Thursday, 24 August 2017

സ്കൂട്ടർ




സ്കൂട്ടർ പറന്നു പോകുന്നു
ഗോപുരാഗ്രത്തിനും കൊടുമുടിക്കും മേഘ-
വാഹനങ്ങൾക്കും പരേതർക്കുമപ്പുറം
നീലവാനം വിഷംതീണ്ടിക്കിടക്കുന്ന
താരങ്ങൾ മേയുന്ന മേഖലയ്ക്കപ്പുറം
ഛിദ്രഗ്രഹങ്ങളിൽ സൂര്യരക്തത്തിനാൽ
മുദ്രകുത്തുന്ന പുലർച്ചകൾക്കപ്പുറം
കാലംകടിച്ച കടംകഥപക്ഷികൾ
കൂടുകൂട്ടും വ്യോമപക്ഷത്തിനപ്പുറം
സ്കൂട്ടർ പറന്നു പോകുന്നു

മാന്ത്രികർ കാഞ്ഞിരക്കോലത്തിലാണിയും
വാളും തറക്കുന്ന ക്ഷുദ്രയാമങ്ങളിൽ
സ്വപ്നങ്ങളെക്കൊന്നു തിന്നുവാൻ നിൽക്കുന്ന
യക്ഷിയെ പ്രാപിച്ചുണർന്ന യുവത്വവും 
സത്യങ്ങളും തമ്മിലേറ്റുമുട്ടീടുന്ന
യുദ്ധമുഹൂർത്തം ചുവക്കുന്ന രാത്രിയിൽ
ഏതോ പുരാതനജീവി കാലത്തിന്റെ 
പാലംകടക്കെ പുഴയിലുപേക്ഷിച്ചൊ-
രസ്തികൂടംപോലെ നെറ്റിയിൽ കത്തുന്നൊ-
രൊറ്റ നേത്രത്തോടെ യുഗ്രവേഗത്തിലീ
സ്കൂട്ടർ പറന്നു പോകുന്നു

കാറ്റലറുന്നു
കടൽ പിടയ്കുന്നു
കാവൽമരത്തിൻ കഴുത്തൊടിയുന്നു
പാട്ടുമറന്നൊരിരുൾക്കിളി നെഞ്ചിലെ
കാട്ടിലൂടേതോ മൃതിച്ചില്ലയിൽച്ചെന്നു
തൂവൽമിനുക്കിയെരിഞ്ഞു വീഴുന്നു 
ഞാൻ കണ്ടുനിൽക്കെ നിലാവസ്തമിക്കുന്നു
ജ്ഞാനോദയത്തിൻ പുകക്കണ്ണിൽനിന്നൊരു
സ്ക്കൂട്ടർ പറന്നു പോകുന്നു.


റോഡപകടത്തിൽ മരിച്ചൊരാളൊറ്റക്കു
സ്കൂട്ടറിൽ ഭൂമിയെച്ചുറ്റുന്നു, യന്ത്രങ്ങൾ
പറകൊട്ടിയലറുന്ന നഗരത്തിൽനിന്നുമി-
ന്നൊരുകിനാവിന്റെ ദുർമരണം വമിക്കുന്നു.


ചുടുചോരയിന്ധനം
ഭ്രമണതാളത്തിൻറെ ലഹരിയിൽ പെയ്യും
വിപത്തിന്റെ പാട്ടുമായ്
സ്കൂട്ടർ പറന്നു പോകുന്നു

പ്രേതകഥ വായിച്ചുറങ്ങിയോർ കമുകിന്റെ
പാളയിൽ പിറ്റേന്നുണർന്നെഴുന്നേൽക്കവേ
തെരുവിലാൾക്കൂട്ടം മുഖം മറച്ചോടവേ
കതിനകൾ ചിന്തയിൽ പൊട്ടിച്ചിതറവേ
തീകത്തിവീഴും കിളിക്കൂടുപോൽ
ഉരഞ്ഞാളി വീഴാറുള്ളൊരാകാശക്കല്ലുപോൽ
സ്കൂട്ടർ തകർന്നുവീഴുന്നു
സഞ്ചാരിപാടിയ മരണഗാനംകേട്ടു
സ്കൂട്ടർ തകർന്ന് വീഴുന്നു

Saturday, 12 August 2017

ഇടപ്പള്ളിക്ക് ഒരു മാനസഗീതം


ഒറ്റ നക്ഷത്രം മാത്രം 
വിണ്ണിന്റെ മൂക്കുത്തി പോൽ
ഒറ്റ നക്ഷത്രം മാത്രം 


സ്വപ്നങ്ങളെല്ലാം ചാരക്കൂനയായ് പ്രതീക്ഷയെ
സർപ്പങ്ങൾ കൊത്തിക്കൊന്ന നൊമ്പരം 
ഗ്രീഷ്മത്തിന്റെ ചുംബനം
സിരയ്ക്കുള്ളിൽ കു
ത്തുന്നു
സ്നേഹോഷ്മള ശ്യാമസംഗീതം
വീണ്ടുമസ്ഥിയിൽ നഖം നീട്ടുമഗ്നിസഞ്ചാരം
മുഖത്തക്കങ്ങളമർത്തുന്ന ജീവിതാരവം
നെഞ്ചിലുഗ്രതൃഷ്ണതൻ ശാരദാശ്ളേഷം
സ്വരച്ഛേദം

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ നഗരത്തിൻ തുപ്പലിൽ രക്തം പോലെ
യുദ്ധഭൂമിയിൽ പൂത്ത
പിച്ചകദു:ഖംപോലെ. 

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈലോകത്തിന്റെ സത്യപീഠത്തിൽ
കാലംകൊള്ളിച്ച ചോദ്യം പോലെ. 

ഉത്തരായനംവരെ കാത്തിരിക്കാതെ ധീരം 

മൃത്യുവിൻ പുലിപ്പുറത്തേറിനീങ്ങിയോർവന്നു
മുട്ടുന്നു ഹൃത്തിൽ 

തെരുക്കൂത്തിലെ കോമാളികൾ
ഒച്ചവച്ചടുത്തെത്തി പല്ലിളിക്കുന്നു ഉള്ളിൽ
സ്വപ്നങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു
വൃക്ഷക്കൊമ്പിൽ
കയറിൽ കുരുങ്ങിയ ലക്ഷ്യബോധത്തിൻ നാവിൽ 
കയറിയുറുമ്പുകൾ ഉമ്മവെച്ചിറങ്ങുന്നു


മോഹങ്ങൾ സമാഗമവേളയിൽ ചവിട്ടേറ്റു
വീഴുന്നു നീലക്കിളി കരഞ്ഞേ പറക്കുന്നു


ധർമ്മമായ് ആരോതന്ന വസ്ത്റങ്ങളണിയുമ്പോൾ
പൊള്ളുന്നുദേഹം ഘോരരൂപിയാം ദാരിദ്ര്യത്തിൻ
നർത്തനാവേശം വെട്ടിമാറുവാനറിയാത്ത
കളരിക്കുള്ളിൽ വാസം
പച്ചകളെല്ലാം സങ്കൽപ്പങ്ങളിൽമാത്രം
മഹാദു:ഖങ്ങളെത്രസത്യം


ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈദ്വീപിൽ തീർത്തുമൊറ്റയ്ക്ക്
കൊടുംവെയിൽച്ചൂട്ടുകത്തുന്നു കാലിൽ

ന്യൂനമർദ്ദങ്ങൾ കടഞ്ഞൂതുന്ന കാലത്തിന്റെ 
വേഗത മടങ്ങുന്ന വാക്കുകൾ വിളഞ്ഞിട്ടും
സൂര്യസത്രത്തിൽ ചെന്നു ചേക്കേറുമത്യുജ്ജ്വല
ഭാവകാന്തിയായ് ആത്മവൈഖരി വളർന്നിട്ടും
രാവുകൾ കൊത്തിത്തിന്നു വീഴ്കയാണിടപ്പള്ളി
തീവ്രമാം വിഷാദത്തിന്നസ്ത്രശയ്യയിൽ രോഗം 
ബാധിച്ചതടുക്കിൻമേൽ ദാഹങ്ങളിരിക്കുന്നു
വേരുകൾ പൊട്ടിപ്പോയ ജീവിതം വരളുന്നു

മറുഭാഷകൾചൊല്ലി സ്തോത്രമാടുന്നു ഭ്രാന്തിൻ
മുളകൾ നുള്ളാൻവന്ന നാട്യശാസ്ത്രങ്ങൾ നിത്യം
കടമായ്കൂടും വന്ധ്യദിനരാത്രങ്ങൾ വന്നു
സ്മൃതിയിൽ മൃതിപ്പാത്രം വച്ചു കാത്തിരിക്കുന്നു

