ശ്രീകാകുളത്തെ ഏകാദശിക്കുരുതി
-----------------------------------------------------
കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനം കൊണ്ട് പണ്ടേ ശ്രദ്ധിക്കപ്പെട്ട നാടാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരെ വലിയരീതിയിലുള്ള സമരങ്ങളാണ് ധീരന്മാരായ ശ്രീകാകുളത്തെ കമ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളത്. കൽക്കട്ട തീസിസിന്റെ കാലത്തും അതിനുശേഷമുള്ള ജനാധിപത്യപ്രവർത്തനകാലത്തും മുന്നേറിയ കമ്യൂണിസ്റ്റു പ്രസ്ഥാനം നക്സൽബാരി കലാപത്തിനുശേഷം വീണ്ടും ആയുധമാണിയുന്നതാണ് കണ്ടത്. അതേസമയം ജനാധിപത്യരീതിയിലുള്ള പ്രവർത്തനങ്ങൾ തുടരുകയുമുണ്ടായി. എന്നാൽ തെലുങ്കരെ ഒന്നടങ്കം ആവേശം കൊള്ളിച്ചുകൊണ്ടുള്ള ഒരു സിനിമാനടന്റെ രാഷ്ട്രീയ പ്രവേശം ആന്ധ്രയിലെ പുരോഗമന ചിന്തകളെ സാരമായരീതിയിൽ അട്ടിമറിച്ചു. ശിവൻ,രാമൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ എം.ടി.രാമറാവുവിന്റെ തെലുങ്കുദേശം പാർട്ടി പാവപ്പെട്ടവരെ ആകർഷിച്ച് വോട്ടുനേടുകമാത്രമല്ല ചെയ്തത്. ജനങ്ങളെ അന്ധവിശ്വാസത്തിന്റെ ആഴക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും ധനികദൈവമായ തിരുപ്പതി വെങ്കിടേശന്റെ ആസ്ഥാനത്തേക്ക് പിന്നെയും ജനങ്ങൾ പ്രവഹിക്കാൻ തുടങ്ങി. വിശ്വാസമെന്തായാലും പട്ടിണിമാറിയാൽ മതിയെന്നും കിടക്കാനും പണിയെടുക്കാനും ഭൂമി കിട്ടിയാൽ മതിയെന്നുമുള്ള നയം ജനങ്ങളെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് നയിക്കുകയും തിരുപ്പതി ബാലാജിയുടെ ആസ്തി കൂടുതൽ വർദ്ധിക്കുകയും ചെയ്തു.
അന്ധവിശ്വാസ നിർമ്മാർജ്ജനത്തിനുപകരം അന്ധവിശ്വാസപോഷണം വ്യാപകമായതോടെ ക്ഷേത്രങ്ങളിലേക്ക് പാവങ്ങളുടെ തള്ളിക്കയറ്റമുണ്ടായി. രാഷ്ട്രീയമാറ്റത്തോടൊപ്പം സാംസ്ക്കാരിക മാറ്റവും വേണമെന്ന ആശയമാണ് ഇവിടെ പരാജയപ്പെട്ടത്. ഭക്തജനബാഹുല്യം പല അപകടങ്ങളിലേക്കും നയിച്ചു. ശ്രീകാകുളത്തെ കാസിബഗ്ഗയിൽ വെങ്കിടേശ്വര സ്വാമിക്ഷേത്രത്തിലുണ്ടായ അപകടത്തിൽ ഒൻപത് പാവം ഭക്തജനങ്ങളാണ് മരിച്ചത്. എട്ട് സ്ത്രീകളും ഒരു കുട്ടിയും. പുരോഗമന രാഷ്ട്രീയപ്രസ്ഥാനം നിലനിൽക്കുന്നിടത്ത് വ്യവസ്ഥാപിത ഭക്തിപ്രസ്ഥാനം രാഷ്ട്രീയ വേഷമിട്ടു വന്നു ആധിപത്യം സ്ഥാപിച്ചാൽ ഇനിയും ഏതു സംസ്ഥാനത്തും ഇത്തരം അപകടങ്ങളുണ്ടാകും.
