Wednesday, 2 May 2018

വെളുത്തയുടെ വീട്


ഭൂതത്താൻ കെട്ടിനുമപ്പുറത്ത്
ഇടമലയാറിനുമപ്പുറത്ത്
മഴപിറക്കാറുള്ള കാടകത്ത്
ഇടിമിന്നൽ പായുന്ന വീടകത്ത്
ഞവരമണക്കും പരിസരത്ത്
ഇല്ലിക്കുടിലിന്റെയുമ്മറത്ത്
ആളിറങ്ങാത്ത മുളങ്കാട്ടിൽ
താളുകണ്ടത്തിൻ തുടക്കുള്ളിൽ
പാതിരാപോലെ കറുത്തൊരമ്മ
പേരു വെളുത്ത മനസ്സുപോലെ!

നീലക്കുറിഞ്ഞിക്കാറ്റോടിവന്ന്
തോളത്തിരുന്നു മണത്തുപോയി
ഞാനതിൻ ചെല്ലച്ചിറകിലേറി
പാലത്തിണയിൽ കറങ്ങിവന്നു
അന്നേരമല്ലോ മുനിഞ്ഞുകത്തും
ചിമ്മിനിക്കൊപ്പം മിനുങ്ങിയമ്മ
നോക്കിയും തൂക്കിയും വാക്കെടുത്ത്
നാക്കത്തുവെച്ചു തെളിഞ്ഞിടുന്നു
കാട്ടുതേനിന്റെയിനിപ്പു തോന്നി
കണ്ണുനീരിന്റെ കവർപ്പു തോന്നി
ലെയ്ജുവും റെജുവും ശശികുമാറും
ഞാനുമതങ്ങനെ കണ്ടുനിന്നു

അമ്മ വെളുത്തയുമാങ്ങളയും
കുഞ്ഞായിരുന്ന തുടുത്തകാലം
മിന്നാമിനുങ്ങുമരിപ്പിറാവും
പൊൻമയും മൈനയും ചങ്ങാതികൾ
പാമ്പമ്മ മക്കളോടൊത്തുവാഴും
മുള്ളുവേങ്ങച്ചോട്ടിൽ പോയിട്ടില്ല
ചേരയുടുപ്പൂരും കൈതക്കാട്ടിൽ
പൂവെടുക്കാൻപോലും പോയിട്ടില്ല
ആനയിറങ്ങും പുഴയിറമ്പിൽ
കാലനങ്ങാതെ തരിച്ചുനിൽക്കും
പൂതമുറങ്ങുന്ന പാറക്കെട്ടിൽ
നൂലാംബരപ്പഴം കണ്ടുനിൽക്കും
അന്നു വെളുത്തക്കു കാടുവീട്
കാടിനകത്തൊരു പൂങ്കുമിള്
പുല്ലുകൊണ്ടങ്ങനെ മേൽക്കൂര
ഇല്ലികൊണ്ടങ്ങനെ പൂഞ്ചുമര്
ഉള്ളിൽ തിനയട തേനപ്പം
കല്ലിൽ വേവിച്ച മുളയപ്പം
വീട്ടിൽ തിരിയുണ്ട് വെട്ടമുണ്ട്
ആട്ടുകല്ലുണ്ട് തടുക്കുണ്ട്
ഒന്നുനിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ.

മേൽക്കൂര, പൂന്തറ വെള്ളത്തിൽ
പൂഞ്ചുമരൊക്കെയണക്കെണിയിൽ
വീടും കുടിയും മലത്തേവരും
മാനും മയിലും ജലക്കെട്ടിൽ
ചാവരു വാഴുന്ന കുര്യാലയും
ആടും മുയലും മുടിഞ്ഞുമുങ്ങി
കോഴി, കുരണ്ടി, കരണ്ടകവും
പാറക്കലവും കഴിഞ്ഞുപോയി
ശ്വാസകോശം പൊട്ടി കണ്ണുതള്ളി
പ്രാണൻ വെടിഞ്ഞു മണിപ്പൂച്ച
മണ്ണൊഴിഞ്ഞെങ്ങോ മറഞ്ഞു ഞങ്ങൾ
പിന്നീമലയിൽ കുടിവെച്ചു

അമ്മയെ പിന്നെ ഞാൻ കണ്ടിട്ടില്ല
കൂടപ്പിറപ്പിനെ കണ്ടിട്ടില്ല
വെള്ളമെടുത്തോ കറണ്ടെരിച്ചോ
ചങ്ങാതിമാരേയും കണ്ടിട്ടില്ല
ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ

കാടുകേറിപ്പോയോരെന്റെയമ്മ
നായോടോ നരിയോടോ കഞ്ഞിവെച്ചോ
ഈറ്റപ്പുലിയുടെ മുന്നിലെത്തി
വീട്ടുവിശേഷം പറഞ്ഞുടഞ്ഞോ?
അമ്മിഞ്ഞതന്നു വളർത്തിയോളെ
കണ്ടുവോ പൂക്കളെ ചെന്നായ്ക്കളേ?

ഈ വീട്ടിലെന്നും മലപ്പിശാച്
ദീനം വിതച്ചു ചിരിക്കുന്നു
ഉറിയിലുപ്പിട്ട കുടുക്കയില്ല
കടുമാങ്ങയില്ല നാരങ്ങയില്ല
തീ പുകയാറില്ലടുപ്പിലെന്റെ
മാറിൽ വേവുന്നു വിഷച്ചോറ്
നാട്ടാരെ കണ്ടാലെനിക്ക് നെഞ്ചിൻ
മേട്ടിലൊരൊറ്റയാൻ പാഞ്ഞപോലെ

ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ

1 comment:

 1. ഇല്ലിക്കുടിലിന്റെയുമ്മറത്ത്
  ആളിറങ്ങാത്ത മുളങ്കാട്ടിൽ
  താളുകണ്ടത്തിൻ തുടക്കുള്ളിൽ
  പാതിരാപോലെ കറുത്തൊരമ്മ
  പേരു വെളുത്ത മനസ്സുപോലെ...!

  ReplyDelete