Friday, 17 August 2012

ആരാധനാലയങ്ങളും ശബ്ദമലിനീകരണവും

 കോളാമ്പികള്‍ വച്ച് അലറി സ്ഥിരമായി ശബ്ദശല്യമുണ്ടാക്കുന്നതിനെതിരെ കോടതി കയറിയത് ആലപ്പുഴയിലെ പി പി സുമനന്‍ എന്ന മനുഷ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ശബ്ദമലിനീകരണം സംബന്ധിച്ച് ആരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കുകയുണ്ടായി.
 
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വലിയ കോളാമ്പികള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല പകരം ചുറ്റുപാടുമുള്ളവരില്‍ അറിയിപ്പുകള്‍ എത്തിക്കാനുതകുന്ന ചെറിയ ബോക്‌സുകളാണ് ഉപയോഗിക്കാവുന്നത്.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് ഇതൊന്നും നടപ്പാക്കുന്നതേയില്ല. ഏറ്റവും വലിയ ശബ്ദമലിനീകരണം സ്ഥിരമായി സൃഷ്ടിക്കുന്നത് ആരാധനാലയങ്ങളാണ്.
 
ആരാധനാലയങ്ങളില്‍ത്തന്നെ ഹിന്ദു ക്ഷേത്രങ്ങളാണ് ഈ അക്രമത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്.
 
ശബ്ദമലിനീകരണം താരതമേ്യന കുറച്ചുമാത്രം സൃഷ്ടിക്കുന്നത് ഇസ്ലാം പ്രാര്‍ഥനാലയങ്ങളാണ്. വാങ്കു വിളിക്കുന്നതിനുവേണ്ടി ഒരു ദിവസം ഇരുപത്തിയഞ്ചു മിനിട്ടുപോലും അവര്‍ ഉപയോഗിക്കുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രഭാഷണങ്ങള്‍ക്കാണെങ്കില്‍ പല പള്ളികളിലും ഉച്ചഭാഷിണി പുറത്തേക്ക് വെച്ചിട്ടേയില്ല. വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മതപ്രസംഗങ്ങള്‍ക്ക് വലിയ ബോക്‌സുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഏതാനും ദിവസങ്ങളില്‍ രാത്രികളിലെ ചില മണിക്കൂറുകള്‍ക്കുള്ളിലേക്ക് ആ ഉയര്‍ന്ന ശബ്ദം ഒതുങ്ങാറുമുണ്ട്.
 
ശബ്ദമലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ക്രൈസ്തവ സഭകളാണ്. വിശേഷിച്ചും പെന്തക്കോസ്ത് വിഭാഗങ്ങള്‍. സുവിശേഷ പ്രചരണത്തിന്റെ ഭാഗമായും സ്ഥിരമായ ഞായര്‍ പ്രാര്‍ഥനയുടെ ഭാഗമായും അവര്‍ വലിയ ശബ്ദമലിനീകരണമാണ് നടത്തുന്നത്. പ്രാര്‍ഥിക്കുന്നവരെ ഉദ്ദേശിച്ചാണെങ്കില്‍ ഇത്രയും വലിയ ശബ്ദം ആവശ്യമില്ല. പ്രാര്‍ഥന പരലോകത്തു കേള്‍ക്കണമെന്ന ഉദ്ദേശമാണ് അവര്‍ക്കുള്ളതെന്ന് തോന്നിപ്പോകും.
 
ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്നത് ഹിന്ദു ആരാധനാലയങ്ങളാണ്. ക്ഷേത്രാചാരങ്ങളില്‍ ഒരിടത്തുപോലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള സംഗീതാര്‍ച്ചനയെക്കുറിച്ച് പറയുന്നില്ലെങ്കിലും അവര്‍ ഒരു നിയമവും അനുസരിക്കാതെ അത്യുച്ചത്തില്‍ മൈക്ക്‌വച്ച് പാടിക്കുകയാണ്.
 
ഞായറാഴ്ച, വെള്ളിയാഴ്ച എന്ന വ്യത്യാസമൊന്നും കൂടാതെ എല്ലാ ദിവസവുമാണ് ഹിന്ദു ആരാധനാലയങ്ങളില്‍ നിന്നുള്ള സംഗീതാലര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെളുപ്പിന് അഞ്ചുമണിമുതല്‍ ഒന്‍പത് മണി വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തുമണി വരെയുമാണ് ഈ ആരാധനാതിക്രമം നടത്തുന്നത്.
 
