Sunday 11 September 2016

ഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രമല്ല


ഗുരുമന്ദിരത്തെ ക്ഷേത്രമായി കാണാനാവില്ലെന്ന്‌ കേരള ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നു. നാരായണഗുരു സാമൂഹികപരിഷ്കർത്താവും വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തയാളുമാണെന്നും ദൈവത്തിന്റെ അവതാരമല്ലെന്നുമുള്ള മുൻ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.ആലപ്പുഴ ജില്ലയിലെ കരുമാടിയിലെ നാലു സെന്റ്‌ വസ്തു ലേലത്തിൽ പിടിച്ചവർക്ക്‌ വിട്ടുകൊടുക്കണം എന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌ ഹൈക്കോടതി ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടുള്ളത്‌.

ഭാവികേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വഴിവികസനതടസം നാരായണഗുരു ക്ഷേത്രങ്ങളായിരിക്കും. ഒരു സാധാരണ ഹിന്ദുക്ഷേത്രത്തിന്റെ എല്ലാ പകിട്ടുകളോടും കൂടിയാണ്‌ ഗുരുക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്‌. അമാനുഷികമായ ഒരു കഴിവും ഇല്ലാതിരുന്ന, മലയാളത്തിലെ പ്രമുഖ ബഹുഭാഷാകവിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു നാരായണഗുരു. ഗുരുവിനെത്തന്നെ ദൈവമാക്കി സാധാരണ ഹിന്ദുക്ഷേത്രങ്ങളിലെ വഴിപാടുകളും നേർച്ചപ്പെട്ടിയും സ്ഥാപിച്ച്‌ അദ്ദേഹത്തെ നിന്ദിക്കുകയാണല്ലോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന്‌ ഉദ്ഘോഷിച്ച അദ്ദേഹത്തിന്റെ അനുയായികൾ എന്ന്‌ അവകാശപ്പെടുന്നവർ നമ്പൂതിരി മുതൽ നായാടിവരെയുള്ളവരെ ജാതീയമായി സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ ഏറ്റവും വലിയ ഗുരുനിന്ദ ആയിരുന്നു. അവർ തന്നെയാണ്‌ ഗുരുക്ഷേത്രങ്ങളുണ്ടാക്കി അവിടെ ചതയദിന പൂജയും മറ്റും ഏർപ്പെടുത്തിയിട്ടുള്ളത്‌.

പൊതുവഴികൾക്കരികിലുള്ള ക്ഷേത്രങ്ങൾ ഒഴിവാക്കണമെന്ന സുപ്രിം കോടതിയുടെ നിർദേശം പോലും പാലിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല. എത്ര വഴികളാണ്‌ പുറമ്പോക്കു ദൈവങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ അടയപ്പെട്ടിരിക്കുന്നത്‌. തലസ്ഥാന നഗരിയിലെ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ ഹാളിനടുത്തുള്ള ഒരൊറ്റ ക്ഷേത്രം മാറ്റിസ്ഥാപിച്ചാൽ പ്രധാന റോഡിലെ വലിയ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ കഴിയും. അതുപോലും സാധിക്കാത്ത കേരളത്തിലാണ്‌ വഴിയരികിൽ നാരായണഗുരു ക്ഷേത്രങ്ങൾ ഉണ്ടായിവരുന്നത്‌.

കൊല്ലം നഗരത്തിൽ കപ്പലണ്ടി മുക്കിൽ ഉണ്ടായിരുന്ന ക്ഷേത്രം മേയറുടെ ഇടപെടൽ മൂലം മാറ്റി സ്ഥാപിച്ചു. അതോടുകൂടി അവിടെ വലിയ വികസനമാണ്‌ ഉണ്ടായത്‌. കടുംപിടുത്തം ഉപേക്ഷിച്ച്‌ ക്ഷേത്രം മാറ്റാൻ തയാറായ ക്ഷേത്രഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നു.

