Tuesday 24 August 2021


മ ഹാഭാരതം - വ്യാസന്‍റെ സസ്യശാല

വായനക്കുറിപ്പുകള്‍ 4

പുത്തലത്ത് ദിനേശന്‍ / സുരേഷ് ശേഖരന്‍ / വി.എസ്. ബിന്ദു / ഒ.ബി.ശ്രീദേവി


കഥാപാത്രങ്ങള് കവിതകളില് എത്തുമ്പോള്‍ / പുത്തലത്ത് ദിനേശന്‍

.................................................
മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെക്കുറിച്ച് നാമിന്നും ഏറെ മനസ്സിലാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് പി. ജി. നല്കിയ മറുപടി ഇന്നും ശ്രദ്ധേയമായി നില്ക്കുന്ന ഒന്നാണ്. ഇലിയഡും ഒഡീസിയും യൂറോപ്യന്റെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്, അവയ്‌ക്കൊന്നും ഇന്ന് അവിടുത്തെ രാഷ്ട്രീയത്തെ നിയന്ത്രിക്കാനാവില്ല. പക്ഷേ ഇന്ത്യയില് ഇതിഹാസങ്ങള് രാഷ്ട്രീയത്തെ നിയന്ത്രിക്കാന് വേണ്ടി തെറ്റായി വ്യാഖ്യാനിച്ച് ഉപയോഗിക്കുകയാണല്ലൊ. അപ്പോള് നമുക്കെങ്ങനെ അതിനെ പഠിക്കാതെ മാറിനില്ക്കാനാകും എന്നദ്ദേഹം പറയുകയുണ്ടായി.
ജനകീയ കവിതകളുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ 'മഹാഭാരതം വ്യാസന്റെ സസ്യശാല' എന്ന കവിതാ പുസ്തകം കണ്ടപ്പോള് പി. ജിയുടെ വാക്കുകളാണ് ഓര്മ്മ വന്നത്. ഈ പുതിയ ഇടപെടല് എന്തായിരിക്കുമെന്ന കൗതുകത്തേടെ പേജുകള് മറിഞ്ഞുകൊണ്ടേയിരുന്നു. തീര്ച്ചയായും വ്യത്യസ്തമായ വായനാ അനുഭവമായിരുന്നു അത് .മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഏതാനും വരികളില് തന്റേതായ കാഴ്ചയിലൂടെ വിലയിരുത്തുകയാണ് ഇതില്.
മഹാഭാരതത്തെ താനെങ്ങനെ കാണുന്നു എന്ന് കവിയുടെ കാഴ്ചപ്പാട് ആമുഖത്തിലുണ്ട്. മഹാഭാരതം ആത്യന്തികമായി യുദ്ധം തെറ്റാണെന്നും സ്ഥാപിക്കുന്ന പുസ്തകമാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തില് മരിക്കുന്നവര്ക്കും അനാഥമാകുന്ന സ്ത്രീകള്ക്കും കുഞ്ഞുങ്ങള്ക്കും ഈ കൃതി അദ്ദേഹം സമര്പ്പിക്കുന്നു. യുദ്ധങ്ങളും അധികാര മത്സരങ്ങളും സ്ത്രീകള്ക്കും കുട്ടികള്ക്കും എത്രയേറെ ദുരിതങ്ങള് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വര്ത്തമാനകാലത്ത് കവിയുടെ ഈ കാഴ്ചകള് ഏറെ പ്രസക്തമായി തീരും.
പതിനെട്ടു വര്ഷം കൊണ്ട് എഴുതിത്തീര്ത്തതാണത്രെ ഈ കവിതകള്. മഹാഭാരതത്തിലുള്ള എണ്ണൂറോളം കഥാപാത്രങ്ങളെയാണ് കവി ഇതില് വരഞ്ഞുകാട്ടുന്നത്. രണ്ടുവരി മുതല് എട്ടുവരി വരെയുള്ള ചെറുകവിതകളായി. ചിലത് നോക്കൂ.
കുന്തി
................
ഒന്നാമനെക്കൊന്ന
നാലമനാണു നീ
വില്ലാളിവീരനാം പാപി.
