Monday 9 September 2024

തടവറയെ അരങ്ങാക്കിയ നാടുഗദ്ദിക

തടവറയെ അരങ്ങാക്കിയ നാടുഗദ്ദിക
----------------------------------------------
ഒളിവിലിരുന്നു നാടകമെഴുതുകയും ആ നാടകത്തിനു പിന്നാലെ കേരളത്തിലെ ജനസഹസ്രങ്ങളെ ചെങ്കൊടി കയ്യിലേന്തി നടത്തിക്കുകയും ചെയ്തത് തോപ്പിൽ ഭാസിയായിരുന്നു. അരങ്ങിൽ നിന്ന് തുടങ്ങിയ ആ വിപ്ലവം രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ സ്വാധീനിച്ചു. മലയാളനാടകവും ഭരണസംവിധാനവുമെല്ലാം മാറി. നാടകകൃത്തുകൂടി അംഗമായ നിയമസഭയുണ്ടായി.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിക്കു ശേഷം മാറ്റത്തിന്റെ തുടിമുഴക്കി കേരളത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച നാടകമായിരുന്നു നാടുഗദ്ദിക.നിരോധിക്കപ്പെടുകയും നാടകകൃത്തടക്കം     ജയിലിലാവുകയും ചെയ്തു. ജയിലിലായ നാടകസംഘം ജയിലിനെ അരങ്ങാക്കി. നാടകം കാണേണ്ടിവന്ന പോലീസ് മേധാവിയെ കോടതിവിസ്തരിച്ചു. നല്ല നാടകമായിരുന്നു എന്ന മൊഴിയെത്തുടർന്നു നാടകക്കാർ ജയിൽ വിമോചിതരായി. ഇത് കെ.ജെ.ബേബിയുടെ നാടകജീവിതം. അവിശ്വസനീയമായ പരീക്ഷണജീവിതത്തിനു ബേബി സ്വയം അന്ത്യം കുറിച്ചു. കുടുക്കയെഴുതിയ പി.എം.താജിന്റെയും നക്സൽബാരി വിപ്ലവത്തിന് നേതൃത്വം നൽകിയ കനുസന്യാലിന്റെയും പാത.

കെ.ജെ.ബേബിയെ വയനാട്ടിലെ ജനങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചത് വയനാട് എന്ന സ്വാഭിമാന ഗാനം കേട്ടപ്പോഴാണ്. മാനന്തവാടിയിൽ നടന്ന ഗാനമേള മത്സരം. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ വാദ്യോപകരണങ്ങളോടെ എത്തിയ സംഘങ്ങളുമായിട്ടായിരുന്നു മത്സരം. ആദിവാസികളായ ആറുപാട്ടുകാരും പുഴയിലെ പളുങ്കുകല്ലുകൾ തുണിയിൽ കെട്ടി സ്വയം ഉണ്ടാക്കിയ താളക്കിഴിയുമായി സ്റ്റേജിൽ കയറിയ
ബേബിയെ കൂവലോടെയാണ് സദസ്യർ എതിരേറ്റത്. ഒന്നുമില്ലാത്തവരായതിനാൽ അവരുടെ സംഘത്തിന്റെ പേര് സീറോ തിയേറ്റേഴ്സ് എന്നുമായിരുന്നു. വീട് എൻ നാട് വയനാട്, കൂട് എൻ മേട് വയനാട് എന്നായിരുന്നു പാട്ടിന്റെ ആദ്യവരികൾ. ആ പാട്ടിൽ പഴശ്ശിരാജയും  കുറിച്യപ്പടയും തലയ്ക്കൽ ചന്തുവും കരിന്തണ്ടനുമെല്ലാം ജീവൻ വച്ച് വന്നു. ദരിദ്രരായ പാട്ടുകാരെ കൂവലോടെ  സ്വാഗതം ചെയ്ത നല്ലവരായ മാനന്തവാടിയിലെ ആസ്വാദകസമൂഹം ആ പാട്ട് ഏറ്റുപാടി. സമ്മാനമായ ഗിറ്റാർ, സീറോകൾ സ്വന്തമാക്കുകയും ചെയ്തു.  

