Sunday 22 August 2021

മലയാളത്തമിഴന്‍


സുബ്രഹ്മണ്യ ഭാരതിയോ

സുപ്രഭാത മാധുരിയോ 

മധുരത്തേന്‍ തുമ്പികളില്‍ 

കവിതയ്ക്കു തീ കൊളുത്തി 


കൊളുത്തില്ലാ ജാലകത്തില്‍ 

കൊളുന്തിന്‍റെ മണപ്പച്ച 

പച്ചപ്പാടം കാത്തു വച്ച 

കാവേരിപ്പൂമ്പട്ടണത്തില്‍ 


പട്ടണപ്പോര്‍വെയിലല്ലോ 

പടിയെല്ലാം കെട്ടിയത് 

കെട്ടുപടി കേറിക്കേറി 

മധുരയ്ക്കു പോയൊരുത്തന്‍ 


പോയ കോലം കോവലനായ് 

ചിലമ്പില്ലാക്കള്ളനുമായ് 

മായക്കാലം കണ്ടുനില്‍ക്കേ 

തലയില്ലാച്ചെമ്മരമായ് 


മരം കണ്ടു  പെണ്ണൊരുത്തി

മുലത്തീയില്‍ പുരം കത്തി 

കത്തി കൊണ്ടു കാവ്യമൊന്നു

വരഞ്ഞിട്ടു മലയാളി 


മലയാളത്തമിഴന്‍റെ 

മലയില്ലാത്തിണ കേട്ടു 

കേട്ടുകേള്‍വിക്കപ്പുറത്തെ 

വഴി നടത്തപ്പോരാട്ടം 


2

പോരാട്ടപ്പൊരുള്‍ ചൊല്ലു 

പനനൊങ്കേ നല്ല തങ്കേ

തങ്കപ്പെട്ട മണിയമ്മേ 

പെരിയോറിന്‍ കഥ ചൊല്ല്


ചൊല്ലുറങ്ങും കഥ  കേള്‍ക്കാന്‍ 

കണ്ണടച്ചു ചെല്ലക്കണ്ണ്

കണ്ണിലൊരു കാവലിന്‍റെ

കുന്തമുന നീളുന്നുണ്ട് 


ഉണ്ടായില്ലാ വെടി കേട്ട 

കപ്പലോട്ടക്കാലമാണ് 

കാലക്കോട്ടയുലയ്ക്കുന്നു 

രാവണന്‍റെ ദശചിന്ത


ചിന്തച്ചന്ദ്രന്‍ ദ്രാവിഡന്‍റെ 

ചന്തമുള്ള മുഖം കണ്ടു 

കണ്ട മുടി മേഘമായി 

രാത്രിക്കാട്ടിലിടിവെട്ടി


വെട്ടിയ വാള്‍ത്തുമ്പിലൊരു 

കോസലന്‍റെ കോപം കണ്ടു 

കണ്ട കടല്‍ ആര്‍ത്തലയ്ക്കേ 

കിഴക്കിന്‍റെ മിഴി ചോന്നു 


ചോന്നമിഴി വെളുത്തപ്പോള്‍ 

മണ്ണടരില്‍ കൈകള്‍ കുത്തി  

കുത്തിവച്ച കാര്‍ക്കൊടിയില്‍

ഉദയത്തിന്നഴകേറി



3

ഏറിയൊരു സ്വാഭിമാന-

ക്കൊടിക്കമ്പിന്‍ ചോട്ടിലല്ലോ 

ചോടുറച്ച തങ്കപ്പെണ്ണും 

ചെല്ലക്കണ്ണൂം തളിര്‍ക്കുന്നു


തളിര്‍ക്കുന്നു കൃഷ്ണമരം 

മുളയ്ക്കുന്നു വംശച്ചെടി

ചെടിച്ചുണ്ടില്‍ ചെണ്ടുമല്ലി 

കൊണ്ടിളകീ പുളിമരങ്ങള്‍


പുളിമരമേ പുന്നാരീ 

ചിണുങ്ങുന്നു ചിങ്ങത്തെങ്ങ്

തെങ്ങോലത്തുമ്പിലുണ്ടൊരു

മലയാളത്തമിഴ് ചിന്ത്.







 


No comments:

Post a Comment