Tuesday, 24 February 2026

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

-----------------------------------
പതിനെട്ടാം നൂറ്റാണ്ടിലാണ്. വള്ളുവനാട്ടെ ലക്കിടിയിൽ നിന്നും ഒരു കലാസംഘം യാത്രതിരിക്കുകയാണ്. ചമയപ്പെട്ടിയും മിഴാവുമൊക്കെയായി. കൂത്താണ് കല. അവതരിപ്പിക്കേണ്ടത് തെക്ക് തെക്ക് ചെമ്പകശ്ശേരിയിലാണ്. ഇന്നത്തെ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. കലാകാരന്റെ പേരിനെക്കാൾ പ്രധാനം ജാതിയായിരുന്നു. ചാക്യാർ. അദ്ദേഹം കൂത്തുതുടങ്ങി. ഇടയ്ക്ക് മിഴാവ് കൊട്ടേണ്ടയാൾ യാത്രാക്ഷീണം കൊണ്ടാകാം  മയങ്ങിപ്പോയി. രാജാവിനെപ്പോലും പരിഹസിക്കാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നകാലം. മിഴാവിനു പിന്നിൽ മയങ്ങിയിരിക്കുന്ന നമ്പ്യാർ പരിഹസിക്കപ്പെടുകയും കൂത്തുകാരന്റെ കുത്തേറ്റു പുറത്താവുകയും ചെയ്തു. അദ്ദേഹം കല്യാണസൗഗന്ധികം എഴുതിയുണ്ടാക്കി. ലളിതവേഷധാരിയായി അമ്പലത്തിനു പുറത്ത് തുള്ളൽ എന്ന പുതിയ കലാരൂപം അരങ്ങേറി. അതോടെ കൂത്തിന്റെ ആപ്പീസുപൂട്ടി. മ്യൂസിയത്തിൽ ഒതുങ്ങി. ശീതങ്കനും പറയനും ഓട്ടനും കേരളത്തിന്റെ കളിത്തട്ടുകൾ അടക്കിഭരിച്ചു. കുഞ്ചൻനമ്പ്യാരുടെ മരണശേഷവും ആ കലാരൂപം കേരളത്തിലും പുറംനാടുകളിലെ മലയാളി സമൂഹങ്ങളിലും ജീവിതം നേടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും ഓട്ടൻതുള്ളൽ ജനശ്രദ്ധയാകർഷിക്കുന്ന ഇനമായി.

ഇരുപതാം നൂറ്റാണ്ടിൽ,വടക്കു വടക്ക് കാഞ്ഞങ്ങാട്ട് മലബാർ രാമൻ നായർ എന്ന കലാപ്രതാപിയായ തുള്ളൽക്കാരനുണ്ടായി. പ്രധാനമന്ത്രിയും സാഹിത്യ അക്കാദമിയുടെ പ്രഥമപ്രസിഡന്റുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രശംസയ്ക്ക് അദ്ദേഹം പാത്രമായി.  ഇരുപതാം നൂറ്റാണ്ടിലെ വടക്കിന്റെ കുഞ്ചൻനമ്പ്യാരായി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പരിപാടികഴിഞ്ഞു തിരിച്ചുപോകവേ കൊല്ലത്തുവച്ച് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. 1960 ൽ ആയിരുന്നു ഈ മരണം. 

