തെയ്യവും തിറയും ജാതിയില്‍ അധിഷ്ഠിതമായ കലാരൂപങ്ങളാണ്.കേരളത്തിലെ മിക്ക കലാരൂപങ്ങളും അങ്ങനെയാണ്. ഓണക്കാലത്ത് ഉത്സവപ്പകിട്ടു നല്കുന്ന പുലികളി,കരടികളി വള്ളംകളി തുടങ്ങിയവയൊക്കെയാണ് ജാതിമുക്തമായ കലാരൂപങ്ങള്‍.മിക്കവയും അധ:സ്ഥിതജനതയുടെ കലാഭിരുചിയാണ് പ്രകടമാക്കുന്നത്.
എന്നാല്‍ ഈ അവസ്ഥയില്‍ തന്നെ ചില തെയ്യങ്ങളെ മാറ്റിനിര്‍ത്തുന്നുമുണ്ട്. അതിനെക്കാള്‍ ശ്രദ്ധിക്കേണ്ടത് തോറ്റങ്ങളില്‍ ഉണ്ടായ കലര്‍പ്പുകളാണ്.
ശങ്കരാചാര്യരും അലങ്കാരന് എന്ന ദലിതനും തമ്മില്‍ നടന്നതായി സങ്കല്‍പ്പിക്കുന്ന സംഭാഷണമാണ് പൊട്ടന്‍തെയ്യത്തെ പ്രസക്തമാക്കുന്നത്.കാഞ്ഞങ്ങാട്ടെ അജാന്നൂരിലുള്ള കൂര്‍മ്മല്‍ തറവാട്ടിലെ ഒരംഗമായിരുന്ന എഴുത്തച്ഛന് നിര്‍മ്മിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്തതാണ് പൊട്ടന് തെയ്യത്തിന്റെ തോറ്റം.
ജാതിവ്യവസ്ഥയുടെ അപ്രസക്തി വ്യക്തമാക്കുന്ന വരികളാണ് ഈ തോറ്റത്തില്‍ ഉള്ളത്. നാടന്‍ പാട്ടുകാരും ജാതിവിരുദ്ധപ്രവര്‍ത്തകരും നിരന്തരമായി ഉദ്ധരിക്കുന്നതിനാല്‍
കാസര്‍കോട് ജില്ലയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും പ്രസിദ്ധമാണ് ഇതിലെ വരികള്‍.
നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര / നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര എന്നും നാങ്കളെ കുപ്പയില്‍ നട്ടോരു വാഴ / പ്പഴമല്ലേ നീങ്കളെ തേവനു പൂജ എന്നും കേക്കുദിക്കുന്ന തമ്പിരാന് വേറിട്ട വ്യത്യാസമില്ലെന്നും സ്ഥാപിക്കുന്ന തോറ്റം രചിച്ചിട്ടുള്ളത് ദലിതര്‍ തന്നെയാണെന്നും എഴുത്തച്ഛന്മാര് അത് വക്രീകരിച്ചു ഭക്തി സാന്ദ്രമാക്കുകയാണ് ചെയ്തതെന്നും പുതിയ തലമുറയിലെ അന്വേഷകനായ ജയന് മാങ്ങാട് അഭിപ്രായപ്പെടുന്നു.
കുറച്ചുകൂടി തീവ്രമാണ് പുതിയ തലമുറയിലെ കവി ബാലഗോപാലന് കാഞ്ഞങ്ങാട് പുലപ്പൊട്ടന്‍ എന്ന കവിതയിലൂടെ സ്ഥാപിക്കുന്ന അഭിപ്രായം. ആദിശങ്കരനെ ഒരു പുലയന് തോല്‍പ്പിച്ചതില്‍ പ്രകോപിതരായ സവര്‍ണര്‍ പുലയനെയും മക്കളെയും കെട്ടിയിട്ട് കുടിലിനു തീവെച്ചു കൊന്നെന്നും പിന്നീട് തെയ്യമാക്കി ശിവനില്‍ ആരോപിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതു സംഭവിച്ചത് പുളിങ്ങോത്തെ അമ്പലവയല്‍
പരിസരത്താണെന്നും തോറ്റത്തിലും ഈ തീക്കൊല്ലല്‍ മറച്ചു വെച്ചു എന്നും പൊട്ടന് തെയ്യത്തിന്റെ കനലാട്ടം ഈ സംഭവവുമായി കൂട്ടി വായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ തോറ്റമായതിനാല്‍ ഗവേഷകരുടെ അഭിപ്രായങ്ങള്‍ക്കാണ് ഇനി നമ്മള് ചെവികൊടുക്കേണ്ടത്.
പൊട്ടന് തെയ്യം കനലിലൂടെ നടക്കുകയും ചാരിയിരിക്കുകയും ചെയ്യുന്നത് കണ്ട് ഭക്തിയോടെ കൈകൂപ്പിനില്ക്കുന്ന ജനങ്ങളുടെ മുന്നില്‍, ഇതേ വിദ്യ അവതരിപ്പിച്ചുകൊണ്ട് ഇതില്‍ ദൈവീകാത്ഭുതമൊന്നും ഇല്ലെന്നും പരിശീലനം കൊണ്ടു ചെയ്യാവുന്നതാണെന്നും ഗംഗന് അഴിക്കോടും മറ്റും സ്ഥാപിച്ചത് മറ്റൊരു ചരിത്രം.