എന്നെപ്പോല്
നീയുമെരിഞ്ഞുവല്ലോ
പുത്രസന്താപച്ചൂളയില്
ഇന്ദ്രോപമനുമായ്
പങ്കിട്ട പൂവമ്പ്
സങ്കടത്തിന്റെ തീയമ്പ്.
ഗാന്ധാരി
.......................
അമ്മ
നൂറ്റൊന്നു മക്കള്
പത്‌നി
ഭര്ത്താവു രാജ്യാധികാരി
കണ്ണഴിക്കേണ്ടായിരുന്നെന്നു തോന്നുന്നു
കണ്ണില് നിറച്ചും
ശവങ്ങള്.
ഉത്തര
................
അടിവയറ്റില്
മൃദുസ്പന്ദനം
ജീവന്റെ കണിക.
പരീക്ഷിതമെന്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതില് വെന്തു
വീഴുന്ന പ്രാണികള് സ്ത്രീകള്.
ദുശ്ശള
..............
അസ്ത്രസന്നാഹം
വെറുക്കുന്നു ഞാന്
എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം.
കൂടപ്പിറപ്പുകള്
ഭര്ത്താവ്
സംഗരഛായയില് പുത്രന്,
മരിച്ച പെണ് പക്ഷി ഞാന്.
ലോകമേ
നീയും നശിക്കും
എന് ജീവനില്
ചോര പുരട്ടിയ
യുദ്ധ ഭ്രമത്തിനാല്
ഘടോല്ക്കചന്
.......................................
കാട്ടില്
ഉപേക്ഷിച്ചു പോയിട്ടും
അച്ചന്റെ
നാട്ടില് ഞാനെത്തിയെന്
ഗോത്രപ്പടയുമായ്
തമ്പുരാന്മാരുടെ
യുദ്ധോത്സവത്തിനെന്
ചങ്കിലെ ചോരയാല് മംഗളം നേരണം.
യാഗഭോഷന്മാര്
ദ്വിജന്മാരെന് സൈനിക-
മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.
അഭിമന്യു
..........................
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകള്-
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാന്.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാന്
നിസ്സഹായത്വമേ
മര്ത്യന്റെ ജീവിതം.
കര്ണ്ണന്
.....................
ആദിത്യശോഭിതനുജ്ജ്വലനച്ഛന്
ദീപശിഖപോലെയുള്ള പെറ്റമ്മ
നേരറിഞ്ഞപ്പോള് സ്വയം മരിക്കാനായ്
മോഹിച്ചു പോ,യെന് പിറവിക്കു സാക്ഷി
അശ്വനദി നീ വിഴുങ്ങാഞ്ഞെതെന്ത്
അത്യപമാനിതനാണീയനാഥന്.
ഭീഷ്മര്
.................
ആത്മഹത്യക്കു മുന്പല്പ്പം
ജലം തന്നതാരാകിലും നന്ദി,
അമ്മേ വരുന്നു ഞാന്
യുദ്ധാവസാനം
ജയിച്ചവര്ക്കൊക്കെയും
അസ്ത്രക്കിടക്കയൊരുക്കുന്ന കാലമേ
എന്നെക്കുറിച്ചോര്ത്തു
ദുഃഖിക്കുവാന് മണ്ണി-
ലെന്നില് നിന്നാരുമില്ലാത്തതേ ധന്യത.
......
ഈ കവിതകള് മഹാഭാരതത്തിന്റെ പകര്പ്പല്ല എന്നും, പുതിയ കാലത്തു നിന്നുകൊണ്ടുള്ള സൂക്ഷ്മവല്ക്കരണമാണെന്നും കവി പറയുന്നുണ്ട്. ചില കിളിവാതിലുകൾ ആണെന്ന് ഓർമ്മിപ്പിക്കാനും മറക്കുന്നില്ല.ദുരിതം ഏറ്റുവാങ്ങാത്ത ആരുമില്ലാത്ത മഹാഭാരതത്തിലെ ചിലരെക്കുറിച്ചുള്ള കവിതകള് നമ്മെ ചിന്തിപ്പിക്കാതിരിക്കില്ല. വായിക്കാം, നമുക്കും ഇതിനെ വിലയിരുത്താമല്ലൊ.

