Tuesday, 10 May 2016

പെൺകുട്ടികൾക്കുമുണ്ട്‌ ജീവിക്കാനുള്ള അവകാശംപിന്നെയും ഒരു പെൺവേട്ടയുടെ വാർത്തയിൽ കേരളം ഞെട്ടിത്തെറിച്ചിരിക്കുന്നു. സൗമ്യ സംഭവം അടക്കം കേരളം കണ്ട ക്രൂരമായ പെൺവേട്ടകൾക്കുശേഷം ഇതാ പെരുമ്പാവൂരിലും ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നു.

ജിഷ എന്ന ദളിത്‌ പെൺകുട്ടിയെ നരാധമന്മാർ പട്ടാപ്പകലാണ്‌ കൊലപ്പെടുത്തിയത്‌. ഇരുപതിലധികം മുറിവുകൾ ഏൽപ്പിച്ചാണ്‌ ആ കൂട്ടിയെ കൊന്നത്‌. സംഭവത്തിൽ അയൽവാസികൾ പോലും നിസംഗതയോടെയാണ്‌ പെരുമാറിയതത്രെ. നിയമ വിദ്യാർഥിയായിരുന്ന ജിഷ വിദ്യാഭ്യാസാനന്തരം പാവങ്ങൾക്ക്‌ നിയമസഹായം നൽകുക എന്ന ലക്ഷ്യത്തിലായിരുന്നു.
സംസ്കാരസമ്പന്നരും സമ്പൂർണ സാക്ഷരരും എന്ന്‌ കീർത്തികേട്ട കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്‌ എന്തുകൊണ്ട്‌? സംസ്കാരത്തിന്റെയും അക്ഷരജ്ഞാനത്തിന്റെയും അർഥം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം ഏത്‌ രാത്രികളിലും സ്ത്രീകൾക്ക്‌ സഞ്ചരിക്കാൻ സാധിക്കും. നാലു മണിക്കു തന്നെ ഉണർന്ന്‌ പത്രക്കെട്ടുകൾ ഏറ്റുവാങ്ങി എണ്ണി തിട്ടപ്പെടുത്തി സഹപ്രവർത്തകരെ ഏൽപ്പിക്കുന്ന സ്ത്രീകൾ കൽക്കത്തയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്‌. പലവിധ ജോലികളിൽ ഏർപ്പെട്ടിട്ട്‌ തിരിച്ച്‌ വീടുകളിലേയ്ക്ക്‌ ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളെ ബംഗളൂരുവിലും ഹൈദരാബാദിലും ബോംബെയിലുമൊക്കെ നമുക്ക്‌ കാണാവുന്നതാണ്‌. ഇവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ തീർത്തും വിരളം. ഡൽഹി പെൺകുട്ടിയുടെ ദാരുണമായ അന്ത്യമാണ്‌ ഇന്ത്യയെ ഞെട്ടിച്ച അറിയപ്പെട്ട ഒരു കൊലപാതകം. അറിയപ്പെടാത്ത കൊലപാതകങ്ങൾ ധാരാളമായി നടക്കുന്നുണ്ട്‌ എന്ന്‌ വിവിധ സർക്കാരുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ടല്ലോ.

സ്ത്രീകൾക്ക്‌ വീട്ടിൽപ്പോലും രക്ഷയില്ല എന്നാണ്‌ ജിഷയുടെ മരണം നമ്മോട്‌ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ കേരളം മുഴുവൻ ഉണർന്നിരിക്കുന്ന സമയത്താണ്‌ ഈ ക്രൂരകൃത്യം നടത്തിയിട്ടുള്ളത്‌.
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും അടിയന്തരമായി കായിക പരിശീലനം നൽകേണ്ടതാണ്‌. കൂട്ടമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഈ പരിശീലനം സഹായകരം അല്ലെങ്കിൽകൂടിയും അക്രമികളെ നേരിടാനുള്ള മാനസിക ബലം നൽകാൻ ഇത്‌ സഹായിക്കും. കേരളത്തിലെ പല കുടുംബശ്രീ യൂണിറ്റുകളും പെൺകുട്ടികൾക്ക്‌ കായിക പരിശീലനം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്‌.

