Thursday 26 April 2018

ഒറ്റ ഡോക്ടർ



വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

സൂര്യവണ്ടി വെയിൽപ്പാളമേറിവ-
ന്നാതുരാലയം കണ്ടു പിൻവാങ്ങുന്നു
താരവും വ്രണപ്പാടുള്ള ചന്ദ്രനും
ദൂരെയെത്തിപ്പകച്ചസ്തമിക്കുന്നു
മേഘരാക്ഷസർ പൊള്ളുന്ന വാതക
പ്പാഴ്മരങ്ങൾ ചുമന്നെത്തിനോക്കുന്നു
ഒറ്റദൃശ്യം മഹാരോഗശാലതൻ
മുള്ളുവേലി മുറിഞ്ഞിരിക്കുന്നു
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


സ്നേഹസാന്നിദ്ധ്യമില്ലാത്ത രാത്രികൾ
ചൂളകൂട്ടിത്തുറിച്ചു നിൽക്കുമ്പൊഴും
തീ വിഴുങ്ങി മരിക്കാതിരിക്കുവാൻ
ഭീരുവിൻ തൊപ്പി തുന്നിച്ചു
ചാർത്തുന്നതേതു നട്ടുച്ച?
ജൻമാന്തര സ്വപ്നവ്യാകുലാശങ്കയുണ്ണാൻ
ക്ഷണിക്കുന്നതേതു വേദം?
സ്മൃതിക്കിണർ കാണാതെ പോകുവാൻ
ചൂണ്ടിനിന്നു ക്ഷോഭിക്കുന്നതേതു വൃക്ഷം?
ഒന്നുമാത്രം മനസ്സിലാകാറുണ്ട്
കണ്ണിലുണ്ടതിന്നുത്തരം സുസ്ഥിരം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

ഹൃത്തിനാണു കുഴപ്പം ചികിത്സക്കു
മപ്പുറമെന്നു കണ്ടു ചൊല്ലുന്നൊരാൾ
കാലിനാണെന്നു മറ്റൊരാൾ കാണാത്ത
വാലിനാണെന്നു വേറൊരാൾ
രോഗങ്ങൾ തൊട്ടുകാട്ടിയോർ
ചിത്തഭ്രമത്തിന്റെതൊട്ടിലിലെന്നു
നാലാമതായൊരാൾ
വൃക്കയില്ലെന്നു പുസ്തകം
നട്ടെല്ലു പൊട്ടിയെന്നു കമ്പ്യൂട്ടർ
മരുന്നിനി ക്രിസ്തു മാത്രമേയുള്ളൂ
പ്രാർത്ഥിക്കുകയെന്നുഷ്ണരോഗം കടിച്ച
പുരോഹിതൻ.


ഏതുവ്യാധി എന്തൗഷധം
അഞ്ജാതനോവു നീക്കുവാൻ
ഏതു ശസ്ത്രക്രിയ?
ഏതു നാട്ടിൽനിന്നെത്തും ഭിഷഗ്വരൻ
കൂടെ ഏതു ശുശ്രൂഷക ദേവത
ഒന്നുമാത്രമേ സത്യം പ്രതിവിധി
ഒന്നുമില്ലാത്ത രോഗമീ ജീവിതം
ജൻമനാ രോഗബാധിതരാണേതു
വന്യജീവിയും സസ്യവും പുഷ്പവും
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

അർബുദപ്പുകയൂറ്റിക്കുടിച്ചു ഞാൻ
ഹുക്കയിന്നുപേക്ഷിച്ചു പുറത്തേക്കു
ചുട്ടെറിഞ്ഞ ചുമയ്ക്കും കഫത്തിനും
വർത്തമാന വൈറസിന്റെ ചുംബനം
സ്വപ്നമെല്ലാം വസൂരിക്കിടക്കയിൽ
മുത്തുകുപ്പായമിട്ടൊടുങ്ങുമ്പൊഴും
പ്ലേഗുബാധിച്ച പ്രേമത്തിനെൻ ജീർണ
വാഹനത്തിലിരിപ്പിടം നൽകി ഞാൻ
വിഭ്രമങ്ങളെ കാവൽ നിർത്തി ജീവ
രക്തമിറ്റിച്ചു ചുണ്ടിൽ പൊടുന്നനെ
ഞെട്ടി ഞെട്ടറ്റു വീഴുന്നു പ്രേമവും
ഹർഷകാലപ്രതീക്ഷയും പ്രീതിയും
ദു:ഖിതർക്കു മലമ്പനിക്കൂരയിൽ
സജ്ജമാക്കിയിട്ടുണ്ട് മുൾമെത്തകൾ
ചെന്നിരിക്കാം കിടക്കാം മനുഷ്യന്റെ
ജൻമമെന്നും നിഗൂഢരോഗങ്ങളിൽ

ഹിന്ദിയുംപാനുമൊപ്പം ചവച്ചാര്യ
സന്ധ്യനാമം ചുഴറ്റി മറ്റുള്ളോൻറെ
കണ്ണിലേക്കു തുപ്പുന്ന പിശാചിനും
അന്യനും ഒറ്റവാസ്തവം നിശ്ചിതം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


ഒറ്റ ഡോക്ടർ പ്രസിദ്ധൻ വിചക്ഷണൻ
വർഗകാലവൈജാത്യമില്ലാത്തവൻ
ഒറ്റയാൻ ഏതുനേരത്തുമെത്തുവോൻ
മൃത്യുവെന്ന മൃത്യുഞ്ജയൻ രക്ഷകൻ


അൽപശാന്തിക്കു ചോരയിൽ തൂകുവാൻ
ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ.

1 comment:

  1. ഒറ്റ ഡോക്ടർ പ്രസിദ്ധൻ വിചക്ഷണൻ
    വർഗകാലവൈജാത്യമില്ലാത്തവൻ
    ഒറ്റയാൻ ഏതുനേരത്തുമെത്തുവോൻ
    മൃത്യുവെന്ന മൃത്യുഞ്ജയൻ രക്ഷകൻ


    അൽപശാന്തിക്കു ചോരയിൽ തൂകുവാൻ
    ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ.

    ReplyDelete