Tuesday, 18 November 2025

രാഷ്ട്രീയബോധത്തോടെ സമ്മതിദാനം

രാഷ്ട്രീയബോധത്തോടെ സമ്മതിദാനം

----------------------------------------------------------

പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണയായി രാഷ്ട്രീയത്തിനതീതമായ ചില തീരുമാനങ്ങളിൽ ജനങ്ങൾ എത്താറുണ്ട്. അത് വലിയ ആശയക്കുഴപ്പങ്ങൾക്കും അപകടകരമായ അരാഷ്ട്രീയവൽക്കരണത്തിനും കാരണമാകും. ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും തുല്യനീതിയും വോട്ടർമാരെ സ്വാധീനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച്‍ ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല. ആരാധനാലയങ്ങളോ മതസ്ഥാപനങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാനും പാടില്ല. ആരുടെയും സ്വകാര്യജീവിതത്തെ വിമർശിക്കാനോ തെറ്റായി അവതരിപ്പിക്കാനോ പാടില്ല. ഉച്ചഭാഷിണിയുടെ ഉപയോഗം നിയമവിധേയമായിരിക്കണം. ചുമരെഴുത്തുകളും പോസ്റ്റർ പതിക്കലും ചുമരിന്റെ ഉടമസ്ഥന്റെ അനുവാദത്തോടെ വേണം. സ്ഥാനാർത്ഥികളുടെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലത്തിൽ അസത്യം ഉണ്ടാകാനേ പാടില്ല. അനുവദനീയമായ എണ്ണത്തിലുള്ള പോസ്റ്ററുകളും നോട്ടീസുകളും മാത്രമേ പുറത്തിറക്കാവൂ.അച്ചടിക്കുന്ന ആളിൻറെപേരും പ്രസ്സിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം.


ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല എന്ന ആശയം ജാതിയുടെയും മതങ്ങളുടെയും ചുമരിൽ ചാരി നിൽക്കുന്ന ബി.ജെ.പി, മുസ്‌ലിം ലീഗ്, എസ്.ഡി.പി., കേരളാ കോൺഗ്രസ്സ്, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് നടപ്പിലാക്കാൻ പ്രയാസമാണ്. ദളിത് മേഖലയിൽ പ്രവർത്തിക്കുന്ന ബി.എസ്.പി, ഡി.എച്ച്. ആർ.എം തുടങ്ങിയ സംഘടനകൾ അവരുടെ ആശയങ്ങൾ മേഖലയിൽ അവതരിപ്പിക്കാൻ തീർച്ചയായും ശ്രദ്ധിക്കും.


ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരുകാര്യം അടുത്ത ദിവസങ്ങളിലുണ്ടായ സ്ഥാനാർഥി നിർണ്ണയമായിരുന്നു. ജാതിയും മതവുമെല്ലാം അവിടെ നൃത്തമാടി. പൊതു സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കാൻ പാർട്ടികൾ മടിച്ചു. സമൂഹത്തിൽ അടിസ്ഥാനമാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അതിന്റെ അർത്ഥം. ഭാഗ്യം കൊണ്ടുമാത്രമാണ് ചില പഞ്ചായത്തുകളിൽ ദളിത് വനിതകൾ പ്രസിഡന്റാകുന്നത്. വനിതാസംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ് സ്ത്രീകൾക്ക് ഭരണസാരഥ്യം വഹിക്കാൻ കഴിഞ്ഞത്. അവരത് സ്തുത്യർഹമാം വിധം നിർവഹിക്കുകയും ചെയ്തു. കേരളത്തിൽ ഗണ്യമായ സ്വാധീനമുള്ള മുസ്ലിംലീഗിന് നിയമസഭയിലേക്കോ ലോക്സഭയിലേക്കോ ഒരു വനിതയെ അയക്കാൻ മനസ്സുവന്നിട്ടില്ല. ജയിക്കുമെന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റുകളിൽ ഒരു വനിതയെക്കൊണ്ട് നോമിനേഷൻ കൊടുപ്പിക്കാൻ പോലും അവർ താല്പര്യം കാണിച്ചിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളെ നയിക്കുന്നതിൽ സ്ത്രീകൾ പ്രാഗൽഭ്യം തെളിയിച്ചുകഴിഞ്ഞു. എന്നാൽ നിയമസഭയിലും പാർലമെന്റിലും തുല്യപ്രാതിനിധ്യം എന്ന ഭരണഘടനാപരമായ അവകാശം ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. . ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ജയിച്ച ഇടതു പെൺകുട്ടികൾ അവരുടെ പ്രസംഗം ആരംഭിച്ചത് ജയ് ഭീം എന്ന് പറഞ്ഞുകൊണ്ടാണ്. ദളിതരോടുള്ള പൊതുസമൂഹത്തിന്റെ അവജ്ഞ നിറഞ്ഞ കാഴ്ചപ്പാട് മാറണമെങ്കിൽ അവർ അധികാര സ്ഥാനങ്ങളിൽ എത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. വിദൂരഭാവിയിലെങ്കിലും ജാതിരഹിത സമൂഹം ഉണ്ടാകണമെങ്കിൽ ദളിതരിൽ നിന്നും അവഗണിക്കപ്പെടുന്നവർ എന്ന ബോധം ഇല്ലാതായേ കഴിയൂ.


തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ കാണുന്ന ഒരു കാഴ്ച മിക്കപാർട്ടികളിൽ നിന്നും ഉണ്ടായ കൂറുമാറ്റമാണ്. കൂറുമാറിയെത്തുന്നവരെ വീണ്ടും മത്സരിപ്പിക്കാനും ചിലകക്ഷികൾ ഉത്സാഹം കാട്ടുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നല്കിയില്ലെന്നപേരിൽ കെട്ടിതൂങ്ങി മരിച്ചവരെയും കേരളം കണ്ടു. ഒരു പാർട്ടിയിൽ നിന്നും മാറി നേരെ വിരുദ്ധമായ ഒരു ആശയഗതിയുള്ള പാർട്ടിയിൽ ചേരുന്നത് അത്ഭുതകരമായ കാര്യമാണ്. ഇവരുടെ രാഷ്ട്രീയ ബോധത്തെ സമൂഹം തള്ളിക്കളയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരാൾ ബി.ജെ.പിയിലോ മുസ്ലിം ലീഗിലോ ചേരുന്നു എന്നുപറഞ്ഞാൽ അയാളിൽ തീരെയും കമ്യൂണിസ്റ്റു ബോധം ഇല്ലായിരുന്നു എന്നാണർത്ഥം.

ജയസാധ്യതയില്ലാത്ത സി.പി. (എം.എൽ), എസ്.യു.സി., ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളിലേക്ക് ആരും മാറുന്നില്ലായെന്നത് കൗതുകകരമാണ്. കെട്ടിവച്ച കാശ് നഷ്ടപ്പെടുത്താൻ കാലുമാറ്റക്കാർക്ക് താല്പര്യമില്ല. കാലുമാറി വരുന്നവർക്ക് സീറ്റുകൊടുക്കുന്നതും ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ കുടിയിരുത്തുന്നതും അധാർമ്മികമാണ്.


ഇപ്പോഴത്തെ ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പിൽ ചില എഴുത്തുകാരും മത്സരിക്കുന്നുണ്ട്. സാഹിത്യ അക്കാദമി അംഗമായ വി.എസ്.ബിന്ദു, വീണാ സുനിൽ, ലിസിജോയ്, റഹീമ വാളാട് തുടങ്ങിയവർ മത്സരരംഗത്തുണ്ട്. ഇവരെ നമുക്ക് വിശ്വസിക്കാം. കാരണം എഴുത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തിയിരുന്ന ജോസഫ് മുണ്ടശ്ശേരി, എം.കെ.സാനു, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ അവരുടെ നിയമസഭാംഗത്വം നന്നായി നിർവഹിച്ചവരായിരുന്നല്ലൊ.

മതബോധം,ജാതിബോധം, ആചാരാനുഷ്ഠാനങ്ങളിലുള്ള അന്ധബോധം ഇവയെക്കാൾ

ഉന്നതമായ രാഷ്ട്രീയ ബോധമാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരു പൗരന് ഉണ്ടാകേണ്ടത്.