പരിസരത്ത് പഠിക്കുന്ന കുട്ടികളുണ്ട് രോഗികളും വൃദ്ധരുമുണ്ട് എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. ജീവിത തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടോ എന്നതു പോലും അവര്‍ക്ക് പ്രശ്‌നമല്ല. ശബരിമല, രാമായണ സീസണുകളില്‍ പതിനെട്ട് മണിക്കൂറിലധികമാണ് ഒരു നിയന്ത്രണവുമില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത്. പിന്നെ സഹസ്ര നാമാര്‍ച്ചന, ലക്ഷാര്‍ച്ചന, ഭാഗവത സപ്താഹം, ഗീതായജ്ഞം തുടങ്ങിയ പേരുകളില്‍ ഇരുപത്തിനാല് മണിക്കൂറും ശബ്ദമുണ്ടാക്കുകയാണ്.
 
നിശ്ചിത അളവിനപ്പുറമുള്ള ശബ്ദം സ്ഥിരമായി ശ്രവിക്കുന്നവരുടെ ശ്രവണ ശക്തിക്കു കേടു സംഭവിക്കുമല്ലൊ. മനുഷ്യന്റെ മാനസിക സ്വസ്ഥതയും ഇതുമൂലം ഇല്ലാതാകും. അമ്പല പരിസരത്ത് താമസിക്കുന്നവര്‍ക്ക് ഫോണ്‍ പോലും കേള്‍ക്കാന്‍ കഴിയാറില്ല.
 
ഇങ്ങനെ മറ്റുള്ളവരുടെ മാനസിക സ്വസ്ഥത തകര്‍ത്ത് മനുഷ്യാവകാശ ലംഘനം നടത്താനുള്ള അനുവാദം ക്ഷേത്ര ഭരണസമിതികള്‍ക്കുണ്ടോ? ഇല്ല എന്നാണ് പി പി സുമനന്റെ കേസ് തെളിയിക്കുന്നത്. പിന്നെന്തുകൊണ്ടാണ് ഈ അതിക്രമം നിര്‍ബ്ബാധം തുടരുന്നത്? ഈ ചോദ്യം നീതിനിര്‍വഹണം നടത്തേണ്ടവരോടും നമ്മുടെ പൗരാവകാശ ബോധത്തോടുമാണ് ചോദിക്കേണ്ടത്.
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടേണ്ടിവരുന്ന ഒരു മറുചോദ്യമുണ്ട്. രാഷ്ട്രീയക്കാര്‍ നടത്തുന്ന ശബ്ദമലിനീകരണമോ? മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും രാവിലെ അഞ്ചു മണിമുതല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസും കേരളത്തിലില്ല.
 
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഗാനമേളക്കാരാണ് അസഹ്യമായ ശബ്ദം സൃഷ്ടിച്ച് സംഗീതം ആസ്വാദകന് നല്‍കേണ്ട സന്തോഷവും സ്വസ്ഥതയും നശിപ്പിക്കുന്നത്. ഇതും നിയന്ത്രിക്കേണ്ടതാണെങ്കിലും ആരാധനാലയങ്ങളിലെ പോലെ സ്ഥിരമല്ലല്ലോ എന്നൊരു സമാധാനമുണ്ട്.
 
വിശ്വാസത്തിന്റെ പേരിലുള്ള ഭീകര ശബ്ദാക്രമണത്തില്‍ നിന്നും ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.

11 comments:

 1. എന്റെ അമ്മമ്മടെ വീടിന്റെ അടുത്തൊരു അമ്പലം ഉണ്ട്.അവടെ വൈകുന്നേരം നാലര മുതല്‍ തുടങ്ങും സംഗീതാര്‍ച്ചന!പിന്നെ ഒരു എഴുമണിയാവും കഴിയാന്‍.അത്രയും നേരത്തെ പഠിത്തം പോയി കിട്ടും.പിന്നെ ആരാധനാലയം ആയത് കൊണ്ട് പ്രതികരിച്ചാ വലിയ പ്രശ്നവും ആവുമ്മല്ലോ.... അതോണ്ട് നാട്ടുകാര്‍ മിണ്ടാതെ ഇരിക്കാ

  ReplyDelete
 2. നിയമാനുസൃതം അവര്‍ക്ക് മൈക്ക് പ്രവര്ത്തിപ്പിക്കാമല്ലോ.ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്നത്‌ നിയമവിരുദ്ധമാണ്.പോലീസിനെ അറിയിച്ചാല്‍ അവര്‍ ഈ വിഷയം രമ്യമായി പരിഹരിക്കും.നിയമവ്യവസ്ഥ അനുസരിക്കുന്ന ആരാധനാലയങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ടല്ലോ.

