Tuesday 23 June 2020

ശ്വാസവും വിശ്വാസവും


നല്ല പെടയ്ക്കുന്ന മീന്‍ എന്നത് എക്കാലത്തെയും ഒരു പ്രയോഗമാണ്. പെടയ്ക്കുന്ന മീനിനെ കണ്ണിനോടും ഹൃദയത്തോടുമൊക്കെ കവികള്‍ ചേര്‍ത്തു വച്ചിട്ടുമുണ്ട്.

എന്നാല്‍ മീനിനെ സംബന്ധിച്ച് ഈ പിടച്ചില്‍ അവസാനനൃത്തമാണ്. പ്രാണവായുവിനു വേണ്ടിയുള്ള പിടച്ചില്‍..ഈ പിടച്ചിലില്‍ തെറിച്ചു വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെട്ടു. ആ മീനിനെ പിന്നെ അടിക്കടലില്‍നോക്കിയാലും കിട്ടില്ല. 

പമ്പാ നദിയിലെ പൊന്നിനു പോകുന്ന പവിഴ വലക്കാരനോടു 
മീന്‍ വന്നു ഇഷ്ടം കൂടാറുണ്ടോ നൃത്തം ചെയ്യാറുണ്ടോ എന്നൊക്കെയുള്ളത് വയലാറിന്റെ ലാവണ്യാന്വേഷണങ്ങളാണ് 

മരണമെന്ന പെരുംപശിക്കാരന്‍ കൊറോണവല വീശുകയും  
മനുഷ്യന്‍ ഒരു തരിയോളം ശ്വാസത്തിനുവേണ്ടി പിടയുകയും  
ചെയ്യുമ്പോള്‍   മീന്‍റെ പിടച്ചില്‍ കാണുന്ന മാനസികാവസ്ഥയല്ല
ഉണ്ടാകുന്നത്. ഒന്നു ആഹാരത്തിന് വേണ്ടിയാണെങ്കില്‍ മറ്റൊന്നു 
നിസ്സഹായതയുടെ പേരിലാണ് നമ്മള്‍ സാക്ഷിയാകുന്നത്. 

ഇവിടെ ഉത്തമവിശ്വാസങ്ങള്‍ എന്നു വിലയിരുത്തപ്പെട്ടിട്ടുള്ള മതവിശ്വാസവും ദൈവവിശ്വാസവും കുടഞ്ഞുകളയേണ്ട അന്ധ
വിശ്വാസങ്ങളുടെ പട്ടികയിലേക്ക് ചേക്കേറുകയാണ്. ശാസ്ത്രത്തിനല്ലാതെ, മതത്തിനോ ദൈവത്തിനോ ഒരു സഹായവും  ഇക്കാര്യത്തില്‍ ചെയ്യാനില്ല.

പക്ഷേ ലജ്ജിപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. അത് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ പോലും  ഈ മൂഢധാരണകളില്‍ 
നിന്നും രക്ഷ നേടുന്നില്ലെന്നതാണ്.പെറ്റമ്മയുടെ മൃതശരീരവുമായി ഒരു ഡോക്റ്റര്‍ മൂന്നു ദിവസം കാത്തിരുന്നത് 
നമ്മുടെ സാക്ഷരകേരളത്തിലാണ്പ്രാര്‍ഥിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന മതബോധനമാണ് ഈ പാവം മകളെ വൈദ്യശാസ്ത്ര വിദഗ്ദ്ധയാണെങ്കില്‍ പോലും തെറ്റിദ്ധരിപ്പിച്ചത്.
ഈ ചിന്തയുള്ളവരെ ട്രാന്‍സ് എന്ന സിനിമ കാണിക്കേണ്ടതാണ്. ദൈവീക ശുശ്രൂഷ, അത്ഭുതരോഗശാന്തി തുടങ്ങിയവയുടെ ഉറവിടവും മൂലധനനിക്ഷേപവും ലാഭ  കേന്ദ്രീകരണവും  സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

ഭാരതത്തിലെ പുരാതനദൈവങ്ങളെല്ലാംഇപ്പൊഴും പരാശ്രിതരാണ്.
എഴുന്നേല്‍പ്പി.ക്കുക, കുളിപ്പിക്കുക, ആഹാരം കൊടുക്കുക, പാട്ടുപാടി ഉറക്കുക, കല്ല്യാണം കഴിപ്പിക്കുക കാര്യങ്ങളെല്ലാം മനുഷ്യര്‍ ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് നമ്മളെ എങ്ങനെ 
രക്ഷിക്കാന്‍ കഴിയും.