--------------------------------------------------------------------------------------------------------------

കവി സുരേഷ്ശേഖരന്റെ വായനക്കുറിപ്പ്
--------------------------------------------------------
മേരു പർവത സമാനമായ ഒരു ഗ്രന്ഥത്തെ അനിതരണ സാധാരണമായ ധിഷണാശക്തിയാൽ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്ത അത്ഭുത പ്രതിഭാശാലിയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. തമ്പുരാൻ്റെ ഭാഷാമഹാഭാരതത്തെ അധികരിച്ച് പ്രിയകവി കുരീപ്പുഴ ശ്രീകുമാര് എഴുതിയ കവിതാ പുസ്തകമാണ് "മഹാഭാരതം - വ്യാസന്റെ സസ്യശാല. അനേകമാണ് ഭാരതത്തിലെ കഥാപാപാത്ര സംഖ്യ. അതിൽ നിന്ന് എണ്ണൂറോളം പേരെ വേർതിരിച്ചെടുത്ത് കവി സസ്യ ശാലയിൽ അവതരിപ്പിക്കുന്നു; അകമ്പനിൽ തുടങ്ങി, ഹോത്ര വാഹനനൻ വരെ അക്ഷരമാലാ ക്രമത്തിൽ...
"മാമരങ്ങൾ വയസ്സായവർക്കും
ശീതളപ്പായ് വിരിക്കുന്ന പോലെ
പൂവുകൾ പ്രായഭേദമില്ലാതെ
തൂമണം സൽക്കരിക്കുന്ന പോലെ
കൊച്ചുമക്കളീ മുത്തച്ഛനായി
വച്ചു മാറുന്നു ധർമ്മ സമ്പത്ത് "
എന്ന് കുരീപ്പുഴ അഷ്ടകനെ നിർവചിക്കുമ്പോൾ എൻ്റെ അഹങ്കാരനാളം ആ ജ്ഞാനനിലാവിൽ അണഞ്ഞില്ലാതെയാവുന്നു.
മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ഉത്തരയെന്നും കൃഷ്ണന്റെ സഹോദരിയായ സുഭദ്രയിൽ അർജുനനു ജനിച്ച അഭിമന്യു ആണ് ഉത്തരയെ വിവാഹം കഴിച്ചതെന്നും ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു മഹാനായ പരീക്ഷിത്തെന്നും ഉത്തര ഗർഭിണിയായിരിക്കെയായിരുന്നു വീരനായ അഭിമന്യുവിൻ്റെ മരണമെന്നുമൊക്കെ നമുക്കറിയാം. എന്നാൽ വിരാടരാജാവായ മത്സ്യരാജാവിന്റെ പുത്രനായ ഉത്തരനെ നമ്മിൽ എത്രയാൾക്കറിയാം?
"ധേനു സഹസ്രങ്ങൾ വീണ്ടെടുക്കാൻ യുദ്ധ -
രീതികൾ നോക്കി പഠിച്ചു ഞാനെങ്കിലും
ഘോര കുരുക്ഷേത്ര യുദ്ധത്തിൽ വീണുപോയ്,
ജീവഹാനിക്കുള്ള മാധ്യമം സംഗരം "
എന്ന് കുരീപ്പുഴ സാർ ഉത്തരൻ്റ മനോഗതത്തിലൂടെ ആ കഥാപത്രത്തെ മനസ്സിലാക്കിത്തരുന്നു. ഓരോ കഥാപാത്രത്തിൻ്റെ ഉള്ളിലേക്കും ആ കവിമനസ്സ് എത്ര ആണ്ടിരിക്കുന്നുവെന്ന് ഇത് സുവ്യക്തമാക്കുന്നുണ്ട്.
തക്ഷകനെ എനിക്കറിയാം. അതു കൊണ്ടു തന്നെ ദുഃഖവും കോപവും സന്നിവേശിപ്പിച്ച ആ ആറുവരി പദ്യം എനിക്ക് നന്നായി ആസ്വദിക്കാനായി.
"ഏതു സമുദ്രത്തിലാകിലും ശത്രു വിൻ
ജീവനിൽ കൊത്തി ഞാൻ
സ്നേഹബലിനൽകിടും "
എന്ന് വായിച്ച് നിർത്തുമ്പോൾ കവിയുടെ രചനാ ചാതുരിക്കു മുമ്പിൽ ഞാൻ നമിച്ചു നിൽക്കുന്നു.
ഇത് മഹാഭാരതകഥ തുടർച്ചയായി പറയുന്ന ഒരു കാവ്യമല്ല. കഥാപാത്രങ്ങളെക്കുറിച്ചെഴുതിയ ചെറു കവിതകളുടെ സമാഹാരമാണ്.
പുസ്തകത്തിൽ നിന്നും.
-------------------------------
ഘടോൽക്കചൻ
---------------------
കാട്ടിൽ
ഉപേക്ഷിച്ചു പോയിട്ടും
അച്ഛൻ്റെ
നാട്ടിൽ ഞാനെത്തിയെൻ ഗോത്രപ്പടയുമായ്
തമ്പുരാന്മാരുടെ
യുദ്ധോത്സവത്തിനെൻ
ചങ്കിലെ ചോരയാൽ മംഗളം നേരണം
യാഗ ഭോഷന്മാർ
ദ്വിജൻമാരെൻ സൈനിക -
മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.
ഏകലവ്യൻ
----------------
അമ്മവിരൽ ചോദിച്ച
നീചനാണെൻ ഗുരു
തിന്മയുടെ മർത്യാവതാരം.
ഇല്ലെങ്കിലെന്ത് വലം കൈവിരൽ
എനിക്കുള്ള തെൻ
ഹൃദയപക്ഷത്തിന്നിടംവിരൽ.
കൊല്ലാൻ വരട്ടെ
വിശുദ്ധമൃഗങ്ങളെ
വെല്ലുവാനാണെൻ്റെ ജന്മം.
ഒറ്റയിരിപ്പിരുന്നാൽ രണ്ടു നാളിൽ വായിച്ചു തീർക്കാം ഈ സസ്യശാല. എന്നാൽ അത്തരത്തിലൊരു വായനയല്ല ഈ പുസ്തകം ആവശ്യപ്പെടുന്നത്. ഓരോ കവിതയും ആസ്വദിച്ചാസ്വദിച്ച് മെല്ലെ മെല്ലെ മുന്നോട്ട്.
---------------------------------------------------------------------------------------------------------

