Sunday, 2 August 2015

മതവ്രണം വികാരപ്പെട്ടാൽ ബാലവധം ഫലംകാസർഗോഡ്‌ ജില്ലയിലെ കല്ല്യോട്ട്‌ എന്ന സ്ഥലത്തിന്‌ സമീപമാണ്‌ അതിദാരുണമായ ബാലവധം സംഭവിച്ചത്‌. സഹോദരർക്കൊപ്പം സ്കൂളിലേയ്ക്ക്‌ പോവുകയായിരുന്ന മൂന്നാം ക്ലാസ്‌ വിദ്യാർഥിയായ ഫഹദിനെ വഴിയിൽവച്ച്‌ പട്ടാപ്പകൽ കഴുത്തറുത്ത്‌ കൊന്നു.

എട്ടുവയസുമാത്രം പ്രായമുണ്ടായിരുന്ന ഈ പിഞ്ചുകുഞ്ഞ്‌ എൻഡോസൾഫാൻ ഇരയായിരുന്നതിനാൽ സ്വാധീനക്കുറവുളള കാലുമായി എങ്ങനെയെങ്കിലും നടന്ന്‌ സ്കൂളിലേയ്ക്ക്‌ പോവുകയായിരുന്നു. കല്ല്യോട്ട്‌ സ്കൂളിനും ഫഹദിന്റെ വീടിനും മധ്യേയുളള ചാന്തൻമുളള്‌ എന്ന പ്രദേശമാണ്‌ ഈ അരുംകൊലയ്ക്ക്‌ ഞെട്ടലോടെ സാക്ഷിയായത്‌. കൊലപാതകിയെ നാട്ടുകാർ പിടികൂടി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട്‌ പൊലീസിനെ ഏൽപിച്ചു. എട്ടുവയസുളള കുഞ്ഞിനെ കൊന്നത്‌ മുപ്പത്തിമൂന്നുവയസുളള വിജയൻ ആയിരുന്നു.

കൊലപാതകത്തിനുശേഷം ഞാനൊരു പൂച്ചയെ കൊന്നു എന്ന്‌ ലാഘവത്തോടെ പറഞ്ഞ്‌ ഇരിക്കുമ്പോഴാണ്‌ നാട്ടുകാർ ഈ നരാധമനെ പിടികൂടിയത്‌. പൊലീസ്‌ അയാളുടെ വീട്‌ പരിശോധിച്ചു. കുറെ സി ഡികൾ പൊലീസിന്‌ കിട്ടി. സി ഡികളിൽ കേട്ടത്‌ ഇസ്ലാംമത വിരോധത്തിന്റെ തീതുപ്പുന്ന ഹിന്ദുമത ഭീകരവാദികളുടെ പ്രസംഗങ്ങൾ ആയിരുന്നു. ഈ പ്രസംഗങ്ങൾ നിരന്തരം കേട്ട വിജയനിൽ ഹിന്ദുമതാഭിമാനം വളരുകയും അന്യമത വിരോധം ആളിക്കത്തുകയും ചെയ്തു. അന്യമതസ്ഥരെ മുതിർന്നിട്ടു കൊന്നാൽ കാര്യമില്ലെന്നും മുളയിലേ നുളളണമെന്നും അയാൾ പറഞ്ഞിരുന്നുവത്രെ.

മതഭ്രാന്ത്‌ ബാധിച്ച ഈ യുവാവ്‌ സമീപത്തുളള പളളിയിൽ വാങ്കുവിളിക്കുമ്പോൾ തെങ്ങിൽ കയറിയിരുന്ന്‌ കൂവുമായിരുന്നത്രെ. മതവ്രണം വികാരപ്പെട്ടാൽ ഭ്രാന്തുപിടിക്കുമെന്നും അത്‌ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊല്ലുമെന്നുമുളള പാഠമാണ്‌ സാക്ഷരകേരളത്തിന്‌ അപമാനമായ ഈ സംഭവത്തിൽനിന്നും വായിച്ചെടുക്കേണ്ടത്‌. അമ്മവയറ്റിലുറങ്ങിയ ഭ്രൂണത്തെ ശൂലത്തിൽ കുത്തിയെടുത്ത്‌ തീയിലെറിഞ്ഞ ഗുജറാത്ത്‌ ഈ മതഭ്രാന്തിന്റെ ഭീകര മാതൃകയാണ്‌.

നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണാണ്‌ കേരളത്തിന്റേത്‌. മഹാത്മാഗാന്ധി ചോദിച്ചിട്ടുപോലും ജാതിയോ മതമോ പറയാതിരുന്ന സ്വാമി ആനന്ദതീർഥന്റെ പ്രവർത്തനങ്ങൾകൊണ്ട്‌ ബോധോദയത്തിലെത്തിയ നാടാണ്‌ അത്യുത്തര കേരളം. ജാതിയേയും മതത്തേയും തടവറകളോട്‌ സാദൃശ്യപ്പെടുത്തിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ സാന്നിധ്യവും വടക്കൻ കേരളത്തിന്റെ ചരിത്രത്തിലുണ്ട്‌. ഈ മുന്നേറ്റങ്ങളെ പരിഹസിക്കുന്നതാണ്‌ ഫഹദിന്റെ കൊലപാതകം.

ഏത്‌ മതത്തിന്റെയും മറവിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ മനുഷ്യവിരുദ്ധവും സ്നേഹരഹിതവുമാണെന്ന തിരിച്ചറിവിൽ കേരള ജനത എത്തേണ്ടതുണ്ട്‌. ഏതെങ്കിലും മതത്തിൽപ്പെട്ടുപോയി എന്നതുകൊണ്ട്‌ മനുഷ്യന്റെ ജീവിക്കാനുളള അവകാശം ധ്വംസിക്കപ്പെടരുത്‌. മതങ്ങൾ സ്നേഹത്തിന്റെ കൊടിയല്ല നരഹത്യയുടെ പതാകയാണ്‌ പാറിപ്പിക്കുന്നത്‌. മതവിശ്വാസത്തിന്റെ വളക്കൂറുളള മണ്ണിൽ മാത്രമേ മതഭീകരവാദത്തിന്റെ വിഷസസ്യങ്ങൾ വളരുകയുളളു.

പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വേട്ടയാടാൻ പ്രേരിപ്പിക്കുന്നതാണ്‌ മതമെങ്കിൽ ആ മതത്തെ അതിർത്തികൾക്കപ്പുറത്തുനിർത്തുവാൻ നമ്മൾ പരിശീലിക്കേണ്ടതുണ്ട്‌. സഹോദരൻ അയ്യപ്പനും മറ്റും മുന്നോട്ടുവച്ച മതരഹിത രാഷ്ട്രം എന്ന ചിന്തയ്ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ ഫഹദിന്റെ കൊലപാതകം ബോധ്യപ്പെടുത്തുന്നു.

3 comments:

 1. മതചിന്ത അതെത്ര ചെറുതായിരുന്നാലും ഭ്രാന്ത് തന്നെയെന്നേ പറയാന്‍ കഴിയൂ. വളരുമ്പോഴാണ് പുറമേയ്ക്ക് അറിയുന്നതെന്നുമാത്രം.

  ReplyDelete
 2. മതവ്രണം വികാരപ്പെട്ടാൽ ഭ്രാന്തുപിടിക്കുമെന്നും അത്‌ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊല്ലുമെന്നുമുളള പാഠമാണ്‌ സാക്ഷരകേരളത്തിന്‌ അപമാനമായ ഈ സംഭവത്തിൽനിന്നും വായിച്ചെടുക്കേണ്ടത്‌!!!!

  ReplyDelete
 3. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും
  വേട്ടയാടാൻ പ്രേരിപ്പിക്കുന്നതാണ്‌
  മതമെങ്കിൽ ആ മതത്തെ അതിർത്തികൾക്കപ്പുറത്തു
  നിർത്തുവാൻ നമ്മൾ പരിശീലിക്കേണ്ടതുണ്ട്‌. സഹോദരൻ
  അയ്യപ്പനും മറ്റും മുന്നോട്ടുവച്ച മതരഹിത രാഷ്ട്രം എന്ന ചിന്തയ്ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ ഫഹദിന്റെ കൊലപാതകം ബോധ്യപ്പെടുത്തുന്നു.

  ReplyDelete