പ്രതിപക്ഷനേതാവിന്‍റെ താമസസ്ഥലമായ  വിന്‍ഡ് സര്‍ പ്ലേസിലേക്ക് വിളിക്കുന്നു. സമരക്കാരെ സഹായിക്കാന്‍ ഒരു നാടകം എഴുതണം.

കവിതക്കമ്പവുമായി ദില്ലിയിലെത്തിയതാണ് ഓംചേരി. അദ്ദേഹം എഴുതി. ഇന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരപ്രഭ ചൂടി നില്‍ക്കുന്ന അദ്ദേഹം ദില്ലിയിലെത്തിയ ശേഷം ആദ്യം എഴുതുന്ന നാടകം. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു.

പി.ടി.പുന്നൂസ്,കെ.സി.ജോര്‍ജ്, ഇ.കെ.ഇമ്പിച്ചിബാവ, വി.പി നായര്‍ തുടങ്ങിയ പാര്‍ലമെന്‍റ് അംഗങ്ങളും റോസ് ക്കോട്ട് കൃഷ്ണപിള്ളയും മറ്റുമാണ് അരങ്ങത്ത്. നാടകം കാണാന്‍ കവി ഹരീന്ദ്രനാഥ ചതോപാധ്യായ അടക്കമുള്ള സമ്പന്നമായ സദസ്സ്..

ക്രിസ്തുമത വിശ്വാസികളായ തോമായുടെയും ത്രേസ്യയുടെയും വീടാണ് ആദ്യരംഗം.അവരും മകന്‍ പുരോഗമനവാദിയായ ചാക്കോയും തമ്മിലുള്ള സംഭാഷണം മുറുകുമ്പോള്‍ ആ ഇടവകയിലെ വികാരി കടന്നു വരുന്നു. സമരത്തിന്‍റെ ചൂളയില്‍ അഗ്നിശോഭയോടെ നില്‍ക്കുന്ന ചാക്കോയെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ വികാരി ശ്രമിക്കുന്നു.

വികാരിയുടെ ശ്രമം പരാജയപ്പെടുകയും ചാക്കോ വിളിച്ച ഒരു സ്ഥലത്തേക്ക് വികാരി പോവുകയും ചെയ്യുന്നു. പപ്പുപിള്ളയുടെ ഓലപ്പുര.. കയര്‍ ഫാക്റ്ററിയിലെ ജോലിക്കിടയില്‍ പപ്പുപിള്ളയുടെ കയ്യൊടിഞ്ഞു.ഭാര്യ കീടപ്പിലാണ്. പട്ടിണിയിലായ മക്കള്‍. ഫാക്റ്ററി ഉടമസ്ഥനായ ലോനപ്പന്‍ മുതലാളി ആ പാവം തൊഴിലാളി കുടുംബത്തെ കുടിയിറക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

പള്ളി വികാരി ലോനപ്പന്‍ മുതലാളിയോട് ആ കുടുംബത്തെ ഇറക്കി വിടരുതെന്ന് അഭ്യര്‍ഥിക്കുന്നു. ആ ഓലപ്പുര നില്‍ക്കുന്നിടമാണ് കപ്പേള പണിയാന്‍ കണ്ടുവച്ചിരിക്കുന്നതെന്ന് പറഞ്ഞ് മുതലാളി ആ അഭ്യര്‍ഥന നിരസിക്കുന്നു.

പപ്പുപിള്ളയെയും കുടുംബത്തെയും നിഷ്ക്കരുണം ഇറക്കിവിടുകതന്നെ ചെയ്യുന്നു. പള്ളിമേടയില്‍ വച്ച് നടക്കുന്ന ഒരു അസാധാരണ രംഗത്തോടെയാണ് ആറു രംഗങ്ങളുള്ള ഈനാടകം  അവസാനിക്കുന്നത്. അന്നത്തെ തൊഴിലാളി ജീവിതത്തിന്റെ ദയനീയരംഗങ്ങളാല്‍ കരളലിയിക്കുന്ന ഈ നാടകം ബൈബിള്‍ വചനങ്ങളുടെ പൂമരങ്ങളും നിറഞ്ഞതാണ്.

നാടകം കണ്ട കവി ഹരീന്ദ്രനാഥ ചതോപാധ്യായ, ഈ നാടകം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റണമെന്ന് അഭ്യര്‍ഥിച്ചു. ഇംഗ്ലീഷ് പരിഭാഷയ്ക്ക് അദ്ദേഹം അവതാരികയും എഴുതി.

ഓംചേരി പിന്നീട് നിരവധി നാടകങ്ങളെഴുതി. സഖാവ് വെളിയം ദാമോദരന്‍ അടക്കമുള്ളവര്‍ കേരളത്തില്‍ അഭിനയിച്ചു പൊലിപ്പിച്ച തേവരുടെ ആനയും നാട്ടിലും മറുനാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട ഉലകുടപെരുമാളുമൊക്കെ മലയാളത്തിനു ലഭിച്ചു. എല്ലാ നാടകങ്ങളും മലയാള നാടകവേദിയെ മുന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു.

പാര്‍ലമെന്‍റ് അംഗങ്ങള്‍ അവതരിപ്പിച്ച ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്ന ആദ്യനാടകം തന്നെ നാടകത്തിന്റെയും സമരത്തിന്റെയും ചരിത്രത്തില്‍ വേറിട്ട വ്യക്തിത്വത്തോടെ നില്ക്കുന്നു.

1 comment: