കാവ്യസൗന്ദര്യ സാഗരത്തില്‍ നീന്തിത്തുടിക്കുമ്പോഴും ശാസ്ത്രത്തിന്റെ കാന്തിക
ശക്തികളെ ഉള്ളം കയ്യിലൊതുക്കിവച്ച കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം കവിതകളിലൂടെ ചോദ്യം ചെയ്തു.
കണ്ണീര്‍പ്പാടത്തില്‍ സഹധര്‍മ്മിണിയെക്കൊണ്ട് ആസ്തികനല്ലേ താങ്കള്‍ എന്നു
ചോദിപ്പിക്കുകയും അല്ലെന്നുമാണെന്നും മൊഴിയുകയും ചെയ്യുന്ന കവി അധികം താമസിക്കാതെ
നാസ്തികനല്ലേ താങ്കള്‍ എന്ന ചോദ്യത്തിനെ മറുചോദ്യംകൊണ്ട് അംഗീകരിക്കുകയാണല്ലൊ
ചെയ്തിട്ടുള്ളത്. സഹ്യന്റെ മകന്റെ അവസാനത്തെ അലര്‍ച്ച മണിക്കോവിലില്‍ മയങ്ങുന്ന
മാനവരുടെ ദൈവം കേട്ടില്ലായെന്നകാര്യത്തില്‍ കവിക്ക് ഉറപ്പുണ്ടായതുകൊണ്ടാണല്ലോ,
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍ അതുചെന്നു പ്രതിദ്ധ്വനിച്ചതായി
രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാകവി വൈലോപ്പിള്ളി ആയിരത്തിത്തൊള്ളായിരത്തി അറുപത്താറില്‍ എഴുതിയ കവിതയാണ്
ശകുനം. നഗരത്തിലേയ്ക്കു പോകാന്‍വേണ്ടി വാതിലടച്ചു കവി ഇറങ്ങുകയാണ്. പാതവക്കില്‍
പാവപ്പെട്ട ഒരാള്‍ വിശപ്പുമൂലമോ രോഗം മൂലമോ മരിച്ചുകിടക്കുന്നു. നാഗരിക ചിത്തനായ
കവി അടുത്തെത്തിനോക്കിയപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. അല്‍പം
പല്ലുന്തിയ ആ മുഖം നാടിന്റെ മുന്നേറ്റത്തെ പരസ്യമായി പുച്ഛിക്കുന്നതായി തോന്നി.
അപ്പോഴാണ് സംതൃപ്തിയുടെ തികട്ടലായ മൂളിപ്പാട്ടുമായി ഒരു സുഹൃത്തുവരുന്നത്. അയാള്‍
ശവത്തെ കണ്ടപ്പോള്‍ സന്തോഷത്തോടെ കവിയെ അഭിനന്ദിക്കുകയാണ്. ശവമല്ലേ, നിങ്ങളുടെ
ശകുനം നന്നായി. പോയകാര്യം കണ്ടേ പോരൂ എന്നായിരുന്നു അയാളുടെ പ്രതികരണം!
ഈ കവിതയിലെ ഒന്നാം വ്യക്തിയെ കവിയായി മാത്രം കാണേണ്ടതില്ല. വായനക്കാരനുമാകാം.
എന്നാല്‍ ഈ കവിതയുടെ പ്രമേയം അന്നത്തെ കേരളത്തിന്റെ വികൃതമുഖം ഉള്‍ക്കൊള്ളുന്നതാണ്.
ശകുനം എന്ന അന്ധവിശ്വാസം വ്യാപകമായിരുന്ന കേരളം. ഇന്നും സ്ഥിതി സമ്പൂര്‍ണമായി
മാറിയെന്നു പറയാന്‍ കഴിയുകയില്ലല്ലോ. യാഗങ്ങള്‍ തിരിച്ചുവരുന്നു എന്നതുമാത്രമല്ല,
കാര്യസിദ്ധിപൂജ, ശത്രുസംഹാരപൂജ, പൊങ്കാല, അക്ഷയതൃതീയ തുടങ്ങിയ കോമാളിത്തരങ്ങളും
കേരളത്തില്‍ പൂമൂടല്‍ ചടങ്ങു നടത്തുകയാണല്ലൊ.