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ വേനൽക്കാലം
പൊട്ടിച്ചമരത്തിന്റെ നഗ്നയൌവ്വനംപോലെ


ഇന്നുഞാൻ കാതോർക്കുമ്പോൾ ഞെട്ടുന്നു
മനസ്സിന്‍റെയുമ്മറത്ത്
ഇടപ്പള്ളി അലറി മരിക്കുന്നു

Thursday, 10 August 2017

കലാം പ്രതിമയ്ക്ക് മുന്നിലെ മതഗ്രന്ഥങ്ങള്‍


മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദേശമായ രാമേശ്വരത്ത് കോടികള്‍ മുടക്കിയുള്ള സ്മാരകം സജ്ജമായിരിക്കുകയാണ്. സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചുകഴിഞ്ഞു. സ്മാരകത്തില്‍ മുന്‍ രാഷ്ട്രത്തലവന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സവിശേഷതയുള്ളതാണ് ആ പ്രതിമ. മറ്റ് നേതാക്കളുടെ പ്രതിമകളില്‍ നിന്നും വ്യത്യസ്തമായി ഡോ. അബ്ദുള്‍ കലാം ഇരുന്നുകൊണ്ട് വീണ മീട്ടുന്നതാണ് ശില്‍പം. ഈ ശില്‍പം കാണുമ്പോള്‍ പഴയ റോമാ ചക്രവര്‍ത്തിയെ, ഒരു കുബുദ്ധിയും ഓര്‍ക്കാതിരിക്കട്ടെ.

പ്രതിമയ്ക്ക് സമീപം വില്ലനായി ഭവിച്ചിരിക്കുന്നത് ഭഗവത്ഗീതയാണ്. വായനാപീഠത്തില്‍ വച്ചിരിക്കുന്ന രീതിയില്‍ തടിയില്‍ തീര്‍ത്തതാണ് ഈ ഗീത. പ്രതിമ അനാവരണം ചെയ്യുന്ന ചിത്രങ്ങളില്‍ ദൃശ്യമല്ലാത്ത ഈ ഗീത അധികം വൈകാതെ പ്രതിമയുടെ ഇടതുവശത്ത് കാണപ്പെട്ടു. അല്‍പസമയത്തിനുള്ളില്‍ പ്രതിമയുടെ മുന്നില്‍ത്തന്നെ ഇരുത്തപ്പെട്ടു.

വിവാദങ്ങളാരംഭിക്കുവാന്‍ അധികസമയം വേണ്ടി വന്നില്ല. ഒരു മുസ്‌ലിമായ അബ്ദുള്‍കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവത്ഗീത വയ്ക്കുകയോ. മുറുമുറുപ്പ് ആരംഭിച്ചു. വിവാദങ്ങളൊഴിവാക്കാന്‍ വേണ്ടി ഡോ. കലാമിന്റെ പേരക്കുട്ടി സലീം ഖുറാന്റേയും ബൈബിളിന്റേയും ഓരോ കോപ്പികള്‍ സംഘടിപ്പിച്ച് പ്രതിമയ്ക്ക് മുന്നിലുള്ള ഭഗവദ്ഗീതയ്ക്ക് സമീപം വച്ചു.

മൂന്നു പുസ്തകങ്ങളും അവിടെ നിന്ന് മാറ്റി തിരുക്കുറള്‍ വയ്ക്കണം എന്ന ആവശ്യവുമായി തമിഴ് രാഷ്ട്രീയ നേതാവ് വൈക്കോ രംഗത്തെത്തി. അതുമല്ലെങ്കില്‍ സിക്ക്, സൗരാഷ്ട്ര മതങ്ങളുടേതടക്കമുള്ള പുസ്തകങ്ങള്‍ വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തായാലും ദാരുനിര്‍മിതമല്ലാത്ത ഖുറാനും ബൈബിളും സ്മാരകത്തിലെ അലമാരയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡോ. എസ് രാധാകൃഷ്ണനുശേഷം ഗുരുതുല്യനായ ഒരു രാഷ്ട്രപതിയെ നമുക്ക് ലഭിക്കുന്നത് ഡോ. അബ്ദുള്‍ കലാമിലൂടെയാണ്. ഡോ. രാധാകൃഷ്ണന്റെ പുസ്തകങ്ങള്‍ പണ്ഡിത സദസുകളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഡോ. കലാമിന്റെ പുസ്തകങ്ങള്‍ എല്ലാ ജനങ്ങളും വായിക്കുന്നവയാണ്. അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകള്‍ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പുസ്തകമാണ് അഗ്നിച്ചിറകുകള്‍.