പിന്നെയാണ് നാടുഗദ്ദിക എന്ന തെരുവ് നാടകം പിറക്കുന്നത്. ഗദ്ദിക ആദിവാസികളുടെ അനുഷ്ഠാനമാണ്. അതിനെ ഒരു കലാരൂപമാക്കി മാറ്റി അവതരിപ്പിക്കാൻ നേതൃത്വം നൽകിയത്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും കേരള നാടൻകലാ അക്കാദമിയുടെ അധ്യക്ഷനുമായിരുന്ന പി.കെ കാളനായിരുന്നു. നാടുഗദ്ദികയിൽ ആ അനുഷ്ഠാനത്തെ വിമോചന രാഷ്ട്രീയത്തിന്റെ ദൃശ്യരൂപമാക്കുകയാണ് ബേബി ചെയ്തത്. പലയിടത്തും വാഴ്ത്തുന്നു മർത്യായെന്നജനകീയഭജനയും ഉണ്ടായിരുന്നു. വിശക്കുന്ന ഞങ്ങടെ വയറുകൾ വീർപ്പിച്ചു തന്നവനേ ഉദ്ധാരകനേ നീയേ ശരണം തുടങ്ങിയ വരികളിലെ പരിഹാസമുനയിൽ കാണികൾ മുറിവേറ്റവരായി കൂടെപ്പാടി. വിഖ്യാത നാടകവിലയിരുത്തൽ പ്രമാണിമാർ തള്ളിക്കളഞ്ഞ ഈ നാടകത്തെക്കുറിച്ച് കേരളത്തോട് സംസാരിച്ചത് ഡോ. ടി.പി സുകുമാരനാണ്. 

കെ.ജെ ബേബി പത്തിലധികം നാടകങ്ങൾ എഴുതി. ഒടുവിൽ ഒറ്റയാൾ നാടകവും എഴുതി അരങ്ങിൽ നിറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അവിടെ തളം കെട്ടിയില്ല. വയനാട്ടിലുണ്ടായിരുന്ന അടിമക്കച്ചവടത്തിന്റെ തെളിവുകൾ, കോളജ് അധ്യാപികയായ ഭാര്യ ഷേർളിയോടൊപ്പം ശേഖരിച്ചു പഠിക്കുകയും മാവേലിമന്റം എന്ന നോവൽ പിറക്കുകയും ചെയ്തു. പോൾ കല്ലാനോടിന്റെ മുഖചിത്ര രചനയോടോപ്പമിറങ്ങിയ ആ പുസ്തകം  കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരത്തിന് അർഹമായി. കുടിയേറ്റം പ്രമേയമായ ബസ്‌പുർക്കാനായും ശ്രദ്ധേയമായ നോവലായി. വില്യം ലോഗൻ അടയാളപ്പെടുന്ന   ഗുഡ് ബൈ മലബാർ എന്ന നോവലും ഏറെ വായിക്കപ്പെട്ടു.

