Monday 29 August 2011

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയില്ല, ശിഹാബുമില്ല

ശ്രദ്ധ എന്ന വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌ കോഴിക്കോട്‌ ജില്ലയിലെ ഏതോ വിദ്യാലയത്തില്‍വച്ചാണ്‌. അപൂര്‍വവും വ്യത്യസ്‌തവുമായ പേര്‌. കവി എ അയ്യപ്പന്‍ പുതിയ മാസികക്കിടാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പേരാണ്‌. എന്നാല്‍ ആ പേര്‌ എഴുതാന്‍ കഴിയാത്തരീതിയിലായിപ്പോയല്ലോ മലയാളി മനസ്സെന്നോര്‍ത്തപ്പോള്‍ ദുഃഖം തോന്നി.

ഏതു മലയാളിയുടെയും ആധികാരിക രേഖയാണ്‌ എസ്‌ എസ്‌ എല്‍ സി ബുക്ക്‌. അതിലുള്ള ഒരു വലിയ സൗകര്യം വിദ്യാര്‍ഥിയുടെ പേര്‌ പ്രാദേശിക ഭാഷയില്‍ കൂടി എഴുതാമെന്നുള്ളതാണ്‌. എന്നാല്‍ രണ്ടായിരത്തിപ്പതിനൊന്നു മാര്‍ച്ചില്‍ പരീക്ഷയെഴുതിയവര്‍ക്കു നല്‍കിയ എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും മലയാളത്തില്‍ പേരെഴുതാനുള്ള സന്ദര്‍ഭം എടുത്തുമാറ്റിയിരിക്കുന്നു. എസ്‌ എസ്‌ എല്‍ സി ബുക്കില്‍ ശ്രദ്ധയും ശിഹാബും ഇല്ലെന്നു സാരം.

അന്‍പത്തൊന്നക്ഷരവും അതിന്റെ വമ്പിച്ച വിപുലീകരണവുമുണ്ട്‌ മലയാളത്തിന്‌. അന്‍പത്തൊന്ന്‌ എന്ന ക്ലിപ്‌തതയില്‍ തര്‍ക്കം പോലുമുണ്ട്‌. ഇംഗ്ലീഷിലാണെങ്കില്‍ ഇരുപത്തിയാറ്‌ അക്ഷരവും. തമിഴിന്‌ മലയാളത്തെക്കാള്‍ ലിപിക്കുറവുണ്ടെങ്കിലും ദ്രാവിഡഭാഷയായതിനാല്‍ സന്ദര്‍ഭാനുസൃത യുക്തികൊണ്ട്‌ കണപതിയെ ഗണപതിയാക്കിയെടുക്കാവുന്നതുമാണ്‌. എന്നാല്‍ സാംസ്‌കാരിക വിദൂരതയുള്ള ഇംഗ്ലീഷില്‍ കേരളീയ നാമങ്ങള്‍ തെറ്റായിട്ടെ എഴുതാന്‍ കഴിയൂ. മലയാളം മാത്രമല്ല, അറബും ചൈനീസും ജാപ്പനീസുമൊന്നും ഇംഗ്ലീഷിനു വഴങ്ങുകയില്ല. പൗരസ്‌ത്യഭാഷകള്‍ മാത്രമല്ല, പാശ്ചാത്യ ഭാഷകളും ഇംഗ്ലീഷ്‌ കണ്‌ഠത്തിനപ്പുറമാണ്‌. ഴാങ്‌പോള്‍സാര്‍ത്രിനെ ജീന്‍പോള്‍സാര്‍ത്രാക്കിയാണല്ലോ അവര്‍ നമ്മള്‍ക്കുതന്നത്‌. എഴുത്തച്ഛന്‍, ചങ്ങമ്പുഴ, ഏഴാച്ചേരി, പഴവിള, അഴിക്കോട്‌ ഈ പേരുകളും ഷേക്‌സ്‌പിയറിന്റെ മാതൃഭാഷയ്‌ക്ക്‌ അപ്രാപ്യമാണ്‌. നമ്മുടെ കൊല്ലത്തെ ക്വയ്‌ലോണായും ആലപ്പുഴയെ ആലപ്പിയായും തലശ്ശേരിയെ ടെല്ലിച്ചേരിയായും അഞ്ചുതെങ്ങിനെ അഞ്ചങ്കോയായുമാണല്ലോ ആ വിദ്വാന്‍മാര്‍ ആലപിച്ചിരുന്നത്‌. പശുചത്തിട്ടും മോരിലെ പുളി ഏറിവരുന്ന ഇന്ദ്രജാലമാണ്‌ ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്‌. അതിനാല്‍ ട്രിവാന്‍ഡ്രവും കൊയ്‌ലോണും കാനന്നൂരുമൊക്കെ നമ്മുടെ റയില്‍വേ സ്റ്റേഷനിലും മറ്റും നഗ്നനൃത്തം നടത്തുന്നുണ്ട്‌.

ബലരാമന്‍ എന്ന പേര്‌ ഇംഗ്ലീഷിലെഴുതിയാല്‍ ബാലരാമനാകും. ഈ പേരുകള്‍ക്ക്‌ യുഗങ്ങളുടെ അകലമുണ്ട്‌. ഒരാള്‍ ത്രേതായുഗത്തിലും മറ്റൊരാള്‍ ദ്വാപരയുഗത്തിലും.

അയിശ, ശെരീഫ്‌, അശ്രഫ്‌, ശാര്‍ങ്‌ഗധരന്‍, ശൈലജ, ശിവന്‍, ശംബൂകന്‍, ദയ, ദിപു, ഫല്‍ഗുനന്‍ തുടങ്ങിയ പേരുകളും ഇനി എസ്‌ എസ്‌ എല്‍ സി ബുക്കുനോക്കി തെറ്റായി വായിക്കപ്പെടും. വിദ്യാര്‍ഥിയുടെ പേരു മാത്രമല്ല രക്ഷകര്‍ത്താവിന്റെ പേരും തെറ്റും. സ്ഥലനാമങ്ങള്‍ പലപ്പോഴും തെറിവാക്കായി ഉച്ചരിക്കപ്പെടും.

തലസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍ എന്ന സ്ഥലത്തേയ്‌ക്ക്‌ ഒരിക്കല്‍ ഒരു കത്തു പോയി. ഇംഗ്ലീഷിലായിരുന്നു മേല്‍വിലാസമെഴുതിയിരുന്നത്‌. ഭരണഭാഷ മലയാളമാക്കുന്ന കാര്യമൊക്കെ മേല്‍വിലാസമെഴുതിയ ഗുമസ്‌തന്‍ മറന്നിരുന്നു. ഒരു മാസത്തിനുശേഷം കത്ത്‌, അതേ സര്‍ക്കാര്‍ ഓഫീസില്‍ മടങ്ങിയെത്തി. തപാല്‍ വകുപ്പിന്റെ പുതിയ കവറടക്കത്തോടെ. ഇതിനിടെ കത്ത്‌, മേല്‍വിലാസക്കാരനെ അന്വേഷിച്ച്‌ തമിഴ്‌നാട്ടിലെ നാമക്കല്‍ എന്ന സ്ഥലം മുഴുവന്‍ സഞ്ചരിക്കുകയും ഇങ്ങനെയൊരാള്‍ ഇല്ലെന്നു ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. മേല്‍വിലാസം മലയാളത്തില്‍ എഴുതിയിരുന്നെങ്കിലോ? പിറ്റേന്നു തന്നെ ആ കത്ത്‌ മേല്‍വിലാസിക്ക്‌ ലഭിക്കുമായിരുന്നു.

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും അമ്മ മലയാളത്തെ കുടിയിറക്കാന്‍ തീരുമാനിച്ചത്‌ ഏതു മലയാളിയാണ്‌? അതുകൊണ്ട്‌ ഭാഷയെ അപമാനിക്കുകയല്ലാതെ എന്തു ഗുണമാണ്‌ സര്‍ക്കാരിനുണ്ടാകുന്നത്‌? മലയാളികളുടെ പേരുകള്‍ വികലമാക്കിയതല്ലാതെ എന്തു നേട്ടമാണുണ്ടായത്‌? ആ ഇടം അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടാല്‍ എന്താണ്‌ കുഴപ്പം?