  ReplyDelete
 3. ദൈവങ്ങൾക്ക് അത്ര പ്രായമൊന്നും ആയിട്ടില്ലെന്നും, കേൾവിക്കുറവ് ഒന്നും വന്നിട്ടില്ലെന്നും വിശ്വാസികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പറ്റിയാൽ രക്ഷപ്പെട്ടു...!

  ReplyDelete
  Replies
  1. ആര് മണി കെട്ടും വീക്കെ?

   Delete
 4. കര്‍ണ്ണകഠോരമായ ശബ്ദഘോഷം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെയും ദൂഷ്യങ്ങളെയും കുറിച്ച് ഒരല്പംപോലും ചിന്തിച്ചു മിനക്കെടാത്തവരാണ് അഭിനവ കേരളത്തിലെ അമ്പല-പള്ളി-സഭ-പാര്‍ട്ടി കൂട്ടായ്മകള്‍. നിസ്സഹായരായ ബഹുജനത്തിന്റെ കേഴ്വിക്കും സ്വസ്ഥതക്കും സുഖനിദ്രക്കുപോലും തീരശാപമായ ഈ പ്രചണ്ഡ ഘോഷം ഇവര്‍ക്കൊക്കെ ആലങ്കാരികമായ ഒരു നിത്യനുഷ്ഠാനം മാത്രമാണ്. ഇത്തരം ശബ്ദാതിസാരം നിയന്ത്രിക്കാന്‍ നിയമങ്ങളും കോടതിവിധികളും എത്രയുണ്ടെങ്കിലും യാതൊരു വിഘ്നവുമില്ലാതെ ശബ്ദമലിനീകരണം പൊടിപൊടിക്കുന്ന ദുരവസ്ഥയാണ് കേരളത്തിലാകമാനം. പരിഷ്കൃതമര്യാദക്ക് ഒരല്‍പം പോലും ചേരാത്ത ഈ ശബ്ദപീഡനതിനെതിരെ കര്‍ക്കശമായ ശിക്ഷവ്യവസ്ഥകളോടെ ശക്തമായ നിയമനിര്‍മാണം വന്നാല്‍മാത്രമേ എന്തെങ്കിലുമൊരു പ്രതീക്ഷക്കു വകയുള്ളൂ.

  ReplyDelete
  Replies
  1. കാനഡയില്‍ ശബ്ദമലിനീകരണം തീരെയില്ലെന്ന് രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു.അതൊന്നു വിശദീകരിക്കുമോ?

   Delete
  2. പോരായ്മകള്‍ അനവധിയുന്ടെങ്കിലും, കാനഡയില്‍(അമേരിക്കയിലും) തീരെയില്ലാത്ത ഒന്നാണ് ശബ്ദമലിനീകരണം. ഇവിടെ, ഉച്ചഭാഷിണിയില്ല, കര്‍ണ്ണകഠോരമായ പരസ്യമില്ല, പ്രചരണമില്ല, മുദ്രാവാക്യംവിളിയില്ല, ആരാധനാരവങ്ങളില്ല - ചുരുക്കം പറഞ്ഞാല്‍, ഉറക്കെയൊരു തുമ്മലിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയില്ല. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഒരിടത്തും ഉച്ചഭാഷിണിയോ, ഉച്ചത്തിലുള്ള ശബ്ദപ്രഘോഷമോ ചെവിവട്ടംപിടിച്ചാല്‍പ്പോലും കേള്‍ക്കാന്‍ കഴിയില്ല; വാങ്കുവിളിയുമില്ല. വാഹനബാഹുല്യം അങ്ങേയറ്റമുന്ടെങ്കിലും ഏറ്റവും അത്യാവശ്യത്തിനൊഴികെ (അല്ലെങ്കില്‍,കലിപൂണ്ട് മാത്രം) ആരുംഹോണ്‍ മുഴക്കാറില്ല. ഇതെല്ലാം കാരണം, എന്തെങ്കിലും ശബ്ദഘോഷം കേള്‍ക്കാന്‍ ആഗ്രഹിച്ചാല്‍പ്പോലും ഇവിടെ അതിനുള്ള ഭാഗ്യംകിട്ടാറില്ല!