*

കുരീപ്പുഴശ്രീകുമാർ

Monday, 3 November 2025

ശ്രീകാകുളത്തെ ഏകാദശിക്കുരുതി

ശ്രീകാകുളത്തെ ഏകാദശിക്കുരുതി

-----------------------------------------------------

കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനം കൊണ്ട് പണ്ടേ ശ്രദ്ധിക്കപ്പെട്ട നാടാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരെ വലിയരീതിയിലുള്ള സമരങ്ങളാണ് ധീരന്മാരായ ശ്രീകാകുളത്തെ കമ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളത്. കൽക്കട്ട തീസിസിന്റെ കാലത്തും അതിനുശേഷമുള്ള ജനാധിപത്യപ്രവർത്തനകാലത്തും മുന്നേറിയ കമ്യൂണിസ്റ്റു പ്രസ്ഥാനം നക്സൽബാരി കലാപത്തിനുശേഷം വീണ്ടും ആയുധമാണിയുന്നതാണ് കണ്ടത്. അതേസമയം ജനാധിപത്യരീതിയിലുള്ള പ്രവർത്തനങ്ങൾ തുടരുകയുമുണ്ടായി. എന്നാൽ തെലുങ്കരെ ഒന്നടങ്കം ആവേശം കൊള്ളിച്ചുകൊണ്ടുള്ള ഒരു സിനിമാനടന്റെ രാഷ്ട്രീയ പ്രവേശം ആന്ധ്രയിലെ പുരോഗമന ചിന്തകളെ സാരമായരീതിയിൽ അട്ടിമറിച്ചു. ശിവൻ,രാമൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ എം.ടി.രാമറാവുവിന്റെ തെലുങ്കുദേശം പാർട്ടി പാവപ്പെട്ടവരെ ആകർഷിച്ച് വോട്ടുനേടുകമാത്രമല്ല ചെയ്തത്. ജനങ്ങളെ അന്ധവിശ്വാസത്തിന്റെ ആഴക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും ധനികദൈവമായ തിരുപ്പതി വെങ്കിടേശന്റെ ആസ്ഥാനത്തേക്ക് പിന്നെയും ജനങ്ങൾ പ്രവഹിക്കാൻ തുടങ്ങി. വിശ്വാസമെന്തായാലും പട്ടിണിമാറിയാൽ മതിയെന്നും കിടക്കാനും പണിയെടുക്കാനും ഭൂമി കിട്ടിയാൽ മതിയെന്നുമുള്ള നയം ജനങ്ങളെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയും തിരുപ്പതി ബാലാജിയുടെ ആസ്തി കൂടുതൽ വർദ്ധിക്കുകയും ചെയ്തു.


അന്ധവിശ്വാസ നിർമ്മാർജ്ജനത്തിനുപകരം അന്ധവിശ്വാസപോഷണം വ്യാപകമായതോടെ ക്ഷേത്രങ്ങളിലേക്ക് പാവങ്ങളുടെ തള്ളിക്കയറ്റമുണ്ടായി. രാഷ്ട്രീയമാറ്റത്തോടൊപ്പം സാംസ്ക്കാരിക മാറ്റവും വേണമെന്ന ആശയമാണ് ഇവിടെ പരാജയപ്പെട്ടത്. ഭക്തജനബാഹുല്യം പല അപകടങ്ങളിലേക്കും നയിച്ചു. ശ്രീകാകുളത്തെ കാസിബഗ്ഗയിൽ വെങ്കിടേശ്വര സ്വാമിക്ഷേത്രത്തിലുണ്ടായ അപകടത്തിൽ ഒൻപത് പാവം ഭക്തജനങ്ങളാണ് മരിച്ചത്. എട്ട് സ്ത്രീകളും ഒരു കുട്ടിയും. പുരോഗമന രാഷ്ട്രീയപ്രസ്ഥാനം നിലനിൽക്കുന്നിടത്ത് വ്യവസ്ഥാപിത ഭക്തിപ്രസ്ഥാനം രാഷ്ട്രീയ വേഷമിട്ടു വന്നു ആധിപത്യം സ്ഥാപിച്ചാൽ ഇനിയും ഏതു സംസ്ഥാനത്തും ഇത്തരം അപകടങ്ങളുണ്ടാകും.