എസ്‌ എസ്‌ എല്‍ സി ബുക്കില്‍ മലയാളം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ നമ്മുടെ സമരോത്സുക വിദ്യാര്‍ഥിസംഘടനകളുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്‌.

കേരളത്തിലെ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം മറുനാടന്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷനാണ്‌. അവര്‍ ഹാജരാക്കുന്ന രേഖകളൊക്കെ അവരുടെ മാതൃഭാഷയിലുള്ളതാണ്‌. ചില വാക്കുകള്‍ കേട്ടാല്‍ മനസ്സിലാക്കുമെന്നല്ലാതെ,. എല്ലാ തൊഴില്‍വകുപ്പ്‌ ജീവനക്കാര്‍ക്കും ബംഗാളി, ഒറിയ. കന്നഡ, തെലുങ്കു ഭാഷകള്‍ എഴുതാനും വായിക്കാനുമറിയില്ലല്ലോ. നമ്മുടെ എസ്‌ എസ്‌ എല്‍ സി ബുക്കിലാണെങ്കില്‍ ദൂരദേശങ്ങളിലുള്ളവര്‍ക്കു വായിക്കുവാന്‍ ഇംഗ്ലീഷ്‌, പേരു തെറ്റാതെ നമ്മള്‍ക്കു വായിച്ചെടുക്കാന്‍ മലയാളവുമുണ്ടായിരുന്നു. ആ മലയാളത്തെയാണ്‌ ഇപ്പോള്‍ ഞെക്കിക്കൊന്നിരിക്കുന്നത്‌?

മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാതൃഭാഷാ കൊലപാതകം നടക്കുമായിരുന്നോ? മദ്രാസ്‌ തമിഴ്‌നാടും മൈസൂര്‍ കര്‍ണാടകയും ഒറീസ ഒഡീസയും പശ്ചിമബംഗാള്‍ പശ്ചിംബാംഗയും ആകുന്നതാണ്‌ നമ്മള്‍ കണ്ടത്‌.

ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മലയാളികള്‍ അഭിമാനമില്ലാത്ത ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്‌. മലയാളം മലയാളിക്കുതന്നെ ആവശ്യമില്ലാതായിരിക്കുന്നു. മലയാളം പറയുന്നതും എഴുതുന്നതും കുറച്ചിലായി മാറിയിരിക്കുന്നു. പല സ്‌കൂളുകളിലും രഹസ്യമായി ഐ ഹേറ്റ്‌ മലയാളം ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ടത്രെ. നമ്മുടെ ഭരണാധികാരികള്‍ മലയാളത്തില്‍ പ്രസംഗിച്ച്‌ വോട്ടുനേടി ജയിച്ചവരാണ്‌. അവര്‍ തന്നെയാണ്‌ മലയാളത്തെ ഇല്ലാതാക്കാന്‍ ആത്മഹത്യാപരമായ തീരുമാനങ്ങളെടുക്കുന്നത്‌.

.

21 comments:

  1. ഇതുവരെ മലയാളം ഒരു നിര്‍ബന്ധ ഭാഷയാക്കാന്‍ ശ്രമിക്കതിരുന്നവരാന് ഇന്ന് ക്ലസ്സികാല്‍ പദവിക്ക് വേണ്ടി മുറവിളി കൂട്ടുന്നത്‌.ഇന്ന് കേരളത്തില്‍ ഒരു മലയാള അക്ഷരം പോലും അറിയാത്ത ഒരാള്‍ക്ക്‌ പി.എച്.ഡി വരെ എടുക്കാം.ഇത് നമ്മുടെ നാട്ടില്‍ മാത്രം സാധിക്കുന കാര്യമാണ്......