1917 ൽ നാരായണഗുരു നൽകിയ സന്ദേശത്തിൽ ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്‌ എന്ന്‌ കൃത്യമായും പറഞ്ഞിട്ടുണ്ട്‌. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന്‌ കരുതിയിരുന്നുവെന്നും അനുഭവം നേരേമറിച്ചാണെന്നും ആ സന്ദേശത്തിലുണ്ട്‌. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നുവെന്ന്‌ ഈ സന്ദേശത്തിൽ നാരായണഗുരു നിരീക്ഷിക്കുന്നു. ജനങ്ങൾക്ക്‌ നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ നിർമിച്ചുകൊള്ളാൻ അദ്ദേഹം അനുവദിക്കുന്നുമുണ്ട്‌. അങ്ങനെയാണെങ്കിൽ നാരായണഗുരുവിന്റെ അനുയായികൾ എന്നു പറഞ്ഞുനടക്കുന്നവർ നേതൃത്വം കൊടുക്കുന്ന വമ്പൻ അമ്പലങ്ങളെ എങ്ങനെയാണ്‌ സാധൂകരിക്കാൻ കഴിയുക!

ക്ഷേത്രങ്ങളുണ്ടാക്കി അതിൽ തന്റെ പ്രതിമതന്നെ സ്ഥാപിച്ച്‌ കർപ്പൂരം കൊളുത്തി പൂജിക്കണമെന്ന്‌ അടുത്ത അനുയായികളോടുപോലും ഗുരുപറഞ്ഞിട്ടില്ല. നാരായണഗുരു കണ്ടിട്ടുള്ള ഒറ്റ പ്രതിമയേ അദ്ദേഹത്തിന്റേതായി കേരളത്തിലുള്ളു. അത്‌ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്രതിമയാണ്‌. ആ പ്രതിമ കണ്ടപ്പോൾ സരസനായ ഗുരു പറഞ്ഞത്‌, ഇത്‌ കൊള്ളാമല്ലോ ആഹാരമൊന്നും വേണ്ടല്ലോ എന്നായിരുന്നു. പ്രതിമാ നിർമാണത്തെ നർമബോധത്തോടെ കണ്ട ഗുരുവിനെയാണ്‌ ഇപ്പോൾ ദൈവമാക്കിയിരിക്കുന്നത്‌.

ക്ഷേത്രങ്ങൾക്ക്‌ പകരം വിദ്യാലയങ്ങളാണ്‌ ഉണ്ടാക്കേണ്ടത്‌. മനുഷ്യനെ നന്നാക്കാനുള്ള മരുന്ന്‌ അറിവുമാത്രമാണെന്ന്‌ പറഞ്ഞ നാരായണഗുരുവിന്റെ അനുയായികൾ സ്വന്തം പേരിൽ വമ്പൻ ഫീസു വാങ്ങുന്ന ഹൈടെക്‌ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതാണല്ലോ പിൽക്കാലത്ത്‌ കേരളം കണ്ടത്‌. നാരായണഗുരുവിന്റെ സങ്കൽപത്തിൽ കോഴപ്പള്ളിക്കൂടങ്ങൾ ഇല്ലായിരുന്നു.

ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ ജാതിയും മതവും ദൈവവും മനുഷ്യന്‌ ആവശ്യമില്ലാത്തതാണെങ്കിൽ നാരായണഗുരുവിന്റെ പേരിൽ സ്ഥാപിക്കുന്ന ഗുരുക്ഷേത്രങ്ങൾക്ക്‌ അർഥമില്ലാതെയാകും.
ഗുരുക്ഷേത്രങ്ങൾ മുന്നോട്ടല്ല, പിന്നോട്ടാണ്‌ ജനങ്ങളെ നയിക്കുന്നത്‌. ഗുരുവും ശിഷ്യനും പോരാടിത്തോൽപ്പിച്ച അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കുവാനേ ഈ ക്ഷേത്രനിർമാണം ഉതകുകയുള്ളു.

1 comment:

  1. ഗുരുവിന്റെ പ്രിയ ശിഷ്യനായ
    സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ
    ജാതിയും മതവും ദൈവവും മനുഷ്യന്‌ ആവശ്യ
    മില്ലാത്തതാണെങ്കിൽ നാരായണഗുരുവിന്റെ പേരിൽ
    സ്ഥാപിക്കുന്ന ഗുരുക്ഷേത്രങ്ങൾക്ക്‌ അർഥമില്ലാതെയാകും.

    ഗുരുക്ഷേത്രങ്ങൾ മുന്നോട്ടല്ല, പിന്നോട്ടാണ്‌ ജനങ്ങളെ
    നയിക്കുന്നത്‌. ഗുരുവും ശിഷ്യനും പോരാടിത്തോൽപ്പിച്ച അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കുവാനേ ഈ ക്ഷേത്ര
    നിർമാണം ഉതകുകയുള്ളു.

    ReplyDelete