Friday, 26 August 2016

കോണത്തുപുഴയെ കുളിപ്പിച്ചൊരുക്കുമ്പോൾ

പുഴയിൽ കളിക്കുകയല്ലാതെ പുഴയെ കുളിപ്പിക്കാറുണ്ടോ? ഏഴര വെളുപ്പിന്‌ ഉണർന്ന്‌ പുഴയിൽ കുളിച്ച്‌ ഒരുങ്ങി പുറത്തേയ്ക്ക്‌ പോകുന്നയാളുകളുടെ ചിത്രങ്ങ ൾ ഭൂതകാല കേരളത്തിൽ സാധാരണമായിരുന്നു. എന്നാൽ ഇവിടെ പുഴയെത്തന്നെ കുളിപ്പിച്ചൊരുക്കുകയാണ്‌. തുളസിച്ചെടിയെ കരിങ്കല്ലിന്‌ കെട്ടിച്ചുകൊടുക്കുന്ന നാട്ടിൽ അന്ധവിശ്വാസത്തിന്റെ ഭാഗമായി ചില പുഴപൂജകളൊക്കെ നടക്കാറുണ്ട്‌. ഈ അന്ധവിശ്വാസത്തിന്റെ ഉന്നതാവസ്ഥയിലാണ്‌ ശവങ്ങൾ നിറഞ്ഞ ഗംഗാനദി രൂപപ്പെടുന്നത്‌.
കേരളത്തിൽ മലിനമാക്കപ്പെട്ട ഒരു ജലപ്രവാഹത്തെ ശുദ്ധീകരിച്ച്‌, സൗന്ദര്യം വീണ്ടെടുത്ത്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുകയാണ്‌. എറണാകുളം ജില്ലയിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരാണ്‌ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഈ സദുദ്ദ്യമത്തിന്‌ നേതൃത്വം നൽകുന്നത്‌.
എറണാകുളം ജില്ലയുടെ തെക്കേ അതിർത്തിയായ പൂത്തോട്ടയിൽ നിന്നാരംഭിച്ച്‌ പതിനേഴ്‌ കിലോ മീറ്റർ സഞ്ചരിച്ച്‌ ഇരുമ്പനം വെട്ടുവേലിക്കടവു വരെ എത്തിയിരുന്ന പുഴയായിരുന്നു കോണത്തുപുഴ. മുഖം നോക്കാവുന്ന കണ്ണാടിത്തെളിച്ചമുള്ള വെള്ളം ഈ പുഴയിലും ഉണ്ടായിരുന്നു. കുട്ടികൾ നീന്തിത്തുടിക്കുകയും വെള്ളം കുടിക്കുകയും മുതിർന്നവർ കുളി ച്ചു ശുദ്ധരാകുകയും ചെയ്തിരുന്ന പുഴ. ആലുവാപ്പുഴയടക്കം വലിയ രക്തധമനികളുള്ള എറണാകുളം ജില്ലയിലെ സൂക്ഷ്മ ധമനിയായിരുന്നു കോണത്തുപുഴ.
കോണത്തുപുഴയുടെ ഇരുവശത്തും നാലരമീറ്റർ ചുറ്റളവു വരെ എഴുപതിനങ്ങളിൽപ്പെടുന്ന വൻവൃക്ഷങ്ങളും വിവിധതരം ജലപുഷ്പങ്ങളും ഔഷധ സസ്യങ്ങളും നൂറിലധികം ഇനത്തിൽപ്പെടുന്ന ജലജീവികളും മൂന്നു പൂവ്‌ കൃഷി ചെയ്യുന്ന വയലുകളും ഉണ്ടായിരുന്നു. നൂറ്റിനാൽപതോളം പൊതുകുളിക്കടവുകളും ഗ്രാമീണ നടപ്പാതകളും സമൃദ്ധമായ മത്സ്യസമ്പത്തും ഇവിടെ ഉണ്ടായിരുന്നു.
മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകൾ മൂലം പ്ലാസ്റ്റിക്‌ മാലിന്യവും മനുഷ്യമാലിന്യവും പോളപ്പായലുമടക്കം നിറഞ്ഞ്‌ കോണത്തുപുഴ നിശ്ചലയായി. കൃഷിക്കെന്ന പേരിൽ നിർമിച്ച ബണ്ടുകളും പാലങ്ങളും കയ്യേറ്റവും കൂടിയായപ്പോൾ പുഴയുടെ ഒഴുക്ക്‌ പൂർണമായും നിലച്ചു. ഇതിനുപുറമേ ഇന്ത്യ ൻ ഓയിൽ കമ്പനിയിൽനിന്നും പുറത്തേയ്ക്ക്‌ വിടുന്ന മാലിന്യങ്ങളും കോണത്തുപുഴയുടെ ശ്വാസോച്ഛ്വാസം തകർത്തു.
ഈ സാഹചര്യത്തിലാണ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ കോണത്തുപുഴ സംരക്ഷണ സമിതി രൂപീകരിക്കുകയും പുഴശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തത്‌. ആ സഖാക്കളെ അനുമോദിക്കാൻ ചെന്നപ്പോൾ കേട്ടത്‌ കുളിപ്പിച്ചൊരുക്കിയ കോണത്തുപുഴയുടെ സന്തോഷം സംബന്ധിച്ച വാർത്തകളാണ്‌. പുഴവെള്ളത്തിൽ അക്ക്വാമീറ്റർ വച്ച്‌ പരിശോധിച്ച സംഘത്തിന്‌ നേതൃത്വം നൽകിയ റഹിം ആപ്പാഞ്ചിറ പറഞ്ഞത്‌ ഗണ്യമായ തോതിൽ മാലിന്യം കുറഞ്ഞതിനെക്കുറിച്ചാണ്‌. ശുദ്ധീകരിക്കപ്പെട്ട ഇടങ്ങളിൽ ഉള്ളതിനേക്കാൾ നൂറ്‌ മടങ്ങിലധികം മാലിന്യമാണ്‌ ഇനിയും ഈ പുഴയിൽ അവശേഷിക്കുന്നത്‌ എന്നാണ്‌. ഓഗസ്റ്റ്‌ അവസാനിക്കുന്നതോടെ ശുചീകരണ നടപടികൾ പൂർത്തീകരിക്കാനാണ്‌ പി വി ചന്ദ്രബോസിന്റേയും എൻ എൻ സോമരാജന്റേയും നേതൃത്വത്തിലുള്ള സഖാക്കൾ തീരുമാനിച്ചിട്ടുള്ളത്‌. ഓണനിലാവ്‌ നീന്തിത്തുടിക്കുന്ന കോണത്തുപുഴയെ ഇക്കുറി കാണാൻ കഴിഞ്ഞേക്കും. കേരളത്തിന്‌ മുഴുവൻ മാതൃകയാക്കാവുന്ന ഒരു പ്രവർത്തനമാണ്‌ കോണത്തുപുഴ സംരക്ഷണ സമിതി നടത്തുന്നതെന്ന്‌ കവി മണർകാട്‌ ശശികുമാർ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ നദികളും മാലിന്യങ്ങളാലും വിധ്വംസക പ്രവർത്തനങ്ങളാലും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ട്‌ നശിച്ചുകൊണ്ടിരിക്കുകയാണ്‌. പു ഴസംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ ഉണ്ടായേ മതിയാകൂ.