കനവ് ആയിരുന്നു മറ്റൊരു പരീക്ഷണം. നിലവിലുള്ള പാഠ്യപദ്ധതികളെയെല്ലാം തിരസ്ക്കരിച്ചുകൊണ്ട് തുടങ്ങിയ ബദൽ വിദ്യാലയം. അവിടെ ജീവിക്കാൻ ആവശ്യമുള്ള കണക്കും ചരിത്രവും പല ഭാഷകൾ സംസാരിക്കാനുള്ള പരിശീലനവും പാട്ടും നൃത്തവും ചിത്രകലയും ശില്പകലയും ഛായാഗ്രഹണവുമെല്ലാം  പഠനവിഷയമായി. മിനിമം സൗകര്യത്തിൽ മാക്സിമം പ്രയോജനം, സ്ക്കൂൾപ്പേടിയുള്ള ആദിവാസിക്കുഞ്ഞുങ്ങൾക്കുണ്ടായി. മനോജ് കാനയുടെ കെഞ്ചിരയെന്ന പണിയഭാഷാസിനിമയിൽ ആദിവാസിക്കുഞ്ഞുങ്ങൾ പഠിക്കാൻ പോകാത്തതു  വിഷയമാകുന്നുണ്ട്. അവർക്ക് താല്പര്യമുള്ള വിഷയങ്ങൾ സ്വയം പരിശീലിക്കാൻ അവസരം ഒരുക്കിക്കൊണ്ട് ലോകഭൂപടത്തിലേക്ക് സഞ്ചരിപ്പിക്കുകയായിരുന്നു കെ ജെ ബേബി ചെയ്തത്.ഗുഡ എന്ന സിനിമ ഈ പരീക്ഷണത്തിന്റെ ഫലമാണ്.  ഒടുവിൽ ആ വിദ്യാലയം കനവുമക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

മേധാപട്ക്കർ നടത്തിയ സമരങ്ങളിലൊക്കെ പങ്കെടുക്കുകയും ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞ് അനുഭവപാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത കെ ജെ ബേബി, കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഒറ്റപ്പെട്ട നക്ഷത്രമായി തിളങ്ങിനിൽക്കും.  

51 

Monday 2 September 2024

ബംഗ്ളാദേശിലെ ഹിന്ദുക്കൾ

ബംഗ്ളാദേശിലെ ഹിന്ദുക്കൾ
------------------------------------
പ്രമീളാ ദേവിയെ പ്രണയിച്ചു വിവാഹം കഴിക്കുകയും അവരുടെ മരണം വരെ ശുശ്രൂഷിക്കുകയും
ചെയ്ത ബംഗാളി ഭാഷയിലെ എക്കാലത്തെയും വലിയ മതാതീത മനുഷ്യത്വ വാദിയായ കവി ക്വാസി നസ്രുൾ ഇസ്‌ലാമിന്റെ നാടായ ബംഗ്ളാദേശ് പിന്നെയും കലാപഭൂമിയായി മാറിയിരിക്കുന്നു. രണ്ടു മാരക പ്രവണതകളാണ് ബംഗ്ളാദേശിനെ എപ്പോഴും ബാധിച്ചിട്ടുള്ളത്.
ഒന്ന് അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റും പ്രളയവും. രണ്ട് മതതീവ്രവാദം.

ഇസ്‌ലാമിക നിയമങ്ങൾക്ക്  സ്വന്തം ജീവിതത്തിൽ വലിയ വിലയൊന്നും കൊടുക്കാതിരുന്ന മുഹമ്മദ് അലി ജിന്ന, ഇസ്‌ലാം മതത്തെ മുൻനിർത്തി ഒരു രാജ്യം തന്നെ, സൃഗാലബുദ്ധിയുള്ള ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുത്തെങ്കിലും രാഷ്ട്രരൂപീകരണത്തിനു ശേഷം നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ഇനി നമ്മൾ മുസ്ലീങ്ങളോ ഹിന്ദുക്കളോ അല്ല, പാകിസ്ഥാനികളാണ്. വിശുദ്ധിയുടെ പ്രദേശമെന്നാണ് അർത്ഥമെങ്കിലും ക്രമേണ അത് ഇസ്‌ലാമിക രാഷ്ട്രമായി മാറുകയും മതേതര രാജ്യമായ ഇന്ത്യയെ പരമശത്രുവായി കണക്കാക്കുകയും ചെയ്തു. കാലക്രമേണ ഇരു രാജ്യങ്ങളെയും ശത്രുരാജ്യങ്ങളായി നിലനിർത്തേണ്ടത് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലനിൽപ്പിന് ആവശ്യമായി. ഈ ശത്രുപ്രതിച്ഛായ നിലനിർത്തുവാൻ ആയിരക്കണക്കിന് പട്ടാളക്കാരെ കൊലയ്‌ക്കുകൊടുത്തു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മണ്ണ് അമ്മമാരുടെയും വിധവകളുടെയും കണ്ണീരുകൊണ്ടു നനയ്ക്കുകയും ചെയ്തു. ആ നനവിൽ ഭരണകൂടങ്ങൾ ഗോതമ്പും ചണവും കൃഷിചെയ്തു.
ആ സസ്യങ്ങളിൽ നിന്നും വെറുപ്പിന്റെ വിളവെടുപ്പ് നടത്തി.