കവി വി.എസ്. ബിന്ദുവിന്റെ വായനക്കുറിപ്പ്
----------------------------------------------------------
ഏറ്റവും പ്രിയമുള്ളവരേ
മഹാഭാരതത്തില് വിദുരക്കാഴ്ചയിലൂടെ വിദൂരദൃശ്യങ്ങള് കണ്ട രാജാവിന്റെ സ്ഥാനത്തല്ല വായനക്കാര്. അതിന്റെ ഭൂഭാഗ വിസ്തൃതിയാകട്ടെ യുഗങ്ങള്ക്കപ്പുറത്തേക്കും വ്യാപിച്ചു കിടക്കുന്നു.
പതിനെട്ടു വര്ഷം, പതിനെട്ടു അക്ഷൌഹിണിപ്പടയുടെ യുദ്ധബോധത്തിന്റെ സഞ്ചാരമാണ് കവി സ്വയം ഏറ്റെടുത്ത പങ്കാളികളില്ലാത്ത കാവ്യാസംഗരത്തില് സ്വയം മുറിവുകളേറ്റതിന്റെ അടയാളത്തെ നമുക്കു കൈമാറുന്നു. എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല ഈ സസ്യരൂപികളെ.
അ മുതല് ഹ വരെയുള്ള അക്ഷരപ്രയാണത്തില് വെന്തെരിയുന്നതും പൊള്ളലേല്ക്കുന്നതും ചുറ്റും നില്ക്കുന്നവരും അറിയും. മഹാഭാരതമെന്ന സമഗ്ര കാവ്യത്തിന്റെ സംഘര്ഷസാദ്ധ്യതകളെ വിത്താക്കി വളര്ത്തിയെടുത്ത ജൈവപരീക്ഷണ ശാലകൂടിയാണ് ഈ രചന.
അകമ്പനന്, പുത്രദു:ഖത്താല് ഇടിഞ്ഞ പര്വതമായും വറ്റുന്ന പുഴയായും കരിഞ്ഞ ചില്ലയായും മരണത്തിന്റെ മണല്ക്കാടായും പൊള്ളുന്ന ചന്ദ്രരശ്മിയായും ഏറ്റുപറയുന്ന നിമിഷം മുതല് നാം അപൂര്വ സസ്യഗന്ധം ഘ്രാണിച്ചു തുടങ്ങുന്നു.
വിനയപൂര്വം കവി ഈ പുസ്തകത്തിന്റെ ഘടന പറഞ്ഞു തന്നിട്ടുള്ളത് ഇങ്ങനെയാണ്. പരിണാമം, ജിജ്ഞാസ,തുടങ്ങി കഥാകാവ്യങ്ങള്ക്കും കാവ്യബാഹ്യ സാഹിത്യരൂപങ്ങള്ക്കും ഉണ്ടായിരിക്കേണ്ട ബാധ്യതായൊന്നുമില്ലാത്തതിനാല് ഓരോ കവിതയും ഒരര്ത്ഥത്തില് സ്വതന്ത്രമാണ്.അതുകൊണ്ടുതന്നെ രചനാനന്തരം അക്ഷരമാലാക്രമത്തിലാണ് കവിതകള് യോജിപ്പിച്ചിട്ടുള്ളത്.മുന്പേ പോയ കവികള് സ്വീകരിച്ചിട്ടുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യസാധ്യതകള് ഈ കവിതകളിലും വിനയപൂര്വം സ്വീകരിച്ചിട്ടുണ്ട്.
