Friday 7 October 2016

വായനാശീലം പൂജ വയ്ക്കരുത്‌



ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ്‌ ദുർഗാപൂജ. കേരളത്തിലുള്ളതിനേക്കാൾ സവിശേഷമായ ആഘോഷരീതികളാണ്‌ കർണാടകത്തിലും ബംഗാളിലും മറ്റുമുളളത്‌. ഹിന്ദുമത വിശ്വാസികളുടെ ആഘോഷമെന്നാൽ സവർണഹിന്ദുവിന്റെ ആഘോഷം എന്നേ അർഥമുള്ളു. ദുർഗാപൂജക്കാലത്ത്‌ കൃഷിക്കാർ അവരുടെ പണിയായുധങ്ങളും യോദ്ധാക്കൾ യുദ്ധോപകരണങ്ങളും സാഹിത്യ പ്രവർത്തകർ പുസ്തകങ്ങളും പേനയും പൂജവയ്ക്കുന്നതാണ്‌ ഒരു ആചാരം. ഈ ദിവസങ്ങളിൽ വായിക്കാൻ പാടില്ല.

മഹാനവമി ദിവസം വീടുകളിൽ പത്രം വരുന്ന നാടാണ്‌ കേരളം. അതിനാൽ വായിക്കാതിരിക്കാൻ കഴിയില്ല. എന്നിലെ സന്ദേഹി രൂപപ്പെട്ടുവന്നകാലത്ത്‌ പൂജവച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ റഷ്യയിൽ അച്ചടിച്ച കമ്യൂണിസ്റ്റു മാനിഫെസ്റ്റോയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. പൂജിച്ച പുസ്തകപ്പൊതി തിരിച്ചുകിട്ടിയപ്പോൾ ഞാനാദ്യം നോക്കിയത്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അതിൽത്തന്നെ ഉണ്ടോ എന്നായിരുന്നു. ദൈവം അത്‌ എടുത്ത്‌ കത്തിച്ചുകളഞ്ഞിട്ടില്ലായിരുന്നു.

മഹാനവമി ദിവസം പുസ്തകം ഉറക്കെ വായിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. പുസ്തകങ്ങൾ പൂജവച്ചിരിക്കുന്ന ദിവസം എഴുതാനും വായിക്കാനും ഏറ്റവും പറ്റിയ ദിവസമാണ്‌ എന്ന എന്റെ നിലപാട്‌ നടപ്പിലാക്കാൻ ശ്രമിച്ച ഒരു കൂട്ടുകാരനെ അയാളുടെ പിതാവ്‌ തല്ലിയത്‌ ഓർക്കുന്നു.

വിചിത്രമായ കുമാരീ പൂജ ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്‌. കാര്യസാധ്യത്തിനായി ബ്രാഹ്മണ കന്യകയേയും വിജയത്തിനായി ക്ഷത്രിയ കന്യകയേയും ലാഭത്തിനായി വൈശ്യ ശൂദ്രകന്യകമാരേയും പൂജിക്കാം. പത്തു വയസുള്ള ഉന്നതകുലജാതരായ പെൺകുട്ടികളെയാണ്‌ പൂജിക്കുന്നത്‌. ശൂദ്രനും വൈശ്യനും ക്ഷത്രിയനും തങ്ങളുടെ ജാതിയിൽപ്പെടുന്നതും ബ്രാഹ്മണകുലത്തിൽപ്പെടുന്നതുമായ കന്യകമാരെ പൂജിക്കാം. എന്നാൽ ബ്രാഹ്മണർക്ക്‌ ബ്രാഹ്മണ കന്യകയെ ഒഴിച്ച്‌ മറ്റാരേയും പൂജിക്കാൻ പാടില്ല. ഈ പൂജാവിധികളിലൊന്നും ദളിതർ പെടുന്നില്ല.

വിദ്യാരംഭത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്‌. സവർണ ഹിന്ദുക്കളിലെ ആൺകുട്ടികളെയാണ്‌ ഹരിശ്രീഗണപതയേ നമഃ എന്ന ഹൈന്ദവ മന്ത്രം എഴുതിപ്പിക്കുന്നത്‌. അവിടെയും ദളിതർ ഇല്ലായിരുന്നു. വിദ്യാരംഭത്തിന്റെ ഏറ്റവും വലിയ അയുക്തി നിർബന്ധപൂർവം എഴുത്തിനിരുത്തിന്‌ ഇരയാകുന്ന കുട്ടികൾക്ക്‌ അതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ്‌.

പോളിയോ വരാതിരിക്കാനുള്ള തുള്ളിമരുന്ന്‌ സ്വീകരിക്കേണ്ടി വരുന്ന കുട്ടികൾക്ക്‌ അതിന്റെ പ്രയോജനമുണ്ട്‌. എന്നാൽ വിദ്യാരംഭം കൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. താൽക്കാലിക എഴുത്താശാന്മാരുടെ മടിയിലിരുന്ന്‌ അലറിക്കരയുന്ന കുഞ്ഞുങ്ങൾ പിറ്റേ ദിവസം പത്രങ്ങളിലെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രങ്ങളാണ്‌. പത്രമാപ്പീസുകളുടെ മുന്നിലും അമ്പലപ്പറമ്പുകളിലും പിഞ്ചുകുഞ്ഞുങ്ങളെ പരസ്യമായി പീഡിപ്പിക്കുന്ന എഴുത്താശാന്മാർക്ക്‌ വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയേ ഉണ്ടാകാൻ തരമുള്ളു.

മലയാളത്തിൽ അക്ഷരം എഴുതിപ്പിച്ചിട്ട്‌ ഇംഗ്ലീഷ്‌ മീഡിയം ശിശുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ചേർക്കാൻ കൊണ്ടുപോകുന്ന രക്ഷകർത്താക്കൾ മറ്റൊരു ഫലിതമാണ്‌. വിദ്യാരംഭം വേറെ, വിദ്യാഭ്യാസം വേറെ എന്ന നിലപാടാണ്‌ അവർക്കുള്ളത്‌.

എന്തായാലും നവമാധ്യമങ്ങളിലെ വായന മുടങ്ങുന്നില്ല. പുസ്തകം പൂജ വച്ചിട്ടുള്ളവർ പോലും ഇന്റർനെറ്റിനു മുന്നിൽ വായിക്കാൻ വേണ്ടി ഇരിക്കുന്നുണ്ട്‌. നമ്മുടെ വായനാശീലം പൂജ വയ്ക്കാനുള്ളതല്ല. കൂടുതൽ കൂടുതൽ ഉത്തേജിപ്പിക്കാനുള്ളതാണ്‌.

വിദ്യാരംഭത്തിലെ സവർണഹിന്ദു ചരിത്രം കീഴാള ജനത തിരിച്ചറിയേണ്ടതാണ്‌. ബ്രാഹ്മണ്യത്തിനു പിന്നാലെ പോകുന്നത്‌ അഭികാമ്യം അല്ല.

1 comment:

  1. വിദ്യാരംഭത്തിന്റെ ഏറ്റവും വലിയ
    അയുക്തി നിർബന്ധപൂർവം എഴുത്തിനിരുത്തിന്‌
    ഇരയാകുന്ന കുട്ടികൾക്ക്‌ അതിന്റെ ഒരു പ്രയോജനവും
    ലഭിക്കുന്നില്ല എന്നതാണ്‌....

    ReplyDelete