    ReplyDelete
  2. തീർത്തും ചിന്തിയ്ക്കപ്പെടേണ്ടത് തന്നെയാണീ വിഷയം...
    കലാകുമാറിനെ കാളകുമാറെന്നു വിളിയ്ക്കേണ്ടുന്ന ഒരു സാഹചര്യമിവിടെ ഉരുത്തിരിഞ്ഞു വരുമെന്ന് തീർച്ച....
    സ്റ്റാർ ഹോട്ടലുകളിൽ വരെ വെജിറ്റബിൾ ബിരിയാണിയ്ക്ക് 'പലവകൈ കായ്കറി സാദം' എന്ന് ചങ്കൂറ്റത്തോടെ പറയാൻ അഭിമാനിയ്ക്കുന്ന തമിഴനെ കണ്ടാണ് മലയാളി ഭരണ വർഗ്ഗം പഠിയ്ക്കേണ്ടത്.

    എങ്ങിനെ നന്നാവാനാ മാഷേ/..
    എന്നും ടീ വിയിൽ തുള്ളിക്കലമ്പുന്ന കോലങ്ങളെ കാണാറില്ലേ...
    അവരെ കണ്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന വിദ്വാന്മാരല്ലേ എല്ലാം....

    "ബലരാമന്‍ എന്ന പേര്‌ ഇംഗ്ലീഷിലെഴുതിയാല്‍ ബാലരാമനാകും. ഈ പേരുകള്‍ക്ക്‌ യുഗങ്ങളുടെ അകലമുണ്ട്‌. ഒരാള്‍ ത്രേതായുഗത്തിലും മറ്റൊരാള്‍ ദ്വാപരയുഗത്തിലും. "

    മാഷേ...ഉഗ്രൻ പോസ്റ്റ്...ശക്തമായ നിരീക്ഷണങ്ങൾ

    ReplyDelete
  3. എസ്. എസ്. എല്‍. സി. ബുക്കില്‍ നിന്ന് മലയാള നാമധേയം ഒഴിവാക്കുന്നതിനെ പെറ്റതള്ളയെ വൃദ്ധസദനത്തില്‍ ആക്കുന്നതിനോട് മാത്രമേ ഉപമിക്കാന്‍ പറ്റൂ. പക്ഷെ, രഞ്ജിത്ത് പറഞ്ഞതിനോട് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിക്കാമായിരുന്നു, താങ്കള്‍ സ്റ്റേഷന്‍, സ്വിച്ച് ഇത്യാദി വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ നല്ല മലയാളം വാക്കുകള്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍. അല്ലാതെ, ഇങ്ങനെ പറഞ്ഞിട്ട് പിറുപിറുക്കാന്‍ എനിക്കോ താങ്കള്‍ക്കോ അവകാശമില്ല:-)

    ReplyDelete
  4. ഒരു അറബ് രാജ്യത്തെ സര്‍ക്കാര്‍ ഓഫീസില്‍ വച്ചു
    നിസാന്‍ സണ്ണി കൊറോള എന്ന് പല തവണ ഉറക്കെ വിളിക്കുന്നത്‌ കേട്ട്
    അന്വേഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത് "നൈസാന്‍ സണ്ണി കുരുവിള"
    എന്ന മലയാളം പേരാണ് ഇംഗ്ലീഷില്‍ നിന്ന്‍ അറബി ഇപ്രകാരം വായിച്ചത്
    ശരിക്കും ഇത് പോലെയാകും ഒട്ടു മിക്ക പേരുകളും എന്നല്ലാതെ
    വേറെ വിശേഷിച്ചൊന്നും സംഭവിക്കാനില്ല സാര്‍ ,,

    ReplyDelete
  5. @ഷാബുവേട്ടൻ....

    മലയാളഭാഷ എന്ന് പറയുന്നത് യുഗങ്ങൾക്കപ്പുറം മുരടിച്ചു പോയ ഒന്നല്ലല്ലോ...
    എന്ത്കൊണ്ട് മലയാളത്തിൽ സ്വിച്ചിനും സ്റ്റേഷനും വാക്കുകൾ വന്നുകൂട??
    ശബ്ദതാരാവലി ഓരോ പതിപ്പിലും പുതിയ വാക്കുകളെ ചേർക്കുന്നില്ലേ???