വിശുദ്ധിയുടെ പ്രദേശമായിരുന്നെങ്കിലും കിഴക്കൻ വിശുദ്ധപ്രദേശം ക്രൂരമായി അവഗണിക്കപ്പെട്ടു. ടാഗോറിനെയും ക്വാസി നസ്രുൾ ഇസ്‌ലാമിനെയും ഒരുപോലെ ഇഷ്ടപ്പെട്ട കിഴക്കൻ ബംഗാളികൾ, സ്വന്തം ഭാഷയായ ബംഗാളിപോലും നഷ്ടപ്പെട്ടു ഉറുദു പറയേണ്ടി വരുമോ എന്ന് പോലും ഭയപ്പെട്ടു. ഷേക്ക് മുജീബുർ റഹ്‌മാനും മുക്തിബാഹിനിയുമൊക്കെയുണ്ടായി.
വിഭജനകാലത്ത് ബംഗാളിലെ മുറിവിൽ നിന്നും അധികം ചോര വാർന്നുപോകാതിരിക്കാൻ മഹാത്മാഗാന്ധിയും മറ്റും ശ്രമിച്ചെങ്കിൽ, പുതിയകാലത്ത് അങ്ങനെയാരുമില്ലാതായി. മുജീബുർ റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ളാദേശ് ഉണ്ടായി. ആ ഭരണത്തെ പട്ടാളം അട്ടിമറിച്ചു.സിയാവുർ റഹ്‌മാനെയും ഇർഷാദിനെയും ഖാലിദാ സിയായെയും ഷേക്ക് ഹസീനയെയും ചരിത്രം കണ്ടു.  

ബംഗ്ളാദേശിൽ ഹിന്ദുക്കളും ബൗദ്ധരും മറ്റും സൂക്ഷ്മദർശിനിയിൽ ഒതുങ്ങുന്ന ന്യുനപക്ഷമാവുകയും ഇസ്‌ലാം മതം ദേശീയമതമാവുകയും ചെയ്തു. പഴയ മുസ്ലിം ലീഗിന് വംശനാശം വന്നു. ഇസ്‌ലാമിക ഭീകരവാദത്തിന്റെ വക്താക്കളായി അവിടത്തെ ജമാ അത്തെ ഇസ്‌ലാമി മാറി. ജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാറ്റിനിർത്തി പെട്ടവരെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രമിച്ചതെങ്കിൽ ബംഗ്ളാദേശിൽ ഭൂരിപക്ഷമതത്തിന്റെ ദംഷ്ട്രകൾ അവർ മൂർച്ചപ്പെടുത്തിയെടുത്തു. ഇസ്‌ലാം മത തീവ്രവാദികളെ അതിനു സഹായിച്ചത് ഇന്ത്യയിലെ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ തീവ്രവാദികൾ
ബാബറീപ്പള്ളി പൊളിച്ച സംഭവമാണ്. അവരത് ആഘോഷിച്ചു. ഒരു പള്ളിക്കുപകരം ധാക്കേശ്വരീ ക്ഷേത്രമടക്കം നിരവധി പുരാതന ഹിന്ദു ദേവാലയങ്ങൾ തകർത്തു. ബാബറിപള്ളിക്ക് നാനൂറു വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നതെങ്കിൽ അറുനൂറു വർഷത്തിലധികം പഴക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ബംഗ്ലാദേശിൽ തകർക്കപ്പെട്ടു. രണ്ടുരാജ്യത്തും മതതീവ്രവാദികൾ മനുഷ്യമാസം കൊണ്ട് വടംവലിനടത്തി . ഒരിടത്തു തക്ബീർ വിളികൾ. മറ്റൊരിടത്ത് ജയ് ശ്രീറാം വിളികൾ. ഇരു രാജ്യങ്ങളിലെയും ഭൂരിപക്ഷ ന്യൂനപക്ഷ വികാരങ്ങൾ പൂത്തുല്ലസിച്ചു. പച്ചവെള്ളത്തിനു ബംഗ്ളാദേശിൽ ഉടനീളം പറഞ്ഞിരുന്ന ജൽ എന്ന വാക്ക് പാനിയും ജലുമായി വേർതിരിക്കപ്പെട്ടും അമൂല്യഖനികളായ ഉറുദുവും ബംഗാളിയും മതപരമായി വിഭജിക്കപ്പെട്ടു.