1971ൽ കൊല്ലം ജില്ലയിലെ താമരക്കുടിയിൽ കരുണാകരൻ എന്ന ഒരു ചിത്രകലാ അദ്ധ്യാപകനും കുഞ്ചൻ നമ്പ്യാർക്ക് ഉണ്ടായതുപോലെ ഒരു അപമാനം നേരിടേണ്ടിവന്നു. താമരക്കുടിയിലെ  തുള്ളൽക്കാരനായിരുന്ന ഗോപാലപിള്ളയാശാന്റെ കൂടെ ആകാശവാണിയിൽ തുള്ളലവതരിപ്പിക്കാൻ പക്കമേളക്കാരനായി കരുണാകരനും പോയി. മൃദംഗമായിരുന്നു അദ്ദേഹത്തിന്റെ വാദ്യം. ഒരു രൂപപോലും പ്രതിഫലം കൊടുത്തില്ലെന്നു മാത്രമല്ല, ജാതിപറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. കരുണാകരൻ സ്വന്തം ജ്യേഷ്ഠന് ദക്ഷിണകൊടുത്തിട്ട് വീട്ടുമുറ്റത്ത് തുള്ളൽ അവതരിപ്പിച്ചു. മുപ്പതാം വയസ്സിലായിരുന്നു ഈ അരങ്ങേറ്റം. പിന്നീട് താമരക്കുടി മഹാദേവർക്ഷേത്രത്തിൽ വേഷഭൂഷാദികളോടെയുള്ള ആദ്യ അവതരണം. പക്കമേളക്കാരൻ ഗോപാലനായിരുന്നു ഗുരു. പിന്നെ അരനൂറ്റാണ്ടിലധികക്കാലം താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ജൈത്രയാത്രയാണ് കേരളം കണ്ടത്. കുഞ്ചൻ നമ്പ്യാർ കൃതികളെല്ലാം ഹൃദിസ്ഥം. എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണം. അയ്യായിരത്തിലധികം വേദികളിൽ മാസ്റ്ററുടെ ചിലങ്ക കിലുങ്ങി. ഹനുമാനും കുബേരനും ഗണപതിയുമെല്ലാം മാസ്റ്ററിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സദസ്സുകളെ സമ്പന്നമാക്കി. സ്കൂൾ കലോത്സവവേദികളിൽ മാസ്റ്ററുടെ ശിഷ്യർ ആസ്വാദകരെ അമ്പരപ്പിച്ചു. ഉത്സവപ്പറമ്പുകളും മറ്റുവേദികളും മാസ്റ്ററുടെ നൃത്തമികവിൽ മറന്നിരുന്നു.

കരുണാകരൻ മാസ്റ്ററെ തേടി പുരസ്ക്കാരങ്ങൾ നിരയായി വന്നു. കലാമണ്ഡലം അവാർഡ്, കുഞ്ചൻനമ്പ്യാർ പുരസ്ക്കാരം, കലാമണ്ഡലം ഹൈദരലി പുരസ്ക്കാരം തുടങ്ങി നൂറിലധികം പുരസ്ക്കാരങ്ങൾ.

ഞാനദ്ദേഹത്തെ ഒടുവിൽ കണ്ടത്, പ്രവേശനോത്സവഗാനമെഴുതിയ വിദ്യാർത്ഥിനിയായ ഭദ്രഹരിയെ അനുമോദിക്കാൻ താമരക്കുടി ശിവവിലാസം സ്കൂളിൽ ചേർന്ന മീറ്റിങ്ങിൽ വച്ചാണ്. കൗമാരകവിയെ അനുമോദിക്കാൻ ഒരു തുള്ളൽക്കവിതയുമായാണ് വാത്സല്യനിധിയായ മാസ്റ്റർ എത്തിയത്. ഭദ്രഹരിയെ അകമഴിഞ്ഞു അനുമോദിക്കാൻ തെക്കിന്റെ കുഞ്ചൻനമ്പ്യാരായ കരുണാകരൻ മാസ്റ്റർ ഒട്ടും പിശുക്ക് കാട്ടിയില്ല. വാർദ്ധക്യത്തെ മറന്നുകൊണ്ട്, യോഗം അവസാനിച്ച നട്ടുച്ചവരെ മാസ്റ്റർ വേദിയിലിരുന്നു.

