Saturday, 9 April 2016

ന്യൂനപക്ഷക്കണ്ണുകളിൽ ഭയത്തിന്റെ പതാകകൾ


മതാതീത സാംസ്കാരിക യാത്ര മലപ്പുറത്തെത്തിയപ്പോൾ ചില ആശങ്കകളൊക്കെയുണ്ടായിരുന്നു. മതാതീത സംസ്കാരം എന്ന ആശയത്തെ അനുകൂലിക്കുവാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷ സമൂഹത്തിന്‌ ഭൂരിപക്ഷമുള്ള പ്രദേശമാണല്ലോ മലപ്പുറം.

ഇവിടെയുള്ളവരിൽ നിന്ന്‌ മതാതീത സംസ്കാരത്തിന്റെ വിളംബര ചിത്രങ്ങൾ ആലേഖനം ചെയ്ത വാഹനത്തിന്‌ ഇന്ധനം വാങ്ങി ഒഴിക്കുവാനുള്ള പണം ശേഖരിക്കാൻ പറ്റുമോ? ഞങ്ങൾ ലഘുലേഖകളും ശബ്ദകങ്ങളും നൽകി സംഭാവനകൾ സ്വീകരിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞ ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ നിശ്ചയദാർഢ്യത്തോടെ നിന്നു.

അത്ഭുതകരമായിരുന്നു ജനങ്ങളുടെ പ്രതികരണം. അവർ ആവശ്യത്തിന്‌ പണം തന്ന്‌ ഞങ്ങളെ സഹായിച്ചു. അവരുടെ കണ്ണുകളിൽ ഞങ്ങൾ വായിച്ചെടുത്തത്‌ ഭയത്തിന്റെയും നിസഹായതയുടെയും സഹകരണ മനോഭാവത്തിന്റെയും കവിതകളായിരുന്നു. പലരുമായും ഞങ്ങൾ സ്വകാര്യ സംവാദങ്ങൾ നടത്തി.

ഹിന്ദുവർഗീയതയെ എന്നതുപോലെ ഇസ്ലാം-ക്രൈസ്തവ വർഗീയതയേയും പ്രതിസ്ഥാനത്ത്‌ നിർത്തിക്കൊണ്ടായിരുന്നല്ലോ ഞങ്ങളുടെ പ്രസംഗങ്ങളും പ്രയാണങ്ങളും. ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും ഞങ്ങൾ മനസിലാക്കിയത്‌ ഹിന്ദുമത വർഗീയവാദികൾക്ക്‌ കേരള രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞാൽ ന്യൂനപക്ഷ സമൂഹങ്ങൾ ശാരീരികമായി ആക്രമിക്കപ്പെടും എന്ന ഭയം നിലനിൽക്കുന്നു എന്നതാണ്‌.

ഈ ഭയത്തിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വംശഹത്യ ലക്ഷ്യമാക്കി ഗുജറാത്തിൽ നടന്ന നരനായാട്ടും ഇപ്പോൾ ഭരണകൂടത്തിന്റെ കുടക്കീഴിൽ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ഈ ഭയത്തിന്‌ അടിസ്ഥാനമുണ്ടെന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. അതിനാൽ ന്യൂനപക്ഷസമൂഹങ്ങളുടെ രക്ഷയ്ക്ക്‌ മതാതീത സംസ്കാരം എന്ന ആശയം പ്രയോജനപ്പെടും എന്ന്‌ അവർ പറഞ്ഞു. മനുഷ്യസംഗമ സംഘാടകരുടെ കൈയിൽ ചുവന്ന ഗാന്ധിനോട്ടുകൾ വച്ചു കൊടുത്തുകൊണ്ട്‌ നിസ്കാരത്തഴമ്പുള്ള ഒരു വന്ദ്യ വയോധികൻ പറഞ്ഞത്‌ ഈ ആശയം കൂടി കേരളത്തിൽ ഉണ്ടെങ്കിലേ ഞങ്ങൾക്കും കൂടി ഇവിടെ ജീവിക്കാൻ കഴിയൂ എന്നതാണ്‌.

ഹിന്ദുമത ഭീകരതയ്ക്ക്‌ ഉദാഹരണമായി രോഹിത്‌ വെമുല ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വം മാത്രമല്ല ചേകന്നൂർ മൗലവിയുടെ വധം, കൈവെട്ടുകേസ്‌, മുടിപ്പള്ളി വിവാദം, മദ്രസകളിലെ ബാലപീഡനം തുടങ്ങിയ ഇസ്ലാമിക വിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടും ന്യൂനപക്ഷ സമൂഹം ഞങ്ങളെ അഭിവാദ്യം ചെയ്തു.

ആ അഭിവാദ്യത്തിനു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം, മതാതീതമായി മനുഷ്യനെ സ്നേഹിക്കണമെന്ന ശ്രേഷ്ഠമായ ആശയമായിരുന്നു. ഹിന്ദുമത വർഗീയതയ്ക്ക്‌ മേൽക്കൈ ലഭിച്ചിടത്തെല്ലാം അവിശ്വാസികൾ മാത്രമല്ല ഇസ്ലാം, ക്രൈസ്തവ മത വിശ്വാസികളും വേട്ടയാടപ്പെടുകയാണ്‌. നരേന്ദ്ര ധബോൽക്കറേയും ഗോവിന്ദ്‌ പൻസാരെയെയും എം എം കൽബുർഗിയേയും വെടിവച്ചുകൊന്ന അതേ കൈകൾ തന്നേയാണ്‌ ഒഡിഷയിൽ പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും ആക്രമിച്ചതും ഗുജറാത്തിലേയും മറ്റും ഇസ്ലാമിക സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും. കേരളത്തിൽ നിന്നും ന്യൂനപക്ഷ സമൂഹത്തിന്റെ ഭയവിഹ്വലതകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്‌.

യഥാർഥത്തിൽ ഹിന്ദു വർഗീയതയ്ക്ക്‌ മേൽക്കൈ ഉണ്ടായാൽ വേട്ടയാടപ്പെടുന്നത്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല, യഥാർഥ ഇരകൾ കേരളത്തിലെ ദളിതർ തന്നെ ആയിരിക്കും. അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്ക്‌ ചാടിക്കൊണ്ടിരിക്കുന്ന ഗോത്രമഹാസഭാ നേതാവടക്കം കേരളത്തിലെ എല്ലാ കീഴാളരും ഈ വിപത്ത്‌ തിരിച്ചറിയേണ്ടതുണ്ട്‌.

3 comments:

  1. ഭയം അസ്ഥാനത്തല്ല

    ReplyDelete
  2. ഭയത്തിന് മേലെ പതാകകൾ പാറി പറക്കുന്നു

    ReplyDelete
  3. കേരളത്തിൽ നിന്നും ന്യൂനപക്ഷ സമൂഹത്തിന്റെ ഭയവിഹ്വലതകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്‌

    ReplyDelete