ഹിന്ദുക്കളിൽ പലരും ജന്മനാടുപേക്ഷിച്ചു ഇന്ത്യയിലേക്ക് കടന്നു. അവർക്ക് ഇന്ത്യാമഹാരാജ്യം പ്രത്യേകിച്ച് ഒരു മാന്യതയും കല്പിച്ചില്ല. സ്വത്തു നഷ്ടപ്പെട്ട ആ പാവങ്ങൾ കൊൽക്കത്തയിൽ റിക്ഷാവാലകളായി പരിണമിച്ചു. ലജ്ജ എന്ന നോവലിലൂടെ, ബംഗ്ളാദേശിലെ  ന്യൂനപക്ഷത്തിന്റെ ക്ഷതങ്ങൾ ലോകത്തോട് പറഞ്ഞ തസ്ലിമ നസ്രീൻ, ജമാ അത്തെ ഇസ്‌ലാമിയുടെ ആവശ്യപ്രകാരം നാട് കടത്തപ്പെട്ടു. ഇന്ത്യയിൽ വന്ന തസ്ലിമ, ഹൈദരാബാദിൽ വച്ച് മജ്ലിസ് ഇത്തിഹാദുൽ മുസ്ലീമിൻ എന്ന സംഘടനയുടെ പ്രതിനിധികളായി നിയമസഭയിലെത്തിയവരാൽ ആക്രമിക്കപ്പെട്ടു. 2007  ഓഗസ്റ് പത്തിന് ജനയുഗം, മതമൗലിക വാദികളുടെ അസഹിഷ്ണുത എന്നപേരിൽ മുഖപ്രസംഗമെഴുതി. തസ്ലിമയ്ക്ക് ഇന്ത്യയിലും സമാധാനം കിട്ടിയില്ല. അവർക്ക്  ഈ മതേതര രാജ്യത്തുനിന്നും  ഒരു സ്ക്കാന്ഡിനേവിയൻ രാജ്യത്തേക്ക് പോകേണ്ടിവന്നു.    

ഇപ്പോഴിതാ, അതേ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഗ്രഹത്തോടെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഷേക്ക് ഹസീനക്ക് നാടുവിടേണ്ടി വന്നിരിക്കുന്നു. പ്രക്ഷോഭകാരികൾ   അവരുടെ വീട് കയ്യേറുകയും മെത്തയിൽ കിടക്കുകയും മറ്റും ചെയ്‌ത് ശ്രീലങ്കയെ ഓർമ്മിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവിടെ ഉണ്ടായിട്ടുള്ള കലാപത്തിലും ന്യൂനപക്ഷമായ
ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മതേതരവാദികളായ കമ്യൂണിസ്റ് പാർട്ടിയുടെ ഓഫീസുകൾ തീവയ്ക്കപ്പെടുന്നു.

