Monday, 25 May 2015

മടക്കം മതത്തിലേയ്ക്കല്ല, മനുഷ്യനിലേയ്ക്ക്‌


         കേരളത്തിൽ നടന്ന ഒടുവിലത്തെ ഘർവാപസി കൊട്ടാരക്കരയ്ക്കടുത്ത്‌ നെല്ലിക്കുന്നത്ത്‌. ക്രിസ്തുമതത്തിലേക്ക്‌ മാറിയ ആറു കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക്‌ മാറ്റിയതായിരുന്നു നെല്ലിക്കുന്നത്തെ ഘർവാപസി. കേരളത്തിൽ സമീപകാലത്തു നടന്ന ആദ്യ ഘർവാപസി തൃശൂർ ജില്ലയിലായിരുന്നു. ഒരു എസ്‌എൻഡിപി ക്ഷേത്രത്തിൽ വച്ച്‌, മുസ്ലിം കുടുംബത്തെ ഹിന്ദുമതത്തിലേക്കു മാറ്റിക്കൊണ്ടും അത്‌ ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുകൊണ്ടുമായിരുന്നു അവിടെ ഘർവാപസി ആഘോഷിച്ചത്‌.

ദില്ലിയിലെ ഹിന്ദു വർഗീയവാദികളുടെ ഭാഷ്യമനുസരിച്ച്‌ ഡോ. അംബേദ്കർ മുസ്ലിം വിരുദ്ധനും ഘർവാപസിയെ അനുകൂലിച്ച ആളുമാണല്ലോ. ഇന്ത്യ അടുത്തകാലത്ത്‌ കേട്ട ഏറ്റവും വലിയ ഫലിതമായിരുന്നു അത്‌. ഞാൻ ഹിന്ദുവായി ജനിച്ചു. എന്നാൽ ഹിന്ദുവായി മരിക്കുകയില്ലെന്ന്‌ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന്‌ അനുയായികളുമായി നാഗ്പൂരിൽ വച്ച്‌ ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്ത മാതൃകാ മനുഷ്യൻ ആയിരുന്നു ഡോ. ബി ആർ അംബേദ്കർ.

ഘർവാപസിയെന്നാൽ വീട്ടിലേയ്ക്കുള്ള മടക്കമാണെങ്കിൽ വീടേത്‌? ഈ ചോദ്യം ചരിത്രപുസ്തകവായനയിലേക്ക്‌ നമ്മെ നയിക്കും. സിന്ധുനദി കടന്നുവന്ന ആര്യന്മാർ, ദ്രാവിഡജനതയിൽ ആര്യ ദൈവങ്ങളെ അടിച്ചേൽപ്പിച്ച കാലത്തേയ്ക്ക്‌ ആ വായന നമ്മളെ കൊണ്ടുപോകും.

ഹിന്ദുമതം നടപ്പിലാക്കിയ കൊടും ക്രൂരമായ ജാതിവ്യവസ്ഥയാണ്‌ മറ്റ്‌ മതങ്ങളിൽ പോയി സ്വതന്ത്ര വായു ശ്വസിക്കാൻ കേരളീയരെ പ്രേരിപ്പിച്ചത്‌. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടും നഗ്നത മറയ്ക്കാൻ വേണ്ടിയിട്ടുമൊക്കെ തീവ്രസമരം ചെയ്യേണ്ടിവന്ന നാടാണ്‌ കേരളം. ചിലർ നഗ്നത മറയ്ക്കരുതെന്നും പൊതുവഴിയേ നടക്കരുതെന്നുമുള്ള നീചവിദ്യാഭ്യാസം സമൂഹത്തിനു നൽകിയത്‌ ഹിന്ദുമതമാണ്‌.

മതം മാറിയവരിൽത്തന്നെ, സവർണർക്കു കിട്ടിയ സ്വീകരണം അവർണർക്കു കിട്ടിയില്ല. പൊയ്കയിൽ അപ്പച്ചന്റെ ചരിത്രപ്രസക്തി അതാണല്ലോ. ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പോഴും എന്ന്‌ വയലാർ എഴുതിയതും അതുകൊണ്ടാണല്ലോ.
മതം മാറ്റം കൊണ്ട്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടാകുകയില്ലെന്ന്‌ അനുഭവത്തിന്റെ ബലത്തിൽ അടുത്ത കാലത്തു പറഞ്ഞത്‌ കല്ലേൻ പൊക്കുടൻ ആണ്‌. ഒരു നുകംമാറ്റി മറ്റൊരു നുകം കഴുത്തിൽ വയ്ക്കുന്നതു പോലെയാണ്‌ മതം മാറ്റമെന്ന്‌ ജാതിയും മതവുമില്ലാത്ത കണ്ടൽ മരങ്ങളുടെ വളർത്തച്ഛനായ പൊക്കുടൻ നിരീക്ഷിച്ചിട്ടുണ്ട്‌.

ഇസ്ലാം മതത്തിലേക്ക്‌ മാറിയ പുരുഷന്മാർ മതപരമായ കാരണത്താൽ അഗ്രചർമം ഛേദിക്കേണ്ടതായിട്ടുണ്ട്‌. അവരെ തിരിച്ചു ഹിന്ദു മതത്തിൽ പ്രവേശിപ്പിക്കുമ്പോൾ മറ്റൊരു ശസ്ത്രക്രിയയ്ക്കു വിധേയരാക്കുമോ?

യഥാർഥ ഘർവാപസിയെന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്കുള്ള മാറ്റമല്ല. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ്‌.

രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വയലാറിന്റെ, യുക്തിതേജസുള്ള ഗാനം ഇപ്പോൾ ഓർമിക്കാവുന്നതാണ്‌. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു. മനസു പങ്കുവച്ചു.

ആദ്യമുണ്ടായത്‌ മതങ്ങളോ ദൈവങ്ങളോ അല്ല. മനുഷ്യനാണ്‌. മതങ്ങളിൽ നിന്നും വീട്ടിലേക്ക്‌ മടങ്ങുക എന്നാൽ മനുഷ്യഭവനത്തിലേക്ക്‌ മടങ്ങുക എന്നാണ്‌ വായിക്കേണ്ടത്‌. മതം ഉപേക്ഷിച്ച്‌, അന്ധവിശ്വാസരഹിതവും ശത്രുതാരഹിതവും സ്നേഹപൂർണവുമായ ഒരു ജീവിതമാണ്‌ മനുഷ്യ ഭവനത്തിലുള്ളത്‌. അത്‌ മതഭവനത്തിലില്ല.

3 comments:

 1. പോത്തിനോട് വേദമോതുന്നപോലെ തന്നെയാണ് വാപ്പസിക്കാരോട് നന്മയുപദേശിക്കുന്നതും

  ReplyDelete
 2. ഹിന്ദുമതം നടപ്പിലാക്കിയ കൊടും
  ക്രൂരമായ ജാതിവ്യവസ്ഥയാണ്‌ മറ്റ്‌ മതങ്ങളിൽ
  പോയി സ്വതന്ത്ര വായു ശ്വസിക്കാൻ കേരളീയരെ പ്രേരിപ്പിച്ചത്‌.

  ReplyDelete
 3. “യഥാർഥ ഘർവാപസിയെന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്കുള്ള മാറ്റമല്ല. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ്‌...!!”

  അതെ, അതാണ് ശരിക്കുള്ള വീടുമാറ്റം.
  ആശംസകൾ...

  ReplyDelete