   Delete
 5. വാങ്ക് വിളി പോലും ഇല്ലെന്നത് കൌതുകവും അത്ഭുതവും തരുന്നു.യു.എ.ഇ യിലും ബഹറിനിലും ഉള്ള ഹിന്ദു ക്ഷേത്രങ്ങളില് കാണാന്‍ വേണ്ടിമാത്രം ഞാന്‍ കൂട്ടുകാരോടൊപ്പം പോയിട്ടുണ്ട്.അവിടെയും മൈക്ക് വച്ചുള്ള ഗാന അലറ്ച്ചയില്ല.നന്ദി‍ രാധാകൃഷ്ണന്‍

  ReplyDelete
 6. എല്ലാ മതങ്ങളും ശബ്ദ മലിനീകരണത്തിലും മാർഗ്ഗതടസ്സത്തിലും മുൻപന്തിയിൽത്തന്നെ. പക്ഷെ നമ്മുടെ നീതിപീഠങ്ങൾ പോലും ആർക്കും പറയത്തക്ക ബുദ്ധിമുട്ടുണ്ടാക്കാത്ത പാതയോഗ പൊതുയോഗങ്ങൾ മാത്രമേ ശല്യമായി കരുതുന്നുള്ളൂ. മതങ്ങളെ പോലെ രാഷ്ട്രീയവും വ്രണപ്പെടുന്ന ഒരു വികാരമായാലെങ്കിലും അവർക്ക്-ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക്- നീതി ലഭിക്കുമോ ആവോ!

  വെരിഫിക്കേഷൻ കോടില്ലാതെ കമന്റ് പേജ് സെറ്റ് ചെയ്തെങ്കിൽ കൊള്ളാമാറ്റിരുന്നു.

  ReplyDelete
 7. നന്ദി സജിം.എനിക്ക് ഇതിന്‍റെ സാങ്കേതികത്വം ശരിക്ക് അറിയില്ല.ശ്രമിക്കാം.