ഏതുനാട്ടിലും ഭൂരിപക്ഷമതം. ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും.നാസിക്കാലത്തെ ജർമ്മൻ യഹൂദർ ഗ്യാസ് ചേമ്പറിൽ ഒടുങ്ങി. ഇന്ത്യയിലെ ഗുജറാത്തിലും  നമ്മൾ അത് കണ്ടതാണ്.ന്യൂനപക്ഷമായ നിരാലംബ മുസ്ലിംകൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇസ്രായേൽ പരിസരമായ പലസ്തീനിൽ, ശ്രീലങ്കയിലെ തമിഴ് പ്രവിശ്യകളിൽ... എവിടെയും ഇതാണ് കാണുന്നത്. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോൾ,സ്പെയർ പാർട്ട് വിറ്റ്
ജീവിച്ചിരുന്ന പാവം സിഖ് മതക്കാരെപ്പോലും കൊലക്കത്തിക്ക് ഇരയാക്കി.
മതത്തിൽ നിന്നും മുളച്ചു പൊന്തുന്ന തീവ്രവാദത്തിനു ഹിംസയുടെ ചരിത്രമേ പറയാനുള്ളു.  

ബംഗ്ളദേശിലെ മുസ്ലിം പള്ളികളിൽ നിന്നും ന്യൂനപക്ഷത്തെ ആക്രമിക്കരുതെന്നു മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട്. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിൽ നമ്മുടെ അമർത്യസെന്നിനെക്കാളും ഒരു മില്ലറ്റോളമെങ്കിലും മുന്നിലാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. നോബൽസമ്മാന ജേതാവായ അദ്ദേഹം രാജ്യത്തോട് പറഞ്ഞത്, ന്യൂനപക്ഷത്തെ ആക്രമിച്ചാൽ താൻ രാജിവയ്ക്കുമെന്നാണ്. ഇങ്ങനെയൊരു പ്രഖ്യാപനം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായിരുന്നെങ്കിലെന്ന് ഇന്ത്യയിലെ മതേതരവാദികൾ ആഗ്രഹിക്കുന്നുണ്ട്.

മതം, അത് ഇന്ത്യയിലായാലും ബംഗ്ളാദേശിലായാലും മനുഷ്യവിരുദ്ധമാണ്.

വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?

വിനേഷ് ഫോഗട്ടിനെ ആരാണ് വെയിലത്ത് നിറുത്തിയത്?
-----------------------------------------------------------------------
പാരീസ് ഒളിമ്പിക്സിന്റെ ആരവം അവസാനിച്ചപ്പോൾ  അഭിമാനിയായ ഓരോ ഭാരതീയന്റെയും
ഹൃദയത്തിൽ നിന്നുയർന്ന ചോദ്യമാണിത്. വിനേഷ് ഫോഗട്ടിനെ ആരാണ് റിംഗിന് വെളിയിൽ  നിറുത്തിയത്? അഭിമാനികളായ ഭാരതീയരിൽ ഭാരതത്തിന്റെ ഭരണകർത്താക്കളോ ഇന്ത്യൻ ഒളിമ്പിക്സ് സംഘടനയുടെ ഭാരവാഹികളോ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളോ
ഓട്ടുമെഡലുകൾ ക്ലാവുപിടിക്കാതിരിക്കാൻ പുളിയും ചാരവുമായി പാരീസ് വിടുന്ന താരങ്ങളോ  ഇല്ലായെന്നത് ദുഃഖകരമാണ്‌ .  