താമരക്കുടി കരുണാകരൻ മാസ്റ്റർ ജീവിതത്തിന്റെ വേദിയിൽ നിന്നും വിടവാങ്ങി. തുള്ളൽക്കലയുടെ പ്രചാരകനും ഗുരുവുമായ മാസ്റ്റർ, മലയാളികളുടെ സ്മരണയിലേക്ക് കുഞ്ചൻനമ്പ്യാർക്കൊപ്പം ഇരിപ്പുറപ്പിച്ചു. 



Tuesday, 10 February 2026

മാമാങ്കവും കുംഭമേളയും

മാമാങ്കവും കുംഭമേളയും ------------------------------- വളരെ വർഷം മുൻപൊരിക്കൽ തിരുനാവായിലെത്തിയത് നാവാമുകുന്ദനെ നന്ദർശിച്ച് അനുഗ്രഹം വാങ്ങാനായിരുന്നില്ല. തിരുനല്ലൂർ കരുണാകരന്റെ സഹോദരൻ തിരുനല്ലൂർ സമദിനെ കാണാൻ ആയിരുന്നു. മുൻപ് അദ്ദേഹം തിരുനല്ലൂർ വാസുദേവൻ ആയിരുന്നു. സംതൃപ്തനാണു ഞാൻ എന്റെ ദു:ഖങ്ങളാൽ / സമ്പന്നനാണു ഞാൻ എൻ കാവ്യധാരയാൽ എന്നെഴുതിയ പ്രണയി. ധ്യാനരാത്രിയെന്ന പുസ്തകവും നിരവധി നാടകഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച പ്രതിഭ. തെരഞ്ഞെടുപ്പിൽ മത്സരിച്ച വിപ്ലവകാരി. ഖുർആനെ ആഴത്തിൽ മനസ്സിലാക്കിയ പണ്ഡിതൻ. ആ യാത്രയിൽ മേൽപ്പത്തൂർ സ്മൃതിമണ്ഡപവും സാമൂതിരിയുടെ നിലപാടുതറയും, ഒരു ആശുപത്രിയുടെ മാലിന്യനിക്ഷേപക്കുഴിയായി മാറിയിരുന്ന മണിക്കിണറും ചതിയൻപുഴയെന്നുകൂടി വട്ടപ്പേരുള്ള ഭാരതപ്പുഴയും കണ്ടു.അവിടെയാണ് ഇപ്പോൾ കുംഭമേള നടന്നത്. എന്താണ് കുംഭമേള? അത് ഹരിദ്വാറിലും അലഹാബാദിലെ പ്രയാഗ് രാജിലും ഉജ്ജയിനിയിലും നാസിക്കിലും നടത്തിയിരുന്ന ഒരു ഹിന്ദുമതമേളയാണ്. മാംസഭുക്കുകളും കഞ്ചാവുപ്രിയരുമായ അഘോരികളാണ് കുംഭമേളയിലെ താരങ്ങൾ. ഉടുതുണിയിൽ വിശ്വസിക്കാത്ത നാഗസന്യാസിമാരാണു ഉപതാരങ്ങൾ. ആറ്,പന്ത്രണ്ട്, നൂറ്റിനാൽപ്പത്തിനാല് വർഷങ്ങൾ കൂടുമ്പോഴാണ് കുംഭമേള നടത്തുന്നത്. ഒരോ മേളയിലും തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരണമടയാറുമുണ്ട്. കെട്ടുകഥയിലെ മോഹിനി, അസുരന്മാരിൽനിന്നും അമൃതുകുടം അടിച്ചുമാറ്റി കൊണ്ടോടിയപ്പോൾ തുള്ളി തുള്ളിയായി തെറിച്ചു വീണ സ്ഥലങ്ങളിലാണത്രെ കുംഭമേള നടത്തുന്നത്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ ഒരു തുള്ളിപോലും കേരളത്തിലെങ്ങും വീണിട്ടില്ല. മോഹിനിയായി മേക്കപ്പിട്ട വിഷ്ണുവിന് ശിവനിൽ പിറന്നതാണ് പുലിവാഹനൻ അയ്യപ്പൻ എന്നൊരു കള്ളക്കഥ നിലവിലുണ്ടെങ്കിലും കുംഭമേളയ്ക്ക് പമ്പാനദി എന്തായാലും തെരഞ്ഞെടുക്കപ്പെട്ടില്ല.