എന്താണ് ശകുനം? ഒരാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എതിരെ
കാണപ്പെടുന്ന മനുഷ്യനെയോ മൃഗത്തെയോ വസ്തുക്കളെയോ അടിസ്ഥാനപ്പെടുത്തി യാത്രയുടെ
ഫലപ്രാപ്തി നിശ്ചയിക്കുന്ന വിഡ്ഢിത്തരമാണ് ശകുനം. എതുപ്പ്, നിമിത്തം എന്നീ
പേരുകളിലും ഈ അന്ധവിശ്വാസം കേരളത്തില്‍ അറിയപ്പെടുന്നുണ്ട്.
ശുഭലക്ഷണവും അശുഭലക്ഷണവും ഉണ്ടെന്നാണ് പ്രാകൃത സമൂഹം പഠിപ്പിച്ചത്. ഒരാള്‍
പുറത്തേക്കിറങ്ങുമ്പോള്‍ ആദ്യം കാണുന്നത് മദ്യവുമായി വരുന്ന ആളാണെങ്കില്‍
യാത്രോദ്ദേശ്യം സഫലമാകുമത്രെ. മദ്യം മാത്രമല്ല, പച്ചയിറച്ചി, മണ്ണ്, ശവം,
കത്തുന്നപന്തം, നെയ്യ്, ചന്ദനം, വെളുത്തപൂവ്, ഇരട്ട ബ്രാഹ്മണര്‍, വേശ്യ, തൈര്,
തേന്‍, കരിമ്പ്, ആന, കയറിട്ട കാള, പശു ഇവയൊക്കെ ശുഭലക്ഷണങ്ങളാണത്രേ.
അശുഭലക്ഷണങ്ങളാണെങ്കില്‍ ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്,
വിധവ, ബലിപുഷ്പം തുടങ്ങിയവയാണ്.
ഇന്നു വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ
വിജ്ഞാപനംപോലെ തോന്നുമെങ്കിലും ഈ ദോഷത്തിന്റെ പേരില്‍ ആളുകള്‍ യാത്ര തുടരുകയോ
മുടക്കുകയോ ചെയ്യാറുണ്ടായിരുന്നു. മദ്യവും മദിരാക്ഷിയും നല്ല ലക്ഷണവും ചൂലും
വിധവയുമൊക്കെ ചീത്തലക്ഷണവും ആണെന്നു വിധിച്ചവരുടെ കല്‍പനാവൈഭവം അത്ഭുതകരം
തന്നെ!
ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളം കൂറുമാറിയത് ദീര്‍ഘമായ
സാംസ്‌ക്കാരിക സമരങ്ങളുടെ ഫലമായിട്ടാണ്. എന്നാല്‍ പുരോഗമന ബോധമുള്ളവരെ
ഞെട്ടിച്ചുകൊണ്ട് അന്ധവിശ്വാസങ്ങള്‍ തിരിച്ചുവരികയാണ്. ജാഗ്രത പാലിക്കേണ്ട ഒരു
കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നര്‍ഥം.
പ്രായോഗികമല്ലെങ്കില്‍ കൂടിയും
കഴിയുന്നത്ര ശകുനരീതികള്‍ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നും കേരളത്തിലുണ്ട്.
സാധാരണ ജനങ്ങളില്‍ മാത്രമല്ല, ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള
ചില സാംസ്‌ക്കാരിക നായകരുടെ മനസ്സില്‍പോലും ശകുന സിദ്ധാന്തം പൂത്തുലഞ്ഞു
നില്‍ക്കുന്നുണ്ട്.
|
Tuesday, 29 May 2012
ശകുനത്തെക്കുറിച്ച് ഒരു വൈലോപ്പിള്ളിക്കവിത
Saturday, 12 May 2012
ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍
കാസര്‍കോട് ജില്ലയിലെ ദേവലോകത്ത് പതിനെട്ടുവര്‍ഷം മുന്‍പാണ് നാടിനെ നടുക്കിയ
ഇരട്ടക്കൊലപാതകം നടന്നത്. പൊലീസിനെ കബളിപ്പിച്ച് കര്‍ണാടകത്തിലേക്കു കടന്ന പ്രതിയെ
ദീര്‍ഘകാലത്തെ പിന്‍തുടരലിനു ശേഷം ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്. നീണ്ട
തിരച്ചിലിനിടയിലും ഇച്ഛാശക്തിന നഷ്ടപ്പെടാതെ സൂക്ഷിച്ച അന്വേ ഷണ ഉദ്യോഗസ്ഥന്മാരെ
അഭിനന്ദിക്കേണ്ടതുണ്ട്.