വേദനയുടെ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ജീവിതമാണ് ഫോഗട്ടിന്റേത്. പഞ്ചാബ്, ഹരിയാന പ്രദേശത്തുള്ളവർക്ക് മൽപ്പിടുത്തം ഒഴിച്ചുകൂടാൻ കഴിയാത്ത വിനോദമാണ്.ഒരു പ്രാദേശിക ഗുസ്തിമത്സരത്തിൽ  പരാജയപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ ഒരാൾ, ഭാരതത്തിന്റെ പ്രഥമപൗരൻ വരെയായിട്ടുണ്ട്. അടുത്തകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരമായിരുന്നല്ലോ കർഷക സമരം. അവർ സമരത്തിനിടയ്ക്ക് വിനോദത്തിനായി നടത്തിയിരുന്നത് ഗുസ്തിയാണ്.
ഗാമസിംഗ്, ഷാങ്കിസിങ്, ഇമാംബക്സ് തുടങ്ങിയ എണ്ണം പറഞ്ഞ ഫയൽമാന്മാർ പഞ്ചാബിന്റെ സംഭാവനയാണ്.കൊല്ലത്തുകാരൻ പോളച്ചിറ രാമചന്ദ്രനെ തോൽപ്പിക്കുകയും പിന്നീട് പോളച്ചിറയാൽ തോൽപ്പിക്കപ്പെടുകയും ചെയ്ത ഇമാംബക്സ്, കൊല്ലത്തെ പഴമക്കാരുടെ ഇതിഹാസ  കഥാപാത്രമാണ്. ഗുസ്തിക്കാർക്ക് പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ഒരു
ഫയൽവാൻ ഹോട്ടൽ തന്നെ കൊല്ലത്ത് ഉണ്ടായി. അതൊക്കെ ഗുസ്തിയുടെ പുഷ്ക്കരകാലം. ഇന്ത്യൻ ഗുസ്തിയിൽ പഞ്ചാബിന്റെ സംഭാവനകൾ വളരെ വലുതാണെങ്കിലും അവർ വനിതകളെ മല്പിടുത്തതിന് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഫോഹട്ടിനെ  പരിശീലിപ്പിച്ചപ്പോൾ ആ കുടുംബത്തിന് നിരവധി ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഫോഗട്ടിന്റെ  ബാല്യകാലത്തുതന്നെ അവരുടെ പിതാവ് വീട്ടിനു മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. ഇത്തരം സാമൂഹ്യപ്രതിബന്ധങ്ങളെ നേരിട്ടാണ് ഫോഗട്ട്    ഒന്നാം നിരയിലെത്തിയത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടന്ന മത്സരങ്ങളിൽ അവർ രാജ്യത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടി.

ഇന്ത്യൻ ഗുസ്തിക്കാരികളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവരിൽ ചിലർ ഭാരതീയ ഗുസ്തിസംഘടനയുടെ ഭാരവാഹികളാൽ അപമാനിക്കപ്പെട്ടപ്പോഴാണ്. ലൈംഗികാതിക്രമം വരെയുണ്ടായി. ഗുസ്തിക്കാരികളാണെങ്കിലും അവർക്ക് ചെറുത്തുനിൽക്കാനൊന്നും സാധിച്ചില്ല. അപമാനിതരായ അവർ സമരത്തിനിറങ്ങുകയായിരുന്നല്ലോ. സാക്ഷി മാലിക്കിന്റെയും മറ്റും നേതൃത്വത്തിൽ ഉണ്ടായ ആ സമരത്തിലെ പ്രധാനകണ്ണിയായിരുന്നല്ലോ ഫോഗട്ട്. ബൂട്ടൂരിവയ്ക്കുകയും മെഡലുകൾ നദിയിലെറിയുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ആ സമരം ഗുസ്തിപ്രേമികൾ അല്ലാത്തവരെപ്പോലും വിഷമിപ്പിച്ചു. കര്ഷകസമരത്തിലെന്ന പോലെ ഈ സമരത്തിനോടൊപ്പവും ആത്മാർത്ഥതയുള്ള ഭാരതീയർ നിലയുറപ്പിച്ചു. പക്ഷെ ഇന്ത്യൻ ഭരണകക്ഷിയുടെ ഓമനയായ ഗുസ്തിസംഘടനാ ഭാരവാഹിയെ ഭരണകൂടം രക്ഷിക്കുകയാണുണ്ടായത്.