    ഇവിടെ കുറേ ഭാഷാഗവേഷണകേന്ദ്രങ്ങളില്ലേ....അവർക്കും ആകാമല്ലോ ഇതൊക്കെ???
    പദമില്ലായ്മ ഒരു ഭാഷയുടെ പരിമിതിയാകുന്നില്ല,ഒരിയ്ക്കലും....എന്നാണെന്റെ വിശ്വാസം...
    എന്തായിക്കൊള്ളട്ടെ,എസ് എസ് എൽ സി ബുക്കിൽ നിന്നും പ്രാദേശികഭാഷയെ പാടേ പറിച്ചെറിയുന്ന നടപടി ഒരിയ്ക്കലും അംഗീകരിയ്ക്കാനാകില്ല....വയോജനങ്ങളെ(പെറ്റ തള്ളയെയും) വൃദ്ധസദനങ്ങളിൽ തള്ളുന്നതിനെയും....

    ReplyDelete
  6. മലയാളം "ശ്രദ്ധ"യര്‍ഹിക്കുന്നു . . . .

    ReplyDelete
  7. Nalla post. Aashamsakal. (sorry for manglish.bcoz iam from mobile).

    ReplyDelete
  8. ഇതൊക്കെ ആ ഉദ്യോഗസ്ഥവൃന്ദം ചെയ്തുവയ്ക്കുന്നതാണ്.രാഷ്ട്രീയനേതൃത്വം (അതായത് ഭരണാധികാരികൾ/മന്ത്രിമാർ) അതൊന്നും ശ്രദ്ധിക്കുന്നുമില്ല. ഭാഷാസ്നേഹികൾ ആരും ഇത് ബന്ധപ്പെട്ടവരെ ചൂണ്ടിക്കാനീക്കാനോ ഇതിന്റെ പേരിൽ മന്ത്രിമാർക്കും മറ്റും നിവേദനം നൽകാനോ ഒന്നും പോകുന്നുമില്ല. സാറ്‌ ഈ കുറിപ്പുമായി ഒരുകൂട്ടം സാംസ്കാരിക നായകരെയും കൂട്ടി ആ മന്ത്രിമന്ദിരം വരെ ഒന്നു പോയാൽ അടുത്ത വർഷത്തെ സർട്ടിഫിക്കറ്റുകൾ മുതൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണെന്റെ വിശ്വാസം. വിമർശനംകൊണ്ട് മാത്രം കാര്യമില്ല അല്ലെങ്കിൽ ആ പരീക്ഷാ ഭവനിലേയ്ക്ക് ഒരു മാർച്ച് ഒക്കെ ആകാമല്ലോ!

    ആരുംശ്രദ്ധിക്കാതെ പോയ ഒരു വിഷയത്തിൽ ഒരു കുറിപ്പെങ്കിലും എഴുതിയ അങ്ങേയോട് നന്ദിയും ഉണ്ട്! ഇത് ബന്ധപ്പെട്ടവർ ആരും കാണാൻ ഇടയില്ലെങ്കിലും!

    ഇക്കാര്യം മാത്രം എന്തിനു പറയുന്നു. സ്കൂൾ രജിസ്റ്ററിൽ ജനനസർട്ടിഫിക്കറ്റ് തെറ്റായി ചേർക്കപ്പെട്ടവർ അതൊന്ന് തിരുത്തി കിട്ടാൻ എടുക്കേണ്ട “സ്റ്റെപ്പുകൾ” നിരവധിയാണ്. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റുമായി ചെന്ന് ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടേണ്ട ഒരു ചെറിയ കാര്യത്തിന് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാ‍ക്കി പരീക്ഷാഭവനിലെ ജോയിൻ രജിസ്റ്റാർ സമക്ഷം എത്തിയാലോ? കുറഞ്ഞത് മൂന്നുനാലു മാസം എടുക്കും തിരുത്തിക്കിട്ടാൻ! ഇതുവരെ ഈ നൂലാമാലകൾ നിറഞ്ഞ നടപടിക്രമങ്ങൾ എടുത്ത് കളഞ്ഞിട്ടില്ല. അങ്ങനെ എത്രയെത്ര കാര്യങ്ങൾ! സാറ്‌ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് ഇവിടെ ഒന്നു സൂചിപ്പിച്ചുവെന്ന് മാത്രം!