തെയ്യം കാണാനും അഭ്രപാളികളില്‍ പകര്‍ത്താനുമൊന്നും ജാതിമതവിലക്കില്ല. തെയ്യത്തിന്റെ അത്യാകര്‍ഷകമായ രൂപഘടനയും തോറ്റത്തിന്റെ സാഹിത്യഭംഗിയുമൊക്കെ നിരീശ്വരവാദികള്‍ക്ക് പോലും അടുത്തുനിന്ന് ശ്രദ്ധിക്കാം. ഈ പുരോഗമന സ്വഭാവത്തെക്കുറിച്ച് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനായ ഇ.പി.രാജഗോപാലന്‍ കോറോത്തെ മുച്ചിലോട്ട് ഭഗവതിത്തെയ്യം നടത്തിയ ഇടത്തുവച്ച് പ്രസംഗിച്ചത് ഓര്‍ക്കുന്നു.
ഓരോ തെയ്യത്തിന്റെയും പിന്നിലുള്ള കഥകളില്‍ പോരാട്ടത്തിന്റെ വീര്യമുണ്ട്. പലതിലും രക്തസാക്ഷിത്വത്തിന്റെ
നിഴലുണ്ട്. വേദനിപ്പിക്കുന്ന ജീവിതരംഗങ്ങളുണ്ട്.പ്രണയം പോലുമുണ്ട്. പോലീസ് തെയ്യവും മാപ്പിളത്തെയ്യവുമൊക്കെയുള്ള ഈ സമഗ്ര കലാരൂപത്തെ സവര്‍ണദേവതാ സങ്കല്‍പ്പവുമായി കൂട്ടിക്കെട്ടുന്നതില്‍ അനൌചിത്യമുണ്ട്.
ഇത്തരം അനൌചിത്യങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് തെയ്യാട്ടമെന്ന പുതിയ ഡോക്കുമെന്ററി രൂപപ്പെടുത്തിയിട്ടുള്ളത്.
ജയന് മാങ്ങാടാണ് സംവിധായകന്. തെയ്യങ്ങളുടെ കലാപരത, ജനകീയത തുടങ്ങിയവയൊക്കെ ഈ ലഘുചിത്രത്തില്‍ അഭിവാദ്യം ചെയ്യപ്പെടുന്നുണ്ട്.
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ വാക്കുകളോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ദൈവങ്ങളുടെയും സാധാരണ മനുഷ്യന്റെയും സൌന്ദര്യപരമായ, ചൂഷണാതീതമായ ഐക്യത ഇതില്‍ അടയാളപ്പെടുത്തുന്നു പ്രജകള്‍ തീരാദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ വിയര്‍പ്പുമണികള്‍ കൊയ്തെടുത്ത് നിലവറകളില്‍ പൂട്ടിയിട്ടിരിക്കുന്ന സൂപ്പര്‍ ദൈവങ്ങളുള്ള കേരളത്തിലാണ്, കുംഭഗോപുരങ്ങളില്ലാതെ ഓക്സിജന്‍ കലവറകളായ കാവുകളില്‍ അരങ്ങേറുന്ന പാവപ്പെട്ടവരുടെ തെയ്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.
സമ്പന്നദൈവമായാലും പട്ടിണിക്കോലമായാലും കോവിഡ് തടയാന്‍ രണ്ടിനും കഴിയില്ലെന്ന വര്‍ത്തമാനകാല വാസ്തവമുഖം നമ്മള് തിരിച്ചറിയേണ്ടതുണ്ട്..
പൌരോഹിത്യത്തിന്റെ ഇടപെടല്‍ തെയ്യാട്ടം എന്ന ഈ ലഘുചിത്രം ഉറപ്പിച്ച് പറയുന്നുണ്ട്. ചന്ദനഗന്ധവും ഹവിസ്സുമില്ലാത്ത തെയ്യങ്ങളുടെ കീഴാളലാവണ്യം ഈ ചിത്രത്തിന്റെ തേജസ്സാണ്
ശൂളിയാര്‍ ഭഗവതി, കുറത്തിയമ്മ, വില്ലാരന്‍, ഒറ്റക്കോലം, മൂവാളംകുഴി ചാമുണ്ഡി, തീക്കുട്ടിച്ചാത്തന്‍, മൂച്ചിലോട്ടു ഭഗവതി, ഗുളികന്,കൈതച്ചാമുണ്ഡി,നെടുബാലിയന്‍, കതിവനൂര്‍ വീരന് പുലിമറഞ്ഞ തൊണ്ടച്ചന് തുടങ്ങിയ തെയ്യങ്ങളെ കൂടാതെ പഞ്ചൂരുളിത്തോറ്റം, പുളിയും ചെമ്പകവും കത്തിച്ചുകൂട്ടിയ മേലേരി ഇവയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നു. എല്ലാം സമീപദൃശ്യങ്ങളാകയാല്‍ ഓരോ ഫ്രെയിമും ആകര്‍ഷകവും അഴകുറ്റതുമാണ്. ജനങ്ങളുടെ ആവേശവും കസേരയിട്ടു കാണുന്നവരുടെ നിര്‍മ്മമതയും ക്യാമറക്കണ്ണിലൂടെ കടന്നു പോകുന്നുണ്ട്. തെയ്യാവസ്ഥയുടെ ആവാഹനത്തിനായി മുഖത്തെഴുത്തിനു ശേഷം കണ്ണാടിനോക്കുന്ന തെയ്യക്കാരന് നമ്മുടെ നേരെയും ഒരു കണ്ണാടി പിടിക്കുന്നുണ്ട്.
ലോകത്തെവിടെയുമുള്ള ഗോത്രജനതയോട് മലയാളികള്‍ക്കുള്ള കലാപരമായ സാഹോദര്യം ഈ ചിത്രം പറയാതെ പറയുന്നുണ്ട്.
ഇതുവരെ കണ്ട തെയ്യം ഡോക്കുമെന്ററികളില്‍ ഏറ്റവും മികച്ചതാണ് തെയ്യാട്ടം.
നല്ല പരിചയപ്പെടുത്തൽ
ReplyDelete