ഏകാദശിപൂജയ്ക്ക് തൊഴാൻ പോയവരാണ് മരണപ്പെട്ടത്. കാർത്തികമാസത്തിലെ ഏകാദശിപൂജ വിശിഷ്ടമാണെന്നാണ് ഭക്തജനങ്ങൾ കരുതുന്നത്. പൗർണ്ണമിക്കുശേഷം പതിനൊന്നാം പക്കമാണ് ഏകാദശി. ഈ ദിവസം ഉപവാസം അനുഷ്ഠിച്ചാൽ ഇഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ആന്ധ്രയിൽ നിന്നുമാത്രമല്ല, അയൽ സംസ്ഥാനമായ ഒഡീഷയിൽ നിന്നും ഇവിടേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്. തിരുപ്പതിയുടെ മാതൃകയിൽ, ഹരിമുകുന്ദ പാണ്ഡ എന്ന ധനികൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. കൊച്ചുകൊടുങ്ങല്ലൂർ, തെക്കൻ ഗുരുവായൂർ എന്നൊക്കെ പറയുന്നതുപോലെ ചിന്ന തിരുപ്പതി എന്നാണ് ഈ ക്ഷേത്രത്തെ പ്രചരിപ്പിച്ചിട്ടുള്ളത്.
ഈ ക്ഷേത്രം പ്രവർത്തനം ആരംഭിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളു. പുതിയ ക്ഷേത്രമായതിനാൽ കൂടുതൽ അനുഗ്രഹം സ്റ്റോക്ക് കാണുമെന്ന ധാരണയിലാകാം അമ്മമാർ കുഞ്ഞുങ്ങളുമായി അങ്ങോട്ടുകുതിച്ചത്. വെങ്കിടേശനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്,പടികയറിയപ്പോഴാണ് കൈവരിതകർന്നു മുകളിലുള്ളവർ താഴേക്ക് വീണത്. അങ്ങനെയാണ് ഭക്തിയുടെ പേരിലുള്ള ഈ കൂട്ടക്കുരുതി സംഭവിച്ചത്.
എല്ലാവിധ ഹിന്ദുമത അന്ധവിശ്വാസങ്ങളെയും പരിപോഷിപ്പിക്കുന്ന കേന്ദ്രസർക്കാർ മരിച്ചവർക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടായില്ലല്ലോ. പൗരന്മാരിൽ ശാസ്ത്രാവബോധം വളർത്തുകയെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പള്ളിപൊളിച്ചിടത്ത് അമ്പലം സ്ഥാപിക്കാൻ മുൻകൈയെടുത്ത കേന്ദ്രഭരണകൂടം കൂടുതൽ കൂടുതൽ ഹിന്ദുമത മൂഢവിശ്വാസകൃഷി നടത്തുകയേയുള്ളു.
ക്ഷേത്രങ്ങൾ സാമൂഹ്യവിരുദ്ധതയുടെ കേന്ദ്രമാകുന്നത് ഇന്ത്യയിൽ സാധാരണസംഭവമാവുകയാണ്. പിതാവിനോടൊപ്പം കുതിരയെ മേയ്ക്കാനെത്തിയ ഒരു പാവം പെൺകിടാവിനുണ്ടായ ദുരനുഭവം മറക്കാറായിട്ടില്ല. ഇപ്പോഴിതാ, ഉത്തർ പ്രദേശിൽ നിന്നും മറ്റൊരു ക്രൂരവാർത്ത വന്നിരിക്കുന്നു. കിണറ്റിൻ കരയിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടു നിന്ന ഒരു ദളിത് പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മഥുരയിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് ബലാൽഭോഗം ചെയ്തിരിക്കുന്നു. ഈ സാമൂഹ്യവിരുദ്ധരെ പോലീസ് പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യും. അന്വേഷണവും നടക്കും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് ഉയർന്നുവരേണ്ട ഒരു ചോദ്യമുണ്ട്. ഈ പാവങ്ങളെ ദൈവങ്ങൾ എന്തുകൊണ്ട് രക്ഷപ്പെടുത്തിയില്ല? ദൈവവിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസമെന്ന തിരിച്ചറിവിലാണ് ഈ സംഭവങ്ങളിലൂടെ നമ്മൾ എത്തിച്ചേരേണ്ടത്.
No comments:
Post a Comment