ഇല്ല,ഇല്ല മരിക്കുന്നില്ല,ജീവിക്കുന്നൂ ഞങ്ങളിലൂടെ
------------------------------
നേതാക്കൾ മരിക്കുമ്പോൾ മുഴങ്ങിക്കേൾക്കാറുള്ള ഒരു മുദ്രാവാക്യമാണിത്. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ആ സന്ദർഭത്തിൽ, സിരകളിൽ ആവേശത്തിന്റെയും ആത്മാർത്ഥതയുടെയും വലിയ തിരമാലകൾ സൃഷ്ടിക്കുന്നതാണ് ഈ മുദ്രാവാക്യം. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയവരാണ് യഥാർത്ഥ രാഷ്ട്രീയനേതാക്കൾ. മരണാനന്തരം, ഓർമ്മകളിലൂടെ മാത്രമല്ല, അവർ നയിച്ച ജീവിതം ജനങ്ങൾക്കു പകർന്നുനൽകിയ ആശയപരമായ ഊർജ്ജത്തിലൂടെയും യഥാർത്ഥ നേതാക്കൾ ദീര്ഘകാലം സമൂഹത്തിനു വെളിച്ചമായി ജീവിക്കും. ലെനിൻ, മാവോ,ഹോചിമിൻ, ചെഗുവേര, ഭഗത് സിങ് തുടങ്ങിയ പോരാളികൾ
അങ്ങനെയാണ് ജനമനസ്സുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവരുടെ ജീവിതം ലളിതവും മാതൃകാപരവും ആയിരിക്കും. എന്നാൽ അപൂർവം ചിലനേതാക്കൾ മരണാനന്തരം കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങൾ അപരിചിതരായ സഹജീവികൾക്ക് നൽകിയും ഈ മരണാനന്തര ജീവിതം അർത്ഥപൂർണ്ണമാക്കും. ചിലർ ശരീരം തന്നെ വൈദ്യശാസ്ത്രവിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുത്തുകൊണ്ട് അന്യജീവനുതകും. അത് വളരെ വലിയ ഒരു ആശയമാണ്. ആ ആശയത്തിന്റെ ഔന്നത്യത്തിലേക്ക് വളർന്ന് ഇന്ത്യൻ രാഷ്ട്രീയനഭസ്സിൽ നക്ഷത്രതേജസ്സ് ആർജ്ജിച്ചിരിക്കയാണ് സഖാവ് സുധാകർ റെഡ്ഢി. അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിനുമുന്നിൽ നൂറുകണക്കിന് ചെങ്കുപ്പായക്കാർ ചെങ്കൊടി പകുതി താഴ്ത്തിപ്പിടിച്ചുകൊണ്ട് നടന്നു. തെലുങ്ക് നാടിന്റെ അന്ത്യാഭിവാദനരീതിയായ കോൽക്കളിയും താളവുമായി വനിതാസഖാക്കളും സഞ്ചരിച്ചു. വികാരനിർഭരമായ ആ അന്ത്യയാത്ര പോയത് ഏതെങ്കിലും നദീതീരത്തെ, ചന്ദനമുട്ടികളടുക്കിയ ചിതയിലേക്കല്ല. ആ യാത്ര ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിലേക്കായിരുന്നു. പ്രിയസഖാവിന്റെ പ്രിയശരീരം അവർ, അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ആ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകി. പ്രിയസഖാവിന്റെ കണ്ണുകൾ എൽ.ബി.പ്രസാദ് കണ്ണാശുപത്രിയിലും നൽകി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ സഖാവ് സുധാകർ റെഡ്ഢി രണ്ടുപേരുടെ കണ്ണുകൾക്ക് വെളിച്ചം നൽകിക്കൊണ്ട് ജീവിക്കും. ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം ആ രീതിയിൽ കൂടിയും സഫലമാകും.
അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അപൂർവം രാഷ്ട്രീയനേതാക്കൾ മാത്രമേ സ്വന്തം മൃതശരീരം വൈദ്യശാസ്ത്രപഠനത്തിനായി വിട്ടുകൊടുത്തിട്ടുള്ളു. ഇവരുടെ ജീവിതം മനസ്സിലാക്കിയാൽ, ഒരു കാര്യം വ്യക്തമാകും. ഇവരുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് ശാസ്ത്രബോധം ആണ്. ഇവർ മരണാനന്തരം സ്വർഗ്ഗമോ നരകമോ ഉണ്ടെന്നു കരുതിയവരല്ല.അവിടെയുണ്ടെന്നു പ്രചരിപ്പിക്കപ്പെടുന്ന സുന്ദരിമാരിലോ മദ്യപ്പുഴയിലോ ആസക്തരുമല്ല. അവർ സമൂഹത്തെ നരകയാതനകളിൽ നിന്നും മോചിപ്പിച്ച് സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും പറുദീസയിലേക്ക് നയിക്കാൻ ശ്രമിച്ചവരാണ്. അതുകൊണ്ടുതന്നെ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ പെട്ടവരാരും തന്നെ അവയവങ്ങളോ ശരീരമോ ദാനം ചെയ്തിട്ടില്ല. കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന ഒരാൾമാത്രമാണ് മൃതശരീരം ദാനം ചെയ്തിട്ടുള്ളത്. അത് ഭൗതിക ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റുമായിരുന്ന മധു ദന്തവാദേയാണ്.
ശരീരം ദാനം ചെയ്തിട്ടുള്ള മുഖ്യമന്ത്രിമാർ കമ്യൂണിസ്റ്റുകാരായ ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. കേരളത്തിൽനിന്നുള്ള രണ്ടു ലോക്സഭാംഗങ്ങളും ഒരു നിയമസഭാംഗവും മൃതദേഹദാനം നടത്തിയിട്ടുണ്ട്. അവർ കമ്യൂണിസ്റ്റുകാരായ രാമണ്ണറെയും എം.എം.ലോറൻസും സൈമൺ ബ്രിട്ടോയുമാണ്. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാക്കളിൽ മൃതദേഹദാനം നടത്തിയ രണ്ടുപേർ, രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ ലക്ഷ്മിയും സീതാറാം യെച്ചൂരിയുമാണ്. ഇരുവരും മാർക്സിന്റെ വഴിയേ സഞ്ചരിച്ചവർ.
സഖാവ് സുധാകർ റെഡ്ഢിയെ തൃശൂരിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്. സൗമ്യനായ സഖാവ്. ഭൗതികമായിത്തന്നെ മറ്റുള്ളവരിലൂടെ ജീവിക്കുന്ന സഖാവിനു റെഡ് സല്യൂട്ട്.
Wednesday, 27 August 2025
ഇല്ല,ഇല്ല മരിക്കുന്നില്ല,ജീവിക്കുന്നൂ ഞങ്ങളിലൂടെ
Tuesday, 12 August 2025
ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....
ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....
-----------------------------------------------------------------
ആയിരത്തിലധികം അംഗങ്ങളുള്ള, വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയാണ് തത്ത്വമസി ഡോ.സുകുമാർ അഴീക്കോട് സാംസ്ക്കാരിക അക്കാദമി.സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.ജി. വിജയകുമാർ, കവിയും അഭിനേത്രിയുമായ ഉമാദേവി തുരുത്തേരി, പി.എൻ.വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ ഓൺ ലൈൻ സാംസ്ക്കാരിക പ്രസ്ഥാനം ഡോ. സുകുമാർ അഴീക്കോടിൻറെ ജന്മശതാബ്ദി, നിരവധി എഴുത്തുകാരെ ആദരിച്ചുകൊണ്ടാണ് ആഘോഷിച്ചത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലായിരുന്നു ഈ ഉചിതമായ പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകനായ അമ്പലപ്പുഴയിലെ നിയമസഭാംഗം എച്ച്. സലാം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം ഡോ സുകുമാർ അഴീക്കോടിനെ അനുസ്മരിക്കുകയായിരുന്നു. എന്തിനോടും അഡ്ജസ്റ് ചെയ്യുന്ന സാംസ്ക്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഇപ്പോൾ അധികമായും ഉള്ളതെന്നും ഡോ.അഴീക്കോട് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുകുമാർ അഴീക്കോട് കേരളത്തിൽ ഉണ്ടെന്ന് ഭരണപക്ഷം എപ്പോഴും ഓർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുകുമാർ അഴീക്കോട് മരിച്ചപ്പോൾ, ഒരു വീട്ടമ്മ പറഞ്ഞത് കേരളത്തിന്റെ പ്രതിപക്ഷം മരിച്ചു എന്നാണ്.ശരിയാണ്. പ്രതിപക്ഷമെന്നാൽ ഉറക്കത്തിൽ പോലും ഗവണ്മെന്റ് രാജിവയ്ക്കണമെന്നു പാടുന്ന ഒരു ഗായകസംഘമല്ലല്ലൊ. ഭരണസംഘത്തെ വിശകലനം ചെയ്യുന്നതുപോലെ പുറത്തുള്ള മതസംഘത്തെയും ധനസംഘത്തെയും പ്രതിപക്ഷത്തെത്തന്നെയും വിശകലനം ചെയ്യണമല്ലൊ. അത് ഇന്ന് സംഭവിക്കുന്നില്ല.