രാഷ്ട്രപതി കാലാവധി കഴിഞ്ഞാല്‍ മരണദിവസത്തെ അവധിയിലൂടെ മാത്രം ശ്രദ്ധയിലെത്തുന്ന മുന്‍ഗാമികള്‍ക്ക് പകരം ഡോ. കലാം ഇന്ത്യയിലാകെ ഓടിനടന്ന് വിദ്യാര്‍ഥികളുമായി അറിവ് പങ്കിട്ടു. ഷില്ലോങിലെ ഒരു പാഠ്യവേദിയിലേക്ക് കയറുമ്പോഴാണ് അദ്ദേഹം വീണുമരിച്ചത്. മരണത്തോടനുബന്ധിച്ച് അവധി സ്വീകരിക്കുന്നതിനുപകരം പണിയെടുക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇന്ത്യ നടപ്പിലാക്കി.

പ്രമുഖ സ്വാമികളുടെ ആത്മീയ ജീവിതത്തിലൊക്കെ ആകൃഷ്ടനായിരുന്നുവെങ്കിലും ഡോ. കലാമിനെ ഒരു സമ്പൂര്‍ണ ആത്മീയവാദിയായി കാണാന്‍ കഴിയില്ല. ആത്മീയവാദവും അധ്വാനവും തമ്മില്‍ ധനുഷ്‌കോടിയിലെ കടലിനെക്കാളും അകലമുണ്ട്.

മനുഷ്യനാശത്തിനുപകരിക്കുന്ന യുദ്ധോപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഡോ. കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവദ്ഗീത വയ്ക്കുന്നത് ഉചിതമായിരിക്കാം. പക്ഷേ എല്ലാ ഇന്ത്യാക്കാരുടേയും സ്‌നേഹത്തിന് പാത്രമായ ഭാരതരത്‌ന കലാമിന്റെ മുന്നില്‍ മതഗ്രന്ഥങ്ങള്‍ വയ്ക്കുന്നത് അനുചിതമാണ്. ഏതെങ്കിലും പുസ്തകം വയ്ക്കണം എന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ശാസ്ത്രഗ്രന്ഥങ്ങളാണ് വയ്‌ക്കേണ്ടത്.

Tuesday, 1 August 2017

ആങ്കോന്തി


അങ്ങു പറഞ്ഞാല്‍
അങ്ങനെ തന്നെ
ഇങ്ങോട്ടെന്നാല്‍
ഇങ്ങനെതന്നെ.

വിങ്ങീം തേങ്ങീം
മഞ്ഞച്ചരടില്‍
കാഞ്ചനയോനി
കുരുക്കിയൊതുങ്ങി
ആണിന്നടിമക്കോലം കെട്ടി
പെറ്റു പെരുക്കീ ആങ്കോന്തി.

പണിക്കു പോയി
കിട്ടിയ ശമ്പളമതുപോല്‍ത്തന്നെ
ഭര്‍ത്താവിന്‍റെ പെട്ടിയിലിട്ട്‌
കള്ളുകുടിക്കാന്‍ കാശുകൊടുത്തോള്‍
ആങ്കോന്തി.

ങ്ങാക്കുഞ്ഞിനെ
മടിയില്‍ വച്ച്
കണ്ണു ചുരത്തീ ആങ്കോന്തി.

രാക്കടല്‍ കണ്ടിട്ടില്ല
അന്തിമയങ്ങിപ്പോയിട്ടെങ്ങും
പോയിട്ടില്ല.
അടിമപ്പണിയുടെ
അര്‍ത്ഥം നോക്കാന്‍
കിത്താബൊന്നും തൊട്ടിട്ടില്ല.

അങ്ങനെ,യൊട്ടും ജീവിക്കാതെ
അമ്പലവഴിയില്‍
തള്ളപ്പെട്ടോള്‍ ആങ്കോന്തി.