ഏകാദശിപൂജയ്ക്ക് തൊഴാൻ പോയവരാണ് മരണപ്പെട്ടത്. കാർത്തികമാസത്തിലെ ഏകാദശിപൂജ വിശിഷ്ടമാണെന്നാണ് ഭക്തജനങ്ങൾ കരുതുന്നത്. പൗർണ്ണമിക്കുശേഷം പതിനൊന്നാം പക്കമാണ് ഏകാദശി. ദിവസം ഉപവാസം അനുഷ്ഠിച്ചാൽ ഇഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ആന്ധ്രയിൽ നിന്നുമാത്രമല്ല, അയൽ സംസ്ഥാനമായ ഒഡീഷയിൽ നിന്നും ഇവിടേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്. തിരുപ്പതിയുടെ മാതൃകയിൽ, ഹരിമുകുന്ദ പാണ്ഡ എന്ന ധനികൻ നിർമ്മിച്ചതാണ് ക്ഷേത്രം. കൊച്ചുകൊടുങ്ങല്ലൂർ, തെക്കൻ ഗുരുവായൂർ എന്നൊക്കെ പറയുന്നതുപോലെ ചിന്ന തിരുപ്പതി എന്നാണ് ക്ഷേത്രത്തെ പ്രചരിപ്പിച്ചിട്ടുള്ളത്.

ക്ഷേത്രം പ്രവർത്തനം ആരംഭിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളു. പുതിയ ക്ഷേത്രമായതിനാൽ കൂടുതൽ അനുഗ്രഹം സ്റ്റോക്ക് കാണുമെന്ന ധാരണയിലാകാം അമ്മമാർ കുഞ്ഞുങ്ങളുമായി അങ്ങോട്ടുകുതിച്ചത്. വെങ്കിടേശനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്,പടികയറിയപ്പോഴാണ് കൈവരിതകർന്നു മുകളിലുള്ളവർ താഴേക്ക് വീണത്. അങ്ങനെയാണ് ഭക്തിയുടെ പേരിലുള്ള കൂട്ടക്കുരുതി സംഭവിച്ചത്.


എല്ലാവിധ ഹിന്ദുമത അന്ധവിശ്വാസങ്ങളെയും പരിപോഷിപ്പിക്കുന്ന കേന്ദ്രസർക്കാർ മരിച്ചവർക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടായില്ലല്ലോ. പൗരന്മാരിൽ ശാസ്ത്രാവബോധം വളർത്തുകയെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പള്ളിപൊളിച്ചിടത്ത് അമ്പലം സ്ഥാപിക്കാൻ മുൻകൈയെടുത്ത കേന്ദ്രഭരണകൂടം കൂടുതൽ കൂടുതൽ ഹിന്ദുമത മൂഢവിശ്വാസകൃഷി നടത്തുകയേയുള്ളു.


ക്ഷേത്രങ്ങൾ സാമൂഹ്യവിരുദ്ധതയുടെ കേന്ദ്രമാകുന്നത് ഇന്ത്യയിൽ സാധാരണസംഭവമാവുകയാണ്. പിതാവിനോടൊപ്പം കുതിരയെ മേയ്ക്കാനെത്തിയ ഒരു പാവം പെൺകിടാവിനുണ്ടായ ദുരനുഭവം മറക്കാറായിട്ടില്ല. ഇപ്പോഴിതാ, ഉത്തർ പ്രദേശിൽ നിന്നും മറ്റൊരു ക്രൂരവാർത്ത വന്നിരിക്കുന്നു. കിണറ്റിൻ കരയിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടു നിന്ന ഒരു ദളിത് പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മഥുരയിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് ബലാൽഭോഗം ചെയ്തിരിക്കുന്നു. സാമൂഹ്യവിരുദ്ധരെ പോലീസ് പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യും. അന്വേഷണവും നടക്കും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് ഉയർന്നുവരേണ്ട ഒരു ചോദ്യമുണ്ട്. പാവങ്ങളെ ദൈവങ്ങൾ എന്തുകൊണ്ട് രക്ഷപ്പെടുത്തിയില്ല? ദൈവവിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസമെന്ന തിരിച്ചറിവിലാണ് സംഭവങ്ങളിലൂടെ നമ്മൾ എത്തിച്ചേരേണ്ടത്.