ഒരു പെൺകുട്ടിയെ വീടുകയറി ആക്രമിച്ച്‌ കൊല്ലുമ്പോൾ ജീവിക്കുവാനുള്ള അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. കൃത്യമായ നിയമവ്യവസ്ഥകൾ നിലവിലുള്ള ഒരു രാജ്യത്ത്‌ നിയമമോ നിയമലംഘനമോ കയ്യാളുവാൻ ആരെയും അനുവദിക്കരുത്‌.

ഒരു നിയമവിദ്യാർഥിനി സ്വന്തം കുടുംബത്തിനു മാത്രമല്ല ഒരു സമൂഹത്തിനാകെ വിലപ്പെട്ട സേവനം നൽകുവാനുള്ള വാഗ്ദാനമാണ്‌. ആ വാഗ്ദാനത്തെയാണ്‌ നശിപ്പിച്ചുകളഞ്ഞത്‌. പരിഷ്കൃത സമൂഹത്തിന്റെ മുഖത്ത്‌ പറ്റിയ കടുത്ത ചോരപ്പാടാണ്‌ ജിഷയുടെ കൊലപാതകം.

എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി വസിക്കുവാനും സഞ്ചരിക്കുവാനുമുള്ള അവകാശം പാലിക്കപ്പെടേണ്ടതാണ്‌. സഹദുഃഖത്തിന്റെയും അമർഷത്തിന്റെയും അഗ്നിലായനിയിൽ കൈമുക്കി ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുമെന്ന്‌ കേരളീയസമൂഹം തീരുമാനിക്കേണ്ടതുണ്ട്‌. എത്രയും പെട്ടെന്ന്‌ കുറ്റവാളികളെ പിടികൂടി നിയമപാലകർ അവരുടെ ഉത്തരവാദിത്തവും നിർവഹിക്കേണ്ടതാണ്‌.

3 comments:

 1. ലോകത്തിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്ക് ഉള്ള ഒരു രാജ്യമാണ് യു.എ.ഇ. അവിടത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം കുറ്റകൃത്യ നിരക്ക് അതിനെക്കാൾ പലമടങ്ങ് വരുന്ന ഇൻഡ്യക്കാരും. എന്നാൽ ഈ ഇൻഡ്യക്കാരെല്ലാം അവിടെയ്എത്തിയ ഉടനെ മര്യാദക്കാരാകുന്നു. എന്താണിതിന്റെ രഹസ്യം!!!

  ReplyDelete
  Replies
  1. ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ പെൺ വേട്ടകൾ നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കാം. സാംസ്കാരിക സമ്പന്നരാണെന്ന് പറയുന്ന കേരളവും ഇന്ത്യയുടെ ഈ പേരിന് ഇപ്പോൾ തിളക്കം കൂട്ടി തുടങ്ങി..
   കുറ്റവാളിക്ക് മറ്റെല്ലാ രാജ്യങ്ങളിലും കൊടുക്കുന്ന രീതിയിൽ രൂക്ഷമായ ശിക്ഷ നൽകിയാൽ ഇനിയെങ്കിലും ഇത്തരം പ്രവണതകൾ കുറഞ്ഞ് കിട്ടും..
   ഇവിടെ പാശ്ചാത്യ രാജ്യങ്ങളിൽ പോലും കൊലപാതകകുറ്റത്തെക്കാൾ കൂടുതൽ ശിക്ഷ ഒരു പെണ്ണിനെ അപമാനിക്കുന്നവർക്ക് കിട്ടും ..!

   Delete
 2. സംഭവത്തിൽ അയൽവാസികൾ പോലും നിസംഗതയോടെയാണ്‌ പെരുമാറിയതത്രെ ഇതാണ് പ്രധാനപ്പെട്ട കാര്യം വൈകിട്ട് അഞ്ചുമണിയ്ക്ക് നടന്ന സംഭവം ആ പരിസരവാസികൾ അറിഞ്ഞില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല അത്ര അടുത്താണ് അയലുകൾ.അപ്പോൾ അവർ ആരേയോ ഭയപ്പെടുന്നു എന്നതാണ് സത്യം. ജിഷയും കരോട്ട ഒക്കെ പഠിച്ചിരുന്ന് എന്നിട്ടും ...!!

  ReplyDelete