പെര്‍ള സര്‍ഗക്കടുത്ത ദേവലോകം കടപ്പൂവിലെ അടക്കാ കര്‍ഷകന്‍ ശ്രീകൃഷ്ണഭട്ടും
പത്‌നി ശ്രീമതി ഭട്ടുമാണ് കൊലചെയ്യപ്പെട്ടത്. ഈ കേസിലെ പ്രതി ഇമാം ഹുസൈനെ
അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ പത്രങ്ങള്‍ വിശദമായ
ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
കൊലപാതകം നടക്കുന്ന കാലത്ത് ഇമാം ഹുസൈന്‍ മംഗലാപുരത്തെ ഒരു ലോഡ്ജില്‍
താമസിച്ച് താംബൂലജ്യോതിഷം, മഷിനോട്ടം തുടങ്ങിയവ നടത്തി ജീവിക്കുകയായിരുന്നു.
ശ്രീകൃഷ്ണഭട്ട് അവിടെയെത്തിയത് സ്വന്തം കവുങ്ങിന്‍തോട്ടത്തിലുള്ള നിധി
എടുക്കുന്നതിനുള്ള സഹായം തേടിയാണ് ഭട്ടിന്റെ വീട്ടിലെത്തി പൂജ നടത്തിയ പ്രതി
കവുങ്ങിന്‍തോട്ടത്തിലെ കുഴിയില്‍ ഭട്ടിനെ ഇറക്കി പ്രാര്‍ഥിപ്പിക്കുകയും ആ സമയത്ത്
കൊലപ്പെടുത്തിയിട്ട് വീട്ടിലെത്തി ശ്രീമതി ഭട്ടിനെയും കൊന്ന് ആഭരണങ്ങളും സമ്പത്തും
കൈക്കലാക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തലായി പത്രങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്.
ഈ ദാരുണസംഭവത്തിന്റെ കാരണങ്ങള്‍ സാക്ഷരകേരളത്തിന്‍റെകണ്ണുതുറപ്പിക്കേണ്ടതാണ്.
നിധിയുണ്ടെന്നും, അത് കണ്ടെത്താന്‍ ഒരു മഷിനോട്ടക്കാരന്റെ സഹായം
ആവശ്യമുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഭട്ടിനെ പ്രതിയിലേക്ക് അടുപ്പിച്ചത്.
വാസ്തവത്തില്‍ എന്താണീ നിധി. മുമ്പ് താമസിച്ചിരുന്നവര്‍ കരുതിവെച്ചതും
അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോയതുമായ സ്വത്ത്. ഇതില്‍ സ്വര്‍ണ്ണവും മറ്റും
ഉണ്ടായേക്കാം. തലമുറകളായി പറഞ്ഞു പറഞ്ഞു ലഭിക്കുന്ന അറിവോ ഏതെങ്കിലും ജ്യോതിഷിയോ
ദുര്‍മന്ത്രവാദിയോ നല്‍കുന്ന കപടസൂചനയോ ഇതിന്റെ പിന്നിലുണ്ടാകാം. ഇതൊന്നും
സത്യമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇത്തരം അബദ്ധങ്ങളെ വിശ്വാസമെന്ന് മതാസക്തരും
അന്ധവിശ്വാസമെന്ന് പുരോഗമനവാദികളും പറയുന്നു. മെയ്യനങ്ങാതെ സമ്പാദിക്കാമെന്ന
പ്രലോഭനമാണ് ഇതിനു പിന്നിലുള്ളത്.