    മറ്റൊന്ന് മലയാളം മീഡിയം സ്കൂളുകൾ, അതും പൊതു വിവിദ്യാലയങ്ങൾ ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ വൻപണം ഫീസ് കൊടുത്ത് കുട്ടികളെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. പിന്നെ അവർ പിഴയും ഒടുക്കി തലയും മൊട്ടയടിച്ച് കഴുതബാഡ്ജും ധരിച്ച് നടക്കട്ടെന്നേ! ഇംഗ്ലീഷ് സംസാരിക്കണ്ടേ? എൻട്രൻസ് പരീക്ഷകളിൽ ചാടിപ്പറക്കണ്ടേ?

    ReplyDelete
  9. നമ്മുടെ തൊട്ടയല്‍പക്കത്ത് തമിഴിനെ ആ സര്‍ക്കാര്‍ എത്ര പ്രോല്‍സാഹിപ്പിക്കുന്നു എന്ന് നമുക്കെല്ലാം അറിയുന്നതാണ്. ഇവിടെ നമ്മുടെ കേരളത്തില്‍ ന്യായമായും ചെയ്യേണ്ട, ചെയ്തിരുന്ന ഒരു കാര്യം, SSLC ബുക്കിലെ ആ ഒരു ഭാഗം- അത് തികച്ചും ബുദ്ധി മുട്ടുണ്ടാക്കുന്ന ഒന്നായിപ്പോയി. പിന്നെ, പേരുകള്‍ - അത് വായിക്കുന്നവന്‍ തോന്നുന്ന പടി ഉച്ചരിക്കുന്നതില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല.

    ReplyDelete
  10. "ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മലയാളികള്‍ അഭിമാനമില്ലാത്ത ജനതയായിഒ മാറിക്കൊണ്ടിരിക്കുകയാണ്‌. മലയാളം മലയാളിക്കുതന്നെ ആവശ്യമില്ലാതായിരിക്കുന്നു. മലയാളം പറയുന്നതും എഴുതുന്നതും കുറച്ചിലായി മാറിയിരിക്കുന്നു. പല സ്‌കൂളുകളിലും രഹസ്യമായി ഐ ഹേറ്റ്‌ മലയാളം ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ടത്രെ" -- ഞെട്ടിക്കുന്നു!

    അഭിനയ കുലപതിയായ സത്യന്‍ മാഷിനെ വെറും കോമാളിയായ് ചിത്രീകരിച്ച് കയ്യടി വാങ്ങുന്ന ഒരു സമൂഹം.
    നല്ലതിനെ എന്തിനേയും തള്ളിപ്പറഞ്ഞ് നാലുപേരുടെ മുന്നില്‍ എങ്ങനെ കയ്യടി വാങ്ങാമെന്നതിന് റിസേര്‍ച്ച് നടത്തുന്ന ആള്‍ക്കാര്‍..
    സ്വന്തം മക്കളേ കൊന്ന് തിന്ന് ബാക്കി കച്ചവടമാക്കുന്ന കപടസദാചാരി മലയാളി നന്നാവുമോ മാഷേ?
    നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ...
    വെളിച്ചം പകരുക....

    ReplyDelete
  11. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ആത്മാഭിമാനമില്ലാത്ത ജനതയാണ് നാം ഇപ്പോഴും.

    ReplyDelete
  12. മലയാളിയും മലയാളിയുടെ തനതായ സ്വഭാവങ്ങളും അവരുടെ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും മറ്റും ഇന്ന് തുലാസിൽ കിടന്നാടുകയല്ലെ.
    പുസ്തകം എഴുതാനിരിക്കുന്നവർ മലയാളം നേരെചൊവ്വെ എഴുതാനറിയാത്ത, മറ്റിംഗ്ലീഷു പഠിച്ചു വന്നവരായിരിക്കും. ചോദ്യവും ഉത്തരവും ഇംഗ്ലീഷിലായതു കൊണ്ട്, ജോലി കിട്ടുന്നവരിലധികവും ഇംഗ്ലീഷുകാരായിരിക്കുമല്ലൊ.
    അവരുടെ സൌകര്യത്തെ കരുതി ചെയ്ത ഏതോ കുബുദ്ധികളുടെ പണിയാകും ഇതൊക്കെ.
    ഇതൊക്കെ നോക്കി നടത്താനായി നമ്മൾ പറഞ്ഞയക്കുന്നവർക്കെവിടെ നേരം കിട്ടാൻ. അവർ കോടികളിൽ മുങ്ങിക്കുളിക്കുകയല്ലെ...!!

