Wednesday 25 August 2021

വ്യാസന്‍റെ സസ്യശാല വായനക്കുറിപ്പ് - സതീശന്‍ മോറായി

പ്രിയപ്പെട്ട സുഹൃത്തുക്കളേ 

മലയളത്തിന്റെ പ്രിയങ്കരനായ കവി കുരീപ്പുഴ ശ്രീകുമാറിന്‍റെ മഹാഭാരതം വ്യാസന്റെ സസ്യശാല എന്ന പുതിയ പുസ്തകമാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്.മഹാഭാരതത്തിലെ എണ്ണൂറോളം കാവ്യപാത്രങ്ങളെ വളരെ സൂക്ഷ്മമായി കുറുങ്കവിതകളില്‍ ആവിഷ്ക്കരിക്കുകയാണ്, അടയാളപ്പെടുത്തുകയാണ് കുരീപ്പുഴ.രണ്ടു വരികള്‍ മുതല്‍ എട്ട് വരികള്‍ വരെയാണ് ഓരോ കവിതയുടെയും വലിപ്പം.സമകാലികം ആയിരിക്കുമ്പോള്‍ ത്തന്നെ സാര്‍വകാലികവുമാണ് മഹാഭാരതം പോലെ തന്നെ ഈ കവിതകളും.

മഹാഭാരതത്തിന് മുന്നില്‍ നമ്മള്‍ പെട്ടെന്നു വിനീതരായിപ്പോകുമെന്നു പറയാറുണ്ട്. മഹാഭാരതത്തിന്റെ ഔന്നത്യം അത്രയേറെയാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ക്കും അത്രതന്നെ തലയെടുപ്പുണ്ട്.മഹാഭാരതത്തില്‍ ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട്.എന്നാല്‍ പ്രധാന കഥാപാത്രങ്ങള്‍ മാത്രമാണ് നമുക്ക് ചിരപരിചിതമായിട്ടുള്ളത്.കുരീപ്പുഴ, നമുക്കിവിടെ പരിചിതരും അത്രയൊന്നും പരിചിതരല്ലാത്തവരുമായ കാവ്യപാത്രങ്ങളെ, നമ്മുടെ വായനയില്‍ നമ്മള്‍ പലപ്പോഴും കാണാതെ പോയ വീക്ഷണകോണിലൂടെയാണ് അവതരിപ്പിക്കുന്നത്.ഓരോ കഥാപാത്രത്തെയും കവിതയുടെ ചെപ്പിലൊതുക്കുമ്പോഴും ആ ചെപ്പിനകത്തൊരു കാവ്യസാഗരം ഇരമ്പുന്നുണ്ട്.

കുരീപ്പുഴയുടെ ഈ കുറുങ്കവിതകള്‍ ചെറിയ വരികളില്‍ വലിയ ആശയ ലോകം തുറക്കുന്നവയാണ്.
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണല്ലോ ഭീഷ്മര്‍. കുരുക്ഷേത്ര യുദ്ധത്തില്‍ ആദ്യത്തെ പത്തു ദിവസം കൌരവപ്പടയെ നയിച്ച ഭീഷ്മര്‍ പാണ്ഡവപ്പടയുടെ ശരവര്‍ഷത്തില്‍ മേലാസകലം ശരങ്ങളേറ്റ് ശരശയ്യയില്‍ കിടന്നാണ് മൃത്യു വരിച്ചത്.ഭീഷ്മരെ കവി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഭീഷ്മര്‍ 
-----------
ആത്മഹത്യക്ക് മുന്‍പല്‍പ്പം 
ജലം തന്നതാരാകിലും നന്ദി.
അമ്മേ വരുന്നു ഞാന്‍ 

യുദ്ധാവസാനം 
ജയിച്ചവര്‍ക്കൊക്കെയും 
അസ്ത്രക്കിടക്കയോരുക്കുന്ന കാലമേ 
എന്നെക്കുറിച്ചോര്‍ത്തു 
ദു:ഖിക്കുവാന്‍ മണ്ണി-
ലെന്നില്‍ നിന്നാരുമില്ലാത്തതേ ധന്യത.

യുദ്ധത്തില്‍ ജയിച്ചെങ്കിലും ബന്ധുജനങ്ങളെയെല്ലാം കൊന്നു തള്ളിയ മനസ്താപത്തില്‍ നീറിനില്‍ക്കുന്ന പാണ്ഡവര്‍ക്കാണ് കാലം അസ്ത്രക്കിടക്കയൊരുക്കുന്നതായി കവി പറയുന്നത്. നിത്യ ബ്രഹ്മചാരിയായ ഭീഷ്മര്‍ക്ക് എന്നെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എന്നില്‍ നിന്നാരും ഇല്ലല്ലോ, മക്കളില്ലല്ലോ എന്നാണ് കവി ഭീഷ്മരെ മുന്‍ നിര്‍ത്തിപ്പറയുന്നത്.

കുരുവംശ മഹാരാജാവായ ധൃതരാഷ്ട്രര്‍ ദുര്യോധനന്‍ ഉള്‍പ്പെടെ നൂറു ആണ്‍മക്കളും ദുശ്ശള എന്ന മകളുമുള്ള ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായിരുന്നു.മക്കളുടെ എല്ലാ ചെയ്തികള്‍ക്കും മൂകസാക്ഷിയാകേണ്ടിവന്ന ധൃതരാഷ്ട്രരെ കവി നാലുവരിയില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.

ധൃതരാഷ്ട്രര്‍ 
----------------------
ഉള്‍ക്കണ്ണ് കുത്തി-
പ്പൊളിക്കുവാന്‍
വേണമൊരസ്ത്രം
അതില്ലാത്തതാണെന്റെ സങ്കടം.

ധൃതരാഷ്ട്ര പത്നി ഗാന്ധാരി. നൂറ്റൊന്നു മക്കളുടെ അമ്മ.ഭര്‍ത്താവ് അന്ധനാകയാല്‍ കണ്ണുകള്‍ മൂടിക്കെട്ടി സ്വയം അന്ധത കൈവരിച്ചവള്‍.കുരുക്ഷേത്ര യുദ്ധഭൂമിയില്‍ സ്വന്തം മക്കളുടെയും ബന്ധുജനങ്ങളുടെയും ജഡങ്ങള്‍ കാണേണ്ടിവന്ന ഗാന്ധാരിയെ തീക്ഷ്ണതയോടെ കുരീപ്പുഴ സൂക്ഷ്മവല്‍ക്കരിച്ചിരിക്കുന്നു.

വിശുദ്ധമൃഗങ്ങളെ വെല്ലുന്ന ഏകലവ്യന്റെ ജന്മം പുതിയകാലത്തും നമ്മല്‍ക്ക് കാണാം.

മഹാഭാരതത്തെ അവലംബിച്ച് നിരവധി കൃതികള്‍ ഇതര ഭാഷകളിലെന്ന പോലെ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. വ്യാസന്‍റെ സസ്യശാലയും മലയാളഭാഷയ്ക്കൊരു മുതല്‍ക്കൂട്ടാണ്.

1 comment:

  1. മഹാഭാരതത്തെ അവലംബിച്ച് നിരവധി കൃതികള്‍ ഇതര ഭാഷകളിലെന്ന പോലെ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. വ്യാസന്‍റെ സസ്യശാലയും മലയാളഭാഷയ്ക്കൊരു മുതല്‍ക്കൂട്ടാണ്.

    ReplyDelete