എന്തായാലും പ്രതികൂലാവസ്ഥകളെ മറികടന്നു അവർ പാരീസിലെത്തി.പങ്കെടുത്ത  മത്സരങ്ങളിൽ നക്ഷത്രശോഭവിടർത്തി. ഒടുവിൽ നൂറുഗ്രാം ഭാരം കൂടി എന്ന കാരണത്താൽ ഫോഗട്ട് റിങ്ങിനു പുറത്തേക്ക് മാറ്റി നിർത്തപ്പെട്ടു. അവസാന ദിവസമെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു. വെള്ളിയോ സ്വർണ്ണമോ നേടി ഭാരതത്തിന്റെ മൂവർണ്ണക്കൊടി പാറിക്കുന്ന ഈ സഹോദരിയെ കാണാൻ നമ്മൾ രാത്രിയെ പകലാക്കി കാത്തിരുന്നു. ഒന്നും ഉണ്ടായില്ല. പൂരം കഴിഞ്ഞു. പൊടിയുടെ പൂരവും കഴിയാറായി. അമേരിക്കൻ ദേശീയഗാനം പാടി ലാത്തിരി കത്തിച്ചു.
 നമ്മുടെ സംശയങ്ങൾ അവശേഷിക്കുകയാണ്. കായികതാരങ്ങൾക്ക് കൃത്യമായ ഭാരം നിലനിർത്താൻ വേണ്ട ആഹാരം നൽകാൻ പ്രത്യേകം ആളുകളുണ്ട്. ഫോഗട്ട് മത്സരത്തിന്റെ തലേന്ന് രാത്രിയിൽ പോലും കഠിന പരിശീലനത്തിൽ ആയിരുന്നു. ഒളിമ്പിക്സിൽ ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത ചില കേമന്മാരുടെ സാന്നിധ്യവും അവിടെയുണ്ടായി. ഉത്തേജകമരുന്നുപയോഗിച്ചു എന്ന ആരോപണമൊന്നും ഈ കായികതാരത്തിനു മേൽ ഇല്ല. അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷൻ നൂറു ഗ്രാമിൽ കൂടുതൽ ഭാരം കണ്ടെത്തിയ താരങ്ങൾക്ക് ഇളവ് കൊടുത്തിട്ടുണ്ട്. ഈ ഇന്ത്യക്കാരിക്ക് അത് കിട്ടാഞ്ഞതെന്തുകൊണ്ട്?

ഗുസ്തിതാരങ്ങൾ ഡൽഹിയിൽ നടത്തിയ സമരവും കണ്ണുനീരും കണ്ടവർക്ക് സംശയങ്ങൾ വർധിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന് അനുകൂലമായ ഒരു നീക്കം നടത്താഞ്ഞത് എന്തുകൊണ്ട്? എന്തെങ്കിലും ഗൂഡാലോചനകളോ ഇടപെടലുകളോ ഇതിൽ ഉണ്ടായിട്ടുണ്ടോ? സഹതാരത്തിന്റെ വൈഷമ്യത്തിൽ ഒരു മുഖഭാവം കൊണ്ടെങ്കിലും മറ്റു കായികതാരങ്ങൾ പ്രതികരിക്കാഞ്ഞതെന്തുകൊണ്ട്? സ്പോർട്സ് ആർബിട്രേഷൻ കോടതിയുടെ തീരുമാനം വൈകുന്നത് എന്തുകൊണ്ട്? ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് എന്താണ്? ഒരു ഉത്സാഹമില്ലായ്മ പ്രകടമാകുന്നത് എന്തുകൊണ്ട്?

വിനേഷ് ഫോഹട്ടിന്റെ നിരാശ മനസ്സാക്ഷിയുള്ള മുഴുവൻ ഭാരതീയരുടെയും ദുഃഖമാണ്‌  ഭാരതസർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരുണ്ടെന്നു  തെളിഞ്ഞാൽ അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും വേണം. ഫോഗട്ടും സംഘവും ദില്ലിയിൽ നടത്തിയ സമരത്തോടുള്ള സർക്കാർ സമീപനം ഓർത്താൽ അഭിമാനികളായ ഭാരതീയർക്ക് എന്ത് പ്രതീക്ഷിക്കാനാണ്!