    നല്ലൊരു വിഷയം മാഷെ.
    ആശംസകൾ...

    ReplyDelete
  13. വളരെ ഗൗരവമുള്ള ഒരു വിഷയമാണ്‌ ഈ പോസ്റ്റ്‌ പറയുന്നത്...നമ്മള്‍ പലകാര്യങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്..അക്കൂട്ടത്തില്‍ ഭാഷയില്‍ നിന്നും...സ്വന്തം ഭാഷ സംസാരിക്കാന്‍ അറപ്പുള്ള ഒരു ഒരു ജനക്കൂട്ടം മാത്രമാണ് നമ്മള്‍...മലയാളം ,വിവരം ഇല്ലാത്തവര്‍ സംസാരിക്കുന്ന ഒരു അധ:കൃത ഭാഷയായി എന്നേ മാറിക്കഴിഞ്ഞു..താങ്കളെപ്പോലെയുള്ളവരാന് ഇതിനെതിരെ കൂടുതല്‍ ശബ്ദം ഉയര്‍ത്തേണ്ടത്‌...അതിനായി എല്ലാ ആശംസകളും...മറ്റു ഭാഷകള്‍ പഠിക്കേണ്ട എന്നല്ല...പക്ഷെ അതിനെല്ലാം പോറ്റമ്മയുടെ പകിട്ടേ വരൂ..പെറ്റമ്മ എന്നും മാതൃഭാഷ തന്നെ ...പക്ഷെ കുടിച്ചു മറിഞ്ഞു കിടക്കുന്ന മലയാളിക്ക് എന്ത് പെറ്റമ്മ...

    ReplyDelete
  14. "എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും അമ്മ മലയാളത്തെ കുടിയിറക്കാന്‍ തീരുമാനിച്ചത്‌ ഏതു മലയാളിയാണ്‌? "........
    "മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാതൃഭാഷാ കൊലപാതകം നടക്കുമായിരുന്നോ?".....
    സൗകര്യത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്ത ഒരു കൂട്ടം മനുഷ്യരുണ്ടങ്കില്‍ അത് മലയാളി മാത്രം.
    കുരീപ്പുഴ ശ്രദ്ധയില്‍ പെടുത്തിയത് വളരെ ഗൗരവമായ ഒരു കാര്യമാണ്, പക്ഷെ ഇതിന്ന് അല്ല തുടങ്ങിയത്, കേരളത്തിലെ അടുക്കളയില്‍ ഇന്ന് മണ്‍ചട്ടിയും, അരകല്ലും, ആട്ടുകല്ലുമില്ല. കുടിവെള്ളം സൂക്ഷിക്കാന്‍ മണ്‍കൂജയില്ല. എന്തിന് പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് വീട്ടിലെ മലയാളം പറയുന്ന അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. ഇന്നോ? ഒരു റ്റിവി ഒരു കമ്പ്യൂട്ടര്‍ അടച്ചിട്ട മുറികളില്‍ ഒരോ മനുഷ്യര്‍ ഇവിടെ ബന്ധങ്ങള്‍ അറ്റ് വീഴാന്‍ തുടങ്ങിയിട്ട് കുറെ നാളായി,ഭംഗിക്ക് സൗകര്യത്തിന് വേണ്ടി മലയാളി മാറി കൊണ്ടിരിക്കുന്നു പടിഞ്ഞാറന്‍ സംസ്ക്കാരത്തിന്റെ പിറകെ പായുന്നു.
    ഒടുവില്‍ "ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തീയതുമില്ല." എന്ന പരുവം. എത്ര ഇംഗ്ലീഷ് പറഞ്ഞാലും മലയാളിയെ ആരാ "സായിപ്പേ" എന്ന് വിളിക്കുക?.
    ഇനി പേരുകള്‍ കുഞ്ചാലി കുറ്റിയും, സങ്കരന്‍കുറ്റിയും, ഒക്കെ ആവട്ടെ!