തൃശൂർ വിമലാ ആശുപത്രിയിൽ, രോഗബാധിതനായി കിടന്ന അഴീക്കോട് മാഷെ. പോയിക്കണ്ടത് ഓർക്കുന്നു. യുവകലാസാഹിതി പ്രവർത്തകൻ അനിയൻകുട്ടി കൂടെയുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അഴീക്കോട് എന്റെ വലംകൈ പിടിച്ച് തൊണ്ടയിൽ ചേർത്തുവച്ചു. ഒരു നിമിഷം അങ്ങനെ.
എന്തെല്ലാമായിരിക്കാം അപ്പോൾ ആ മനസ്സിലൂടെ കടന്നുപോയത്? ചുറ്റുപാടുകളോട് പ്രതികരിക്കണം എന്നു പറയുകയായിരുന്നുവോ? അറിയില്ല.
ഡോ. സുകുമാർ അഴീക്കോട് ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ഉരുൾ പൊട്ടലിൽ സ്വപ്നവും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാത്തതെന്തെന്ന് പ്രധാനമന്ത്രിയെ പേരെടുത്തു വിളിച്ചു പ്രസംഗിക്കുമായിരുന്നു. കേരളീയർ നികുതിയായി നൽകുന്ന പണം ഇന്ത്യൻ റിസർവ്വ് ബാങ്കിൽ കണക്കുള്ളതാണെന്നും അത് അറബിക്കടലിലെ കക്കയല്ലെന്നും സദസ്യരുടെ ആവേശത്തെ ഇളക്കിമറിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ ഇസ്രായേലിനൊപ്പം നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നുവെന്ന് ഗാന്ധിയൻ ചിന്തകൾ നിരത്തിക്കൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു.
ധർമ്മസ്ഥല അധർമ്മസ്ഥലം ആയിപ്പോയല്ലോ എന്നോർത്ത് അദ്ദേഹം പരിതപിക്കുമായിരുന്നു. യൂണിവേഴ്സിറ്റികളിലെ ചാൻസലർ ഭരണത്തിന്റെ ഭീകരമുഖങ്ങൾ അദ്ദേഹം തുറന്നു കാട്ടുമായിരുന്നു. അർജന്റീനക്കാരെ വിളിക്കാൻ സ്പെയിനിൽ പോയതെന്തിനായിരുന്നുവെന്ന് അഴീക്കോട് ചോദിക്കുമായിരുന്നു. ശബരിമല അയ്യപ്പൻ പോലും നിശബ്ദനായിരിക്കെ, അയ്യപ്പഭക്തന്മാരുടെ അഖിലലോക സമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണെന്നു കേരളത്തിലേ സെക്കുലർ സർക്കാരിനോട് അദ്ദേഹം ചോദിക്കുമായിരുന്നു. തെക്കോട്ടും വടക്കോട്ടും തട്ടിക്കളിക്കാനുള്ള ഫുട്ബോളാണോ ആശമാരെന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് അദ്ദേഹം ചോദിക്കുമായിരുന്നു. വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും പൂരം കലക്കിയും നേടിയ വിജയം ഒരു വിജയമല്ല, പരാജയമാണ് രാജാവേയെന്ന് യുധിഷ്ഠിരനോട് ചാർവാകൻ എന്നപോലെ അദ്ദേഹം പറയുമായിരുന്നു.
ഡോ. സുകുമാർ അഴീക്കോടിന്റെ അഭാവം ശക്തമായ ഒരു പ്രതിപക്ഷമില്ലായ്മയെ ചൂണ്ടിക്കാട്ടുന്നുണ്ട്.