  ReplyDelete

 8. കേരളത്തില്‍ താമസിക്കുകയോ, സഞ്ചരിക്കുകയോ ചെയ്യുന്ന ആര്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ് ശബ്ദ കോലാഹലം. മിക്കവാറും എല്ലാ പൊതു പ്രവര്‍ത്തനത്തിന്റേയും ഭാഗമായി പല ശ്രേണികളില്‍ ശബ്ദം ഉപയോഗിക്കുന്നു. പാട്ടുകള്‍, കീര്‍ത്തനങ്ങള്‍, ബാങ്കുകള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും സാധാരണമെന്നപോലെ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ബാങ്ക് വിളികളും മുഴങ്ങി കേള്‍ക്കാം, ഉച്ചഭാഷിണികളിലൂടെ. കൂടുതല്‍ ദൂരത്തേക്ക് കൂടുതല്‍ ശബ്ദത്തില്‍ എത്തുന്നതിന് വേണ്ടി ശക്തി കൂടിയ മൈക്കുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ചില അമ്പലങ്ങളില്‍ രാവിലെ അഞ്ച് മണിക്ക് തുടങ്ങിയാല്‍ ഒമ്പത്, പത്തുമണിവരെയും പിന്നീട് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങി രാത്രി പത്ത് മണി വരെയും ഈ ശബ്ദഘോഷം നീണ്ട് നില്‍ക്കും. ഉത്സവ കാലമായാല്‍ ശബ്ദമലിനീകരണത്തിന് ഇടവേളകളുണ്ടാവില്ല. ഇതിന്റെ ഉദ്ദേശമെന്താണെന്നത് കൃത്യമായി എനിക്കറിയില്ല.... ഈ ശബ്ദത്തിലൂടെ പ്രര്‍ത്ഥനയെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണല്ലോ ഉദ്ദേശ്യം. മതാനുയായികളെ സൃഷ്ടിക്കാന്‍ വേണ്ടിയാണെങ്കില്‍, ഇത് അതിനുപകരിക്കുമോ എന്നതും സംശയമാണ്. പക്ഷെ, സ്വൈര്യ ജീവിതത്തെ വളരെ പ്രകടമായ രീതിയില്‍ അലോസരപ്പെടുത്തുന്ന ഒന്നാണ് ഈ ശബ്ദമാലിന്യം. സാധാരണ ഗതിയില്‍ ഒരു മൈക്ക് ഉപയോഗിക്കണമെങ്കില്‍ പൊലീസിന്റെ അനുമതി വേണമെന്നാണ് നിയമം. പൊതുപരിപാടികള്‍ക്കും മറ്റും രാജ്യത്തെല്ലായിടത്തും അധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയാണ് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, അമ്പലങ്ങളിലും പള്ളികളിലുമൊന്നും അത്തരം അനുവാദം എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അനുവാദമില്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനുള്ള അനുവാദം ആരാധനാലയങ്ങള്‍ക്കുണ്ടോ? എന്റെ വീടിനടുത്തുള്ള ഒരു ആരാധനാലയത്തിലെ ശബ്ദഘോഷങ്ങള്‍ക്കൊണ്ട് തദ്ദേശവാസികള്‍ക്കുള്ള അസൌകര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസില്‍ പരാതി കൊടുക്കുകയുണ്ടായി. വിശ്വാസികളായ പോലീസുകാര്‍ ആ പരാതി കണക്കിലെടുക്കുക തന്നെയുണ്ടായില്ല. മതത്തിന്റെ പ്രശ്നമാണ് എന്നതുകൊണ്ടാണ് ആ കണ്ണടക്കല്‍ ഉണ്ടാവുന്നത്. പക്ഷെ, ഇന്ന് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ശബ്ദമലിനീകരണം അനുവദിക്കാന്‍ പറ്റാത്ത വിധത്തില്‍ വര്‍ധിച്ചിരിക്കുന്നു. ശബ്ദവും അതുപയോഗിക്കുന്ന സമയവും എല്ലാ പരിധികളും ലംഘിച്ച് മനുഷ്യരുടെ സ്വൈര്യം കെടുത്തുന്നു. എന്നാല്‍.... ആരാധനാലങ്ങള്‍ രാഷ്ട്രീയപരമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും ..... കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുമുള്ള കള്ളനാണയങ്ങളുടെ കപട കൂട്ടായ്മയും മാത്രമാണെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ ചിന്തിക്കുന്നില്ല.........

  ഏകദേശം അഞ്ച് ആരാധനാലയങ്ങളാല്‍ ചുറ്റപ്പെട്ടതാണ് എന്റെ വീട്....... അതിലൊന്ന് എന്റെ വീടിന് തൊട്ടടുത്താണ്......ദിവസവും രാവിലെയും വൈകുന്നേരവും കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് കോളാമ്പികള്‍ പ്രവര്‍ത്തിക്കുന്നത്.... ഈ ശബ്ദ കോലാഹലത്തെക്കുറിച്ച് പലപ്പോഴായി ഉത്തരവാദിത്തപ്പെട്ട അധികൃതരോട് സംസാരിച്ചിരുന്നെങ്കിലും ശബ്ദം വീണ്ടും ഉയര്‍ന്നതല്ലാതെ യാതൊരു മാറ്റവും സംഭവിച്ചില്ല.... ആരാധനാലങ്ങളുടെ കാര്യമായതിനാല്‍ തന്നെ എന്റേത് ഒറ്റപ്പെട്ട ശബ്ദമായി മാറുകയാണുണ്ടായത്..... ഇത് പരീക്ഷാക്കാലമായതിനാല്‍ വേണ്ടത്ര ഏകാഗ്രത എനിക്ക്പഠനത്തില്‍ കൊടുക്കാന്‍ സാധിക്കുന്നില്ല....ചുറ്റുവട്ടത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും ഇത് ആരാധനാലയങ്ങളുടെ വിഷയമായതിനാല്‍ ആരും ഇടപെടാതിരിക്കുകയാണ്...... ഞാന്‍ ഇപ്പോള്‍ നിസ്സഹായനാണ്... ഇതിന് എന്താണ് ഒരു പോംവഴി..??

  ReplyDelete