ശരിയാണ്. നമ്മളിങ്ങനെ വായിച്ചു പോകുമ്പോഴേക്കും ഇത് ഓരോ കഥാപാത്രവും നമ്മെ നയിക്കുന്നത് പുതിയ ഒരു സ്വതന്ത്ര ലോകത്തെക്കാണ്. അവയുടെ വേരുകള് മണ്ണിനു കീഴെ പടര്ന്നിരിക്കുന്നതും അവ എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നതും അതിന്റെ ചെടിത്തലപ്പു കൊണ്ട് നമുക്ക് ഒറ്റക്കാഴ്ചയില് നിര്ണ്ണയിക്കാനാവില്ല. അതുതന്നെയാണ് ഈ ഗ്രന്ഥം പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ഒരു സാംസ്കാരിക വിചാരം എന്ന് ഞാന് കരുതുന്നു.
മൊത്തത്തില് എന്താണ് ഈ പുസ്തകത്തിന്റെ സാരാംശം എന്ന് ചോദിച്ചാല് ദേവലന് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പറയുന്നതു ശ്രദ്ധിയ്ക്കുക.
"കവി കഥാപാത്രമായൊരീ പുസ്തകം
ലളിതമോഹനം ജീവിതദര്പ്പണം
കൊല,കവര്ച്ച,രണം,ബലാല്ഭോഗവും
സകലതിന്മയും നന്മയും ഭക്തിയും
കരുണ,ത്യാഗം,സുരാഷ്ട്രോപദേശവും
പ്രണയവും പ്രാണിരക്ഷയും സ്വപ്നവും
കവികളായി പിറക്കുന്നവര്ക്കൊക്കെ
ഇതു മഹാത്ഭുതപാഠം പദോത്സവം"
എന്നു പറയുമ്പോള് തന്നെ നമുക്കറിയാം ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തില് എന്താണ്, മഹാഭാരതത്തെ എങ്ങനെ സംഗ്രഹിച്ചിരിക്കുന്നു എന്നുള്ളത്.
ഒരു പക്ഷേ ഇനിയേതെങ്കിലും കഥാപാത്രം ഇതിനകത്ത് പറയാനായിയുണ്ടോ എന്നെനിക്കറിയില്ല.എങ്കിലും മൊത്തത്തില് നമ്മള് എല്ലാ തലങ്ങളിലുമുള്ള, ഏറ്റവും ചെറിയ ആള്, വലിയ ആള് എന്നുള്ളതല്ല,മുഴുവന് കഥാപാത്രങ്ങളെയും സ്പര്ശിച്ചു പോകുന്ന തരത്തിലാണ് ഈ രചനാ രീതി.
എനിക്കു പറഞ്ഞവസാനിപ്പിക്കാനിഷ്ടം ഒരു സ്ത്രീയില്ത്തന്നെയാണ് . അതുകൊണ്ടു പുസ്തകത്തിന്റെ മാഹാത്മ്യം എന്നതിനേക്കാള് പാഞ്ചാലിയെന്താണ് പറഞ്ഞിരിക്കുന്നത് എന്നു കൂടി പറഞ്ഞവസാനിപ്പിക്കാം.
"കണ്ണനോടല്ല..
കിരീടിയോടല്ല
പൊണ്ണനോടല്ല
സുയോധനനോടല്ല
കര്ണനോടാ ണെന്റെ കൌതുകം
അഗ്രജന്
എങ്ങനിരിക്കുമവന്റെ ക്രീഡാലയം?
എന്റെ മനസ്സേ
പരസ്യമായ് വിറ്റൊരു
പെണ്ചാരക്കാണു ഞാന്
നഷ്ടമെന് ജീവിതം."
ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ മഹാഭാരതമായി ഇതിനെ കണക്കാക്കേണ്ടതുണ്ട്.
--------------------------------------------------------------------------------------------------------