നിധിയെക്കുറിച്ച് അധികൃതരോട് പറയാന്‍ നിവര്‍ത്തിയില്ല. അവര്‍ അതു കണ്ടെത്താന്‍
നരവംശശാസ്ത്രജ്ഞരെ ഏര്‍പ്പെടുത്തുന്നു. പുരയിടത്തില്‍ പണിയെടുക്കുമ്പോള്‍
അപൂര്‍വമായി കണ്ടെത്തുന്ന നന്നങ്ങാടിയില്‍ നിന്നും ലഭിച്ചിട്ടുള്ള നാണയങ്ങളും
ആഭരണങ്ങളും മറ്റും മനുഷ്യവാസത്തിന്റെ ചരിത്രത്തെക്കുറിച്ചു പഠിക്കാന്‍
സഹായിച്ചിട്ടുണ്ട്. സ്വാര്‍ഥലാഭത്തിന്റെയും അന്ധവിശ്വാസത്തിന്റെയും
സര്‍പ്പങ്ങളിഴയുന്നത് ഇരുള്‍വീണ രഹസ്യവഴികളിലൂടെയാണല്ലോ. അവരുടെ മനസ്സില്‍
നന്നങ്ങാടിക്കും കാശിനും ചക്രത്തിനും പകരം സ്വര്‍ണക്കുഴവിയും സ്വര്‍ണഉരുളിയും
ആയിരിക്കും.
മഷിനോട്ടക്കാരും കവിടിശാസ്ത്രക്കാരും ദുര്‍മന്ത്രവാദികളും സ്ഥാനനിര്‍ണയ
സഹായവാഗ്ദാനവുമായി ചാടിവീഴും. ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇതു കാരണമാകും. ഈ കേസില്‍
ഭട്ടുകുടുംബം കരുതിവച്ചിരുന്ന നിധികിട്ടിയത് അവരെ കൊലപ്പെടുത്തിയ
മഷിനോട്ടക്കാരനാണല്ലോ.
അന്ധവിശ്വാസങ്ങളും അതിനെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന കപടതന്ത്രങ്ങളും
മനുഷ്യവിരുദ്ധമാണെന്ന തിരിച്ചറിവ് ഈ സംഭവത്തോടെയെങ്കിലും കേരളീയര്‍ക്ക്
ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ പാഠപുസ്തകങ്ങള്‍ കത്തിച്ചുകൊണ്ട് കേരളം കൂടുതല്‍
അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ജ്യോതിഷം, താംബൂലജ്യോതിഷം, മഷിനോട്ടം, കൈനോട്ടം, മുഖലക്ഷണവിവരണം ഇവയൊന്നും
സത്യമല്ല. ശാസ്ത്രീയമായ അടിത്തറ ഇതിനൊന്നിനുമില്ല.
ഭട്ട് വധത്തിനു പിന്നില്‍
പ്രവര്‍ത്തിച്ചത് അന്ധവിശ്വാസവും അതിലൂടെ വിശ്വാസമാര്‍ജ്ജിച്ച് കൊലനടത്താമെന്ന
തന്ത്രശാലിയുടെ ചിന്തയുമാണല്ലോ. തിരിച്ചറിയപ്പെടേണ്ട ഒരു പ്രാധാന്യം ഈ
സംഭവത്തിനുണ്ട്. അന്വേഷകര്‍ കുറ്റവാളിയെ കുരുക്കാന്‍ മഷിനോട്ടക്കാരുടെയോ
മന്ത്രവാദികളുടേയോ ദൈവാജ്ഞകള്‍ തേടിയില്ലെന്നതും ശ്രദ്ധേയമാണ്.
|
Tuesday, 8 May 2012
മൈന
മഞ്ഞ നിലാവിലിറങ്ങാറില്ല
അരളി ക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൌഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.
കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താന്കീരി പ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.
കാപ്പിയുടുപ്പ്
കനകക്കൊക്ക്
കൊന്നപ്പൂവാല്‍
നേത്രാഭരണം
തുമ്പ പ്പൂവാല്‍ അടിവസ്ത്രം.
കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈന യിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീ യെമ്പ്രാട്ടീ.
അരളി ക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൌഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.
കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താന്കീരി പ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.
കാപ്പിയുടുപ്പ്
കനകക്കൊക്ക്
കൊന്നപ്പൂവാല്‍
നേത്രാഭരണം
തുമ്പ പ്പൂവാല്‍ അടിവസ്ത്രം.
കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈന യിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീ യെമ്പ്രാട്ടീ.
Subscribe to:
Posts (Atom)