ആരാധനാലയങ്ങള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യം മനുഷ്യര്‍ തീരുമാനിക്കും. ആ തീരുമാനം അനുസരിച്ചു മാത്രമേ ദൈവങ്ങള്‍ക്ക് നിത്യജീവിതം
നടക്കുകയുള്ളൂ. കൊറോണക്കാലത്ത് ക്ഷേത്രങ്ങളില്‍ വരുമാനം ഇല്ലാതായി. ദൈവങ്ങള്‍ പട്ടിണിയിലുമായി.

പാതിരിമാര്‍ക്കും മറ്റും ശമ്പളം കൊടുക്കാന്‍ കഴിയാതായി. പള്ളികള്‍ തമ്മിലൊരു സഹകരണം ഉണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അവര്‍ കോടതിയിലും സെമിത്തേരിയിലുമായി പോരിലുമാണ്. എന്തായാലും ശമ്പളം കര്‍ത്താവ് തരില്ലെന്നുറപ്പായി.

ഹജ്ജ് തീര്‍ഥാടനം നിര്‍ത്തിവച്ചതോടെ സൌദി അറേബ്യക്കും 
മറ്റു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പാപമോചനം ലഭിക്കാതെ മനുഷ്യര്‍ വിഷമിക്കുകയും ചെയ്യുന്നുണ്ട്.

കര്‍ക്കിടകവാവിന് പെരുക്കപ്പട്ടിക ചൊല്ലി കാശുവാങ്ങുന്ന പ്രേതസംരക്ഷകരുടെ സ്വപ്നങ്ങളും തകര്‍ന്നു. ബോധ് ഗയക്കും ലുംബിനിക്കും ശ്രാവണ ബല്‍ഗോളയ്ക്കുമൊന്നും വണ്ടി കിട്ടതായി.

കോവിഡ് എന്ന മഹാരോഗം മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 

വിശ്വാസമല്ല ശ്വാസം എന്നത് മാത്രമല്ല. പ്രകൃതിയോടുള്ള സമീപനം കൂടി പാഠമാണ്. അമിതമായ മലിനീകരണം  ലോകത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നും 
ഇക്കാലം നമ്മളോട് പറയുന്നുണ്ട്. 
പ്രാണവായു സുലഭമാക്കുവാന്‍ മരങ്ങളുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും നമ്മള്‍ തിരിച്ചറിയുന്നു.

പുതിയ പരസ്യങ്ങള്‍ വന്നുതുടങ്ങി, കൊറോണയ്ക്ക് മരുന്ന് 
ഒരു പ്രത്യേക ബ്രാന്‍ഡ് കായത്തി ലുണ്ട് എന്നതാണു 
ഏറ്റവും പുതിയ പരസ്യം. ദൃശ്യമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ ഈ 
അവകാശവാദം പ്രചരിക്കുകയാണ്. ഇനി മദ്യപാനികളെ 
കോവിഡ് ബാധിക്കില്ലെന്ന പരസ്യം വന്നാലും അത്ഭുതപ്പെടാനില്ല.
കാരണം എല്ലാം നിയന്ത്രിക്കുന്ന തമ്പുരാക്കന്‍മാര്‍ ലോകകുത്തകകള്‍ ആണല്ലോ.

അലോപ്പതി മുതല്‍ ആദിവാസി വൈദ്യം വരെ അവകാശവാദവുമായി രംഗത്തുണ്ട്.  എങ്കിലും മനുഷ്യര്‍ കണ്ണുനട്ടിരിക്കുന്നത് ശാസ്ത്രത്തിന്റെ പരീക്ഷണ ശാലകളിലാണ്.

1 comment:

  1. അലോപ്പതി മുതല്‍ ആദിവാസി വൈദ്യം വരെ അവകാശവാദവുമായി രംഗത്തുണ്ട്. എങ്കിലും മനുഷ്യര്‍ കണ്ണുനട്ടിരിക്കുന്നത് ശാസ്ത്രത്തിന്റെ പരീക്ഷണ ശാലകളിലാണ്...!

    ReplyDelete