2 comments:

 1. മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകൾ മൂലം പ്ലാസ്റ്റിക്‌ മാലിന്യവും മനുഷ്യമാലിന്യവും പോളപ്പായലുമടക്കം നിറഞ്ഞ്‌ കോണത്തുപുഴ നിശ്ചലയായി. കൃഷിക്കെന്ന പേരിൽ നിർമിച്ച ബണ്ടുകളും പാലങ്ങളും കയ്യേറ്റവും കൂടിയായപ്പോൾ പുഴയുടെ ഒഴുക്ക്‌ പൂർണമായും നിലച്ചു. ഇതിനുപുറമേ ഇന്ത്യ ൻ ഓയിൽ കമ്പനിയിൽനിന്നും പുറത്തേയ്ക്ക്‌ വിടുന്ന മാലിന്യങ്ങളും കോണത്തുപുഴയുടെ ശ്വാസോച്ഛ്വാസം തകർത്തു.

  ഒരു പുഴയുടെ മരണം കൂടി...

  ReplyDelete
 2. പുഴമരിക്കുംവരേയുളളു മേലിലാ,
  തുഴയെറിയലെന്നറിയേണം സകലരും
  പുതുമകാത്തീടാന്‍ തുനിഞ്ഞവര്‍ക്കായിരം
  തിരികളിട്ടേകട്ടെ പുലരിതന്‍ പുക്കളം
  വികലമാക്കാന്‍മാത്രമറിയുന്നവര്‍ ചിലര്‍
  പകലുമാറാന്‍ കാത്തിരിപ്പുണ്ടു പിന്നെയും
  തെളിച്ചെടുത്തീടേണ്ടതാണാ,മനസ്സുകള്‍
  വെളിച്ചം; തിരിച്ചേകിടട്ടേയുഷസ്സുകള്‍!

  -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

  ReplyDelete