പ്രവാസി കവി ഒ.ബി.ശ്രീദേവിയുടെ വായനക്കുറിപ്പ്
--------------------------------------------------------------------
പ്രിയരേ നിങ്ങളോട്,
ഇതിഹാസഗ്രന്ഥത്തിനെ കുറിച്ചല്ലേ .കടുകട്ടിയാകും ഭാഷ.സാധാരണ വായനക്കാർക്ക് അപ്രാപ്യമാകും എന്ന തോന്നലോടെ വളരെ മൃദുതരവും വിരലുകൾ തെന്നിപ്പോകുന്നതുമായ കെട്ടിലും മട്ടിലുമുള്ള ഈ പുസ്തകം നെഞ്ചോടടുക്കി കുറേദിവസങ്ങൾ കടന്നു പോയി. പിന്നീട് ആകാംക്ഷ യോടെ പേജുകൾ മറിച്ചു മറിച്ചു വായിക്കാൻ നിമിഷങ്ങളുടെ ഇടവേളകൾ മാത്രം.
ധൃതരാഷ്ട്രർ
*********"********
"ഉൾക്കണ്ണു കുത്തി -
പ്പൊളിക്കുവാൻ
വേണമൊരസ്ത്രം
അതില്ലാത്തതാണെന്റെ
സങ്കടം"....
പാഞ്ചാലി
***********
"കണ്ണനോടല്ല
കിരീടിയോടല്ല
പൊണ്ണനോടല്ല
സുയോധനനോടല്ല
കർണ്ണനോടാണെന്റെ
കൗതുകം"...
മാദ്രി
******
"പുരുഷന്റെ
അന്ത്യരതിക്കിരയായവൾ
മുലകളിൽ
ചിതറിത്തെറിച്ച ശിരസ്സിനും
വിഫലരേതസ്സിനും സാക്ഷി"...
ശിനി
******
*ദേവസുന്ദരിയാമിവൾ
തൊട്ടാൽ
പൂക്കുന്നതുണ്ടേ നാലുപാടും
കാഞ്ചനക്കൊന്ന".....
ശ്വേതൻ
**********
"കണ്ണിമപൂട്ടാതെ
പോരാടി ഞാൻ
മനക്കണ്ണിൽ തെളിഞ്ഞില്ല
ശാന്തി പതാകകൾ"
പലിതൻ
***********
"ലോമശപ്പൂച്ചേ
ലോകേശപ്പൂച്ചേ
ഞാനേ പലിതനെലി"....
ഇങ്ങനെ സരസവും പെട്ടെന്ന് ഹൃദിസ്ഥമാക്കാവുന്നതുമായ കവിതകളടങ്ങിയ പേരുകളുടെ വിവരണങ്ങൾ.
നമുക്കറിയാത്ത എത്രയോ കഥാപാത്രങ്ങൾ. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഈ പുസ്തകം മലയാളികളെവിടൊക്കെയുണ്ടോ അവർക്കായി ഞാൻ ഉറപ്പുതരുന്നു. കോവിഡ് പഞ്ഞക്കാലത്തെ ഓർമക്കായി നിങ്ങൾക്കു സൂക്ഷിക്കാനൊരമൂല്യ നിധി.
മലയാള ഭാഷയെ സ്നേഹിക്കുന്ന നാമോരുത്തരുടേയും വീടുകളിൽ ഈ പുസ്തകം പുരാണേതിഹാസങ്ങൾ നാം എങ്ങനെ സൂക്ഷിക്കുന്നുവോ അത്തരത്തിൽ വാങ്ങി സൂക്ഷിക്കേണ്ടതാണ്.ഇടക്കിടക്കുള്ള വായനക്കായി.
നിങ്ങളുടെ
ഒ.ബി.ശ്രീദേവി

No comments:

Post a Comment