Friday, 3 July 2015

സാറാമ്മയും കേശവൻ നായരും ഇടുക്കി ബിഷപ്പും
1943-ലാണ്‌ വൈക്കം മുഹമ്മദ്‌ ബഷീർ പ്രേമലേഖനം എഴുതിയത്‌. മതപരമായ പ്രതിബന്ധങ്ങളെ അവഗണിച്ച്‌ സാറാമ്മ എന്ന ക്രൈസ്തവ യുവതി കേശവൻ നായർ എന്ന ഹിന്ദു യുവാവിനെ വിവാഹിക്കുന്നതാണ്‌ പ്രേമലേഖനത്തിന്റെ കേന്ദ്രകഥാബിന്ദു.

ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന അവർ മതം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകളെയും ചർച്ചാവിഷയമാക്കുന്നുണ്ട്‌. സാറാമ്മ പറയുന്നത്‌ സ്ത്രീധനം കൊടുക്കാതെ ഞങ്ങടെ സമുദായത്തിൽനിന്നും എന്നെ ആരും കെട്ടിക്കൊണ്ടുപോവുകയില്ല എന്നാണ്‌.
അങ്ങനെയെങ്കിൽ സ്ത്രീധനം നൽകാൻ ബുദ്ധിമുട്ടുളള ദരിദ്ര ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതം വഴിമുട്ടുകതന്നെ ചെയ്യും. മിശ്ര വിവാഹം മാത്രമാണ്‌ ജീവിക്കുവാനുളള ഏക പോംവഴി.
ക്രാന്തദർശിയായ ബഷീർ, കേശവൻ നായരിലൂടെ സ്ത്രീധനം എന്ന വിപത്തിന്‌ അതീവ സുന്ദരമായ പരിഹാരം നിർദേശിക്കുന്നുണ്ട്‌. സ്ത്രീധനം കൊടുക്കാൻ വിഷമിക്കുന്നവർ, സ്ത്രീധനം കൂടാതെ വിവാഹം ചെയ്യാൻ തയാറുളള ഇതര സമുദായക്കാരെ വിവാഹം ചെയ്യണം. നായർ ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി നായരെയും മുസൽമാനെയും മുസൽമാൻ നായരെയും നമ്പൂതിരിയെയും ഈഴവനെയും വിവാഹം ചെയ്യണം.

നാം രണ്ടുമതക്കാരല്ലേ എന്ന സാറാമ്മയുടെ വിവാഹ സംശയത്തിന്‌ നമുക്ക്‌ രജിസ്റ്റർ വിവാഹം ചെയ്യാമല്ലോ എന്ന ലളിതവും നിയമവിധേയവുമായ പരിഹാരമാണ്‌ കേശവൻ നായർ നിർദേശിക്കുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പും രജിസ്റ്റർ വിവാഹത്തിന്‌ സാധ്യതയും സാധുതയും ഉണ്ടായിരുന്നു.

ക്ഷേത്രവും ചർച്ചും നിൽക്കേണ്ടിടത്തുതന്നെ നിൽക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാകരുത്‌. ഈ ഉദാത്ത ചിന്തയാണ്‌ കേശവൻ നായരിലൂടെ ബഷീർ നമുക്ക്‌ പകർന്നുതരുന്നത്‌.

വിവാഹാനന്തരം കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നുണ്ട്‌. നമ്മുടെ കുട്ടികളെ ഒരു മതത്തിലും വളർത്തേണ്ട. അവർ നിർമ്മതരായി വളരട്ടെ. അല്ലെങ്കിൽ പത്തിരുപത്‌ വയസാകുമ്പോൾ ഹൃദ്യമായത്‌ സ്വീകരിക്കാൻ പാകത്തിന്‌ പക്ഷപാതരഹിതമായി മതങ്ങളെക്കുറിച്ച്‌ പഠിപ്പിക്കാം. അതും പ്രായമായതിനുശേഷം മാത്രം.

സാറാമ്മയും കേശവൻ നായരും മതത്തെയും മിശ്രവിവാഹത്തെയും സ്ത്രീധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നതിന്‌ പിന്നിലുളള പ്രധാന കാരണം മറ്റൊന്നാണ്‌, പ്രണയം. പ്രണയം പ്രകൃതി നിയമമാണ്‌. അവിടെ ജാതി, മതം, ശാരീരിക വ്യത്യാസം, നിറം, സാമ്പത്തികം, ദേശീയത, പ്രാദേശികത ഇവയൊന്നും ബാധകമല്ല. പ്രണയത്തെ ദൈവീകമെന്നുപോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

ഇടുക്കി ക്രൈസ്തവ രൂപത ബിഷപ്പ്‌ ബഷീറിനെ വായിച്ചിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല. അദ്ദേഹം തീർച്ചയായും ബൈബിൾ വായിച്ചിട്ടുണ്ട്‌. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വാക്യം നിന്നെപ്പോലെ നിന്റെ കത്തോലിക്കനായ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ്‌ അദ്ദേഹം വായിച്ചതെന്ന്‌ തോന്നുന്നു. പ്രണയ വിവാഹത്തിന്റെ കേവലമായ അടിസ്ഥാനമാണ്‌ സ്നേഹം.

ക്രിസ്ത്യാനികളായ പെൺകുട്ടികളെ മുസ്ലീങ്ങളും ഈഴവരും നായൻമാരുമായ യുവാക്കൾ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്‌ ശരിയല്ലെന്ന പ്രകൃതി വിരുദ്ധമായ അഭിപ്രായമാണല്ലോ അദ്ദേഹം പറഞ്ഞിട്ടുളളത്‌. ഒരു മതേതര രാജ്യത്ത്‌ വിജാതീയ വിവാഹങ്ങൾ അനുവദനീയമാണെന്നിരിക്കെ ബിഷപ്പിന്റെ പ്രണയ വിവാഹ വിരുദ്ധചിന്ത ഭരണഘടനാ വിരുദ്ധംപോലുമാണെന്ന്‌ പറയാതെ വയ്യ.

4 comments:

 1. ബിഷപ്പ് ബിഷപ്പിന്റെ വഴിയില്‍ ചിന്തിക്കുന്നു, പറയുന്നു

  ReplyDelete
 2. അല്ലേലും മിക്ക അച്ചന്മാര്‍ക്കും സാഹിത്യത്തോട് വല്യ പ്രതിപത്തിയൊന്നും ഇല്ല. അല്‍മായര്‍ ബൈബിള്‍ മാത്രം പഠിച്ചാല്‍ മതി.

  ReplyDelete
 3. പ്രണയം അവസ്ഥയാണ് അത് സംഭവിക്കാവുന്ന നിമിഷത്തില്‍ സംഭവിക്കുക തന്നെ ചെയ്യ്യും

  ReplyDelete
 4. ക്രിസ്ത്യാനികളായ പെൺകുട്ടികളെ മുസ്ലീങ്ങളും ഈഴവരും നായൻമാരുമായ യുവാക്കൾ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്‌ ശരിയല്ലെന്ന പ്രകൃതി വിരുദ്ധമായ അഭിപ്രായമാണല്ലോ അദ്ദേഹം പറഞ്ഞിട്ടുളളത്‌. ഒരു മതേതര രാജ്യത്ത്‌ വിജാതീയ വിവാഹങ്ങൾ അനുവദനീയമാണെന്നിരിക്കെ ബിഷപ്പിന്റെ പ്രണയ വിവാഹ വിരുദ്ധചിന്ത ഭരണഘടനാ വിരുദ്ധംപോലുമാണെന്ന്‌ പറയാതെ വയ്യ.

  ReplyDelete