അത്രയും മാലിന്യവൽക്കരണം ഒഴിവായിക്കിട്ടി. പകരം, ഭാരതപ്പുഴ മാലിന്യവൽക്കരിക്കപ്പെട്ടു. മുല്ലനേഴി, നിളയെന്നു കൊഞ്ചിച്ച, എഴുത്തച്ഛന്റെയും വൈലോപ്പിള്ളിയുടെയും പി.കുഞ്ഞിരാമൻ നായരുടെയും പ്രിയനദിയാണ് ഭാരതപ്പുഴ. അവിടെ ഒരിക്കലും കുംഭമേള നടന്നിട്ടില്ല. കഥയനുസരിച്ച് അവിടെ നടത്താനും പാടില്ല. ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്നത് മാമാങ്കമാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ ആവർത്തിച്ച മാമാങ്കം. അതെ, ബിച്ചു തിരുമലയെഴുതി, രവീന്ദ്രൻ ഈണപ്പെടുത്തി യേശുദാസ് പാടിയ പാട്ടിലൂടെ പുതിയ തലമുറ പരിചയപ്പെട്ട അതേ മാമാങ്കം. കോഴിക്കോട് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിൽ നടന്ന പൊരിഞ്ഞ യുദ്ധത്തിന്റെയും അധികാര കൈമാറ്റത്തിന്റെയും കഥയാണ് മാമാങ്കത്തിൽ ഉള്ളത്. വള്ളുവക്കോനാതിരിയുടെ പടയാളികളാണ് ചാവേർപ്പടയാളികളായി മരണം ഏറ്റുവാങ്ങിയിരുന്നത്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കലാണ് ഈ മരണമഹോത്സവം നടത്തിയിരുന്നത്. കുന്തക്കാരും കുതിരക്കാരും പന്തക്കാരും പരിചക്കാരും പരിചയക്കാരും തിരിച്ചുവന്നിട്ടും പടയ്ക്കു പോയ മകനെ കാത്ത്, പടിക്കൽ കുത്തുവിളക്കായി നിൽക്കുന്ന അമ്മയുടെ ചിത്രം മലയാളകവിതയിലുണ്ട്. അശോകമഹാരാജാവ് ബുദ്ധമതത്തിൽ ചേർന്നതിന്റെ ഓർമ്മയ്ക്കായി പണ്ട് കേരളത്തിലേ ബുദ്ധമതക്കാർ മാഘമാസത്തിലെ പൂയംനാളിൽ തിരുനാവയിൽ ഉത്സവം കൊണ്ടാടിയിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈദരാലിയുടെ പടയോട്ടത്തോടെ മാമാങ്കത്തിനു തിരശീലയും വീണു. മാമാങ്കം ആ രൂപത്തിൽ ഒരിക്കലും ആവർത്തിക്കാൻ കഴിയില്ല. ഇന്ന് മാമാങ്കത്തിന്റെ അർത്ഥം മാറിയിട്ടുണ്ട്. അമിതമായ സാമ്പത്തികച്ചെലവോടെ നടത്തുന്ന സമ്മേളനങ്ങളെ എതിർ കക്ഷിക്കാർ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കായി മാമാങ്കം മാറിയിട്ടുണ്ട്. കുംഭമേള എന്ന പ്രാകൃത ഹിന്ദുമതസമ്മേളനം അടുത്ത വർഷവും നടത്തുമെന്ന ഭീഷണി നിലവിലുണ്ട്. ഇതിന്റെ പിന്നിലുള്ള ഹിന്ദുരാഷ്ട്രം എന്ന രഹസ്യ അജണ്ട നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്ടിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.