    ReplyDelete
    Replies
    1. അങ്ങനെ ആകേണ്ടതില്ല; ആകാന്‍ പാടില്ല. "കുഞ്ചാലി കുറ്റിയും, സങ്കരന്‍കുറ്റിയും" ഒരിക്കലും കുഞ്ഞാലിക്കുട്ടിയും ശങ്കരന്‍കുട്ടിയുമല്ല. അത്തരം വൈകൃതങ്ങള്‍ ഭാഷാഭിമാനമുള്ള ഒരുമലയാളിക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ആത്മാഭിമാനമുള്ള ഒരുമലയാളിക്കും മലയാളിയല്ലാതാവാന്‍ ആഗ്രഹമുണ്ടാകില്ല.

      Delete
  15. "ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മലയാളികള്‍ അഭിമാനമില്ലാത്ത ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്‌. മലയാളം മലയാളിക്കുതന്നെ ആവശ്യമില്ലാതായിരിക്കുന്നു."
    ഇതാണ് മാഷേ സത്യം... ഒരു ജനത അര്‍ഹിക്കുന്നതെ അവര്‍ക്ക് കിട്ടൂ... നമ്മുടെ നാട്ടിലെ എത്രപേര്‍ ആത്മാര്‍ത്ഥമായി ഇതില്‍ ഖേദിക്കുന്നുണ്ടാവും!!! മക്കള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്ന് കരുതുന്ന മാതാപിതാക്കള്‍ പോലും നമ്മുടെ നാട്ടില്‍ വളരെ വളരെ കുറവാണെന്ന അതിശയിപ്പിക്കുന്ന സത്യം ഞാന്‍ മനസിലാക്കിയിട്ടു കുറച്ചു നാളെ ആയുള്ളൂ... പുതിയ തലമുറയുടെ ജീവിതത്തില്‍ നിന്ന് തന്നെ മലയാളം അകലുന്നു , അതിലും വലുതാണോ എസ്‌ എസ്‌ എല്‍ സി ബുക്കില്‍ നിന്നും മലയാളത്തെ കുടിയിറക്കുന്നതു !

    ഈ പോസ്റ്റിലൂടെ പറഞ്ഞ മാഷിന്റെ പ്രതിക്ഷേധത്തിനു കീഴെ ഒരൊപ്പ് വയ്ക്കാനല്ലാതെ മറ്റൊന്നിനും ആവില്ലല്ലോ എന്ന സങ്കടം ഉണ്ട് ...

    ReplyDelete
  16. മലയാളം അത്രയ്ക്ക് വശമില്ല എന്നു പറയുന്നതിലാണ് മലയാളി ഇന്ന് അഭിമാനിക്കുന്നത്. ലജ്ജാവഹം.

    ReplyDelete
  17. ആത്മാഭിമാനമില്ലാത്ത ഒരു ജനതയ്ക്ക് അപമാനവും, അവഹേളനവും മാത്രമേ വിധിച്ചിട്ടുള്ളൂ. ചുണ്ടു കൂര്‍പ്പിച്ച്‌, 'ആഷ്ബൂഷ്' ഇംഗ്ലീഷ് തട്ടിവിടുന്ന 'മോഡേണ്‍' മലയാളികള്‍ പലരും ഒരുപക്ഷെ, അഴുക്കുപുരണ്ട വസ്ത്രം ധരിച്ചുനില്‍ക്കുന്ന സ്വന്തം അമ്മയ്ക്കു പകരം, മോടിയില്‍ വസ്ത്രധാരണം ചെയ്ത വേലക്കാരിയാണ് അമ്മയെന്ന് പറയാന്‍ മടിയില്ലാത്തവരാണ്. ( ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളതാണ്‌.) സഹതാപം തോന്നുന്നു! എന്തായാലും, ഞാനും എന്‍റെ കുടുംബവും ഒരിക്കലും അങ്ങിനെയാകില്ല. അതുമാത്രം എനിക്ക് ആശ്വാസം തരുന്നു.

    ReplyDelete