Sunday 8 August 2021

കരിങ്ങന്‍


ഇത്തിയാറ്റിറമ്പിലൊരു

ലന്തമരത്തണലത്ത് 

തണലുണ്ണാന്‍ വന്ന കൂമന്‍ 

മിഴി പൂട്ടിത്തലയാട്ടി 


ആട്ടിയ രാക്കണ്ണിലുണ്ട്

നാടുവാഴിക്കഥയൊന്ന്

ഒന്നുകൊണ്ടൊരായിരത്തെ

വിഴുങ്ങുന്ന മുളനാഴി


നാഴികയായ് മണി കണ്ട 

മണലിന്റെ ഭൂതകാലം 

കാലത്തിന്‍റെ ഘടികാരം 

കാത്തുവച്ചൂ പുഴയോര്‍മ്മ 


ഓര്‍മ്മയുടെ വെള്ളപ്പൊക്കം 

കരപ്പാടം കണ്ടുകെട്ടി 

കെട്ടുമട പൊട്ടിയപ്പോള്‍ 

നീന്തിച്ചെന്നോനാണൊരുത്തന്‍ 


ഒരുത്തന്‍റെ കരുത്തോടെ 

പദം വച്ചോനാണ്‍ കരിങ്ങന്‍

കരിങ്ങന്‍റെയൂരില്‍ നിന്നും 

ചെണ്ടമുട്ടിപ്പടയോട്ടം 


ഓട്ടക്കാരില്‍ കുന്തക്കാരും 

പന്തക്കാരും കോലുകാരും

കാരമുള്ളിന്‍ ചട്ടയിട്ട് 

വെളിയന്‍റെ ഊരു പൊത്തി


പൊത്തിയോരെ കാണുവാനായ് 

ആളുകുന്നില്‍ ആലു പൊങ്ങി 

പൊങ്ങമരം കാവല്‍ നിന്ന 

വാലിക്കുന്നില്‍ വാളു പൊന്തി 

 

പൊന്തിയപാടവിടത്തെ 

യുവറാണി പാട്ടിലായി 

ആയിമാരും തോഴിമാരും

ചെപ്പെടുത്ത് കൂടെപ്പോയി 


പോയ വഴി മാറിപ്പോയി 

ഇത്തിയാറ്റിന്‍ തെക്കേക്കര 

കരവാഴും നീലമയില്‍ 

പകല്‍ പോലെ കുറി വച്ചു


വച്ച കുറി നോക്കി നിന്നു 

വാക്കര്‍ത്ഥം വണങ്ങി വന്നു 

വന്നവരോ കരിങ്ങന്‍റെ

ഊരിലെത്തി കുടി കൂടി


കൂടിയോരെ തേടിയെത്തി 

വെളിയന്‍റെ നായപ്പട 

പടനീക്കം ചെറുക്കാനായ് 

ചെറുപ്പത്തിന്‍ ചുണയെത്തി 


എത്തിയവരിത്തിയാറ്റില്‍ 

രക്തക്കറ കണ്ടു ഞെട്ടി 

ഞെട്ടടര്‍ന്ന നാടുവാഴി-

പ്പാട്ടുക്കഥ പൊഴിയുന്നു.


പൊഴി തിന്നു പോയകാലം 

കുഴങ്ങുന്നു ലന്തമരം 

ലന്തമരക്കൊമ്പിലൊരു

പുതുകൂമത്തലയാട്ടം.

------------------------------------------------------------

കരിങ്ങന്നൂര്‍, വെളിനല്ലൂര്‍, പകല്‍ക്കുറി ഇവ 

ഇത്തിക്കരയാറിന്റെ സമീപപ്രദേശങ്ങള്‍ 

No comments:

Post a Comment